SignIn
Kerala Kaumudi Online
Thursday, 25 April 2024 5.44 PM IST

പ്ളാസ്റ്റിക് നിരോധനം

photo

പ്ളാസ്റ്റിക് പ്രകൃതിക്ക് കനത്തനാശം സൃഷ്ടിക്കുന്നതാണെന്ന് എല്ലാവരും അംഗീകരിക്കും. ഒപ്പം ഭൂരിപക്ഷം പേരും അത് ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് വർഷങ്ങളായി ബോധവത്‌‌കരണം നടന്നുവരികയാണ്. കേരളത്തിൽ കനം കുറഞ്ഞ പ്ളാസ്റ്റിക്കിന്റെ ഉപയോഗം രണ്ട് വർഷം മുമ്പ് നിരോധിച്ചതാണെങ്കിലും നിരോധനം പൂർണ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കടക്കാർ പ്ളാസ്റ്റിക് സഞ്ചികൾ കൊടുക്കാതായപ്പോൾ ജനം പ്ളാസ്റ്റിക് സഞ്ചിയുമായി വന്ന് സാധനങ്ങൾ വാങ്ങുന്ന രീതി നിലവിൽവന്നു. ഫ്ളക്സുകളുടെ എണ്ണം തുടക്കത്തിൽ കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും അധികരിച്ചിട്ടുണ്ട്. നാട്ടിൽ പ്രക്ഷോഭങ്ങൾ കൂടുന്നതനുസരിച്ച് ഫ്ളക്സുകളും കൂടുന്നു. ഹരിത മിഷനും തദ്ദേശസ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വീടുകൾ പ്ളാസ്റ്റിക് രഹിതമാകുന്നില്ല. ഒന്നല്ലെങ്കിൽ മറ്റൊരു മാർഗത്തിലൂടെ വീടുകളിലേക്കും പുറത്തേക്കും പ്ളാസ്റ്റിക് മാലിന്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പകരം സംവിധാനം നിലവിൽ വരാതെ പ്ളാസ്റ്റിക്ക് നിരോധിച്ചതുകൊണ്ടാണ് ഈ ദുരവസ്ഥ തുടരുന്നത്. ഏറ്റവും വിലകുറഞ്ഞതും അതേസമയം ഉപയോഗിക്കാൻ ഏറ്റവും സൗകര്യപ്രദവും ആയതുകൊണ്ടാണ് പ്ളാസ്റ്റിക് പകർച്ചവ്യാധിപോലെ ഇത്രയധികം പടർന്നുപിടിച്ചത്. ഈ മാസം 30ന് കനം കുറഞ്ഞതും ഒറ്റത്തവണ ഉപയോഗത്തിനുള്ളതുമായ പ്ളാസ്റ്റിക് സാമഗ്രികളുടെ ഉത്‌പാദനവും സംഭരണവും വിതരണവും രാജ്യവ്യാപകമായി നിരോധിക്കുകയാണ്. വണ്ടി നിറുത്തുന്നതുപോലെ സഡൻ ബ്രേക്കിട്ട് പ്ളാസ്റ്റിക് ഉപയോഗം നിറുത്താനാകില്ലെങ്കിലും രാജ്യവ്യാപകമായ നിരോധനം ഭാവിയിൽ ഇതിന്റെ ദോഷം ദൂരീകരിക്കാൻ ഉതകുമെന്ന് പ്രതീക്ഷിക്കാം. പൊതിയാൻ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കുകൾ, ചായക്കപ്പ്, സ്ട്രോ, പ്ളേറ്റ്, ചെവി വൃത്തിയാക്കാനുള്ള ബഡ്ഡ്, കനം കുറഞ്ഞ തെർമോകോൾ, മിഠായി കോല് തുടങ്ങിയവയൊക്കെ നിരോധിക്കപ്പെടുകയാണ്. ഇതിനൊക്കെ പകരം സംവിധാനങ്ങൾ നിലവിലുണ്ടോ എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല. ഭൂമി മാത്രമല്ല സമുദ്ര‌വും മലിനമാക്കുന്ന പ്ളാസ്റ്റിക് മാലിന്യത്തിനോട് നാം എന്നെങ്കിലും വിടപറഞ്ഞേ മതിയാവൂ.

ഇപ്പോഴുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള സൗകര്യങ്ങൾ വിപുലമാക്കേണ്ടതുണ്ട്. വെള്ളവും മദ്യവും മറ്റും വിൽക്കാൻ ഉപയോഗിക്കുന്ന കുപ്പികളും മറ്റും സൃഷ്ടിക്കുന്ന പ്ളാസ്റ്റിക് വിപത്ത് വളരെ വലുതാണ്. ഇതൊക്കെ എങ്ങനെ പരിഹരിക്കാമെന്ന ചിന്ത വിദഗ്ദ്ധരുടെയും സർക്കാരിന്റെയും തലത്തിൽ ഉണ്ടാകണം. നിയമനടപടിയ്‌ക്കൊപ്പം ഇതിന്റെ ബദൽ മാർഗങ്ങളും ഉരുത്തിരിഞ്ഞ് വന്നാലേ പ്ളാസ്റ്റിക് നിരോധനം ഫലവത്താകൂ.

പ്രകൃതിയിൽനിന്ന് സ്വാഭാവികമായി ലഭിക്കുന്ന വസ്തുക്കൾ ജീർണിക്കുമ്പോൾ പ്രകൃതിക്ക് ദോഷം ഉണ്ടാക്കാറില്ല. അങ്ങനെയുള്ള വസ്തുക്കൾ പ്ളാസ്റ്റിക്കിന് പകരം ഉപയോഗിക്കാനാവുമോ എന്ന രീതിയിലുള്ള പഠനങ്ങളും പരീക്ഷണങ്ങളും നിരോധനത്തിനൊപ്പം തന്നെ സർക്കാർ തുടങ്ങിവയ്ക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SINGLE USE PLASTIC BAN IN INDIA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.