SignIn
Kerala Kaumudi Online
Friday, 19 April 2024 7.04 PM IST

അഭിഭാഷകവൃത്തിയും ദുഷ്‌കൃത്യങ്ങളും

advocate

അടുത്തകാലത്ത് അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട് കൗതുകകരമായ ആരോപണങ്ങളും വാർത്തകളും വരുന്നുണ്ട്. തൊണ്ടിസാധനത്തിൽ കൃത്രിമം കാണിക്കുക, തൊണ്ടിമുതൽ നശിപ്പിക്കുക, അത് മോഷണം പോകുക, തൊണ്ടിസാധനമായ യഥാർത്ഥ സ്വർണം മാറി മുക്കുപണ്ടമാകുക ഇങ്ങനെ നിരവധി അധാർമ്മികവും അനീതിപരവും കുറ്റകരവുമായ സംഭവങ്ങൾ, സമൂഹത്തിൽ അഭിഭാഷകവൃത്തിയുടെ മഹിമ വലിയ തോതിൽ കെടുത്താൻ അവസരമൊരുക്കുകയാണ്. ഈ സന്ദർഭത്തിൽ അഭിഭാഷകവൃത്തിയുടെ പ്രാധാന്യത്തെപ്പറ്റിയും അത് തൊഴിലാക്കിയവരിൽ ചിലരുടെ ദൂഷ്യങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കേണ്ടതാണ്.

അഭിഭാഷകവൃത്തി ഏറ്റവും മഹനീയവും അന്തസുമുള്ള തൊഴിലുകളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. വ്യക്തിപരമായ നേട്ടങ്ങളിലുപരി സമൂഹനന്മയാണ് അഭിഭാഷകവൃത്തിയുടെ ലക്ഷ്യമെന്ന് സങ്കല്പിക്കപ്പെടുന്നു. നീതിനിർവഹണത്തിന്റെ ഭാഗമാണ് അഭിഭാഷകവൃത്തി. ആയതിനാൽ അത് കോടതിയുടെ ഭാഗമാണ്. അഭിഭാഷകന്റെ പ്രസ്താവനകളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതികൾ വിധികൾ പുറപ്പെടുവിക്കുന്നത്. അഭിഭാഷകവൃത്തിയുടെ അന്തസും യശസ്സും, വിശ്വാസ്യതയും നിലനിറുത്തുന്നതിനും, ആ തൊഴിലിൽ ദുഷ്‌പെരുമാറ്റം, നടപടിദൂഷ്യം തുടങ്ങിയവയൊക്കെ ഉണ്ടായാൽ അവയ്ക്കെതിരെ നടപടികൾ എടുക്കുന്നതുൾപ്പെടെയുള്ള സംഗതികൾക്ക് വേണ്ടിയാണ് 1961-ലെ അഡ്വക്കേറ്റ്സ് ആക്ടും തുടർന്നുള്ള ഭേദഗതികളും നിലവിൽ വന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബാർ കൗൺസിലുകൾ രൂപവത്‌കരിക്കപ്പെട്ടത്.

അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം രണ്ടുവിഭാഗം അഭിഭാഷകർ നിലവിലുണ്ട്. അതായത് സീനിയർ അഭിഭാഷകരും മറ്റഭിഭാഷകരും. ഒരു അഭിഭാഷകന്റെ സീനിയോറിറ്റി, പൊതുവേയുള്ള കഴിവ്, നിയമത്തിലുള്ള പ്രത്യേക അറിവും അനുഭവവും പ്രാഗത്ഭ്യവും പരിഗണിച്ച് സുപ്രീംകോടതിയോ ഹൈക്കോടതിയോ അഭിഭാഷകരെ, അവരുടെ സമ്മതത്തോടെ, സീനിയർ അഭിഭാഷകരായി നാമനിർദ്ദേശം ചെയ്യുന്നു. സീനിയർ അഭിഭാഷകർ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രത്യേക നിയന്ത്രണങ്ങൾക്ക് വിധേയമായി വേണം അഭിഭാഷകവൃത്തി തുടരേണ്ടത്.

