SignIn
Kerala Kaumudi Online
Friday, 19 April 2024 11.04 PM IST

വഴിയോരക്കച്ചവടക്കാരും ജീവിച്ചുപോകട്ടെ

photo

വഴിയോരക്കച്ചവടം ഏതൊരു നാടിന്റെയും സംസ്കാരത്തിന്റെ ഭാഗമാണ്. ചന്തകളും വലിയ കച്ചവടകേന്ദ്രങ്ങളും മാളുകളുമൊന്നുമില്ലാതിരുന്ന കാലത്തും ഇവിടെ വഴിയോരക്കച്ചവടം ഉണ്ടായിരുന്നു. ഇത്തരം വഴിയോരക്കച്ചവടക്കാരെ ആശ്രയിച്ചു കഴിയുന്ന അനവധി കുടുംബങ്ങളുണ്ട്. പകിട്ടും പത്രാസുമൊന്നുമില്ലാത്ത ഇത്തരം കച്ചവടകേന്ദ്രങ്ങൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ആശ്രയിക്കാവുന്ന ഇടങ്ങളാണ്. ഇന്ത്യയിലെ വലുതും ചെറുതുമായ എല്ലാ നഗരങ്ങളിലും വഴിയോര കച്ചവടക്കാരും കച്ചവടവും അവഗണിക്കാനാകാത്ത ശക്തിയാണ്.

തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് വഴിയോര കച്ചവടക്കാർക്കായി സ്ഥിരം സംവിധാനമൊരുക്കി നല്ല മാതൃക കാണിച്ചിട്ട് അധിക ദിവസങ്ങളായില്ല. എത്രയോ കാലമായി ഇത്തരമൊരു ആശയത്തെക്കുറിച്ച് പറഞ്ഞുകേൾക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും വഴിയോര കച്ചവടക്കാർക്കായി ഇത്തരം സ്ഥിരം സംവിധാനമൊരുക്കി തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവരേണ്ടതാണ്. കാണുന്നിടത്തെല്ലാം വഴിമുടക്കിക്കൊണ്ട് കച്ചവടം ചെയ്യാനുള്ള പ്രവണതയിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കും. കാൽനടക്കാരെ ബുദ്ധിമുട്ടിച്ചാകരുത് വഴിയോരക്കച്ചവടമെന്ന് തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി രണ്ടുദിവസം മുൻപ് തലസ്ഥാനത്ത് വഴിയോരക്കച്ചവട മേള ഉദ്ഘാടനം ചെയ്യവേ അഭിപ്രായപ്പെട്ടിരുന്നു. തദ്ദേശസ്ഥാപനങ്ങൾ ഇവർക്ക് സ്ഥിരം കച്ചവടകേന്ദ്രങ്ങളൊരുക്കിയാൽ നടപ്പാതകളും റോഡുകളും കൈയേറിയുള്ള കച്ചവടം നിയന്ത്രിക്കാനാകും. നഗരങ്ങൾ വളരുകയും ആൾപെരുപ്പം വർദ്ധിക്കുകയും ചെയ്യുമ്പോൾ കൂടുതൽ കച്ചവടകേന്ദ്രങ്ങൾ ആവശ്യമായി വരും. തട്ടുകടകളും വഴിവാണിഭകേന്ദ്രങ്ങളും പെരുകാൻ തുടങ്ങിയതിനു പിന്നിൽ ഇതാണു കാരണം. രാത്രി ഏറെ വൈകിയും ആഹാരം ലഭിക്കുന്ന തട്ടുകടകൾ രാജ്യത്ത് ഏതു നഗരത്തിലും കാണാം. തട്ടുകടകളാണ് നഗരങ്ങളിൽ അധോലോക സംഘങ്ങളെ വളർത്തുന്നതെന്ന് ഇടക്കാലത്ത് പൊലീസിലെ ചില വക്രബുദ്ധികൾ കണ്ടുപിടിച്ചിരുന്നു. തട്ടുകടകളൊക്കെ രാത്രി പത്തുമണികഴിഞ്ഞു പ്രവർത്തിക്കരുതെന്ന് ഓർഡർ പിറകേ വന്നെങ്കിലും അല്പകാലമേ ആയുസുണ്ടായുള്ളൂ.

വഴിയോര കച്ചവടക്കാർക്ക് കട ഒരുക്കി നൽകുന്നതുപോലെ നഗരങ്ങളിൽ കൊച്ചുകൊച്ചു ഭക്ഷണശാലകൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കാവുന്നതാണ്. വീതിയേറിയ പാതകളുള്ള ഇടങ്ങൾ ഇതിനായി കണ്ടെത്താവുന്നതാണ്. നഗരസൗന്ദര്യത്തിന് ഒരു ഹാനിയും വരാത്തവിധം ഇത്തരം ഭക്ഷണ തെരുവുകൾ നിഷ്‌പ്രയാസം ഒരുക്കാൻ സാധിക്കും. ഇൻഡോർ പോലുള്ള നഗരങ്ങളിൽ ഏറെ വിജയകരമായി നടന്നുവരുന്ന സംവിധാനമാണിത്. ഏതു പാതിരാത്രിയും വനിതകൾ ഉൾപ്പെടെ ആർക്കും നിർഭയം ഇവിടങ്ങളിലെത്താനും ആഹാരം കഴിക്കാനും സാധിക്കണം. ഏതു നാട്ടിലെയും ഭക്ഷണ വൈവിദ്ധ്യങ്ങളുടെയും രുചിപ്പെരുമകളുടെയും സ്വാദേറുന്ന കലവറയായി ഇത്തരം തെരുവോര ഭക്ഷ്യശാലകളെ മാറ്റിയെടുക്കാനാകും. വിനോദസഞ്ചാരവകുപ്പും നഗരസഭയുമൊക്കെ ചേർന്നാൽ അനായാസം നടപ്പാക്കാൻ കഴിയുന്ന ആശയമാണിത്.

സാധാരണ ഓണം തുടങ്ങിയ ആഘോഷവേളകളിലാണ് അധികൃതർ വഴിയോര കച്ചവടക്കാർക്കു നേരെ കണ്ണുരുട്ടി ചാടിവീഴാറുള്ളത്. കൈയിൽ നാലുകാശു വരുന്ന കാലത്ത് അവരെ ഞെക്കിപ്പിഴിയാതിരിക്കാനുള്ള സന്മനസ് കാണിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STREET VENDORS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.