SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.03 PM IST

രജിസ്ട്രേഷൻ മുടങ്ങുമ്പോൾ

registration

രജിസ്ട്രേഷൻ വകുപ്പിലെ സെർവർ തകരാർ മൂലം ഓഫീസുകളിലെ പ്രവർത്തനം നിലച്ചിട്ട് എട്ട് ദിവസം കഴിയുന്നു. രണ്ടോ മൂന്നോ മണിക്കൂറിലേക്ക് സെർവർ തകരാറിലാവുന്നത് മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ എട്ട് ദിവസം കഴിഞ്ഞിട്ടും അതു പരിഹരിക്കാൻ കഴിയാത്തത് മേൽനോട്ടം വഹിക്കുന്നവരുടെ പിടിപ്പുകേടായി തന്നെ കണക്കാക്കണം. ഉത്തരവാദിത്തങ്ങൾ കൃത്യസമയത്ത് നിർവഹിക്കാത്തതിന്റെ ഫലമാണിത്. സെർവർ പിണങ്ങിത്തുടങ്ങിയിട്ട് രണ്ട് മാസത്തോളമായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിന് കാരണം ബന്ധപ്പെട്ടവരുടെ അലംഭാവമല്ലാതെ മറ്റൊന്നുമല്ലെന്ന് കരുതേണ്ടിവരും. സെർവർ പൂർണമായി തകരാറിലായത് എട്ട് ദിവസം മുമ്പാണ്. ഇതുകാരണം ഭൂമി രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ, ആധാരം പകർപ്പെടുക്കൽ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ചിട്ടി രജിസ്ട്രേഷൻ, സഹകരണ ബാങ്കുകളടക്കം സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പണയാധാരം തുടങ്ങിയ പ്രവർത്തനങ്ങളാണ് മുടങ്ങിയിരിക്കുന്നത്. ഇതുമൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ വളരെ വലുതാണ്. ഭൂമി വാങ്ങാനും വിൽക്കാനും മറ്റുമായി വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയവർക്ക് സെർവറിന്റെ കേട് തീരുംവരെ ഇവിടെ കഴിയാനാവില്ല. അതുപോലെ തന്നെ ബാദ്ധ്യതാ സർട്ടിഫിക്കറ്റും മറ്റും സമയത്ത് കിട്ടാതെ വന്നാൽ വായ്പ എടുക്കുന്നതിനും തടസമുണ്ടാകും. പൊതുജനത്തെ വലയ്ക്കുന്നതിന് പുറമെ സാമ്പത്തിക ബാദ്ധ്യതയാൽ ബുദ്ധിമുട്ടുന്ന സർക്കാരിന് പ്രതിദിനം ഇരുപത് കോടിയോളം വരുമാനം ലഭിക്കേണ്ടതും മുടങ്ങിയിരിക്കുന്നു.

സെർവർ സ്ഥാപിച്ച് പരിപാലിക്കുന്ന ചുമതല കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിനാണ്. ആധാരത്തിന്റെ ഘടനയിൽ അടുത്തിടെ മാറ്റം വന്നിരുന്നു. ഇതനുസരിച്ച് സെർവറിന്റെ ശേഷി വർദ്ധിപ്പിക്കാത്തതാണ് വിനയായതെന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റെന്തെങ്കിലും വീഴ്ചകളാണോ കാരണമെന്ന് വിദഗ്ദ്ധസംഘം അന്വേഷിക്കേണ്ടതാണ്. 315 സബ് രജിസ്ട്രാർ ഓഫീസുകൾ വഴി പ്രതിദിനം നാലായിരത്തോളം ആധാരങ്ങളാണ് രജിസ്റ്റർ ചെയ്യാറുള്ളത്. 18 മുതൽ 20 കോടി വരെയാണ് ഒരു ദിവസത്തെ വരുമാനം. ആധാരമെഴുത്തുകാരുടെ വരുമാനവും നിലച്ചിരിക്കുകയാണ്. രജിസ്ട്രേഷൻ വകുപ്പിലൂടെ 2021 -22 വർഷം 4431.89 കോടി രൂപയാണ് ഖജനാവിലേക്ക് ലഭിച്ചത്. തകരാർ അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശം നൽകിയെന്നും എൻ.ഐ.സിയുടെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ശ്രമം നടക്കുകയാണെന്നും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചിട്ടുണ്ട്. സെർവർ ശേഷി കൂട്ടണമെങ്കിൽ അതിനുള്ള നടപടിയും അടിയന്തരമായി ഉണ്ടാകണം. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് പാവപ്പെട്ട ജനങ്ങളെ തെക്ക് വടക്ക് നടത്തിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REGISTRATION SERVER DOWN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.