അർഹതപ്പെട്ട ഒരു വ്യക്തി അഭിഭാഷകവൃത്തിയിൽ ഏർപ്പെടണമെങ്കിൽ അഡ്വക്കേറ്റ്‌സ് ആക്ട് മൂലം സ്ഥാപിക്കപ്പെട്ട സംസ്ഥാന കൗൺസിലിൽ, തന്റെ പേര് അഭിഭാഷകപ്പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകേണ്ടതുണ്ട്. 21 വയസ് തികഞ്ഞ, അംഗീകൃത നിയമബിരുദമുള്ള ഇന്ത്യൻ പൗരന് നിശ്ചിത ഫാറത്തിൽ അപേക്ഷ നൽകി ബാർ കൗൺസിലിന്റെ നിയമങ്ങൾക്ക് വിധേയമായി അഭിഭാഷകവൃത്തിയിൽ ഏർപ്പെടാം. അഭിഭാഷകർ കോടതിയിൽ വ്യവസ്ഥാപിത വസ്‌ത്രധാരണം ചെയ്യേണ്ടത് നിർബന്ധമാണ്. അഭിഭാഷകർക്ക് മാത്രമേ അഭിഭാഷകവൃത്തി തൊഴിലായി നടത്താൻ നിയമം അനുവദിക്കുന്നുള്ളൂ. ഒരഭിഭാഷകൻ പരസ്യം മൂലമോ, ദല്ലാൾ മുഖേനയോ, വ്യക്തിപരമായ സമ്പർക്കത്താലോ തന്റെ തൊഴിലിനുവേണ്ടി കക്ഷികളെ സ്വാധീനിക്കാൻ പാടില്ല. കാരണം, അഭിഭാഷകവൃത്തി ഒരു വ്യവസായമോ വ്യാപാരമോ അല്ല എന്നുള്ളതുകൊണ്ടാണ്.

ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചട്ടങ്ങളിൽ അഭിഭാഷകന്റെ കടമകളും കർത്തവ്യങ്ങളും വിവരിക്കുന്നുണ്ട്. ഒരഭിഭാഷകൻ എല്ലായ്‌പ്പോഴും കോടതിയോട് ആദരപൂർവം പെരുമാറേണ്ടതാണ്. ഒരു കോടതിയേയും നിയമവിരുദ്ധമായോ അനുചിതമായ രീതിയിലോ സ്വാധീനിക്കാൻ ശ്രമിക്കരുത്. അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആ തൊഴിലിനെ സംബന്ധിച്ച് പെരുമാറ്റച്ചട്ടവും അതുപോലെതന്നെ അവരിൽനിന്ന് പ്രതീക്ഷിക്കുന്ന ധർമ്മവും സദാചാരനീതിയുമുണ്ട്. ഇവയുടെ എല്ലാം ലക്ഷ്യം അഭിഭാഷകവൃത്തിയുടെ അന്തസ് നിലനിറുത്തുന്നതിനും സംരക്ഷിക്കുന്നതിനും അതോടൊപ്പം കോടതിയും അഭിഭാഷകരും തമ്മിൽ സൗഹാർദ്ദ സഹകരണവും ആരോഗ്യകരമായ ബന്ധവും നിലനിറുത്തുന്നതിനും വേണ്ടിയാണ്. എന്നാൽ ഒരു അഭിഭാഷകൻ കോടതിയോട് ദാസ്യമനോഭാവം കാട്ടാൻ പാടില്ല. ന്യായാധിപൻ നിയമവിരുദ്ധമായി പെരുമാറിയാൽ അത് ബന്ധപ്പെട്ട മേലധികാരികളെ അറിയിക്കണമെന്നുള്ളത് അഭിഭാഷകന്റെ കടമയും കർത്തവ്യവുമാണ്.

നീതിനിർവഹണത്തിൽ പരിശുദ്ധി കാത്തുസൂക്ഷിക്കുക എന്നുള്ളത് അഭിഭാഷകന്റെ പ്രാഥമിക കടമയാണ്. ഒരു അഭിഭാഷകൻ അന്തസും സത്യസന്ധതയും, സ്വഭാവവിശേഷ ഗുണങ്ങളുമുള്ള വ്യക്തിയും വക്രതയില്ലാത്ത ആളും ആയിരിക്കേണ്ടതാണ്. അഭിഭാഷകവൃത്തി ഉൽകൃഷ്ടവും ഔന്നത്യവുമുള്ള തൊഴിലായതുകൊണ്ട് അവയെല്ലാം പരിരക്ഷിക്കപ്പെടേണ്ടത് ഓരോ അഭിഭാഷകന്റെയും കടമയാണ്. ഒരഭിഭാഷകൻ എപ്പോഴും സംശയത്തിന് അതീതനായിരിക്കണം. അവർ തങ്ങളുടെ തൊഴിലിനെ സംബന്ധിച്ച് സംശയത്തിന്റെ നിഴലിലാകാൻ പാടില്ല. പൊതുജനത്തിന് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത, ഭക്തി, ശുഭപ്രതീക്ഷ തുടങ്ങിയവയ്ക്ക് കോട്ടം വരുന്ന രീതിയിൽ ഒരു പ്രവർത്തനവും അഭിഭാഷകൻ നടത്താൻ പാടില്ല. അഭിഭാഷകൻ തന്റെ കക്ഷിയുടെ താത്‌പര്യങ്ങൾ അന്തസോടെയും സത്യസന്ധതയോടെയും ഭയരഹിതനുമായി വേണം ദൃഢപ്പെടുത്താൻ. ഏതെങ്കിലും വസ്തുതകൾ മറച്ചുവച്ച് ഒരു കുറ്റാരോപിതന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരഭിഭാഷകൻ ശ്രമിക്കാൻ പാടില്ല.

