SignIn
Kerala Kaumudi Online
Friday, 19 April 2024 11.46 PM IST

മാതൃകാപരമായ പുറത്താക്കൽ

photo

ജനത്തിന് നേരിട്ട് സൗജന്യം നല്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ആം ആദ്‌മി പാർട്ടിയാണ്. അധികാരത്തിലെത്തുമ്പോൾ വൈദ്യുതി, വെള്ളം, യാത്രാക്കൂലി തുടങ്ങിയവയുടെ നിരക്കുകൾ കുറച്ചുകൊണ്ടാണ് പാർട്ടി ജനങ്ങളോട് നന്ദി പറയുന്നത്. സാധാരണക്കാർക്ക് പ്രത്യേകിച്ചും വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും പ്രത്യക്ഷത്തിൽ ഇതു നൽകുന്ന പ്രയോജനം കാണാതിരിക്കാനും അത് കുറച്ചെങ്കിലും പിന്തുടരാതിരിക്കാനും മറ്റ് പാർട്ടികൾക്ക് കഴിയാത്ത അവസ്ഥ ഉരുത്തിരിയുകയാണ്. ഇങ്ങനെ സൗജന്യം നൽകിയാൽ സർക്കാർ കടത്തിലാകില്ലേയെന്ന ചോദ്യത്തിന് ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ നൽകിയ മറുപടി അഴിമതി അവസാനിപ്പിച്ചാൽ എല്ലാത്തിനും പണം കണ്ടെത്താനാകുമെന്നായിരുന്നു. ഡൽഹിയിൽ ഇതവർ നടപ്പാക്കുകയും ചെയ്തു.

പഞ്ചാബിൽ അധികാരത്തിലെത്തിയപ്പോഴും അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിനാണ് മുൻഗണനയെന്ന് തെളിയിച്ചിരിക്കുകയാണ്. അഴിമതിവിരുദ്ധ പോരാട്ടം വീൺവാക്കല്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോഗ്യമന്ത്രിയെ പുറത്താക്കിക്കൊണ്ട് സധൈര്യം തെളിയിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രി വിജയ് സിംഗ്ളയെയാണ് പുറത്താക്കിയത്. ആരോഗ്യവകുപ്പിനായി ആയിരക്കണക്കിന് കോടി രൂപയുടെ മരുന്നും മറ്റുപകരണങ്ങളും വാങ്ങാനുള്ള ടെൻഡർ പാസാക്കാൻ ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടതാണ് മന്ത്രിയെ കുടുക്കിയത്. അഴിമതി തുടങ്ങും മുൻപേ അതു തടയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതാണ് എടുത്തുപറയേണ്ട കാര്യം. സാധാരണ ഇങ്ങനെയൊരു ആരോപണം വന്നാൽ അന്വേഷണത്തിലൂടെയും കേസുകളിലൂടെയും തെളിയിക്കപ്പെടാൻ വർഷങ്ങളെടുക്കും. സാധാരണ ആരോപണം നേരിടുന്നവരെ സംരക്ഷിക്കുന്ന നിലപാടാകും പാർട്ടികളിൽ നിന്നുണ്ടാവുക. മുഖ്യമന്ത്രി തന്നെ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് സിംഗ്ലക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചത്. മന്ത്രിയുടെ അഴിമതിയെപ്പറ്റി ഒരുദ്യോഗസ്ഥൻ വിവരം നൽകിയപ്പോൾ ആരുമറിയാതെ ഒതുക്കിത്തീർക്കാനല്ല മുഖ്യമന്ത്രി ശ്രമിച്ചത്. വിവരം നൽകിയ ഉദ്യോഗസ്ഥന്റെയും പൊലീസിന്റെയും സഹായത്തോടെ മന്ത്രി ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടത് സ്ഥിരീകരിച്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെത്തി. ജനപക്ഷത്തുനിന്നുള്ള പ്രവർത്തനവും നടപടിയുമാണ് പഞ്ചാബ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. മന്ത്രിയെ പുറത്താക്കുക മാത്രമല്ല അറസ്റ്റുചെയ്യാൻ നടപടി സ്വീകരിക്കുകയും ചെയ്തു. അഴിമതിക്ക് തുനിയുന്ന ആരും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന സന്ദേശം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ സാദ്ധ്യമായി. ഒരു രൂപയുടെ അഴിമതി പോലും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ഭഗവന്ത് മാൻ അഴിമതി ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത കേജ്‌രിവാളിന്റെ ഭടനാണ് താനെന്ന് അഭിമാനപൂർവം ജനങ്ങളെ അറിയിച്ചു.

ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും സ്വന്തം മന്ത്രിസഭയിൽ നിന്ന് 2015ൽ ഭക്ഷ്യമന്ത്രി അസിം അഹമ്മദിനെ അഴിമതിയുടെ പേരിൽ പുറത്താക്കിയിരുന്നു. ബിൽഡറിൽ നിന്ന് ആറുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ശബ്ദരേഖ പുറത്തായതിനെത്തുടർന്നായിരുന്നു നടപടി.

അഴിമതി മുക്തമാകാതെ ഇന്ത്യൻ രാഷ്ട്രീയം സംശുദ്ധമാകില്ല. അതിനുള്ള തുടക്കം ആം ആദ്‌മിയിൽ നിന്നുണ്ടാകുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസം പകരുന്നു. മറ്റ് പാർട്ടികളും ഈ വഴി പിന്തുടരാൻ തയ്യാറായാൽ നാട് വളരെ വേഗം നന്നാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUNJAB MINISTER SACKED OVER CORRUPTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.