SignIn
Kerala Kaumudi Online
Friday, 19 April 2024 1.33 PM IST

പുരസ്‌കാരത്തിനു പുറത്തായ സീരിയലുകൾ

momento

അവാർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നുപോലും സാക്ഷാത്‌കരിക്കാത്തതിന്റെ പേരിൽ ടിവി സീരിയലുകളിൽ ഒന്നിനുപോലും ഇക്കുറിയും പുരസ്കാരം നൽകേണ്ടതില്ലെന്ന ജൂറി തീരുമാനത്തിൽ പരിഭവമോ പരാതിയോ ഉണ്ടാകേണ്ടതില്ല. അത്രയേറെ മനുഷ്യമനസുകളെ ദുഷിപ്പിക്കുന്ന കഥകളാണ് സീരിയൽ എന്ന പേരിൽ മലയാളി കുടുംബങ്ങളുടെ സന്ധ്യാനേരം അപഹരിച്ചുകൊണ്ടിരിക്കുന്നത്. സീരിയൽ പ്രേക്ഷകരിൽ ബഹുഭൂരിപക്ഷവും സ്‌ത്രീകളായിട്ടും സ്‌ത്രീവിരുദ്ധത ഉൾപ്പെടെ സകലവിധ ജീർണതകളുടെയും നിലവാരമില്ലാത്ത ഉത്പന്നമായാണ് അവ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. കുടുംബാംഗങ്ങളോടൊപ്പമിരുന്ന് കാണാൻ പറ്റാത്തവിധം നിലവാരമില്ലാത്തവയാണ് ഭൂരിപക്ഷം സീരിയലുകളുമെന്ന ജൂറിയുടെ നിരീക്ഷണം അതിശയോക്തിയല്ല. അങ്ങേയറ്റം വാസ്തവമാണെന്ന് ഒരിക്കലെങ്കിലും ഏതെങ്കിലുമൊരു സീരിയലിന്റെ ഒരു ഭാഗമെങ്കിലും കണ്ടിട്ടുള്ളവർ സമ്മതിക്കും. സ്‌ത്രീകൾക്കെതിരെ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളിൽ ടിവി സീരിയലുകൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മന:ശാസ്‌ത്രവിദഗ്ദ്ധരും ചിന്തകരും ആദ്യമേ മുന്നറിയിപ്പു നൽകിയതാണ്. ഒരു മാറ്റവും ഉണ്ടായില്ലെന്നു മാത്രമല്ല, അവയിൽ കൂടുതൽ തീക്ഷ്ണമായി സ്‌ത്രീവിരുദ്ധത പ്രകടമാവുന്നു. പുരസ്കാരങ്ങൾക്കായി സീരിയൽ വിഭാഗത്തിൽ 39 എൻട്രികളുണ്ടായിരുന്നെങ്കിലും ഒരെണ്ണം പോലും തിരഞ്ഞെടുക്കപ്പെട്ടില്ലെന്നതിൽ നിന്നുതന്നെ അവയുടെ നിലവാരം മനസിലാകും. മികച്ച സീരിയൽ, രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിൽ മാത്രമല്ല കലാസംവിധാനമെന്ന വിഭാഗത്തിൽപ്പോലും ആർക്കും പുരസ്‌കാരം ലഭിച്ചില്ല. കഴിഞ്ഞ വർഷവും പുരസ്‌കാര പരിഗണനയിൽ സീരിയലുകൾ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി തഴയപ്പെടുകയായിരുന്നു. സ്‌ത്രീകളെയും കുട്ടികളെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്നതിൽ പരസ്പരം മത്സരിക്കുന്ന സീരിയലുകൾ സമൂഹത്തിന് എത്രമാത്രം അരോചകമായ സന്ദേശമാണ് നൽകുന്നതെന്ന് പിന്നിൽ പ്രവർത്തിക്കുന്നവർ ഓർക്കുന്നില്ല. സാങ്കേതിക മേന്മകൾ പോലും പുലർത്താത്ത അവ,​ പടച്ചുണ്ടാക്കിയ സ്‌ത്രീപീഡനകഥകളിലാണ് അഭിരമിക്കുന്നത്. സ്‌ത്രീജനങ്ങളെ ആകർഷിക്കാനെന്ന പേരിൽ അവർക്കു മുൻപാകെ അവതരിപ്പിക്കുന്ന സീരിയലുകളിലധികവും അവരുടെ തന്നെ വിലയിടിക്കുന്ന വിധത്തിലുള്ളവയാണ്. സ്‌ത്രീത്വത്തെ അപമാനിക്കുകയും നാനാവിധത്തിലും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന സീരിയലുകൾ മലയാളിസമൂഹത്തെ അരനൂറ്റാണ്ടു പിന്നോട്ടു കൊണ്ടുപോവുകയാണെന്ന ജൂറി പരാമർശം സർക്കാർ ഗൗരവപൂർവം കാണേണ്ടതുണ്ട്. സീരിയലുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് അഭികാമ്യമായിരിക്കുമെന്ന് വിവേകമതികൾ അഭിപ്രായം ഉന്നയിക്കാറുണ്ട്. കലകളുടെ മേൽ ഏതുവിധ നിയന്ത്രണവും പാടില്ലെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഒരു നിയന്ത്രണം സീരിയലുകളുടെ കാര്യത്തിൽ കൂടിയേ തീരൂ എന്ന തരത്തിലാണ് അവയുടെ പോക്ക്. ഈ വിഷയത്തിൽ ചാനലുകൾ തന്നെ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നാണ് വകുപ്പുമന്ത്രിയുടെ നിലപാട്. സെൻസർഷിപ്പ് പ്രായോഗികമല്ലെന്നും അദ്ദേഹം പറയുന്നു. ജൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാനൽ മേധാവികളെ വിളിച്ചുകൂട്ടി വിഷയം ചർച്ചചെയ്യാൻ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. നല്ല തീരുമാനത്തിനായി കാത്തിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TV SERIALS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.