SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.08 PM IST

മലയാളിക്ക് നഷ്ടപ്പെട്ട സമ്മാനം

thanu-padmanabhan

ഭൗതികശാസ‌്‌ത്ര രംഗത്തെ ഏറ്റവും വലിയ ലോകശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു വിടപറഞ്ഞതാണു പദ്‌മനാഭൻ. മലയാളിയുടെ അഹങ്കാരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പലരും ശരാശരി കഴിവിനപ്പുറം പോയിട്ടുള്ളവരല്ല. പുകഴ്‌ത്തലുകളിലൂടെ ലോകനിലവാരത്തിൽ ഉയർത്തിക്കാട്ടി പ്രതിഷ്ഠിക്കപ്പെടുകയാണ് ഇവർ പലപ്പോഴും. ഇതിന് ഒരപവാദമായിരുന്നു താണു പദ്‌മനാഭൻ. മലയാളി ഇദ്ദേഹത്തെ അത്രത്തോളം പുകഴ്‌ത്താൻ തുടങ്ങിയിട്ടില്ല. ഒന്നാമത് മലയാളിയുടെ 'ശരാശരി" കഴിവിനപ്പുറം പോയ ശാസ്ത്രജ്ഞനും വ്യക്തിത്വവുമായിരുന്നു താണു പദ്‌മനാഭൻ. 64 വയസ് ഒരു ശാസ്‌ത്രജ്ഞനെ സംബന്ധിച്ച് ചെറിയ പ്രായമാണ്. എഴുപത് വയസിനപ്പുറമാണ് അവരിൽ നിന്ന് നൂറ്റാണ്ടിന്റെ സംഭാവനകൾ സാധാരണ പിറന്നുവീഴുക. അതിനുമുമ്പേ ആ പ്രതിഭയുടെ ജീവിതം ആകസ്‌മികമായി പൊലിഞ്ഞുപോയി.

ജീവിച്ചിരുന്നെങ്കിൽ സ്റ്റോക്‌ഹോമിൽ നിന്നുള്ള ആ സുന്ദര സുരഭിലമായ സമ്മാനം ആദ്യമായി ഒരു മലയാളിക്ക് ലഭിക്കാൻ ഇടയാകുമായിരുന്നു. ആ വിദൂര സാദ്ധ്യതയാണ് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീണു മരിച്ച മനുഷ്യനിലൂടെ നമുക്ക് നഷ്ടമായത്.

കരമനയിലെ സർക്കാർ സ്‌കൂളിൽ പഠിച്ച് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തരബിരുദം നേടി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ താണു പദ്‌മനാഭൻ ഇന്ത്യയിൽത്തന്നെ തന്റെ സേവനം വിനിയോഗിച്ചു എന്നതാണ് വളർന്നുവരുന്ന പ്രതിഭകൾ മാതൃകയാക്കേണ്ട ഒരു വശം. കാരണം ഇതുപോലുള്ളവർ അമേരിക്കയിലേക്ക് പോയാൽ പിന്നെ തിരികെ വരാറില്ല. അവിടത്തെ ഭൗതിക സാഹചര്യങ്ങളും ഗവേഷണ സൗകര്യങ്ങളും അത്രമാത്രം അവരെ അവിടെത്തന്നെ നിൽക്കാൻ പ്രേരിപ്പിക്കുന്നതാണ്. പ്രപഞ്ചത്തിന്റെ ആകർഷണത്തിന്റെ ഉള്ളറകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ ജനിച്ചുവളർന്ന മണ്ണിനോട് വികർഷണം തോന്നുക എന്നത് ഏതാണ്ട് സ്വാഭാവികമായ കാര്യം പോലെ നമ്മൾ അംഗീകരിച്ചുകഴിഞ്ഞു. ഇതിന് തയ്യാറായില്ല എന്നതാണ് താണു പദ്മനാഭനെ വ്യത്യസ്തനാക്കുന്ന ഒരു പ്രത്യേക സവിശേഷത. ഒരുപക്ഷേ, പ്രപഞ്ചത്തിന്റെ ഉത്‌പത്തിയും വികാസ പരിണാമങ്ങളും പഠിക്കാൻ ഏറ്റവും അനുയോജ്യമായ പ്രതലം ഭാരതത്തിന്റേതാകുമെന്ന് കുട്ടിക്കാലത്തെ ലളിതവും ഈശ്വരോന്മുഖവുമായ ജീവിതചര്യകളിൽ നിന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കാം. ഗ്രാവിറ്റിയിൽ താണു പദ്‌മനാഭന്റെ പഠനങ്ങളും സംഭാവനകളും വരുംകാലങ്ങളിൽ പലർക്കും വഴികാട്ടിയായി അനന്തതയിലേക്ക് നീണ്ടുപോകുന്നതാണ്. ആ ശാസ്‌ത്ര പ്രതിഭയുടെ അകാല വേർപാടിൽ ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THANU PADMANABHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.