വികസിത രാജ്യങ്ങളിൽ നടപ്പാക്കിക്കഴിഞ്ഞ അഞ്ചാം തലമുറയിലെ മൊബൈൽ സേവനമായ 5ജി ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിസ്മയകരമായ സേവനങ്ങളുമായാണ് ഇന്ത്യയിലേക്കും എത്തുന്നത്.
1990കളിൽ അവതരിപ്പിക്കപ്പെട്ട രണ്ടാം തലമുറ മൊബൈൽ സേവനങ്ങൾ ലോകത്തിന്റെതന്നെ ഗതി മാറ്റിമറിക്കുമെന്ന് അന്നാരും കരുതിയിരിക്കാനിടയില്ല. അതിനും 10 വർഷം മുമ്പ് 1980ൽ ഒന്നാം തലമുറയിലെ 1 ജി മൊബൈൽ എത്തിയെങ്കിലും പൂർണമായും അനലോഗ് ടെക്നോളജിയിൽ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ, വേണ്ടത്ര സുരക്ഷകാരണങ്ങളുടെ പരിമിതി മൂലം പരാജയപ്പെട്ടു. എന്നാൽ 2ജി സേവനം ഈ പരിമിതികളൊക്കെ പരിഹരിച്ച് പ്രത്യേകിച്ച് സുരക്ഷയ്ക്ക് മുൻതൂക്കം നൽകി പൂർണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിലാണ് നടപ്പിലാക്കിയത്. വൈകാതെ തന്നെ ടെക്സ്റ്റ് മെസ്സേജുകൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള കഴിവുകൂടി ചേർത്തതോടെ അതൊരു വൻ വിജയമായി.
2000 ത്തിലാണ് മൂന്നാം തലമുറയിൽപ്പെട്ട 3ജി സേവനം ലോകമാകെ നിലവിൽ വന്നത്. ഇന്റർനെറ്റിനെ കൂടി മൊബൈൽ സേവനങ്ങളിലൊന്നായി കൂട്ടിച്ചേർത്തു എന്നതാണ് 3ജി തലമുറയുടെ വിപ്ലവകരമായ നേട്ടം. മൊബൈൽ ഫോണിലേക്ക് ഡാറ്റയുടെ കടന്നുകയറ്റത്തിന്റെ തുടക്കം കൂടിയായിരുന്നു ഇത്. 3ജിയുടെ അവസാന കാലഘട്ടങ്ങളിൽ, മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകൾക്കു വഴിമാറുകയും, ഡാറ്റ ഉപയോഗം പല മടങ്ങു വർദ്ധിക്കുകയും ചെയ്തു. ഏതാണ്ട് ഇതേസമയത്തു തന്നെയാണ് വാട്ട്സ് ആപ്പ് പ്രവർത്തനം തുടങ്ങിയതും, ഡാറ്റ വിലയേറിയ ഉത്പന്നമായതും.2010ൽ മൊബൈൽ സംവിധാനത്തെ ഡാറ്റ ഏതാണ്ടു പൂർണമായും കീഴടക്കിയകാലത്താണ് നാലാം തലമുറയിലെ 4ജി സേവനം അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ 4ജിയെ സമ്പൂർണമായും ഡാറ്റാ നെറ്റ് വർക്കിന്റെ രൂപത്തിലാണ് അവതരിപ്പിച്ചത്.അതോടെ ബാങ്കിംഗ് സേവനങ്ങൾ ഉൾപ്പടെ സർവതലങ്ങളിലും മൊബൈൽ ഫോൺ സ്വാധീനമുറപ്പിച്ചു.
2020 ൽ ലോകത്തിലാദ്യമായി അഞ്ചാം തലമുറയിൽ പെട്ട 5ജി സേവനമെത്തി. 5ജിയുടെ ഏറ്റവും വലിയ മേന്മ, ഡാറ്റയുടെ വേഗത്തിലെ വൻമാറ്റമാണ്. 5ജി യുടെ ഏറ്റവും കുറഞ്ഞ ഡൗൺ ലോഡിംഗ് വേഗത 20Gbps ഉം അപ്ലോഡിംഗ് 10Gbps ഉം ആണ്. മറ്റൊന്ന് സ്പെക്ട്രത്തിന്റെ സവിശേഷതയാണ്. നാനോമീറ്റർ തരംഗങ്ങളെയാണ് 5ജി സേവനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഉയർന്ന ഡാറ്റാ സ്പീഡിന് ഇതും കാരണമാണ്.
