SignIn
Kerala Kaumudi Online
Thursday, 25 April 2024 1.37 PM IST

നെൽപ്പാടത്തെ സങ്കടങ്ങൾ

photo

സംസ്ഥാനത്തു നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഉൗർജ്ജിത ശ്രമം നടക്കുമ്പോഴും കർഷകന് കണ്ണീരും ആധിയും ഒഴിയുന്നില്ല. പാടുപെട്ട് നട്ടുവളർത്തി മൂപ്പെത്തിയപ്പോൾ കൊയ്തുകൂട്ടിയ നെല്ല് മഴയിൽ കിളിർത്ത് ഉപയോഗശൂന്യമാകുന്നതു നോക്കി നെടുവീർപ്പിടുകയാണ് കുട്ടനാട്ടിലെയും മറ്റും കർഷകർ. എല്ലാവർഷവും ആവർത്തിക്കുന്ന ദുരന്തമാണിത്. കൊടുംവേനൽ, ഓർക്കാപ്പുത്തെത്തി ദിവസങ്ങൾ നീളുന്ന വേനൽമഴ ഇങ്ങനെ കർഷകരെ കണ്ണീരിലാഴ്‌ത്താൻ എന്തെങ്കിലും കാരണമുണ്ടാകും. കൊയ്യാൻ യന്ത്രങ്ങളില്ലാത്തത്, ജോലിക്കാരുടെ കുറവ് , നെല്ലുസംഭരണത്തിലെ പാകപ്പിഴകൾ, ഇതൊക്കെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

കുട്ടനാട്ടിൽ ഇപ്പോൾ ആയിരക്കണക്കിന് ഏക്കർ പാടങ്ങളിലെ നെല്ലാണ് യഥാസമയം നീക്കം ചെയ്യാത്തതിനെത്തുടർന്ന് മഴയിൽ കിളിർത്തു നശിക്കുന്നത്. ഓരോ സീസണിലും മില്ലുടമകൾ പുതിയ തന്ത്രങ്ങളുമായെത്തും. നെല്ലിന് ഈർപ്പം കൂടുതൽ, ഗുണമേന്മ കുറവ് എന്നീ കാരണങ്ങൾ നിരത്തി വില പരമാവധി കുറയ്ക്കുക പതിവാണ്. അപ്രതീക്ഷിതമായെത്തുന്ന മഴയാണ് അവർക്കു സഹായകമാകുന്നത്.

നെല്ലുസംഭരണത്തിന് സർക്കാർ മില്ലുകാരെയാണ് ചുമതലപ്പെടുത്താറുള്ളത്. സംഭരണവിലയും നിശ്ചയിച്ചിട്ടുണ്ടാകും. എന്നാൽ അവസരം മുതലാക്കി അവർ സംഭരണം മന്ദഗതിയിലാക്കാൻ പല വഴികളും നോക്കും. ഇക്കുറി തുടർച്ചയായി പെയ്യുന്ന മഴയാണ് വില്ലനായിരിക്കുന്നത്. നിശ്ചിത തോതിൽ കൂടുതൽ നനവുണ്ടെങ്കിൽ മില്ലുടമകൾ കൂടുതൽ കിഴിവ് ആവശ്യപ്പെടും. ഒരു ക്വിന്റലിന് ചിലപ്പോൾ പത്തും പതിനഞ്ചും കിലോ വരെ കൂടുതൽ അളക്കേണ്ടിവരും. നെൽകൃഷിയിൽ നിന്ന് വലിയ ലാഭമില്ലാത്ത കർഷകരെ സംബന്ധിച്ചിടത്തോളം മില്ലുകാരുടെ ഈ നിലപാട് അസഹനീയമാണ്. രണ്ടാഴ്ചയിലേറെയായി കുട്ടനാട്ടിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ലിന്റെ അവസ്ഥ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ പരിതാപകരമായി മാറുന്നു. കൊയ്യാൻ ഇനിയും പാടങ്ങളുണ്ട്. തുടർച്ചയായ മഴയും മടവീഴ്ചയും കാരണം അതൊക്കെ നശിച്ച മട്ടാണ്.

അന്നത്തിന് മറ്റു സംസ്ഥാനങ്ങളെ സ്ഥിരമായി ആശ്രയിക്കേണ്ടിവരുന്ന കേരളത്തിന് കെടുകാര്യസ്ഥത കാരണം സംഭവിക്കുന്ന ഉത്‌പാദനനഷ്ടം പരമാവധി കുറയ്ക്കാൻ കഴിയേണ്ടതാണ്. നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല. നെൽപ്പാടങ്ങളിൽ നിന്ന് സ്ഥിരമായി കേൾക്കുന്നത് വിലാപങ്ങൾ മാത്രമാണ്.

വേനൽമഴയ്ക്കിടെ എത്തിയ ചക്രവാതച്ചുഴിയെയും ദിവസങ്ങളായി തുടരുന്ന പേമാരിയെയും കുറിച്ച് അപ്പപ്പോൾ മുന്നറിയിപ്പുണ്ടായിരുന്നതാണ്. കൊയ്‌ത്തും മെതിയും കഴിഞ്ഞ് സൂക്ഷിച്ച നെല്ലുശേഖരം യഥാസമയം സുരക്ഷിതമായി മില്ലുകളിലെത്തിക്കാൻ നടപടിയെടുക്കേണ്ടതായിരുന്നു. മില്ലുടമകൾ തർക്കവുമായി വന്നാൽ കൃഷിവകുപ്പ് വേണം പരിഹാരം കാണാൻ. എല്ലാം കൈവിട്ടുപോയശേഷം ഇടപെട്ടതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.

നാലു പതിറ്റാണ്ടിനിടെ നഷ്ടപ്പെട്ട നെൽവയലുകളെ ഓർത്ത് എല്ലാവരും വിലപിക്കാറുണ്ട്. ഒൻപതുലക്ഷം ഹെക്ടർ നെൽകൃഷി രണ്ടുലക്ഷമായി ചുരുങ്ങിയെന്നാണു കണക്ക്. ഈ രണ്ടുലക്ഷം ഹെക്ടറിലെ കൃഷി പോലും നേരെ ചൊവ്വേ നടത്തിക്കൊണ്ടുപോകാൻ കർഷകർ അത്യദ്ധ്വാനം ചെയ്യുകയാണ്. അതിനിടയിലാണ് അവർക്കു നേരിടേണ്ടിവരുന്ന പലവിധ പങ്കപ്പാടുകൾ. മെതിച്ചുകൂട്ടിയിട്ടിരിക്കുന്ന നെൽക്കൂമ്പാരം മഴയത്ത് മുളപൊട്ടുന്നത് ഏതു കർഷകന്റെയുള്ളിലാണ് തീ പടർത്താത്തത്. ഉത്‌പാദന രംഗത്തു കാണിക്കുന്ന ആവേശവും ശ്രദ്ധയും സംഭരണത്തിലുമുണ്ടാകണം. ഒരു മണി നെല്ലുപോലും പാഴാക്കാതിരിക്കാൻ കഴിയുമ്പോഴാണ് കർഷകന്റെ അദ്ധ്വാനവും വിയർപ്പും ഉൽകൃഷ്ടമാകുന്നത്. സത്വര നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം കൃഷിവകുപ്പിനു തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROBLEMS OF PADDY FARMERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.