SignIn
Kerala Kaumudi Online
Thursday, 25 April 2024 6.05 PM IST

തൊഴേണ്ട, തൊഴിക്കാതിരിക്കാം

home

മുമ്പേ അവാർഡ്, പിന്നാലെ വിവാദം.. പലപ്പോഴും മലയാള ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്റെ അലിഖിത ഘടന അങ്ങനെയാണ്. ചിലപ്പോൾ വിവാദങ്ങൾക്ക് കാമ്പുണ്ടാകും. മറ്റു ചിലപ്പോൾ ഊതിവീർപ്പിച്ച ബലൂൺ പോലെയുമാവാം . എന്തെങ്കിലും താത്പര്യങ്ങളോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ഒക്കെയാവും ഈ വിവാദങ്ങളുടെ പ്രഭവകേന്ദ്രങ്ങൾ. അതിൽ പിടിച്ച് പക്ഷം ചേരാൻ ആൾക്കാർ കച്ചകെട്ടുക കൂടി ചെയ്യുമ്പോൾ കുറെ ദിവസത്തേക്ക് നീളും, ചർച്ചകളും മറുപടികളും. പിന്നെ അലിഞ്ഞലിഞ്ഞ് അതെല്ലാം ഇല്ലാതെയുമാവും.

2021-ലെ ചലച്ചിത്ര അവാർഡ് പ്രഖ്യാപനവും എത്തിച്ചേർന്നത് വിവാദച്ചുഴിയിലാണ്. പക്ഷേ ഇത്തവണത്തെ വിവാദത്തിന് ഒരു പ്രത്യേകതയുണ്ട്. നിക്ഷിപ്ത താത്പര്യമുള്ള ഏതെങ്കിലും ഒരു ബിന്ദുവിൽ നിന്നായിരുന്നില്ല വിവാദങ്ങളുടെ ഉത്ഭവം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പ്ളക്കാർഡും പിടിച്ചുവരുന്ന ബുദ്ധിജീവികളോ, പ്രാണവായുവിൽ പോലും പക്ഷപാതം കലർത്തുന്ന കപട സമൂഹസ്നേഹികളോ ആയിരുന്നില്ല, ഇത്തവണത്തെ അവാർഡ് വിവാദത്തിന് തിരികൊളുത്തിയത്. സിനിമയെന്ന കലയെ സ്നേഹിക്കുകയും മുൻവിധികളില്ലാതെ കണ്ട് അത് ആസ്വദിക്കുകയും സ്വന്തം ബുദ്ധിവികാസത്തിന് അനുസരണമായി അഭിപ്രായം രൂപപ്പെടുത്തുകയും ചെയ്യുന്ന പച്ചയായ സാധാരണക്കാരിൽ നിന്നാണ് പ്രതിഷേധത്തിന്റെ ചില മുരടനക്കങ്ങൾ ആദ്യം പുറത്തുവന്നത്. മറ്റു മാർഗങ്ങളില്ലാത്തതിനാൽ സമൂഹമാദ്ധ്യമത്തെ അതിനുള്ള വേദിയാക്കി അവർമാറ്റി. അതുകൊണ്ടു തന്നെ ഇത്തവണത്തെ വിവാദത്തിന് ഉൾക്കരുത്തുണ്ട്, ആത്മാവുണ്ട്, സിനിമയെ സത്യസന്ധമായി ആസ്വദിക്കുന്നവരുടെ പ്രതിഷേധത്തിന്റെ കൈയ്യൊപ്പുണ്ട്. പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ കേരളത്തിന്റെ സാംസ്കാരികമന്ത്രി തന്നെ ഇറങ്ങേണ്ടി വന്നതും വിവാദങ്ങളിൽ കാമ്പുണ്ടെന്നതിന്റെ തെളിവാണ്.