5ജി യുടെ ഏറ്റവും വലിയ പ്രത്യേകത അതു നൽകുന്ന ഡാറ്റാ സേവനങ്ങളുടെ വൈവിദ്ധ്യമാണ്. എല്ലാത്തരം സേവനങ്ങളേയും ഏറ്റെടുക്കാനുള്ള കഴിവ് അതിനുണ്ട്. ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരാൻ സാദ്ധ്യതയുള്ളത് നിർമ്മിതബുദ്ധി ( artificial intelligence)& IOT(internet of
Things) മേഖലയിലാണ്. 5ജി സെൻസറുകളുടെ നെറ്റ് വർക്കായാണ് അറിയപ്പെടുന്നത്. ഒരു ചതുരശ്ര കിലോമീറ്ററിൽ പത്തുലക്ഷം ഉപകരണങ്ങൾ വരെ ഉൾക്കൊള്ളാനുള്ള കഴിവ് 5ജിക്കുണ്ട്.അതുകൊണ്ട് ഈമേഖലയിൽ ഒരു കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം. റോഡിലെ ട്രാഫിക്കിനെ കുറിച്ചുള്ള വിവരങ്ങൾ, പാർക്കിങ്ങ് സ്പേസിനെക്കുറിച്ചുള്ള വിവരങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, എന്നിവ നിങ്ങളെ മുൻകൂട്ടി അറിയിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോണിനെപ്പറ്റി ആലോചിച്ചു നോക്കുക. നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ, കൈയിൽ കെട്ടിയ വാച്ച്, ഷൂസ്, കണ്ണടകൾ തുടങ്ങി എല്ലാം തന്നെ ഒരു വലിയ സ്മാർട് നെറ്റ് വർക്കിന്റെ ഭാഗമാകുന്നു. ഉദാഹരണത്തിന് തിയേറ്ററിൽ സിനിമയ്ക്ക് പോകുന്ന, അല്ലെങ്കിൽ ഒരു എക്സിബിഷനോ, പാർക്കിലോ പോകുന്ന നിങ്ങൾ ടിക്കറ്റിനു വേണ്ടി ക്യൂ നിൽക്കേണ്ടിവരില്ല. നിങ്ങളുടെ കയ്യിലെ വാച്ച്, കണ്ണട അല്ലെങ്കിൽ കാലിലെ ഷൂസ് ഉപയോഗിച്ച് നിങ്ങൾക്ക് പ്രവേശനം ലഭിക്കുകയും ,ബാങ്കിൽനിന്ന് തുക ഈടാക്കുകയും ചെയ്യുന്നത് ചിന്തിക്കൂ.
നാളെ ഡ്രൈവറില്ലാതെ ഒരു വാഹനം റോഡിലൂടെ പോകുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. വീട്ടിലേക്ക് ചെല്ലുമ്പോൾ വീടിന്റെ ഗേറ്റ് താനേ തുറക്കുകയും ഫാനുകളും ലൈറ്റുകളും ഫ്രിഡ്ജുമൊക്കെ താനേ പ്രവർത്തിക്കുന്നതും ഇനി കണ്ടെന്നുവരും. വിദേശത്തിരിക്കുന്ന വിദഗ്ദ്ധനായ ഒരു ഡോക്ടർ, റോബോട്ടിക് കൈ ഉപയോഗിച്ച് നിങ്ങളെ ശസ്ത്രക്രിയ ചെയ്യുന്നതും സങ്കല്പിക്കേണ്ടിവരും. വെറും ഒരു സെക്കൻഡ് കൊണ്ട് ഒരു സിനിമ ഡൗൺലോഡ് ചെയ്യുന്നതു ഒന്നാലോചിക്കുക..., ഇങ്ങനെ 5ജി അനന്തമായ വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വ്യക്തിജീവിതത്തിൽ 5ജി വൻ മാറ്റങ്ങളുണ്ടാക്കും എന്നതാണ് സത്യം. 4ജി യുടെ വരവോടെ ഒരു വ്യക്തിയുടെ ജീവിതം രണ്ടായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഫിസിക്കൽ സ്പേസും , സൈബർ സ്പേസും . 5ജി യുടെ വരവോടെ ഫിസിക്കൽ സ്പേസും സൈബർ സ്പേസും പരസ്പരം ലയിക്കാൻ തുടങ്ങുമെന്നും 2030 ലെ 6 ജിയുടെ വരവോടെ അത് സൈബർസ്പേസ് മാത്രമായി പൂർണമാകുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഒരു കാര്യം ഉറപ്പാണ്, 5ജി വിസ്മയങ്ങളുടെ ലോകത്തേക്കാണ് നമ്മെ കൂട്ടികൊണ്ടു പോകുന്നത്.
സമാന്തരമായി നടന്ന മറ്റൊരു മാറ്റത്തേയും ഇവിടെ ഓർക്കേണ്ടതുണ്ട്. അത് നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ തന്നെയാണ്. ഫോൺ വിളിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന സാധാരണ ഫോണിൽ നിന്നും, എസ്.എം.എസ് അയയ്ക്കാനും സ്വീകരിക്കാനും പറ്റിയ ഫോണുകളിലേക്കും, പിന്നീട് symbian ഫോണുകൾ, ടച്ച് സ്ക്രീൻ ഫോണുകൾ അവസാനം സ്മാർട്ട് ഫോൺ വരെ എത്തിനില്ക്കുന്നു ഈ മാറ്റം. 5ജി സാങ്കേതിക വിദ്യ വരുമ്പോൾ അതിനു പറ്റിയ ഫോണുകളും ആവശ്യമായിവരും. പ്രമുഖ കമ്പനികളൊക്കെ ഇപ്പോൾത്തന്നെ അവരുടെ പുതിയ മോഡലുകളിൽ 5ജി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ അല്പം വില കൂടുതൽ കൊടുക്കേണ്ടി വന്നാലും പിന്നീടത് സാരമായി കുറയുകതന്നെ ചെയ്യും. ഏതായാലും 5ജി ഒരുക്കാൻ പോകുന്ന വിസ്മയകാഴ്ചകളിലേക്ക്, പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം….
ലേഖകൻ ബി.എസ്.എൻ.എൽ ( എറണാകുളം ) റിട്ട. അസി. ജനറൽ മാനേജറാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |