SignIn
Kerala Kaumudi Online
Friday, 19 April 2024 7.19 PM IST

ഞങ്ങൾ പ്രതിപക്ഷമല്ല, ജനപക്ഷം

satheesan


അഞ്ചു വർഷം കാലാവധിയുള്ള ഒരു സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾക്ക് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ കേരളത്തെ മുൻനിർത്തി പറയുമ്പോൾ രണ്ടു കാര്യങ്ങൾ കണക്കിലെടുക്കണം. ഒന്ന്; സംസ്ഥാനത്തുണ്ടായ ഭരണത്തുടർച്ച, രണ്ട്; തുടരുന്ന കോവിഡ് പ്രതിസന്ധി. പിണറായി സർക്കാർ നൂറ് ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേതൃത്വവും ഭരണരീതിയും തുടരുന്നുവെന്ന് മാത്രമല്ല, പുതിയ ലോകക്രമവും പാൻഡമിക്കും മുന്നോട്ടു വെച്ച പ്രതിസന്ധികൾ ആവശ്യപ്പെടുന്ന രീതിയിൽ ഭരണ സംവിധാനത്തിന്റെ പുനർ നിർവചനത്തിനോ പുനർക്രമീകരണത്തിനോ സർക്കാർ ഇതുവരെ തയാറായിട്ടുമില്ല. തുടർച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധ സമീപനവും സ്വീകരിക്കാനും തുടരാനുമുള്ള ലൈസൻസായാണ് പിണറായി സർക്കാർ കാണുന്നത്.

മഹാമാരിക്കാലത്ത് ജനങ്ങളുടെ ദുരിതം പഠിക്കാൻ കൊവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കണമെന്ന പ്രതിപക്ഷ നിർദ്ദേശത്തോട് പോലും തികഞ്ഞ അസഹിഷ്ണുതയാണ് സർക്കാർ പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും കൊവിഡ് വിഷയത്തിൽ സർക്കാരിന് രണ്ട് സമീപനമാണ്. ഒന്നാം തരംഗത്തെക്കാൾ ദുരന്തം വിതച്ച രണ്ടാം തരംഗത്തിൽ വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ ജനത്തെ ഒപ്പം നിർത്താൻ സർക്കാർ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദിവസേന ആയിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് വീടുകളിലേക്കെത്തുന്നത്.

'പെ​റ്റി' പൊലീസ്
മഹാമാരിക്കാലത്ത് അന്നം തേടി ഇറങ്ങുന്നവരെ കൊള്ളയടിക്കുന്ന സമീപനമാണ് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ട പൊലീസ് ചെയ്യുന്നത്. ജീവിക്കാൻ നിവൃത്തിയില്ലാതെ ജനം നട്ടംതിരിയുമ്പോഴും അവരെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കമെന്ന നിർദ്ദേശമാണ് സർക്കാർ പൊലീസിന് നൽകിയിരിക്കുന്നത്.

മരംമുറിയിലെ ധർമ്മടം ബന്ധം
കേരളം കണ്ട ഏ​റ്റവും വലിയ മരം കൊള്ളയാണ് വയനാട് മുട്ടിൽ നടന്നത്.സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽപ്പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്റിയും സർക്കാരും സ്വീകരിച്ചിക്കുന്നത്. ഇയാൾക്കെതിരെ വകുപ്പുതല നടപടി വേണമെന്ന ഫയൽ മുഖ്യമന്ത്റി മുക്കി. വിവരാവകാശ പ്രകാരം രേഖകൾ നൽകിയ വനിതാ ഉദ്യോഗസ്ഥക്കെതിരെയും പ്രതികാര നടപടിയെടുത്തു. കണ്ണൂർ ചക്കരക്കല്ലിൽ വനം മാഫിയയ്‌ക്കെതിരെ മൊഴി നൽകിയ യുവാവിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ സംഭവവും ഭരണകൂടം ആർക്കൊപ്പമെന്നതിന്റെ ദൃഷ്ടാന്തമാണ്.

