SignIn
Kerala Kaumudi Online
Thursday, 25 April 2024 12.37 PM IST

മഹാരാഷ്ട്രയിലെ നാടകം

uddhav-thackeray

ഒരു വഴി അടയുമ്പോൾ ഒൻപത് വഴി തുറക്കുമെന്നാണ് പഴമൊഴിയെങ്കിലും പത്തുദിവസത്തോളം കാത്തിരുന്നിട്ടും ഉദ്ധവ് താക്കറെയ്‌ക്ക് മുന്നിൽ രാജിവച്ച് പുറത്തുപോകാനുള്ള ഒരു വഴി മാത്രമാണ് തുറന്നത്. അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാജിപ്രഖ്യാപിച്ചതെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ അധികാരം നിലനിറുത്താനുള്ള വഴികൾ അദ്ദേഹം ആരായുകയായിരുന്നില്ലെന്ന് പറയാനാകില്ല. വിമതരിൽ കുറച്ചുപേരെ പുറത്താക്കി ബാക്കിയുള്ളവരെ കൂടെനിറുത്താനുള്ള ആദ്യശ്രമം വിജയിച്ചില്ല. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ നിർദ്ദേശം സ്റ്റേചെയ്യാൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതും ഫലിച്ചില്ല. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ആദ്യം ഗുജറാത്തിലേക്കും പിന്നീട് അസമിലേക്കും മുങ്ങി റിസോർട്ടുകളിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞ ശിവസേന വിമതപക്ഷത്തെ 39 എം.എൽ.എമാരിൽ ആരെയും അടർത്തിയെടുക്കാനുമായില്ല. വഴികൾ ഒന്നൊന്നായി അടഞ്ഞപ്പോഴാണ് മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. അതിന് മുമ്പ് നടന്ന അവസാന മന്ത്രിസഭായോഗത്തിൽ ഔറംഗാബാദിന്റെയും ഉസ്‌മാനാബാദിന്റെയും പേരുകൾ തിടുക്കപ്പെട്ട് മാറ്റിയ തീരുമാനമെടുക്കുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ ബി.ജെ.പിയുടേതിനെക്കാൾ തീവ്രഹിന്ദുത്വ സ്വഭാവം പുലർത്തിയേ തീരൂ എന്ന ബോദ്ധ്യത്തിൽനിന്ന് അത്തരമൊരു സന്ദേശം നൽകാൻ കൂടിയാണ് ബാൽ താക്കറെയുടെ കാലം മുതൽ ശിവസേനയുടെ ലക്ഷ്യമായിരുന്ന ഔറംഗബാദിന്റെ പേരുമാറ്റിയത്.

രാഷ്ട്രീയത്തിൽ വഞ്ചന, ചതി, പിന്നിൽനിന്നുള്ള കുത്ത്, കാലുവാരൽ തുടങ്ങിയവയൊന്നും പുതിയ കണ്ടുപിടിത്തങ്ങളല്ല. ശിവസേനയുടെ സഖ്യകക്ഷികളായിരുന്ന കോൺഗ്രസും അതിൽ നിന്നടർന്ന് രൂപംകൊണ്ട എൻ.സി.പിയുമൊക്കെ ഇത്തരം വഴികളിലൂടെ നടന്ന് തഴക്കവും പഴക്കവും നേടിയവരാണെന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഏത് രാഷ്ട്രീയ വിദ്യാർത്ഥിക്കും ചൂണ്ടിക്കാണിക്കാനാവും. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യം പൊളിച്ചത് കോൺഗ്രസോ എൻ.സി.പിയോ ബി.ജെ.പിയോ അല്ല. ശിവസേനയിലെ ജനപ്രതിനിധികൾ തന്നെയാണ് . അവർക്ക് മറഞ്ഞുനിന്ന് കുടപിടിച്ചത് ബി.ജെ.പി തന്നെയാണെന്നതും പകൽ പോലെ വ്യക്തം. കാരണം ഉദ്ധവ് സർക്കാർ പതിച്ചതിന്റെ ഗുണം ലഭിക്കാൻ പോകുന്നത് ബി.ജെ.പിക്കാണ്.

വിശ്വാസവഞ്ചന താക്കറെയുടെ മകൻ ചെയ്യുമ്പോൾ ശരിയും ഷിൻഡെ ചെയ്യുമ്പോൾ തെറ്റുമായി ചിത്രീകരിക്കുന്നത് ശരിയല്ല. ബി.ജെ.പിയുടെ സഖ്യകക്ഷിയായി നിന്നാണ് ശിവസേന 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. മുഖ്യമന്ത്രിപദം സംബന്ധിച്ച പിടിവലിയിലാണ് വേർപിരിയുന്നത്. ആശയപരമായി ഒരിക്കലും യോജിക്കാൻ കഴിയാത്ത കോൺഗ്രസുമായി സഖ്യത്തിലാവുകയും ചെയ്തു. എൻ.സി.പി നേതാവ് ശരദ്‌പവാറിന്റെ തന്ത്രങ്ങളുടെ പിൻബലത്തിൽ ഇത്രയും നാൾ പിടിച്ചുനിന്നെങ്കിലും ശിവസേനയുടെ തീവ്രഹിന്ദുത്വ സ്വഭാവം പുലർത്തുന്ന അണികൾ നിരാശയിലായിരുന്നു. ഇതാണ് ഏക്‌നാഥ് ഷിൻഡെ മുതലെടുത്തത്. തന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മുൻകൂട്ടി കാണാനുള്ള രാഷ്ട്രീയ ബുദ്ധികൂർമ്മത ഉദ്ധവിന് ഇല്ലാതെപോയി. ശിവസേനയ്ക്ക് പുതുജീവൻ നൽകുക എന്ന ഹിമാലയൻ ദൗത്യമാണ് ഇനി ഉദ്ധവിന് മുന്നിലുള്ളത്. ഉടനെ നടക്കാനിരിക്കുന്ന മുംബയ് കോർപ്പറേഷൻ തിരഞ്ഞെടുപ്പാണ് ആദ്യ വെല്ലുവിളി. ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് ബി.ജെ.പി ലക്ഷ്യമിട്ടത്. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭരണമെന്ന വലിയ പക്ഷി വീണു. മൂന്ന് പതിറ്റാണ്ടിലേറെയായി ശിവസേന ഭരിക്കുന്ന മുംബയ് കോർപ്പറേഷൻ കൂടി വീണാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിലെ ദുരന്തനായകനാകുന്നത് ഉദ്ധവ് താക്കറെ തന്നെ ആയിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDHAV THAKAREY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.