SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.26 PM IST

ഷവർമ്മ മരണം ഓർമ്മിപ്പിക്കുന്നത്

photo

ജീവനെടുക്കാൻ മാത്രം ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോഴാണ് ജനങ്ങളും സർക്കാരും ഈ വിപത്തിലേക്കു ശ്രദ്ധതിരിക്കാറുള്ളത്. ചെറുവത്തൂരിലെ ഒരു കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച ദേവനന്ദ എന്ന പതിനാറുകാരി ഭക്ഷ്യവിഷം ബാധിച്ച് പിറ്റേന്നു രാവിലെ മരണപ്പെട്ട അതീവ ദുഃഖകരമായ സംഭവം ഭക്ഷ്യകാര്യങ്ങളിൽ നാം പൊതുവേ പുലർത്തുന്ന ശ്രദ്ധയില്ലായ്മയിലേക്കും കരുതലില്ലായ്മയിലേക്കും വെളിച്ചം വീശുന്നു. ഇതേ കടയിൽ നിന്ന് ഷവർമ്മ കഴിച്ച മുപ്പതിലധികം പേർ ആശുപത്രിയിലായിട്ടുമുണ്ട്. ഏതാനും വർഷം മുൻപ് തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ആദ്യമായി ഷവർമ്മ കഴിച്ച് ഒരാൾ മരിച്ചത്. അതിനുശേഷം ഇടയ്ക്കിടെ ഷവർമ്മ വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. ശരിയായി പാകം ചെയ്തില്ലെങ്കിൽ വേഗത്തിൽ വിഷമയമാകുന്ന ഭക്ഷ്യപദാർത്ഥമെന്ന നിലയിൽ ഷവർമ്മ മുമ്പേതന്നെ പേരുദോഷമുണ്ടാക്കിയിട്ടുണ്ട്. പത്താംക്ളാസ് പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ ചെറുവത്തൂരിൽ കൂട്ടുകാരികൾക്കൊപ്പം എത്തിയപ്പോഴാണ് ദേവനന്ദ കൂൾബാറിൽ നിന്ന് ഷവർമ്മ വാങ്ങിക്കഴിച്ചത്. വിഷബാധയുള്ള ഷവർമ്മ വിറ്റ കൂൾബാർ അടിച്ചുപൂട്ടുകയും നടത്തിപ്പുകാരിൽ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യമാകെ ബാധകമായ ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തിൽ വരികയും നടത്തിപ്പിന് സംസ്ഥാന സർക്കാരുകൾ പല്ലും നഖവുമുള്ള ചട്ടങ്ങൾ കൊണ്ടുവരികയും ചെയ്തശേഷം ഭക്ഷ്യരംഗത്ത് നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാലും ജനങ്ങളെ വിഷം തീറ്റിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ സംഖ്യ ഒട്ടും കുറഞ്ഞിട്ടില്ല.

ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സർവവ്യാപിയായാലേ സുരക്ഷിത ഭക്ഷ്യപദാർത്ഥങ്ങൾ തന്നെയാണ് ജനങ്ങൾക്കു ലഭ്യമാകുന്നതെന്ന് ഉറപ്പുവരുത്താനാവൂ. ലക്ഷക്കണക്കിനു ഹോട്ടലുകളും ചെറിയ ഭക്ഷ്യശാലകളും ശീതളപാനീയ വില്പനശാലകളുമൊക്കെയുള്ള നാട്ടിൽ ഇവയൊക്കെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നത് അതീവ ദുഷ്‌കരമാണ്. പരാതികൾ ലഭിക്കുമ്പോഴോ അസാധാരണ സംഭവങ്ങളുണ്ടാകുമ്പോഴോ ഉത്സവ സീസണുകളുമായി ബന്ധപ്പെട്ടോ ആണ് പരിശോധനകൾ നടക്കാറുള്ളത്. അതുതന്നെ പലപ്പോഴും ചടങ്ങായി കലാശിക്കാറാണ് പതിവ്. സംസ്ഥാനത്തെ കശാപ്പുശാലകളും മാംസവില്പനശാലകളും ആഹാര വില്പനശാലകളും എത്രമേൽ അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ വല്ലപ്പോഴും നടക്കുന്ന റെയ്‌ഡുകൾ വലിയ വാർത്തയാകാറുണ്ട്. എന്നാൽ കോലാഹലമടങ്ങുമ്പോൾ എല്ലാം പഴിയപടിയാകും.

പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം വില്പനയ്ക്കു വച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ നൂറുശതമാനവും സുരക്ഷിതമെന്ന് ഉറപ്പാക്കിയിരിക്കും. ഭക്ഷ്യയോഗ്യമല്ലാത്തവ വിൽക്കുന്നവർ കഠിനശിക്ഷയും ഏറ്റുവാങ്ങേണ്ടിവരും. ഭക്ഷ്യസുരക്ഷാവകുപ്പിൽ ഇൻസ്പെക്ടർമാരുടെ നികത്തപ്പെടാത്ത ഒഴിവുകൾ നോക്കിയാലറിയാം ഈ വക കാര്യങ്ങളിൽ സർക്കാരിന്റെ പ്രതിബദ്ധത. വേണ്ടത്ര ഉദ്യോഗസ്ഥരും അവർക്കു സഞ്ചരിക്കാനാവശ്യമായ വാഹനങ്ങളുമില്ലെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് എങ്ങനെ നല്ലനിലയിൽ പ്രവർത്തിക്കാനാകും.

ഭക്ഷ്യസുരക്ഷ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയമാണ്. അതിൽ വീഴ്ചയുണ്ടാകാതിരിക്കാൻ സർക്കാർ അതീവജാഗ്രത പുലർത്തിയേ മതിയാകൂ. ഭക്ഷ്യവില്പനശാലകളിൽ ശുചിത്വവും വിളമ്പുന്ന ആഹാരസാധനങ്ങൾ പൂർണമായും ഭക്ഷ്യയോഗ്യവുമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ്. ഭരണകൂട അലംഭാവത്തിന്റെ ഇരകളിലൊന്നാണ് ചെറുവത്തൂരിലെ ദേവനന്ദ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAWARMA FOOD POISONING CASE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.