SignIn
Kerala Kaumudi Online
Friday, 19 April 2024 4.03 PM IST

വിചാരിച്ചാൽ എളുപ്പം നേടാനാവുന്ന ലക്ഷ്യം

photo

സ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലാത്ത മൂന്നരലക്ഷത്തോളം കുടുംബങ്ങൾ ഇവിടെ ഉണ്ടെന്നാണ് സർക്കാർ കണക്ക്. ഇത്രയധികം കുടുംബങ്ങൾക്ക് മൂന്നു സെന്റ് വീതമെങ്കിലും സ്ഥലം അളന്നുനൽകാൻ പതിനായിരത്തിഅഞ്ഞൂറ് ഏക്കർ ഭൂമി വേണ്ടിവരും. കൊച്ചു സംസ്ഥാനമാണെങ്കിലും ഇത്രയും ഭൂമി ഭൂരഹിതർക്കായി വീതിച്ചു നൽകാൻ സർക്കാർ വിചാരിച്ചാൽ സാധിക്കും. ലക്ഷ്യം നേടാനുള്ള പരിശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആളോഹരി ഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് ആദ്യം ഭൂപരിഷ്കരണം കൊണ്ടുവന്ന സംസ്ഥാനമെന്ന നിലയിൽ അതിന്റെ ഗുണഫലങ്ങൾ ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് അനുഭവിക്കാനായത് നിസാര കാര്യമല്ല.

ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ പരിവർത്തനപ്പെടുത്താനുള്ള യജ്ഞം സർക്കാർ തലത്തിൽ നടക്കുമ്പോഴും പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോഴും പലരുടെയും കൈകളിൽ കിടക്കുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. കരഭൂമിയുടെ കാര്യത്തിലേ ഭൂവിസ്‌തൃതി നിയന്ത്രണം ബാധകമായുള്ളൂ. പണ്ട് തോട്ടങ്ങൾക്കും വനവത്‌‌കരണത്തിനുമായി പതിച്ചുകൊടുത്ത പതിനായിരക്കണക്കിന് ഏക്കർ പലരുടെയും കൈകളിലാണ്.

ലാൻഡ് ബോർഡുകളിൽ കുടുങ്ങിക്കിടക്കുന്ന കേസുകൾ വേഗം തീർക്കാനായാൽ മാത്രം 8210 ഏക്കർ ഭൂമി ഭൂരഹിതർക്കായി വീതിച്ചു നൽകാനാകുമെന്നാണ് ഡിജിറ്റൽ സർവേയ്ക്കു തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ എപ്പോഴും സങ്കീർണമാകുമെന്നതിനാൽ ഇത്തരം കേസുകളിൽ സാധാരണ സമീപനങ്ങളല്ല വേണ്ടത്. ലാൻഡ് ബോർഡുകൾ മുമ്പാകെയുള്ള കേസുകൾ തീർപ്പാക്കാൻ പ്രത്യേക കർമ്മപരിപാടി ആവിഷ്കരിക്കാവുന്നതാണ്.

സംസ്ഥാനത്ത് ആദ്യമായി മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താനുള്ള മഹായജ്ഞം തുടങ്ങിയിരിക്കുകയാണ്. മൂന്നുവർഷമെങ്കിലും നീണ്ടുനിൽക്കുന്ന പരിപാടിയാണിത്. സർവേ പൂർത്തിയാകുന്നതോടെ റെവന്യൂ ഓഫീസുകളിൽ കയറിയിറങ്ങാതെ ഏതൊരാൾക്കും ഭൂമി സംബന്ധമായ ഏതു വിവരവും അനായാസം ലഭിക്കും. ആ സുദിനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. ഭൂരേഖകൾ ലഭിക്കാൻ ഇന്നനുഭവിക്കുന്ന പെടാപ്പാട് ഓർത്താൽ സർക്കാരിന്റെ ഈ പുതിയ ഉദ്യമത്തെ സർവാത്മനാ സ്വാഗതം ചെയ്യാത്തവരായി ആരുമുണ്ടാകില്ല. കേരളം നിലവിൽ വന്നിട്ട് ആറര പതിറ്റാണ്ടായെങ്കിലും പകുതി വില്ലേജുകളിൽ പോലും റീസർവേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ പ്രശ്നങ്ങൾ ഒട്ടേറെയുണ്ട്. ഡിജിറ്റൽ സർവേയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഏറ്റവും കൃത്യതയോടെ നടക്കുന്ന സർവേ പൂർത്തിയാകുന്നതോടെ ഓരോ വസ്തു ഉടമയ്ക്കും തങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട ഏതു രേഖയും തത്സമയം ലഭ്യമാകും. സർവേയുടെ ഫലമായി ഒരാൾക്കും നിലവിൽ കൈവശമുള്ള ഭൂമി നഷ്ടപ്പെടാതെ നോക്കുമെന്ന് റെവന്യൂമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

ഭൂരഹിതർക്ക് കിടപ്പാടമുണ്ടാക്കാനായി ഭൂമി നൽകാൻ സമൂഹത്തിൽ ഒട്ടേറെപ്പേർ ഇതിനകം മുന്നോട്ടുവന്നിട്ടുണ്ട്. വലിയൊരു പുണ്യപ്രവൃത്തിയായി അതിനെ കാണണം. സർക്കാർ ഇതിനായി പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ സ്വമേധയാ ഭൂമി വിട്ടുനൽകുന്നവർക്ക് ഏതെങ്കിലും പ്രോത്സാഹാനം നൽകാവുന്നതാണ്. ഉദാഹരണമായി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതികളുടെ കാര്യം വരുമ്പോൾ ചില്ലറ ഇളവുകൾ ഇവർക്ക് നൽകാവുന്നതാണ്. റോഡിനും മറ്റും സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് നിലവിൽ ഇത്തരം സൗജന്യങ്ങൾ ചെയ്യാറുണ്ട്. സർക്കാരും പൊതുജനങ്ങളും ഒരേ മനസോടെ നിന്നാൽ മുഴുവൻ ഭൂരഹിതർക്കും താമസിയാതെ ഭൂമി നൽകാൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ZERO LANDLESS KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.