SignIn
Kerala Kaumudi Online
Thursday, 25 April 2024 7.03 PM IST

തല്ലുന്ന സെക്യൂരിറ്റി വേണ്ട

security

മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള വലിയ സർക്കാർ ആശുപത്രികളിൽ രോഗികളുടെ ആൾക്കാരും സെക്യൂരിറ്റി ജീവനക്കാരും തമ്മിലുള്ള കശപിശയും ഏറ്റുമുട്ടലുകളും പുതിയ കാര്യമല്ല. ആശുപത്രികളിലെ കുത്തഴിഞ്ഞ സുരക്ഷാസംവിധാനങ്ങൾ കാരണം സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചോ അവരെ സ്വാധീനിച്ചോ വേണം സാധാരണക്കാർക്ക് അകത്തുകടക്കാൻ. സന്ദർശന സമയമല്ലാത്ത അവസരങ്ങളിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് അകത്തു കടക്കാൻ പാസ് നൽകാറുണ്ട്. ഇങ്ങനെ ലഭിച്ച പാസുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്റെ മുത്തശ്ശിക്കു കൂട്ടിരുന്ന അരുൺദേവ് എന്ന യുവാവിന് സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് ഏൽക്കേണ്ടിവന്ന ക്രൂരമർദ്ദനം വലിയ ചർച്ചയായിട്ടുണ്ട്. യുവാവിന്റെ കൈയിലിരുന്ന പാസ് പിടിച്ചുപറിച്ച സെക്യൂരിറ്റി ജീവനക്കാർ അയാളെ പൊതിരെ തല്ലുകയും ചെയ്തു. ഇതിനു തക്ക പ്രകോപനം യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി ആരും പറയുന്നില്ല. വാക്കേറ്റത്തിൽ നിന്നാകാം സംഘർഷത്തിന്റെ തുടക്കമെന്നു കരുതാം. തങ്ങളെ ധിക്കരിക്കാൻ ശ്രമിക്കുന്ന ആരെയും യൂണിഫോമിന്റെ ബലത്തിൽ 'നിലയ്ക്കു നിറുത്താൻ" സെക്യൂരിറ്റിക്കാർ ശ്രമിക്കാറുണ്ട്. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ നിന്ന് കരാറടിസ്ഥാനത്തിൽ എടുത്തിട്ടുള്ള ജീവനക്കാരായതിനാൽ ആരോടും അവർക്ക് ഉത്തരവാദിത്തമോ ബാദ്ധ്യതകളോ ഇല്ല. ആളുകളോട് നല്ല രീതിയിലും സഹാനുഭൂതിയോടെയും ഇടപെടേണ്ടവരാണ് സെക്യൂരിറ്റി ജീവനക്കാർ. യാതൊരു പരാതിക്കും ഇടനൽകാതെ കൃത്യമായും ഭംഗിയായും ചുമതല നിർവഹിക്കുന്നവരാണ് ഒട്ടുമിക്ക സെക്യൂരിറ്റി ജീവനക്കാരും.

സർക്കാരിന്റെ ചെലവു ചുരുക്കൽ നയത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രികളും ജില്ലാ ആശുപത്രികളും മറ്റ് പല സേവന മേഖലകളും ഇപ്പോൾ കരാർ മേഖലയ്ക്കു വിട്ടിരിക്കുകയാണ്. സ്വകാര്യ ഏജൻസികൾക്കു കരാർ നൽകിക്കഴിഞ്ഞാൽ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ നോക്കിക്കൊള്ളും. കരാർ പ്രകാരമുള്ള പണം സ്ഥാപനത്തിന് നൽകിയാൽ മതി. സർക്കാരിന്റെ സേവന - വേതന വ്യവസ്ഥകളൊന്നും ബാധകമല്ലാത്തതിനാൽ ഈ കരാർ ജീവനക്കാരുടെ സേവനത്തെക്കുറിച്ച് പരാതി ഉണ്ടായാലും ആരും ശ്രദ്ധിച്ചെന്നു വരില്ല.

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ആശുപത്രി അധികൃതരുടെ നേരിട്ടുള്ള ചുമതലയിലാക്കാൻ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പുമന്ത്രി വീണാജോർജ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത് നല്ല കാര്യമാണ്. അക്കൗണ്ടബിലിറ്റി ഉറപ്പാക്കാനും സെക്യൂരിറ്റിക്കാരും ആശുപത്രിയിലെത്തുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ തടയാനും ഈ സംവിധാനം സഹായിക്കും. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ നിന്നുള്ളവരെ നിയോഗിക്കുന്ന എല്ലാ സർക്കാർ ആശുപത്രികൾക്കും ഈ മാർഗം സ്വീകരിക്കാം. മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങളിൽ, ആരോടും ഉത്തരവാദിത്തമില്ലാത്തവരെ സെക്യൂരിറ്റിക്കാരായി വച്ചുകൊണ്ടിരിക്കുന്നതിലെ അപകടം മനസിലാക്കാൻ ഇത്രയും കാലം വേണ്ടിവന്നതു ആശ്ചര്യമുളവാക്കുന്നു. ഇപ്പോൾ നടന്ന വിവാദ സംഭവത്തിൽ അക്രമം നടത്തിയ മൂന്നു സെക്യൂരിറ്റിക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എല്ലാ ദിവസവും തിക്കും തിരക്കും അനുഭവപ്പെടുന്ന സർക്കാർ ആശുപത്രികളിലെ ജീവനക്കാരും രോഗികളുടെ ആൾക്കാരും തമ്മിൽ വാക്കുതർക്കവും അപൂർവം ഏറ്റുമുട്ടലും ഉണ്ടാകുന്നത് സാധാരണമാണ്. സർക്കാർ ആശുപത്രികളിൽ ചിട്ടയും ക്രമവുമൊന്നും വേണ്ടെന്ന മട്ടിലാണ് അവിടെ എത്തുന്നവരുടെ പൊതുവേയുള്ള സമീപം. ഇതിനു മാറ്റമുണ്ടാകണം. അത്തരത്തിലുള്ള അന്തരീക്ഷത്തിന്റെ കുറവാണ് സംഘർഷങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. വാർഡുകളിൽ തങ്ങളുടെ ഉറ്റവർ കിടക്കുമ്പോൾ പുറത്തുനിൽക്കുന്ന ബന്ധുക്കൾക്ക് സ്വാഭാവികമായും ഉത്‌കണ്ഠയും വേദനയും വർദ്ധിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ അകത്തുപോകേണ്ടതായും വന്നേക്കും. അത്തരം അവസരങ്ങളിൽ വിവേചനബുദ്ധിയോടെ പെരുമാറാൻ സെക്യൂരിറ്റി ജീവനക്കാർക്കു കഴിയണം. ഏതായാലും ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് കൂടക്കൂടെ പരിശീലന ക്ളാസുകൾ നടത്തുന്നത് നന്നായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SECURITY SERVICES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.