SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.17 PM IST

ടൂറിസം മേഖല ഉണരുമ്പോൾ

tourism

കൊവിഡ് മഹാമാരിയുടെ പിടി അയഞ്ഞതോടെ ടൂറിസം മേഖല കേരളത്തിൽ വീണ്ടും സജീവമാകാൻ തുടങ്ങുകയാണ്. ഒക്ടോബറിൽ പുതിയ സീസൺ കൂടി ആരംഭിക്കാനിരിക്കെ വലിയ പ്രത്യാശയിലാണ് വിപണി. പ്രകൃതി രമണീയമായ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായി മാറേണ്ട രംഗമാണ് വിനോദസഞ്ചാരം. അതിഥികളെ സ്വീകരിക്കാൻ എല്ലാ വാതിലുകളും തുറന്നിടേണ്ട സമയമായി. രണ്ട് വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങളില്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും അവിടെ താമസിച്ച് കേരളത്തിന്റെ പ്രകൃതിഭംഗിയും വൈവിദ്ധ്യമാർന്ന ഭക്ഷണരീതിയും കലയും സംസ്ക്കാരവുമൊക്കെ ആസ്വദിക്കാനും അവസരമുണ്ടാകണം. ഇക്കാര്യത്തിൽ തുറന്ന മനസോടെയുള്ള സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നത് സ്വാഗതാർഹമാണ്.

ടൂറിസം മേഖലയിൽ നൂതനപദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും വിദഗ്ധ അഭിപ്രായങ്ങൾ കൂടി സ്വരൂപിച്ച് അവ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വലിയ ഉത്സാഹവും താത്‌പര്യവുമാണ് കാട്ടുന്നത്. ഇത്തരമൊരു പുരോഗമന നിലപാടാണ് കേരളത്തിന് ആവശ്യവും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ പഞ്ചായത്തിലും ടൂറിസ്റ്റ് സ്പോട്ടുകൾ കണ്ടെത്തി വികസിപ്പിക്കുക, കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകളുടെ സമഗ്രവിവരങ്ങൾ പ്രതിപാദിക്കുന്ന ആപ്പ് , ഫുഡ് ടൂറിസം, കാരവൻ ടൂറിസം, ഫാം ടൂറിസം എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ ഇതിനോടകം പ്രഖ്യാപിക്കുകയും നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിച്ചിരുന്ന രാജ്യമാണ് നമ്മുടെ അയൽപക്കത്തുള്ള ശ്രീലങ്ക. എന്നാൽ അവിടുത്തെ നിയന്ത്രണങ്ങളും ആഭ്യന്തര പ്രതിസന്ധിയുമൊക്കെ സുഗമമായ യാത്രയ്ക്ക് ഇപ്പോൾ തടസം സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താനും മുതലെടുക്കാനും കഴിയുന്നത് കേരളത്തിനാണ്. കൊവിഡിനെത്തുടർന്ന് വിദേശ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര ടൂറിസ്റ്റുകളാണ് ഇപ്പോഴത്തെ പ്രധാന ആകർഷണം. സംസ്ഥാനാന്തര യാത്രകൾക്ക് നിയന്ത്രണം പാടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളും ഇപ്പോഴും കടുത്തനിലപാട് കൈക്കൊള്ളുന്നുണ്ട്. ഇക്കാര്യത്തിൽ വിശദ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കേരളം മുൻകൈയെടുക്കണം. വിസ ഓൺ അറൈവൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാരുമായി ആശയവിനിമയവും അത്യാവശ്യമാണ്.

സുന്ദരകേരളം സുരക്ഷിത കേരളം എന്ന സംസ്ഥാന സർക്കാരിന്റെ ആശയം മികച്ചതാണ്. എന്നാൽ ടൂറിസം വിപണി മുന്നോട്ടുവയ്ക്കുന്ന ചിലകാര്യങ്ങളിൽ അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്. ഹർത്താൽ പോലെയുള്ള സമരരീതികൾ ടൂറിസം വിപണിയെ ദോഷകരമായി ബാധിക്കാറുണ്ട്. മറ്റെല്ലാം അടഞ്ഞുകിടക്കുമ്പോൾ ഹർത്താലിൽ ടൂറിസം മേഖലയെ മാത്രം ഒഴിവാക്കിയിട്ടെന്ത് പ്രയോജനം. ടൂറിസം ദിനത്തിൽ സംസ്ഥാനം ഹർത്താൽ ആചരിച്ചതിലൂടെ എന്ത് സന്ദേശമാണ് വിനോദസഞ്ചാരികൾക്ക് നൽകിയതെന്ന ചോദ്യവും പ്രസക്തമാണ്. പ്രതിഷേധങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും വഴിമുടക്കിയും വാതിലടപ്പിച്ചുമുള്ള സമരരീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മറ്റൊരു പ്രധാനകാര്യം റോഡുകളെ സഞ്ചാരയോഗ്യമാക്കുകയെന്നതാണ്. ടൂറിസം കേന്ദ്രങ്ങളിലെത്തിപ്പെടാൻ പ്രയാസപ്പെടേണ്ടിവരരുത്. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്നതും ടൂറിസം മന്ത്രിയായതിനാൽ ആ കാര്യങ്ങളിലും ഇടപെടൽ ആവശ്യമാണ്. 2018 ൽ നാൽപ്പതിനായിരം കോടി രൂപയായിരുന്നു ടൂറിസം മേഖലയിൽ നിന്നുള്ള കേരളത്തിന്റെ വരുമാനം. കൊവിഡ് ഏറ്റവും ബാധിച്ച പ്രധാന രംഗങ്ങളിലൊന്ന് ടൂറിസമായിരുന്നു. കരകയറാൻ കഴിയുന്നത്ര ഉദാരമായ പിന്തുണ ആവശ്യമാണ്. അനന്തസാധ്യതകളാണ് കേരളത്തിലെ ടൂറിസം മേഖലയ്ക്കുള്ളത്. അത് ശരിയായി പ്രയോജനപ്പെടുത്തിയാൽ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA TOURISM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.