SignIn
Kerala Kaumudi Online
Thursday, 25 April 2024 5.30 AM IST

പിഴയിടും മുമ്പ് വേണ്ടത് സംസ്‌കരണ കേന്ദ്രങ്ങൾ

photo

നിയമങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും ഒരു പഞ്ഞവുമില്ലാതിരിക്കെ കെട്ടിടാവശിഷ്ടങ്ങളുടെ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണവകുപ്പ് നിയമം കർക്കശമാക്കാൻ പോവുകയാണ്. നഗരങ്ങളിലെ ജൈവമാലിന്യ സംസ്കരണം എങ്ങുമെത്താതെ അനാഥമായി കിടക്കുകയാണ്. മാലിന്യസംസ്കരണ പ്ളാന്റുകളോടുള്ള ജനങ്ങളുടെ എതിർപ്പ് കാരണം ഒരിടത്തും അതിനുള്ള പ്ളാന്റ് സ്ഥാപിക്കാൻ കഴിയുന്നില്ല. നിർമ്മാണാവശിഷ്ടങ്ങൾ പോലുള്ള അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് ഇപ്പോൾത്തന്നെ ചട്ടങ്ങളുണ്ടെങ്കിലും ആരും അതൊന്നും പാലിക്കാറില്ല. എവിടെ തുറന്ന സ്ഥലങ്ങളുണ്ടോ അവിടെയും അതിനു കഴിഞ്ഞില്ലെങ്കിൽ ജലാശയങ്ങളിലോ മറ്റോ അവശിഷ്ടങ്ങൾ തള്ളുകയാണ് നിലവിലെ രീതി. ഇത് ജലാശയങ്ങൾക്കും പരിസ്ഥിതിക്കും എത്രമാത്രം ആപത്താണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. ഒരു വീട്ടിൽ വേണ്ടാത്ത ഏത് പാഴ്‌വസ്തുവും ഒടുവിലെത്തുന്നത് ഓടകളിലോ ജലാശയങ്ങളിലോ തുറസായ റോഡുവക്കിലോ ഒക്കെയാണ്. മഴക്കാലത്ത് ഓടകളും നീർച്ചാലുകളും പുഴകളുമൊക്കെ ഒഴുക്ക് തടസപ്പെടാൻ പ്രധാന കാരണം പ്രകൃതിയോട് കാരുണ്യമില്ലാതെ മനുഷ്യർ ചെയ്തുകൂട്ടുന്ന ഇത്തരം ക്രൂരതകളാണ്.

കെട്ടിടാവശിഷ്ടങ്ങൾ ജലാശയങ്ങളിൽ തള്ളിയാൽ മൂന്നുവർഷം വരെ തടവോ രണ്ടുലക്ഷം രൂപ വരെ പിഴയോ നൽകുന്ന നിയമം കർക്കശമായി നടപ്പാക്കാനൊരുങ്ങുകയാണ് തദ്ദേശസ്വയംഭരണ വകുപ്പ്. വളരെ മുൻപേതന്നെ പ്രാവർത്തികമാക്കേണ്ടിയിരുന്ന ഈ നിയമം ഇപ്പോഴെങ്കിലും നടപ്പാക്കാനൊരുങ്ങുന്നത് ശുചിത്വ മിഷന്റെ മാർഗരേഖ പ്രകാരമാണ്. ജലാശയങ്ങളെയും പ്രകൃതിയെയും രക്ഷിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്തേ മതിയാവൂ എന്ന ഘട്ടത്തിലെത്തി നിൽക്കുകയാണ് സംസ്ഥാനം ഇപ്പോൾ. ജലാശയങ്ങളിൽ മാത്രമല്ല പൊതുസ്ഥലങ്ങളിലും നിർമ്മാണാവശിഷ്ടങ്ങൾ തള്ളിയാൽ പിഴയൊടുക്കേണ്ടിവരും. കെട്ടിടങ്ങൾ നിർമ്മിക്കുന്ന വേളയിലുണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. മാർഗരേഖ തെറ്റിച്ചാൽ പിഴയൊടുക്കേണ്ടിവരും. പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഏഴുദിവസത്തിനകം നീക്കം ചെയ്തിരിക്കണമെന്നാണ് ചട്ടം. അതു കഴിഞ്ഞാൽ ടണ്ണിന് 5000 രൂപ വീതം ഓരോ ദിവസവും പിഴ നൽകേണ്ടിവരും. ഇവ അപകടകരമായ നിലയിൽ വാഹനങ്ങളിൽ കൊണ്ടുപോയാൽ പിഴ പതിനായിരം രൂപയാണ്.

കെട്ടിട മാലിന്യസംസ്കരണത്തിന് ജില്ലകളിൽ പ്ളാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവ ശേഖരിക്കാൻ പ്രത്യേക കളക്‌ഷൻ കേന്ദ്രങ്ങളുമുണ്ടെങ്കിലേ ഖരമാലിന്യ നിർമ്മാർജ്ജനവും ഫലപ്രദമായി നടപ്പാക്കാനാവൂ. നിയമം കടുപ്പിക്കുന്നതും പിഴ ചുമത്തുന്നതുമൊക്കെ അതിനുശേഷമേ പ്രാവർത്തികമാക്കാവൂ. സംസ്കരണ കേന്ദ്രങ്ങളുണ്ടെങ്കിൽ ആളുകൾ അവിടെ ഖരമാലിന്യങ്ങൾ എത്തിച്ചുകൊള്ളും. ഇപ്പോൾ അത്തരം സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇരുട്ടിന്റെ മറവിലും ആളില്ലാത്ത നേരങ്ങളിലും നിർമ്മാണാവശിഷ്ടങ്ങൾ റോഡുവക്കിലും ജലാശയങ്ങളിലുമൊക്കെ കൊണ്ടിടുന്നത്. സംസ്കരണ പ്ളാന്റ് വ്യക്തികൾക്കും ആരംഭിക്കാവുന്നതാണ്. നിശ്ചിത ഫീസ് ഈടാക്കി ഇവയ്ക്ക് വരുമാനം ഉറപ്പാക്കാം.

ദിവസം നൂറ് ടൺ സംസ്കരണശേഷിയുള്ള പ്ളാന്റ് സ്ഥാപിക്കാൻ ഒരേക്കറെങ്കിലും സ്ഥലം വേണമെന്നാണു നിബന്ധന. നൂറുമീറ്റർ ചുറ്റളവിൽ സ്ഥാപനങ്ങളോ വീടുകളോ ആരാധനാലയങ്ങളോ ഉണ്ടായിരിക്കരുതെന്നും നിബന്ധന വച്ചിട്ടുണ്ട്. ഇത്തരം നിബന്ധനകളിൽ തട്ടിയാണ് സംസ്ഥാനത്ത് മാലിന്യസംസ്കരണ കേന്ദ്രങ്ങൾ പിറവിയെടുക്കാത്തത്. സംസ്‌കരണ പ്ലാന്റുകളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നേ തീരൂ. അല്ലെങ്കിൽ മാലിന്യപ്രശ്നം സംസ്ഥാനത്തെ വിഴുങ്ങുന്ന തരത്തിൽ ഭീകരരൂപം കൈക്കൊള്ളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WASTE MANAGEMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.