SignIn
Kerala Kaumudi Online
Friday, 29 March 2024 5.07 PM IST

സുപ്രീംകോടതിയുടെ ചരിത്രവിധി

supreme-court

സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് വിവാഹിതരെന്നോ അവിവാഹിതരെന്നോ ഭേദമില്ലാതെ എല്ലാ സ്‌ത്രീകൾക്കും അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി അരനൂറ്റാണ്ടായി നിലനിന്നിരുന്ന ഒരു വിവേചനമാണ് ഇല്ലാതാക്കിയത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്‌നൻസി നിയമവും 2003 ലെ അതിന്റെ ചട്ടങ്ങളും പ്രകാരം അവിവാഹിതരായ സ്‌ത്രീകൾക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി ഇല്ലായിരുന്നു. അതേസമയം വിവാഹിതരായ സ്‌ത്രീകൾക്ക് 24 ആഴ്ച വരെയുള്ള ഗർഭം നിയമപരമായ മാർഗങ്ങളിലൂടെ അലസിപ്പിക്കാൻ അനുമതി നൽകുമായിരുന്നു. വിവാഹിതർ മാത്രമേ ഗർഭിണികൾ ആകാവൂ എന്ന പരമ്പരാഗത ചിന്താഗതിയുടെ ഭാഗമാണ് ഇത്തരം പഴയ നിയമങ്ങൾ. ഇന്ത്യയിൽ അവിവാഹിതരായ നിരവധി പെൺകുട്ടികൾ ഗർഭിണികളാകുകയും ഗർഭഛിദ്രത്തിന് നിയമവിരുദ്ധമായ മാർഗങ്ങൾ രഹസ്യമായി അവലംബിക്കുകയും ചെയ്യുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. സുരക്ഷിതമല്ലാത്ത ഗർഭഛിദ്ര‌ത്തിലൂടെ രാജ്യത്ത് ഒരു ദിവസം എട്ട് സ്‌ത്രീകൾ മരിക്കുന്നതായി കോടതിയുടെ നിരീക്ഷണത്തിൽ തന്നെ പറയുന്നു. വിവാഹം കഴിച്ച് സമൂഹം അംഗീകരിക്കുന്ന രീതിയിൽ ഗർഭവതിയാകണമോ ലിവിംഗ് ഇൻ ടു ഗതറിൽ കഴിയുമ്പോഴോ അതല്ലാതെയോ ഗർഭിണിയാകണമോ എന്നതൊക്കെ സ്‌ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കേണ്ട വിഷയമാണെന്നതിന് അടിവരയിടുന്ന കൂടുതൽ യാഥാർത്ഥ്യബോധമുള്ള ഉത്തരവാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ചരിത്ര വിധി. വിവാഹിതരാണോ എന്നതിന്റെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകുന്നത് ഭരണഘടന നൽകുന്ന തുല്യതാ അവകാശത്തിന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യുത്‌പാദനത്തെ സംബന്ധിച്ച് വിവാഹിതർക്കുള്ളതുപോലെ അവകാശം അവിവാഹിതർക്കുമുണ്ട്. അതിനാൽ ഗർഭഛിദ്ര നിയമത്തിൽ വിവാഹിതരെയും അവിവാഹിതരെയും വേർതിരിക്കുന്നത് ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നിയമത്തിൽ മാറ്റം വരുത്തിയത്. വിവാഹിതരായ സ്‌ത്രീകൾ മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുള്ളൂ എന്നത് പഴയ സങ്കല്പമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത് മാറിയ കാലത്തിന്റെ രീതികളോട് കൂടുതൽ യാഥാർത്ഥ്യബോധമുള്ള സമീപനം പുലർത്തുന്നതാണ്. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. കാര്യങ്ങളെ പകൽ വെളിച്ചത്തിൽ വിലയിരുത്തി പുതിയ നിയമങ്ങളും ചട്ടങ്ങളും വരുന്നതു തന്നെയാണ് അഭികാമ്യം.

ഇതേ വിധിയുടെ ഭാഗമായി തന്നെ ബലാത്സംഗത്തിൽ ഭർത്തൃബലാത്സംഗവും ഉൾപ്പെടുന്നതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിധികളുടെ അടിസ്ഥാനത്തിൽ നിരവധി പുതിയ കേസുകൾ ഉടലെടുക്കാനും സാദ്ധ്യതയുണ്ട്. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്നത് ഉറപ്പാക്കാനുള്ള ബാദ്ധ്യതയും കോടതിക്കുണ്ട്. അതിനുള്ള മാർഗനിർദ്ദേശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട മറ്റ് അധികാരികൾക്കും കോടതി നൽകുമെന്ന് പ്രതീക്ഷിക്കാം. നല്ല ഉദ്ദേശ്യശുദ്ധിയോടെ കൊണ്ടുവരുന്ന പല നിയമങ്ങളും ദുരുപയോഗം ചെയ്യാനുള്ള ഒരു പ്രവണത നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നതും യാഥാർത്ഥ്യമാണ്. പൊതുതാത്‌പര്യ ഹർജികൾ പോലും നിക്ഷിപ്ത താത്‌പര്യങ്ങൾ സംരക്ഷിക്കാനായി ദുർവിനിയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ളത് കോടതികൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമങ്ങൾ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടിയാണെന്നത് ഉന്നതമായ പൗരബോധത്തോടുകൂടി എല്ലാവരും ഉൾക്കൊള്ളുമ്പോൾ മാത്രമേ ഏതൊരു മാറ്റവും ഗുണപ്രദമായി മാറുകയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT ALLOWS EQUAL ABORTION ACCESS TO ALL WOMAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.