SignIn
Kerala Kaumudi Online
Thursday, 25 April 2024 6.47 AM IST

ആപ്പിനോളം വളരുമോ ഇനി കോൺഗ്രസ്?

photo

കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് സോണിയഗാന്ധി ഉയർത്തിയ പതാക ചരടുപൊട്ടി നിലംപതിച്ചത് പാർട്ടി തകർന്നുതരിപ്പണമാകുന്നതിന്റെ സൂചനയാണെന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ടാവും. അഞ്ചു സംസ്ഥാനങ്ങളിലെ ദയനീയ തോൽവിയുടെ മുന്നറിയിപ്പായിരുന്നു പൊട്ടിവീണ കൊടിയും അടിത്തറ ഇളകിയ കൊടിമരവുമെന്ന് ഇപ്പോൾ ആരെങ്കിലും പറഞ്ഞാൽ യുക്തിവാദികൾപോലും എതിർക്കാതെ നിന്നുപോകും. അതിൽ കുറ്റം ആരോപിക്കാൻ പഴുതില്ല.

തോൽവികളേറ്റുവാങ്ങാൻ കോൺഗ്രസിന്റെ ജന്മം പിന്നെയും ബാക്കിയില്ല. ഹിമാലയത്തിൽ തലവച്ച് കന്യാകുമാരിയിലേക്ക് നോക്കിക്കിടക്കുന്ന ഈ ദേശീയ പാർട്ടിയുടെ വലതുകാലിന് മാത്രമാണ് ഇപ്പോൾ ചലനശേഷിയുള്ളത്. ഹൃദയം നിലച്ചിട്ടില്ല. ഭാഗ്യം. വെന്റിലേറ്ററിൽനിന്ന് എത്രയും വേഗം പുറത്തെത്തിച്ച് വായുവും വെളിച്ചവും നൽകണം. ചികിത്സകരും നാട്ടുകാരുമെല്ലാം അതാഗ്രഹിക്കുന്നുണ്ട്. പക്ഷേ, രോഗി സമ്മതിക്കണ്ടേ. ശ്വാസം നേരെ വീണാൽപിന്നെ വെപ്രാളമാണ്. ബുദ്ധിമാന്ദ്യം വന്ന വൃദ്ധരെപ്പോലെ പെരുമാറും. ഇതാണ് നമ്മുടെ കോൺഗ്രസിന്റെ അവസ്ഥ. മൂന്നു വർഷമായി കോൺഗ്രസിന് പ്രസിഡന്റില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രഹരത്തിൽ രാഹുൽഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോൾ മറ്റ് നിർവാഹമില്ലാതെ തത്ക്കാലത്തേക്ക് ചുമതല ഏറ്റെടുത്തതാണ് സോണിയാഗന്ധി. താത്ക്കാലിക പ്രസിഡന്റ് ഇങ്ങനെ അനന്തമായി തുടരുന്ന നില ലോകത്ത് മറ്റൊരു രാഷ്ട്രീയപ്പാർട്ടിക്കും ഉണ്ടാകാനിടയില്ല.

തോൽവികളുടെ കാരണങ്ങളും പ്രതിവിധികളും പഠിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ കുഴിച്ചുമൂടിയ കോൺഗ്രസ് ആസ്ഥാനത്തെ പുൽമൈതാനത്ത് അതൊരു കുന്നായി വളർന്നു നിൽപ്പുണ്ടെന്നാണ് കേൾവി. കോൺഗ്രസിന്റെ മുതുകിലെ കൂനായി അത് മാറാൻ ഇപ്പോഴത്തെ നിലയിൽ അധികകാലം വേണ്ടിവരില്ല. എല്ലാം മാറ്റത്തിന് വിധേയമാകയാൽ പ്രതീക്ഷ കൈവിടേണ്ടതുമില്ല.

ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ കേജ്‌രിവാൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം കോൺഗ്രസിന് എത്തിനോക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നേരിടാനുള്ള കരുത്താർജിക്കുകയാണ് ഇപ്പോൾ പഞ്ചാബ് കൂടി പിടിച്ചടക്കി ഗോവയിലേക്ക് മിഴിപായിച്ചിരിക്കുന്ന ആംആദ്മി പാർട്ടി. രാഹുൽഗാന്ധി വീണ്ടും പ്രസിഡന്റായാലും ആപ്പിന്റെ ഇമ്പവും വീറും പ്രസക്തിയും കോൺഗ്രസിന് അടുത്തെങ്ങും നേടിയെടുക്കാനാവില്ല. കളങ്കിതമായ ഇന്ത്യൻ രാഷ്ട്രീയ പരിതോവസ്ഥയിൽനിന്നാണ് അഴിമതിരഹിത മുദ്രാവാക്യമുയർത്തി കൈയിലൊരു ചൂലുമായി ആപ് ജനിച്ചത്. എങ്ങുനിന്നും പിളർന്നുവന്ന പാർട്ടിയല്ല. ഡൽഹിയിൽ രൂപപ്പെട്ട , യുവാക്കളുടെ കൂട്ടായ്മയാണ് ആം ആദ്മി പാർട്ടിയായി പരിണമിച്ചത്. ചരിത്രത്തിന്റെ ഭാരമോ പാരമ്പര്യത്തിന്റെ ബാദ്ധ്യതകളോ ആപ്പിന് പേറേണ്ടതില്ല. പാർട്ടിയുടെ അണികളും ആവേശവും യുവാക്കളാണ്. മികച്ചൊരു ഇന്ത്യ എന്നതാണ് ആപ്തവാക്യം. മതത്തിന്റെയൊ ജാതിയുടെയൊ കെട്ടുപാടുകളില്ല. സുതാര്യമായ ഈ കൂട്ടായ്മയുടെ രാഷ്ട്രീയവളർച്ചയാണ് പഞ്ചാബിൽ വ്യക്തമായത്. ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തേരോട്ടത്തിന്റെ ഊർജമാണ് പഞ്ചാബ് തിര‍ഞ്ഞെടുപ്പ് സമ്മാനിച്ചത് എന്നാണ് ആപ് അനുകൂലികളുടെ വിശ്വാസം.

