SignIn
Kerala Kaumudi Online
Friday, 19 April 2024 6.14 PM IST

വിഴിഞ്ഞത്ത് ഇനി പുതുസ്ളേറ്റിൽ തുടങ്ങാം

photo

കേരളത്തിന്റെ വികസനഭൂപടത്തിൽ നാഴികക്കല്ലായി മാറേണ്ട വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ 140 ദിവസമായി നടന്നുവന്ന പ്രക്ഷോഭം അവസാനിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷൻ കൈയേറ്റവും പൊതുമുതൽ നശിപ്പിക്കലും ഉൾപ്പെടെ സമരം അക്രമത്തിലേക്കു വഴിമാറിയതാണ് സമരക്കാർക്കുതന്നെ വിനയായത്. നവംബർ 27 ന് നടന്ന വൻതോതിലുള്ള അക്രമങ്ങളിൽ മൂന്നു ഡസനിലേറെ പൊലീസുകാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അവരിൽ പലരും ആശുപത്രി വിട്ടിട്ടില്ല.

പകുതിയിലധികം എത്തിയ തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന അപ്രായോഗികവും യുക്തിഹീനവുമായ ആവശ്യമാണ് സമരം ഇത്രനാൾ നീളാൻ കാരണമായത്. സമരത്തിന് കൊഴുപ്പുകൂട്ടാൻ ചില നിഗൂഢ ശക്തികളുണ്ടായിരുന്നതും ആവശ്യം പോലെ പണമൊഴുകി എത്തിയതുമൊക്കെ സമരം നീളാൻ ഉപകരിച്ചിട്ടുണ്ട്. തുറമുഖം അനിവാര്യമാണെന്നു പറയുമ്പോൾത്തന്നെ അത് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തീവ്രസമരപരിപാടികളിൽ ഏർപ്പെട്ടവരെ പിന്തുണയ്ക്കാൻ പാഞ്ഞുനടന്ന രാഷ്ട്രീയക്കാരുടെ കാപട്യവും ജനങ്ങൾ കണ്ടുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖം രാഷ്ട്രീയപ്രീണനത്തിന്റെ ഇരയായി മാറുന്ന ദുഃഖാവസ്ഥ നേരത്തെയും ഞങ്ങൾ പ്രതിപാദിച്ചതാണ്.

കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് മുട്ടത്തറയിലെ താത്‌കാലിക ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടകയായി 5500 രൂപ നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കായി 600 ഫ്ളാറ്റുകളും ഒന്നരവർഷത്തിനകം നിർമ്മിച്ചുനൽകും. തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി ജനകീയ സമിതിയുമായി ചർച്ച നടത്തും. മണ്ണെണ്ണകൊണ്ട് പ്രവർത്തിപ്പിക്കുന്ന വള്ളങ്ങൾക്കു പകരം മറ്റ് ഇന്ധനങ്ങളുടെ സാദ്ധ്യത പരിശോധിക്കും. തുറമുഖ നിർമ്മാണത്തിലെ പുരോഗതി വിലയിരുത്താൻ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും ഉൾപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.സമരം മാസങ്ങളോളം നീട്ടിക്കൊണ്ടുപോകാതെ ആദ്യഘട്ടത്തിൽത്തന്നെ പ്രതിവിധി തേടാവുന്ന ഡിമാൻഡുകളായിരുന്നു ഇതൊക്കെ. നിർഭാഗ്യവശാൽ തുറമുഖ നിർമ്മാണം അപ്പാടെ സ്തംഭിപ്പിച്ച്, തുറമുഖമേ വേണ്ടെന്ന ആവശ്യവുമായി സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് സമരസമിതി ശ്രമിച്ചത്. പ്രദേശവാസികളെ തെറ്റായ സമരപാതയിലേക്കു നയിക്കാൻ ജനങ്ങൾ ആദരവോടെ കാണുന്ന സഭാനാഥന്മാരുണ്ടായതും ദൗർഭാഗ്യകരമാണ്.

സമര കാർമേഘങ്ങൾ ഒഴിഞ്ഞ സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തിട്ടുള്ള ക്രിമിനൽ കേസുകളുടെ സ്ഥിതി എന്താവുമെന്ന ചോദ്യം ഉയരുന്നുണ്ട്. കേസുകൾ പിൻവലിക്കണമെന്ന സമരസമിതി ആവശ്യം സമവായ ചർച്ചയിൽ സർക്കാർ പക്ഷത്തുനിന്ന് നിരാകരിക്കുകയാണുണ്ടായത്. പൊതുമുതൽ നശിപ്പിച്ചതും പൊലീസുകാരെ മാരകമായി മുറിവേൽപ്പിച്ചതും ഉൾപ്പെടെയുള്ള കേസുകൾ നിയമദൃഷ്ട്യാ വേണ്ടെന്നുവയ്ക്കാൻ വിഷമമാണ്. നിയമസഭയിൽ കമ്പ്യൂട്ടറും ഡസ്കുമൊക്കെ തകർത്ത സംഭവവുമായി ബന്ധപ്പെട്ട പൊതുമുതൽ നശീകരണ കേസ് നിലനിൽക്കുമ്പോൾ വിഴിഞ്ഞം കേസുകൾ എങ്ങനെ എഴുതിത്തള്ളാനാകും?

നിലച്ചുപോയ തുറമുഖ നിർമ്മാണം പുനരാരംഭിച്ച് എത്രയും വേഗം യാഥാർത്ഥ്യമാക്കുകയാണ് ഇനി വേണ്ടത്. തുറമുഖ നിർമ്മാതാക്കളായ അദാനിഗ്രൂപ്പും വിട്ടുവീഴ്ചകൾക്ക് തയ്യാറായ സ്ഥിതിക്ക് ഓണത്തിന് ആദ്യ കപ്പൽ എന്ന ലക്ഷ്യത്തിലെത്താൻ സർക്കാരും പ്രദേശവാസികളും സർവ പിന്തുണയും നൽകണം. ഇനി ഒരു സമരം തുറമുഖ നിർമ്മാണ സ്തംഭനത്തിന് ഹേതുവായിക്കൂടാ.

നിർമ്മാണം ഉദ്ഘാടനം ചെയ്യവേ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പറഞ്ഞത് ആയിരം ദിവസമെത്തുമ്പോൾ വിഴിഞ്ഞത്ത് കൂറ്റൻ കപ്പൽ അടുക്കുമെന്നാണ്. ആയിരത്തിനു പകരം അതിന്റെ എത്രയോ ഇരട്ടി ദിനങ്ങൾ കടന്നുപോയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ അപാര സാദ്ധ്യതകളെക്കുറിച്ച് വേണ്ടത്ര ബോധമില്ലാതെ പോയതാണ് കേരളത്തിനു പറ്റിയ തെറ്റ്. ഓണത്തിന് വിഴിഞ്ഞം തുറമുഖത്ത് കപ്പലടുപ്പിക്കാമെന്ന നിർമ്മാണ കമ്പനിയുടെ വാഗ്ദാനം വിശ്വസിക്കാം. മുഹൂർത്തം ഇനിയും മാറ്റിക്കുറിയ്ക്കാൻ ഇടവരാതിരിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM PORT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.