SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.44 AM IST

തലേക്കുന്നിൽ വിടപറയുമ്പോൾ

thalekkunnil-basheer

വ്യക്തികൾക്കപ്പുറം രാഷ്ട്രീയ വിഷയങ്ങൾക്ക് പ്രാധാന്യമുണ്ടായിരുന്ന കാലവും തലേക്കുന്നിൽ ബഷീറിനൊപ്പം കടന്നു പോവുകയാണ്. ഓരോ വാചകത്തിലും മതനിരപേക്ഷത എന്ന വാക്ക് അന്നൊന്നും പറയേണ്ടതില്ലായിരുന്നു. ജാതിയുടെയോ മതത്തിന്റെയോ പേരിലല്ല ആദർശശാലിയായ കോൺഗ്രസുകാരൻ എന്ന നിലയിൽ മാത്രമാണ് ജീവിതത്തിലുടനീളം തലേക്കുന്നിൽ ബഷീർ അറിയപ്പെട്ടത്. ആ കാലത്തിന്റെ പല ആദർശങ്ങളും സ്വജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും മുറുകെപ്പിടിക്കുന്ന ശൈലിയാണ് അദ്ദേഹം പിന്തുടർന്നത്. ഭാവിയിലെ സ്ഥാനമാനങ്ങൾ നോക്കിക്കണ്ട് കരുനീക്കം നടത്താനുള്ള സൂത്രശാലിത്വം അദ്ദേഹത്തിന് അന്യമായിരുന്നു.

കാലം മാറിവരുമ്പോൾ പൊള്ളയായ വാക്കുകൾ ആവർത്തിക്കുകയും കൗശലപൂർവം നീക്കങ്ങൾ നടത്തുകയും ചെയ്യാത്തവർ പിന്തള്ളപ്പെടും. പരന്ന വായനയും ചിന്തയും പാർട്ടിക്കപ്പുറമുള്ള സുഹൃദ് ബന്ധങ്ങളും മറ്റുമാണ് അങ്ങനെയൊരു വീക്ഷണം രൂപപ്പെടുത്താൻ തലേക്കുന്നിലിനെ പ്രേരിപ്പിച്ചതെന്ന് കരുതാം. പരിഭവമില്ലാതെ പിന്നിലേക്ക് ഒതുങ്ങിനിൽക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. കെ.എസ്.യുവിന്റെ ഉൗർജ്ജസ്വലനായ പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. അക്കാലത്തേ എഴുത്തും വായനയും ശീലമാക്കിയിരുന്നു. പ്രസംഗ മത്സരങ്ങളിലും ഉപന്യാസ രചനയിലും ചെറുകഥാരചനയിലും ആദ്യകാലത്ത് സ്ഥിരം മത്സരാർത്ഥിയായിരുന്നു. ആ വകയിൽ നിരവധി സമ്മാനങ്ങളും ലഭിച്ചിരുന്നു. പൊതുസമൂഹത്തിൽ നടത്തിയ കളങ്കരഹിതമായ ഇടപെടലുകളിലൂടെ സ്വന്തം പാർട്ടിക്കാരിലും എതിർകക്ഷിയിലുള്ളവരിലും മതിപ്പ് സൃഷ്ടിക്കാൻ തുടക്കകാലം മുതൽ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1984ലും 89ലും ചിറയിൻകീഴ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായി. രണ്ട് തവണ രാജ്യസഭാംഗവുമായി.

പാർലമെന്റേറിയൻ എന്ന നിലയിൽ ജനകീയ പ്രശ്നങ്ങൾക്കായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത്. 1977-ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് മത്സരിക്കാൻ വേണ്ടി കഴക്കൂട്ടത്തെ നിയമസഭാ മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിന്നീട് ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ഉപാദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സംഘടനാ പ്രവർത്തനത്തിലും മികവ് തെളിയിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പലരും ബാലൻസ് ഷീറ്റിലെ അക്കങ്ങളുടെ എണ്ണം കൂട്ടുമ്പോൾ അതിന് ഒരപവാദമായിരുന്നു തലേക്കുന്നിൽ. വ്യക്തിപരമായ നഷ്ടങ്ങളൊന്നും അദ്ദേഹത്തെ പാർട്ടി പ്രവർത്തനത്തിന്റെ പാതയിൽനിന്ന് പിന്തിരിപ്പിച്ചിട്ടില്ല. കോൺഗ്രസ് പാർട്ടി നിലനിൽക്കേണ്ടതും വളരേണ്ടതും രാജ്യത്തിന്റെ പുരോഗതിക്കും മതമൈത്രിയ്‌ക്കും അത്യന്താപേക്ഷിതമാണെന്ന് അവസാന നിമിഷം വരെയും ഉറച്ച് വിശ്വസിക്കുകയും അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു അദ്ദേഹം. ഹൃദയസംബന്ധമായ അസുഖം കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അദ്ദേഹം വെമ്പായത്തുള്ള വസതിയിൽ വിശ്രമത്തിലായിരുന്നു. തുടക്കം മുതൽ കേരളകൗമുദിയുമായി സ്ഥാപിച്ച ഹൃദയബന്ധം അവസാനം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു. കേരളകൗമുദിയുടെ സാരഥികളുമായി അദ്ദേഹം പുലർത്തിയിരുന്ന ആത്മബന്ധം വിലമതിക്കാനാവാത്തതാണ്.

കോൺഗ്രസിന്റെ മുതിർന്ന നേതാക്കന്മാരുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന തലേക്കുന്നിൽ മുൻ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുമായി വളരെ നല്ല അടുപ്പം പുലർത്തിയിരുന്നു. രാജീവ്‌ഗാന്ധിയെക്കുറിച്ച് തലേക്കുന്നിൽ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. തലേക്കുന്നിലിന്റെ പഠനക്ളാസുകൾ ഏറെ പ്രശംസനീയമായിരുന്നു. തികഞ്ഞ ജനാധിപത്യബോധം പുലർത്തുന്ന തലമുറയ്ക്കേ കോൺഗ്രസിനെ മുന്നോട്ട് നയിക്കാനാവൂ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. തലേക്കുന്നിൽ വളർന്നുവന്ന കാലങ്ങളിൽ രാഷ്ട്രീയത്തിൽ മതവും ജാതിയുമൊന്നും ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്നില്ല. ഇവന്റ് മാനേജ്‌മെന്റ് രാഷ്ട്രീയമൊന്നും രംഗപ്രവേശം ചെയ്തിരുന്നില്ല. ആ പഴയ കാലത്തിന്റെ നന്മയുടെ ഓർമ്മ അവശേഷിപ്പിച്ചാണ് തലേക്കുന്നിൽ ബഷീർ മടങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THALEKKUNNIL BASHEER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.