SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.22 PM IST

ജനങ്ങളെ നായകൾക്കു വിട്ടുകൊടുക്കരുത്

photo

റാന്നി പെരുനാട് ചേത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ പുത്രി പന്ത്രണ്ടുകാരിയായ അഭിരാമിയുടെ മരണം സംസ്ഥാനത്തെ നായശല്യത്തിന്റെ രൂക്ഷതയും ഭയാനകത്വവും വിളിച്ചുപറയുന്നതാണ്. ആഗസ്റ്റ് 13-ന് രാവിലെ പാൽ വാങ്ങാൻപോയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖവും കാലും ശരീരവുമൊക്കെ നായ കടിച്ചുകീറി. അരമണിക്കൂറോളം കുട്ടി റോഡിൽത്തന്നെ കിടന്നുപോയി. അതുവഴിവന്ന ആൾക്കാരാണ് കുട്ടിയെ എടുത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചത്. പതിവുപോലെ അവിടെ ഡോക്ടറോ അത്യാവശ്യ പരിചരണമെങ്കിലും നൽകാനുള്ള സ്റ്റാഫോ ഇല്ലായിരുന്നു. പൊലീസുകാരുടെ സഹായത്താൽ കുട്ടിയെ ഓട്ടോയിൽ പത്തനതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രഥമശുശ്രൂഷയെങ്കിലും ലഭ്യമായത്. അപ്പോഴേക്കും നാല് മണിക്കൂർ കടന്നുപോയിരുന്നു. കുട്ടിക്ക് മൂന്നു ഡോസ് പ്രതിരോധവാക്സിനും നൽകിയെന്നാണ് വിവരം. എന്നാൽ ഫലമൊന്നുമുണ്ടായില്ല. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഈ മാസം രണ്ടിന് വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പേവിഷബാധ പ്രത്യക്ഷപ്പെട്ടാൽ പിന്നീട് ചികിത്സയൊന്നുമില്ലെന്നാണു പറയുന്നത്. മുഖത്തേറ്റ ആഴത്തിലുള്ള മുറിവിൽനിന്ന് വൈറസ് തലച്ചോറിലെത്തിയതാണ് മരണകാരണമെന്നാണ് നിഗമനം. മുഖത്തും ഉള്ളംകൈയിലും നായയുടെ കടിയേറ്റാൽ അണുബാധ വളരെവേഗം മസ്തിഷ്കത്തെ ബാധിക്കും. ആ ഘട്ടത്തിൽ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടുമില്ല. അഭിരാമിയുടെ ആകസ്മിക മരണം മാതാപിതാക്കളെയും ബന്ധുക്കളെയും മാത്രമല്ല സംസ്ഥാനത്തെയാകമാനം ദുഃഖത്തിലാക്കിയത് സ്വാഭാവികമാണ്.

അഭിരാമിയുടെ മരണം ഒരിക്കൽക്കൂടി തെരുവുനായ ഭീഷണിയെക്കുറിച്ച് ഉറക്കെ ചിന്തിക്കാൻ നിമിത്തമാവുകയാണ്. അഞ്ചുവർഷത്തിനിടെ പത്തുലക്ഷം പേർക്കെങ്കിലും നായ കടിയേറ്റിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട ഹർജിയുടെ പരിഗണനയ്ക്കിടെ സുപ്രീംകോടതിയിൽ ബോധിപ്പിക്കപ്പെട്ടത്. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിൽപ്പരം പേർ നായകടിയേറ്റ് ചികിത്സ തേടേണ്ടിവന്നു. കേസ് നേരത്തെ വാദത്തിനെടുക്കാൻ കോടതി തീരുമാനിച്ചതുതന്നെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ്.

പ്രതിരോധവാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വളരെയധികം ആശങ്ക ഉയർന്നിട്ടുണ്ട്. മൂന്നുമാസത്തിനിടെ മരണത്തിനിരയായ അരഡസനോളം പേർ പ്രതിരോധവാക്സിൻ സ്വീകരിച്ചവരാണ്. ആന്റിറാബീസ് വാക്സിന്റെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടാനുള്ള കാരണമിതാണ്. ഏതായാലും പ്രശ്നം പഠിക്കാൻ വിദഗ്ദ്ധസമിതിയെ സർക്കാർ നിയോഗിച്ചുകഴിഞ്ഞു. പഠനശേഷമേ വാക്സിൻ പരാജയകാരണങ്ങൾ കൃത്യമായി വിലയിരുത്താനാവൂ.

'ദൈവത്തിന്റെ സ്വന്തം നാടായ കേരളം" എങ്ങനെ നായകളുടെ സ്വതന്ത്ര സംസ്ഥാനമായി മാറി എന്നതിനെക്കുറിച്ച് പഠനമൊന്നും ആവശ്യമില്ല. നായകൾ പെരുകുന്നത് നിയന്ത്രിക്കാൻ സർക്കാർ കാര്യമായ ശ്രമം നടത്താത്തതു തന്നെയാണ് കാരണം. പ്രശ്നപരിഹാരം പ്രധാനമായും തദ്ദേശസ്ഥാപനങ്ങളുടെ കൈയിലാണ്. നായകളെ കൊല്ലാൻ നിയമം അനുവദിക്കാത്തതിനാൽ അവയുടെ പ്രജനനം തടയുക എന്നതാണ് പൊതുവേ അംഗീകരിക്കപ്പെട്ട നയം. ഇതിന് ധാരാളം പണവും മനുഷ്യാദ്ധ്വാനവും ആവശ്യമായതിനാൽ പലപ്പോഴും ഉദാസീന സമീപനമാകും ഉണ്ടാവുക. നായകടിയേറ്റവർക്ക് ആശ്വാസം നൽകാൻ സുപ്രീംകോടതി ഇടപെട്ട് ജസ്റ്റിസ് സിരിജഗൻ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയെ സമീപിച്ച പലർക്കും നല്ലരീതിയിൽ നഷ്ടപരിഹാരവും ലഭിച്ചിട്ടുണ്ട്. എന്നാൽ കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും ഇതിനൊന്നും ശ്രമിക്കാറില്ല. നായകൾ പെരുകുന്നതു തടയാൻ ആവശ്യമായ നടപടികൾ ഉൗർജ്ജിതമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു കഴിയണം. സർക്കാർ ഈ വക പരിപാടികൾക്ക് എല്ലാ സഹായവും നൽകണം. പൊതുഇടങ്ങളിൽ നിക്ഷേപിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ ആഹാരമാക്കാൻ നായകൾ കൂട്ടമായി എത്തുന്നു. മാലിന്യനിർമ്മാർജ്ജനം ഫലപ്രദമായാൽ ഇതിനും പരിഹാരമാകും. ഏതുരീതിയിലായാലും നായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRAY DOG ATTACK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.