SignIn
Kerala Kaumudi Online
Thursday, 25 April 2024 11.03 AM IST

സെക്‌ഷൻ 124 എ ഫ്രീസറിലാകുമ്പോൾ

supereme-court

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 124 എ മരവിപ്പിച്ചതോടെ നൂറ്റാണ്ടിലേറെ പഴക്കമുള്ള കരിനിയമത്തെയാണ് സുപ്രീം കോടതി ഫ്രീസറിലാക്കിയത്. ചരിത്രപരമായ ഈ വിധിയോടെ 2022 മേയ് 12 ഇന്ത്യൻ ജനതയുടെ കലണ്ടറിൽ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേർത്തു. ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരികളെ സുഖിപ്പിക്കാനും സംരക്ഷിക്കാനും പൊതുജനങ്ങളെ ഭരണകൂട ഭീകരതയിൽ തളയ്ക്കാനുമായി കൊണ്ടുവന്ന കരിനിയമമായിരുന്നു രാജ്യദ്രോഹക്കുറ്റം. ഇൻഡ്യൻ പീനൽ കോഡിൽ നിന്ന് ഈ വകുപ്പ് എടുത്തു കളയണമെന്നാവശ്യപ്പെട്ട് നിരവധി ഹർജികൾ സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്.

ജനാധിപത്യ സർക്കാരുകൾ നോക്കുകുത്തികളാകുമ്പോൾ പൗരസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാവലാളാകാൻ പരമോന്നത നീതിപീഠത്തിന് ഇടപെടേണ്ടി വരുന്നത് നമ്മുടെ രാജ്യം ഉയർത്തിപ്പിടിക്കുന്ന സമുന്നത നീതിവ്യവസ്ഥയുടെ പ്രത്യക്ഷോദാഹരണമാണ്. മൗലികാവകാശങ്ങൾക്കെതിരായ ഒരു നിയമവും നിലനിൽക്കില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 13 ൽ അർത്ഥശങ്കയ്‌ക്കിടയില്ലാതെ പറയുന്നുണ്ട്. 124 എ എന്നത് ഭരണഘടനയുടെ 19 (അഭിപ്രായ സ്വാതന്ത്ര്യം), 21 (വ്യക്തിസ്വാതന്ത്ര്യം) എന്നീ വകുപ്പുകളുടെ നഗ്നമായ ലംഘനമാണ്. ഏത് നിയമവും പൗരന്റെ അവകാശങ്ങളെ ഹനിക്കുകയോ ഭരണഘടനാപരമല്ലാത്ത കരിനിയമങ്ങൾക്ക് ഇരയാക്കി ദണ്ഡിക്കുകയോ ചെയ്യുന്നില്ലെന്ന് സ്റ്റേറ്റ് തിരിച്ചറിയണം. ആ തിരിച്ചറിവ് ഒാരോ പൗരനിലും ഉണ്ടാകുംവിധം ഉത്തമബോദ്ധ്യത്തോടെ പ്രവർത്തിക്കണം. അത് പൗരനിൽ ആത്മാഭിമാനം ഉളവാക്കുന്ന തരത്തിലുമായിരിക്കണം. സ്റ്റേറ്റിനെ പൗരനോ, പൗരനെ സ്റ്റേറ്റോ സംശയിക്കാൻ പാടില്ലെന്നർത്ഥം. അങ്ങനെയുള്ളപ്പോൾ ജനാധിപത്യം അതിന്റെ അച്ചുതണ്ടിൽ യാതൊരു അപഭ്രംശവുമില്ലാതെ സഞ്ചരിക്കും. ഇല്ലെങ്കിലോ, വിഘടനവാദവും വിധ്വംസക പ്രവർത്തനങ്ങളും തീവ്രവാദവും രാജ്യത്ത് തഴച്ചുവളരും.
പൗരസ്വാതന്ത്ര്യത്തിന്റെ തലയ്ക്കു മുകളിലിരിക്കുന്ന ഭാരമേറിയ കല്ലാണ് സ്റ്റേറ്റ് എന്ന പഴയൊരു മഹദ്‌വചനം ശരിയാണെന്ന ബോദ്ധ്യം പൗരനിലുണ്ടാക്കുന്നത് ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമാകില്ല. ഇന്ത്യ പോലൊരു വൈവിദ്ധ്യഭൂമികയിൽ പ്രത്യേകിച്ചും.