കോൺഗ്രസിന്റെ കാര്യമോ? ആഴിമതിയുടെയും കുടുംബവാഴ്ചകളുടെയും ദുർഭരണത്തിന്റെയും ചെതുമ്പലുകൾ ആഴത്തിൽ വേരാഴ്ത്തിയിട്ടുണ്ട് ഈ ദേശീയപാർട്ടിയുടെ ഓരോ നാഡീഞരമ്പിലും. അത് മാറി പുതുജീവൻ കിട്ടണമെങ്കിൽ കിളവമഹാസഭകളെയെല്ലാം ആദ്യം ഓരോരൊ മൂലയ്ക്കിരുത്തണം. ശുദ്ധികലശം നടത്തി യുവരക്തം കടത്തിവിടണം. അതിന് സാധിക്കുമോ? മൂത്ത് നരച്ചെങ്കിലും മൂലയ്ക്കിരുത്താൻ പറ്റുന്നവരല്ല ഇന്ത്യയിലുടനീളമുള്ള കോൺഗ്രസ് നേതാക്കൾ. അവരും അവരുടെ മക്കളെയല്ലാതെ മറ്റാരെയും തഴച്ചുവളരാൻ അനുവദിക്കാത്തതിനാൽ പെട്ടെന്നുള്ള മൂലയ്ക്കിരുത്തൽ വിപരീതഫലമുണ്ടാക്കുമെന്നതിന് ഉദാഹരണങ്ങൾ പലതുണ്ട്. രാഹുൽഗന്ധിയെക്കുറിച്ച് തലമുതിർന്ന നേതാക്കൾക്കുള്ള വലിയ ആക്ഷേപവും അദ്ദേഹം മുതിർന്നവരെ ചെവിക്കൊള്ളുന്നില്ല എന്നതാണ്. അതിൽ ശരിയുടെ വായ്ത്താരികൾ ധാരാളമുണ്ട്. 2009ൽ നടന്ന നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ആന്ധ്രയിൽ ചരിത്രവിജയം കൊയ്തശേഷം വൈ.എസ്. രാജശേഖരറഡ്ഡിയും മകൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയും ഡൽഹിയിലെത്തി. സോണിയയുടെ വസതിയിലെത്തിയ രാഹുഗാന്ധിയെ കാണാൻ അവർ പുറത്ത് കാത്തുനിന്നു. കാണാനുള്ള അവസരത്തിനായി സന്ദേശമയച്ചെങ്കിലും രാഹുൽ പ്രതികരിച്ചില്ല. മടങ്ങിപ്പോകാനുള്ള സമയമായി എന്നറിയിച്ചപ്പോൾ കാത്തിരിക്കാനായിരുന്നു നിർദ്ദേശം. ഹെലികോപ്റ്റ‌ർ അപകടത്തിൽ രാജശേഖരറെഡ്ഡി മരിച്ചതോടെ മുഖ്യമന്ത്രിയാകാൻ അവകാശവാദമുന്നയിച്ച ജഗൻമോഹൻ രാഹുലിനെയും സോണിയയെയും കാണാൻ ശ്രമിച്ചെങ്കിലും അവസരം നൽകിയില്ല. കോൺഗ്രസ് കൈയൊഴിഞ്ഞ ജഗൻമോഹൻ വൈ.എസ്.ആർ കോൺഗ്രസ് എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. 2019ൽ നടന്ന നിയസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ നിലംപരിശാക്കിയ ജഗൻമോഹൻ ഭൂരിപക്ഷം സീറ്റുകളും സ്വന്തമാക്കി.ഇപ്പോൾ അവിടെ പേരിനുപോലുമില്ല കോൺഗ്രസ്. ഇത്തരം അനുഭവങ്ങളും പ്രതിരോധങ്ങളും പല സംസ്ഥാനങ്ങളിലും പല തോതിൽ സംഭവിച്ചു. ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ മുതിർന്നവരെ മൂലയ്ക്കിരുത്താൻ ശ്രമിക്കുന്നതിലും കരുതൽ വേണം. കാരണം, എന്തിനും മുതിരുന്നവരാണ് രാഷ്ട്രീയത്തിലെ ഭൂരിഭാഗം മുതിർന്നവരും. അവർക്കിപ്പോൾ പോണപോക്കിൽ ചേക്കേറാൻ ബി.ജെ.പി ഉൾപ്പെടെ ഓപ്ഷനുകൾ മുന്നിലുണ്ട്. രാഷ്ട്രീയ അന്തരീക്ഷവും നിലപാടുകളും ആദർശവുമെല്ലാം കേവലം മേമ്പൊടി മാത്രം.

