SignIn
Kerala Kaumudi Online
Friday, 19 April 2024 12.18 AM IST

സോളാർ കേസിലെ ക്ളീൻചിറ്റ്

oommen-chandy

സോളാർപീഡന ആരോപണക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അഞ്ച് പ്രമുഖ നേതാക്കൾക്കും സി.ബി.ഐ ക്ളീൻചിറ്റ് നൽകിയതോടെ ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന നാണംകെട്ട ചർച്ചകൾക്കും വാർത്തകൾക്കും അറുതിയായി. വെള്ളമെല്ലാം വാർന്നുപോയശേഷം അണകെട്ടിയതുകൊണ്ട് എന്തുപ്രയോജനമെന്ന ചോദ്യം ഉയരുമെങ്കിലും പരാതിക്കാരിയുടെ ലൈംഗികപീഡന, കൈക്കൂലി ആരോപണങ്ങൾ തെളിവില്ലാതെ അവസാനിച്ചത് നേതാക്കൾക്ക് വൈകിലഭിച്ച നീതിയാണ്.

പീഡനപരാതി കേസുകളിൽ പരാതിക്കാരിയുടെ വിശ്വാസ്യത വളരെ പ്രധാനമാണ്. ഉഭയസമ്മതപ്രകാരം പലവിധ പ്രവൃത്തികളിലും പങ്കാളിയായ ശേഷം തെറ്റിപ്പിരിയുമ്പോൾ മാനഭംഗ കേസുകളുമായി കോടതിയിലെത്തുന്നത് നീതിക്ക് വേണ്ടിയല്ല സാമ്പത്തികനേട്ടങ്ങൾക്ക് വേണ്ടിയാണെന്നത് എല്ലാവർക്കും അറിയാം. വർഷങ്ങൾ നീളുന്ന കേസുകൾ നടത്തിയാൽ മുടിയുമെന്നാണ് പഴയകാലത്ത് പറഞ്ഞിരുന്നത്. എന്നാൽ പുതിയ കാലത്ത് ജനനേതാക്കൾക്കെതിരെ ലൈംഗികപീഡന പരാതി ഉന്നയിക്കുന്നവരുടെ കേസുകൾ നടത്താനും അതു നീട്ടിക്കൊണ്ടുപോകാനും പരാതി ഉന്നയിച്ചവർക്ക് ലക്ഷങ്ങൾ നൽകാൻ എതിർകക്ഷിയിൽപ്പെട്ട നിരവധിപേർ രംഗത്തുവരും. ഉമ്മൻചാണ്ടിയെയും കേസിൽ ഉൾപ്പെട്ട നേതാക്കളെയും ഒന്നിച്ച് ഭസ്മമാക്കാൻ ഇടതുപക്ഷം കേസ് നന്നായി ഉപയോഗിച്ചു. ഒരുകാലത്ത് യു.ഡി.എഫ് നേതാക്കളുടെ വീട്ടിലെയും ഓഫീസിലെയും നിത്യസന്ദർശകയായിരുന്ന പരാതിക്കാരി ഒരു തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് നേതാക്കളുടെ കളിപ്പാവയെപ്പോലെയാണ് രംഗത്തിറങ്ങിയത്. പീഡനപരാതിയിലെ എരിവും പുളിയുമുള്ള എപ്പിസോഡുകൾ അവർ നിരന്തരം വിളമ്പുകയും മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും അത് ചൂടാറാതെ ജനത്തിന് നല്‌കുകയും ചെയ്തുകൊണ്ടിരുന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയുണ്ടാകാൻ ആരോപണം ഒരു പ്രധാന കാരണമായി.

ഇടതുസർക്കാർ അധികാരത്തിലിരുന്നപ്പോൾ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ രണ്ട് അന്വേഷണത്തിലും ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും വ്യാജവുമാണെന്ന് കണ്ടെത്തി. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയലക്ഷ്യം നേടാൻ അവരെ സഹായിച്ചു. പീഡനമൊഴികെ സമാനമായ ചില പരാതികൾ ഇടതുനേതാക്കളെയും ഇപ്പോൾ വേട്ടയാടുന്നുണ്ട് . അവ എവിടെപ്പോയി നിൽക്കുമെന്ന് വർഷങ്ങൾ കാത്തിരുന്നാൽ കാണാം. അതും വെള്ളം വാർന്നുപോയതിനു ശേഷമുള്ള സേതുബന്ധനമായി മാറാതിരിക്കില്ല.

ഉമ്മൻചാണ്ടിക്ക് പുറമേ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എം.പി, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കെതിരെയുള്ള ഒരു ആരോപണവും തെളിയിക്കാൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചതോടെ പീഡനത്തിന്റെ പര്യായമെന്ന് വിശേഷിപ്പിക്കപ്പെട്ട സോളാർ കേസ് എന്ന ദീർഘഅദ്ധ്യായം അടഞ്ഞതായി കണക്കാക്കാം.എന്നാൽ ഇതിന്റെ പേരിൽ ഈ നേതാക്കളും അവരുടെ ഭാര്യമാരും മക്കളും ബന്ധുക്കളും അനുഭവിച്ച മനോപീഡനത്തിനും അപമാനത്തിനും എന്താണ് പരിഹാരം ?​ ഇതിന്റെ പേരിൽ ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിയുക വരെ ചെയ്‌തത് ആർക്കാണ് പെട്ടെന്ന് മറക്കാനാവുക. അതെല്ലാം കേസിന്റെ ഒരിക്കലും പരിഹരിക്കാനാവാത്ത ബാക്കിപത്രമായി മാറുന്നു.

ഈ കേസ് കേരളീയ സമൂഹത്തിന് ഒരുപാഠം പകർന്ന് നൽകുന്നുണ്ട്. അധികാര ഇടനാഴിയിലെ അവിശുദ്ധ ബന്ധങ്ങളിലേക്ക് നീളുന്ന പാഠമാണത്. ഇരുമുന്നണികളും ഇതിൽനിന്ന് വ്യത്യസ്തരല്ല. ജനങ്ങൾ തിരഞ്ഞെടുക്കുന്ന നേതാക്കൾ ജനങ്ങളോട് നിറവേറ്റേണ്ട മിനിമം ചില ഉത്തരവാദിത്വങ്ങളും വ്യക്തിത്വത്തിൽ പുലർത്തേണ്ട മാന്യതയുമുണ്ട്. ഇത് നഷ്ടപ്പെടുന്നതാണ് രാഷ്ട്രീയ ജീർണത. ആ രാഷ്ട്രീയ ജീർണതയിൽ നിന്നുണ്ടായതാണ് സോളാർ കേസ്. ഇത്തരം ജീർണതകൾ ആവർത്തിക്കാതിരിക്കാനുള്ള പാഠമാണ് ഈ കേസിൽനിന്ന് പുതിയ രാഷ്ട്രീയ തലമുറ ഉൾക്കൊള്ളേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOLAR SCAM CASE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.