കേന്ദ്ര സർക്കാരിന്റെ വാദഗതികളുടെ മുനയൊടിച്ചാണ് രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി ചരിത്രവിധി പുറപ്പെടുവിച്ചത്. സെക്‌ഷൻ 124 എ പുനർവിചിന്തനം ചെയ്യാനും പുന:പരിശോധിക്കാനും കേന്ദ്ര സർക്കാരിന് അനുമതി നൽകിയിരിക്കുന്നു. രാജ്യത്ത് 124 എ പ്രകാരം പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്യരുതെന്നും നിലവിൽ നിയമപ്രകാരം സാധുതയുള്ളവർക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തത്വത്തിൽ ഇത് രാജ്യം അപ്രതീക്ഷിതമായി കേട്ടൊരു കോടതി ഇടപെടലായി വ്യാഖ്യാനിക്കാം. ഈ കേസിന്റെ ഹർജിക്കാർ ഒരിക്കലും ഇങ്ങനെയൊരു വിധി ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. സുപ്രീം കോടതിയുടെ ഈ ഇടപെടൽ അകാരണമായി രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടയ്ക്കപ്പെട്ട് ഇനിയൊരിക്കലും പുറംലോകം കാണില്ലെന്ന് കരുതിയിരിക്കുന്ന രാജ്യത്തെ ആയിരക്കണക്കിന് നിരപരാധികളായ പൗരന്മാരുടെ ജയിൽ മോചനത്തിലേക്കും രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള അവരുടെ ആദരവിനും കാരണമാക്കിയിട്ടുണ്ട്. തത്വത്തിൽ ഈ നിയമം നിർവീര്യമാക്കിയതിലൂടെ രാജ്യദ്രോഹ കുറ്റരോപണത്തിന്റെ പേരിൽ രാജ്യത്ത് ഇനിയാരും ജയിലിൽ കഴിയുന്ന അവസ്ഥ തത്ക്കാലമുണ്ടാവില്ല.
പൗരന് നിർഭയം രാജ്യത്ത് അഭിപ്രായം പറയാനും ജീവിക്കാനുമുള്ള സാഹചര്യമൊരുങ്ങുമ്പോഴാണ് അസമത്വങ്ങളോ സ്പർദ്ധയോ അവകാശ ധ്വംസനങ്ങളോ ഇല്ലാത്ത സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു ശ്വസിക്കാനാവുക. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യ ഭരിക്കുമ്പോഴാണ് അധികാരത്തിനെതിരെ ശബ്ദമുയരാതിരിക്കാൻ അടിച്ചമർത്തലിന്റെ ഏറ്റവും മനുഷ്യത്വഹീനമായ 124 എ ശിക്ഷാ നിയമം ഐ.പി.സിയിൽ ചേർത്തത്.

ഇതനുസരിച്ച് ' എഴുതുകയോ പറയുകയോ ചെയ്യുകയോ വാക്കുകളിലോ ചിഹ്നങ്ങളിലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ മറ്റേതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ, വിദ്വേഷമോ വളർത്തുന്നത് ' രാജ്യദ്രോഹ കുറ്റമാകുമെന്നാണ്. നിയമം മൂലം സ്ഥാപിതമായ സർക്കാരിനോടുള്ള മമതക്കുറവും ഈ വകുപ്പിന്റെ പരിധിയിൽ വരും. രാജ്യദ്രോഹക്കുറ്റത്തിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയുമാണ്. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് വർഷത്തെ തടവുശിക്ഷ കൂടി അനുഭവിക്കണം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം 1870 നവംബർ 25നാണ് 124 എ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയത്.
ഇന്ത്യയിൽ നിലവിൽ ഈ നിയമത്തിന്റെ ദുരിതം പേറി 13000 ആളുകൾ 800 കേസുകളിലായി ഉണ്ടെന്നാണ് കണക്കുകൾ. പ്രതിപക്ഷനേതാക്കൾ, വിദ്യാർത്ഥികൾ, പത്രപ്രവർത്തകർ, എഴുത്തുകാർ, സത്യം വിളിച്ചുപറയുന്ന സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ വൈരികൾ എന്നിങ്ങനെ ഒട്ടേറെപ്പേർ മനുഷ്യത്വത്തിന് നിരക്കാത്ത ഈ നിയമത്തിനടിപ്പെട്ട് ജീവിതം തകർന്ന് കഴിയുന്നു.
124 എയുടെ പുന:പരിശോധന എത്ര നാളുകൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ല. ഈ നിയമം പൂർണ്ണമായും എടുത്തുകളയുന്നതാണ് കരണീയമെന്ന് കേന്ദ്രം തീരുമാനിച്ചാൽ അത് ഇന്ത്യയുടെ പുതുയുഗത്തിന് നാന്ദിയാകുമെന്നതിൽ സംശയം വേണ്ട. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ കോളനി വാഴ്ചയുടെ വിഴുപ്പ് കഴിവതും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതും 124എ നിയമം പുന:പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് സൂചിപ്പിച്ചതും ശുഭസൂചനയാണ്. വരും ദിവസങ്ങൾ ആ നല്ല ദിനങ്ങൾക്കായി പ്രതീക്ഷയർപ്പിച്ച് നമുക്ക് കാത്തിരിക്കാം.

( സെക്രട്ടേറിയറ്റ് നിയമവകുപ്പിൽ ഉദ്യോഗസ്ഥനാണ് ലേഖകൻ ഫോൺ - 9495303488)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 124 A
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.