SignIn
Kerala Kaumudi Online
Thursday, 28 March 2024 6.54 PM IST

ആശുപത്രികളിലെ ആക്രമണം തടയണം

photo

ഇരുരാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുമ്പോൾ പോലും ആക്രമണത്തിൽ നിന്ന് ആശുപത്രികളെ ഒഴിവാക്കും. അത്രമാത്രം പ്രധാനപ്പെട്ടതും ഉയർന്നതുമായ സ്ഥാനമാണ് ആശുപത്രികൾക്ക് സമൂഹം കല്പിച്ചിട്ടുള്ളത്. ഈ ചിന്താഗതിക്ക് നേർവിപരീതമാണ് സാംസ്കാരികമായി ഉയർന്നുനില്ക്കുന്ന കേരളത്തിലെ ആശുപത്രികളിൽ അരങ്ങേറുന്ന അതിക്രമങ്ങൾ. ആശുപത്രികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാൻ ശക്തമായ നിയമം നിലവിലുണ്ടായിട്ടു പോലും സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ അടിക്കടി അരങ്ങേറുന്നത് ആശങ്ക പടർത്തിയിരിക്കുകയാണ്. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയാണ് ആക്രമിക്കപ്പെട്ടത്. ആലപ്പുഴയിൽ ഒരു വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച വ്യക്തി അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച സംഭവവും ഉണ്ടായി. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാൻ പറ്റുന്ന സ്ഥലമല്ല ആശുപത്രി. ഏറ്റുമുട്ടലുകളിലും മറ്റും പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന ഇൗ ഗണത്തിൽപ്പെട്ടവരോടൊപ്പം സംഘാംഗങ്ങളും കൂട്ടത്തോടെ എത്തുന്നതാണ് പലപ്പോഴും വാക്കേറ്റങ്ങൾക്കും അക്രമങ്ങൾക്കും ഇടയാക്കുന്നത്.

ജീവൻ രക്ഷിക്കാൻ യത്നിക്കുന്ന ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യമാണ്. ആരോഗ്യപ്രവർത്തകരെയും ആരോഗ്യസ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന നിയമത്തിൽ കർശനമായ ശിക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്രമസംഭവങ്ങൾ കുറയാത്തതിനാൽ ഇതിൽ കൂടുതൽ മാറ്റങ്ങൾ ആവശ്യമാണോ എന്നും സർക്കാർ പരിശോധിക്കണം. അക്രമങ്ങൾ ഉണ്ടായിട്ട് അന്വേഷിക്കുന്നതിനേക്കാൾ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള മുൻകൂർ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ഇതിനായി ഒരു കർമ്മപദ്ധതി തയ്യാറാക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്കുമായി ബന്ധപ്പെട്ട ഹർജികളിൽ വാദത്തിനിടെയാണ് ഡിവിഷൻ ബെഞ്ച് ഈ ആവശ്യം മുന്നോട്ട് വച്ചത്. ആശുപത്രി ആക്രമിച്ച കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ പട്ടാമ്പി സ്വദേശി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സിംഗിൾ ബെഞ്ചും അഭിപ്രായപ്പെട്ടു.

പല ആശുപത്രികളിലും മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്ന് ഐ.എം.എയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാണിച്ചത് വാസ്തവമാണ്. നിസാരകാര്യത്തിന് അതിക്രമത്തിലേക്ക് തിരിയുന്ന സംഭവങ്ങളാണ് ആശുപത്രികളിലുണ്ടാകുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ ശക്തമായ പൊലീസ് നടപടികളുണ്ടാകണം. പൊലീസ് ജീപ്പുകൾ സ്ഥിരം റോന്ത് ചുറ്റുന്ന സ്ഥലങ്ങളിലൊന്നായി ആശുപത്രികളും മാറണം. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ കാലവിളംബം കൂടാതെ നൽകാനും കഴിയണം. ഇതിന് ഇപ്പോഴുള്ള നിയമത്തിൽ മാറ്റം അനിവാര്യമാണെങ്കിൽ അതും ഉണ്ടാകണം. കർശന വ്യവസ്ഥകൾ അതേപടി നടപ്പാക്കപ്പെടുമെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല സർക്കാരിനുണ്ട്. ആശുപത്രികൾ ആക്രമിച്ചാൽ നേരിടേണ്ടി വരുന്ന ശിക്ഷാനടപടികൾ സംബന്ധിച്ച ബോർഡുകളും ആശുപത്രി പരിസരങ്ങളിൽ വിന്യസിക്കേണ്ടത് ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAVE THE DOCTORS AND HOSPITALS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.