പതിറ്റാണ്ടുകളായി അധികാരത്തിന്റെ വേരോട്ടം നിലച്ച തമിഴ്നാട്, പശ്ചിമബംഗാൾ,ബീഹാ‌ർ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിൽ കോൺഗ്രസിന് മുളപൊട്ടി വളരുക സാഹസികം. മറ്റ് സംസ്ഥാനങ്ങളിലൂടെ വേരുകൾ ബലപ്പെടുത്തുകയല്ലാതെ വഴിയില്ല. അവിടങ്ങളിലെ രക്തംകൂടി ഹൈക്കമാൻഡിന് ഊറ്റിക്കുടിക്കണമെന്ന് തോന്നിയാൽ സംഗതി വീണ്ടും പാളംതെറ്റും. സോണിയാഗാന്ധിയും മക്കളുമടങ്ങുന്ന മൂവർസംഘത്തെക്കൊണ്ട് കോൺഗ്രസിനെ വിജയവഴിയിലേക്ക് നയിക്കാനാവില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എങ്കിലും ഓഗസ്റ്റിൽ നടക്കുന്ന സംഘടനാതിരഞ്ഞെടുപ്പിൽ ഗാന്ധികുടുംബം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് വിട്ടുനിൽക്കുമോ? മത്സരത്തിനുറച്ചാൽ കോൺഗ്രസിൽ പുതുകലാപം ഉയർത്തിനില്ക്കുന്ന ജി 23 ബദൽ സ്ഥാനാർത്ഥിയെ ഇറക്കുമോ? എങ്കിൽ അതാരായിരിക്കും? തുടങ്ങിയ ചോദ്യങ്ങളും പൊന്തിവരുന്നു.

വ്യക്തമായ ദേശീയനയമോ മതസമീപനമോ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നാരെങ്കിലും വിമർശിച്ചാൽ അതിനെ പ്രതിരോധിക്കാനുള്ള ദൃഷ്ടാന്തങ്ങൾ വിരളമാണ്. സമീപഭൂതകാലത്തുനിന്ന് അതിനായി എന്തെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടാവില്ല. ബി.ജെ.പിയെ വർഗീയപാർട്ടിയെന്ന് ആക്ഷേപിക്കുന്ന കോൺഗ്രസുകാരോട് നിങ്ങൾ അതിനെ എങ്ങനെയാണ് പ്രതിരോധിക്കുന്നതെന്ന് ചോദിച്ചാൽ എല്ലാവർക്കും ബോദ്ധ്യമാകുന്ന ഉത്തരം നൽകാൻ കഴിയില്ല. സന്ദർഭാനുസരണം ഹിന്ദുവർഗീയതയും ഇതര ജാതിമത വർഗീയതയും മാറിമാറി പ്രയോഗിക്കുന്ന ഒരു പാർട്ടിയുടെ നിലയിലേക്ക് കോൺഗ്രസ് തരംതാണുപോയി. ജാതിമത രാഷ്ട്രീയത്തെ തന്ത്രപരമായി പ്രയോഗിക്കുന്ന, പ്രത്യേകിച്ച് സമീപ ഭൂതകാലത്തിലും ഇപ്പോഴും സി.പി.എമ്മിനു മുന്നിൽ കേരളത്തിലെ കോൺഗ്രസ് മുട്ടുമടക്കിപ്പോയതിന്റെ മുഖ്യകാരണവും അതാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ ആഴത്തിലും വ്യാപ്തിയിലുമുള്ള പഠനത്തിനും അപഗ്രഥനത്തിനും വിധേയമാക്കുകയും അതിവേഗം പരിഹാരക്രിയകൾ കണ്ടെത്തുകയും ചെയ്തില്ലെങ്കിൽ നില ഇപ്പോഴത്തേക്കാൾ ദയനീയമാകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ദേശീയമായ ഒരു ബദലാകാൻ കോൺഗ്രസിനോളം ഈടും പകിട്ടുമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാകാൻ ആം ആദ്മിക്ക് കുറേയേറെ കാലം പരിശ്രമിക്കേണ്ടിവരും. പഞ്ചാബിന്റെ സാഹചര്യങ്ങളോ ജനമനസോ അല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കുള്ളത്. ശക്തമായ പ്രതിപക്ഷമുണ്ടെങ്കിലേ ഏത് ഭരണവും ശരിയായ നിലയിൽ പ്രവർത്തിക്കുകയുള്ളൂ. ലോകം ആദരിക്കുന്ന നരേന്ദ്രമോദി ഭരണത്തിനും വേണം ശക്തവും സർഗാത്മകവുമായ ഒരു പ്രതിപക്ഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AAM AADMI AND CONGRESS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.