അഡ്വക്കേറ്റ്സ് ആക്ടിലും ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചട്ടങ്ങളിലും അഭിഭാഷകന്റെ പെരുമാറ്റദൂഷ്യത്തിനും നടപടിദൂഷ്യത്തിനും മറ്റ് മോശമായ പെരുമാറ്റങ്ങൾക്കുമെതിരെ ശിക്ഷണ നടപടി സ്വീകരിക്കുന്നതിന് വ്യക്തമായ വ്യവസ്ഥയുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഒരഭിഭാഷകന്റെ തൊഴിൽപരമായ നടപടിദൂഷ്യം, പെരുമാറ്റദൂഷ്യം എന്നിവയ്ക്കു പുറമെ മറ്റ് പെരുമാറ്റ ദൂഷ്യങ്ങൾക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ്സ് ആക്ടിൽ വ്യവസ്ഥയുണ്ട്.

അനുചിതമായ നിയമോപദേശം നൽകുക. കൃത്യമായ രേഖകൾ സൃഷ്ടിക്കുക, തൊണ്ടിമുതൽ നശിപ്പിക്കുകയോ അവയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുകയോ ചെയ്യുക, കോടതിയെ സ്വാധീനിക്കാൻ ശ്രമിക്കുക, ദുരുദ്ദേശ്യത്തോടെ കക്ഷിയുടെ പണം പിടിച്ചുവയ്ക്കുക, എതിർകക്ഷിയുടെ സാക്ഷികളെ സ്വാധീനിക്കുക, അച്ചടക്കലംഘനം നടത്തുക തുടങ്ങിയവയെല്ലാം ദുർനടപടികളും ദുഷ്‌പെരുമാറ്റങ്ങളും കുറ്റകൃത്യങ്ങളുമാകുന്നു. അങ്ങനെ ചെയ്യുന്ന അഭിഭാഷകർക്കെതിരെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരവും ബാർ കൗൺസിൽ ചട്ടങ്ങൾ പ്രകാരവും നടപടികൾ സ്വീകരിക്കുന്നതിന് പുറമേ ക്രിമിനൽ നടപടികളും എടുക്കാവുന്നതാണ്.

സമൂഹനന്മയും പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കലും അഭിഭാഷകന്റെ പ്രധാന കടമകളിൽപ്പെട്ടവയായതുകൊണ്ട് അഭിഭാഷകർക്ക് പണിമുടക്കാനോ കോടതി ബഹിഷ്കരിക്കുന്നതിന് മറ്റ് അഭിഭാഷകരെ ആഹ്വാനം ചെയ്യാനോ അവകാശമില്ല. അഭിഭാഷകൻ ഒരു കക്ഷിയുടെ വക്കാലത്ത് ഏറ്റെടുത്താൽ മതിയായ കാരണമില്ലാതെ അതൊഴിയാൻ പാടില്ല. തന്റെ വക്കാലത്ത് ഒഴിവാക്കണമെങ്കിൽ, കക്ഷിക്ക് കാരണസഹിതം യഥാസമയം മുന്നറിയിപ്പ് നൽകേണ്ടതാണ്.

നമ്മുടെ രാജ്യത്ത് പല കാരണങ്ങളാൽ നീതിനിർവഹണത്തിന് കാലതാമസം വരുന്നു. നീതികിട്ടാൻ അനിയന്ത്രിതമായ കാലതാമസമെന്നാൽ അത് നീതിനിഷേധത്തിന് തുല്യമാണ്. അങ്ങനെ ആയാൽ സമൂഹത്തിൽ നിരവധി അസ്വസ്ഥതകൾക്ക് അത് കാരണമായേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOVOCATES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.