ഓൺലൈൻ അദ്ധ്യയനം

മഹാമാരിക്കാലത്ത് ഓൺലൈൻ വഴിയാണ് സംസ്ഥാനത്ത് അധ്യയനം നടക്കുന്നത്. എന്നാൽ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ ഇപ്പോഴും ഓൺലൈൻ അധ്യയനത്തിന് പുറത്താണ്.
കഴിഞ്ഞ ദിവസം കണ്ണൂർ കണ്ണവം വനമേഖലയിൽ മൊബൈലിൽ റേഞ്ചില്ലാത്തതിനാൽ പഠനാവശ്യത്തിന് മരത്തിനു മുകളിൽ കയറിയ വിദ്യാർഥി താഴെ വീണ് ഗുരുതരമായി പരുക്കേ​റ്റ സംഭവം ഞെട്ടിക്കുന്നതാണ്. ഓൺലൈൻ അധ്യയനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും വനമേഖലകളിലുൾപ്പെടെ താമസിക്കുന്ന കുട്ടികൾ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ ഭരണകൂടത്തിന് സാധിച്ചില്ലെന്ന യാഥാർഥ്യമാണ് പുറത്തുവരുന്നത്.

കുഴൽപ്പണ കേസിൽ ഒത്തുതീർപ്പ്*
ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ പ്രതികളാകില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഫലമാണ്. പൊലീസിനൊപ്പം കേന്ദ്രഏജൻസികൾ കൂടി കുഴൽപ്പണ കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടപ്പോൾ ബി.ജെ.പിയെ സഹായിക്കാനാണെന്നായിരുന്നു മുഖ്യമന്ത്റിയുടെ പരിഹാസം. എന്നാൽ പൊലീസ് നൽകിയ കു​റ്റപത്രത്തിലും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോൾ ആരാണ് ശരിക്കും ബി.ജെ.പി നേതാക്കളെ സഹായിക്കുന്നത്.

ഖജനാവിൽ നിന്നും ചെലവിട്ടത് 19 കോടി

പിണറായി സർക്കാർ അഞ്ചു വർഷത്തിനിടെ പാർട്ടി നേതാക്കളോ ബന്ധുക്കളോ ഉൾപ്പെട്ട കേസുകളിലെ പ്രതികളെ രക്ഷിക്കാൻ 19 കോടി രൂപയാണ് ഖജനാവിൽ നിന്നും ചെലവഴിച്ചത്. പെരിയ ഇരട്ടക്കൊലപാതകം, ഷുഹൈബ് വധം എന്നീ കേസുകളിലുൾപ്പെടെയാണ് സുപ്രീംകോടതി അഭിഭാഷകരെ സർക്കാർ ചെലവിൽ ഹാജരാക്കി പ്രതികളെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചത്. ഇത് ജനങ്ങളോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്.

നിക്ഷേപ തട്ടിപ്പ്*
തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ സി.പി.എം ഭരണസമിതിയുടെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. സി.പി.എം ജില്ലാ ഏരിയാ കമ്മി​റ്റികൾ തട്ടിപ്പ് വിവരം തുടക്കം മുതൽക്കേ അറിഞ്ഞിട്ടും മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. അതിനു ശേഷവും 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ടെ സി.പി.എംപ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് തുടക്കം മുതൽക്കെ സ്വീകരിച്ചു പോരുന്നത്.

*പലായനം ചെയ്ത് കുട്ടനാട്ടുകാർ*
എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാർ പലായനം ചെയ്യുകയാണ്. കുട്ടികൾക്കും വയോധികർക്കും വീടിനു പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാൽ ചെളിയിൽ താഴ്ന്നു പോകും. എ.സി കാനാൽ വഴിയുള്ള നീരൊഴുക്ക് തടസപ്പെട്ടതിനു പിന്നാലെ സർക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടിൽ കെട്ടിക്കിടക്കുകയാണ്. കുട്ടനാടിനെ സഹായിക്കാനെന്ന പേരിൽ തോട്ടപ്പള്ളി സ്പിൽ വേയിൽ മണ്ണുനീക്കലല്ല കരിമണൽ ഖനനമാണ് നടക്കുന്നത്.

നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം ഉയർത്തിക്കാട്ടിയ അഴിമതി, പൊതുമുതൽ കൊള്ളയടിക്കൽ, പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ എന്നിവയോട് സർക്കാർ കാട്ടുന്ന അസഹിഷ്ണുതയും ധാർഷ്ടൃവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. തുടക്കത്തിൽ പറഞ്ഞത് ആവർത്തിക്കട്ടെ, നൂറു ദിവസമെന്നത് വലിയൊരു കാലയളവാണെന്നു ഞങ്ങൾ കരുതുന്നില്ല, പക്ഷെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും തിരുത്തൽ ശക്തിയായിരുന്നു. . ഞങ്ങൾ പ്രതിപക്ഷമല്ല, ജനപക്ഷമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.