കാണാതെപോയ ഹോം

വിവാദങ്ങളുണ്ടായെന്ന് കരുതി ഇത്തവണ അവാർഡ് ലഭിച്ചവർ അനർഹരാണെന്നോ,കഴിവില്ലാത്തവരാണെന്നോ അല്ല പറയുന്നത്. എല്ലാവരും അസാധാരണ പ്രതിഭാവിലാസമുള്ളവർ തന്നെ. അവരുടെ കഴിവുകൾ മലയാള സിനിമാപ്രേമികൾ അംഗീകരിക്കുന്നുമുണ്ട്. അതാണല്ലോ, ആ ചിത്രങ്ങളും ജനങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചത്. ഇവിടെ വിഷയം മറ്റൊന്നാണ്. കൊവിഡ് കാലത്ത് നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട കേരള ജനതയിൽ നല്ലൊരു പങ്കിനും ആശ്രയമായത് ടെലിവിഷൻ സ്ക്രീനിലെത്തിയ സിനിമകളായിരുന്നു. കൂട്ടത്തിൽ കുടുംബപ്രേക്ഷകരെ വല്ലാതെ ആകർഷിച്ച കൊച്ചുചിത്രമായിരുന്നു 'ഹോം'. താരപരിവേഷം സ്വയം ചാർത്താത്ത ഇന്ദ്രൻസ് എന്ന സാധാരണ നടന്റെ അസാധാരണ പ്രകടനമായിരുന്നു ഒലിവർ ട്വിസ്റ്ര് എന്ന കഥാപാത്രം. വിവരസാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിൽ പായുന്ന യുവതയ്ക്കൊപ്പമെത്താൻ പെടാപ്പാടു പെടുന്ന പാവം ഗൃഹനാഥൻ. നായികാ കഥാപാത്രം മഞ്ജുപിള്ളയുടെ കുട്ടിയമ്മയും പ്രേക്ഷക മനസിൽ ആഴത്തിൽ ഇടം പിടിച്ചു. വലിയ ഏച്ചു കെട്ടലുകളില്ലാതെ ലളിതമായി വിഷയം പ്രതിപാദിച്ച കൊച്ചുചിത്രം. സാധാരണക്കാരനുമായി ബന്ധപ്പെടുന്ന വിഷയമായതിനാൽ ഒട്ടുമിക്ക പ്രേക്ഷകരും ചിത്രം ആസ്വദിക്കുകയും ചെയ്തു. അവാർഡിന്റെ സങ്കീർണതകളെക്കുറിച്ചുള്ള പണ്ഡിതജ്ഞാനമൊന്നും ഇല്ലെങ്കിലും ചിത്രം കണ്ട മിക്കവരും ഇന്ദ്രൻസിന്റെയും മഞ്ജുപിള്ളയുടെയും അഭിനയത്തിനും ചിത്രത്തിനാകെയും മനസുകൊണ്ട് അംഗീകാരം നൽകി. ഒരു സിനിമയിൽ നടന്റെയോ നടിയുടെയോ പ്രകടനത്തെ വിലയിരുത്താൻ നാട്യശാസ്ത്രവും അഭിനയദർപ്പണവുമൊന്നും മനഃപാഠമാക്കേണ്ടതില്ലെന്നും ഓർക്കണം. സർക്കാരിന്റെ സിനിമാ അവാർഡ് പ്രഖ്യാപനം വരുമ്പോൾ തങ്ങളുടെ മനസിൽ പതിഞ്ഞ സിനിമയുടെ കാര്യവും ജനം ഓർത്തുപോവുക സ്വാഭാവികം. അതിന് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് ചിന്തിച്ചുപോകുന്നതും സ്വാഭാവികം. ഈ പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ തന്നെ കണ്ട മാദ്ധ്യമങ്ങളോട് , എത്ര സത്യസന്ധമായും സൗമ്യമായും മാന്യമായുമാണ് ഇന്ദ്രൻസ് എന്ന നടൻ പ്രതികരിച്ചതെന്നും നാം കണ്ടു.

അംഗീകരിക്കണ്ട, അപമാനിക്കരുത്

ഇന്ദ്രൻസിനെ പ്രതിരോധിക്കാൻ കേരളത്തിന്റെ സാംസ്കാരിക മന്ത്രി സജിചെറിയാൻ നടത്തിയ പ്രതികരണത്തെ പരമദയനീയം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ. നന്നായി അഭിനയിച്ചവർക്കാണ് അവാർഡ് കൊടുത്തതെന്നും അടുത്ത തവണ ഏതെങ്കിലും കോൺഗ്രസുകാരൻ നന്നായി അഭിനയിച്ചാൽ അവാർഡു കൊടുക്കുമെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന ഒരു മാർക്കിന് പോലും അർഹതയില്ലാത്തതാണ്. നന്നായി അഭിനയിച്ചവർക്കാണ് അവാർഡ് കൊടുത്തതെന്ന പരാമർശത്തിൽ ഒളിഞ്ഞിരിക്കുന്നൊരു പരിഹാസമുണ്ട്. സങ്കടം പറഞ്ഞ ഇന്ദ്രൻസിന്റെ അഭിനയം നന്നായില്ലെന്നതാണ് അതിന്റെ സാരമെന്ന് അരിയാഹാരം കഴിക്കുന്ന ഏതെങ്കിലും കേരളീയൻ ചിന്തിച്ചാൽ ദയവ് ചെയ്‌ത് അയാളെ കുറ്റപ്പെടുത്തരുത്. ഇന്ദ്രൻസിന്റെ മികവുറ്റ അഭിനയം ഇതിന് മുമ്പും കേരളം കണ്ടതാണ്. പരിഹസിക്കുന്നവർ സമയം കിട്ടിയാൽ ആ ചിത്രങ്ങൾ ഒന്ന് കാണണം. തിരുമുമ്പിൽ സേവ നടത്തുന്ന രാഷ്ട്രീയ തമ്പുരാൻമാരുടെ അഭിനയ സിദ്ധിയോളം വരില്ലായിരിക്കും അത്. രാഷ്ട്രീയ കളരിയിൽ പരിശീലനം കിട്ടാത്തതിന്റെ കുറവുകൊണ്ടാകാമത്. ഏതായാലും പൊതുവായ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ ഓരോരുത്തരും വഹിക്കുന്ന ചുമതലകളുടെ ഗൗരവം തിരിച്ചറിയാനുള്ള വിവേകമെങ്കിലും കാണിക്കണം.

ഇതുകൂടി കേൾക്കണേ

ചലച്ചിത്ര അവാർഡ് നിർണയം പോലുള്ള തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ, അതിന് യോഗ്യതയുള്ള വ്യക്തികളെ നിയോഗിച്ചാൽ മാത്രം പോര, അവരുടെ കൈകൾ കൂട്ടിക്കെട്ടാതെയും അവരുടെ സ്വാതന്ത്ര്യത്തിന്മേൽ നുഴഞ്ഞുകയറാതെയും തീരുമാനമെടുക്കാനുള്ള അവകാശം അവർക്ക് മാത്രം വിട്ടുകൊടുക്കുക. അപ്പോൾ ഇത്തരം സങ്കടരംഗങ്ങൾ ആവർത്തിക്കാതിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR INDRANS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.