SignIn
Kerala Kaumudi Online
Friday, 26 April 2024 2.50 AM IST

അയല ചീഞ്ഞതുണ്ട്,​ കരിമീൻ പുഴുവരിച്ചതുണ്ട്

fish

ഏതൊരു മലയാളിയെയും പോലെ ഇടുക്കിക്കാരന്റെയും തീൻമേശയിലെ മുഖ്യവിഭവമാണ് മീൻ. എന്നാൽ നോക്കാതെ സൂക്ഷ്‌മനിരീക്ഷണം നടത്താതെ മീൻ വാങ്ങിയാൽ എട്ടിന്റെ പണികിട്ടുമെന്നതാണ് ഇടുക്കിയിലെ അവസ്ഥ. വാങ്ങിയ മീൻ ചീത്തയാണെന്ന് സംശയം തോന്നിയാൽ അപ്പോഴേ

വാഴയുടെയോ തെങ്ങിന്റെയോ മൂട്ടിൽ വളമായിട്ടോളൂ. കറിയാക്കിയാൽ കഴിക്കുന്നയാൾ ആശുപത്രിയിലാകും. ഒരാഴ്ച മുമ്പാണ് തൂക്കുപാലത്തെ മീൻകടകളിൽ നിന്ന് വാങ്ങിയ അയല ഉൾപ്പെടെയുള്ള പച്ചമീനിന്റെ അവശിഷ്ടങ്ങൾ തിന്ന വളർത്ത് പൂച്ചകൾ ചത്തതും മീൻകറി കഴിച്ചവർക്ക് വയറുവേദന അനുഭവപ്പെട്ടതും. ഇതുസംബന്ധിച്ച് തൂക്കുപാലം സ്വദേശി സന്തോഷ് കുമാർ അധികൃതർക്ക് പരാതിയും നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വിഷയത്തിൽ ഇടപെട്ടു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ വിൽക്കുന്ന കടകളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ സാഗർ റാണി, മത്സ്യ എന്നീ പേരുകളിൽ ഫിഷറീസ് വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ മീൻകടകളിൽ വ്യാപകമായ റെയ്ഡാണ് നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 400 കിലോയിലേറെ ചീഞ്ഞമീനുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെടുത്ത് നശിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമേറെ പഴകിയ മീൻ വിൽപ്പന നടത്തുന്നുണ്ടെന്നും മുൻകൂട്ടി അറിയിപ്പ് നൽകിയിട്ട് നടത്തുന്ന പരിശോധനകൾ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ഗുരുതര ആരോഗ്യപ്രശ്നം

പഴകിയ മീൻ കഴിക്കുന്നത് ഛർദ്ദി, വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയവയ്ക്ക് കാരണമാകാം. രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള മീൻ പതിവായി കഴിക്കുന്നത് അൾസർ , കുടലിൽ അർബുദം ഉൾപ്പെടെ മാരക രോഗങ്ങൾക്കു കാരണമാകാം. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്‌സ്യം കേടാകാതിരിക്കാൻ ഫോർമാലിൻ, അമോണിയ, സോഡിയം ബെൻസോയേറ്റ് തുടങ്ങിയ മാരക വിഷങ്ങൾ തളിക്കാറുണ്ട്.

തമിഴ്‌നാട്, കർണാട, ഒഡിഷ, ഗോവ എന്നിവിടങ്ങളിൽ നിന്നെത്തുന്ന മത്സ്യം ദിവസങ്ങൾ കഴിഞ്ഞാണ് വിപണിയിലെത്തുന്നത്. ഒരുവർഷത്തിലധികമായി കാര്യമായ പരിശോധനകൾ നടത്താതിരുന്നത് രാസവസ്തുക്കൾ ചേർത്ത മീൻ കേരളത്തിലേക്ക് പതിവായി എത്തുന്നതിന് കാരണമായി. നേരത്തേ ചെക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയിരുന്നു.

പരിശോധനകൾ പ്രഹസനം

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്റെയുമെല്ലാം നേതൃത്വത്തിലുള്ള മീൻകടകളിലെ പരിശോധനകൾ പലപ്പോഴും പ്രഹസനമായി മാറുകയാണ്. ഒരു തവണ പഴകിയ മീൻ പിടികൂടി നോട്ടീസ് നൽകുന്ന കടകളിൽ തന്നെ വീണ്ടും ചീഞ്ഞ മത്സ്യം കണ്ടെത്തുന്നതും പതിവാണ്. ഇവരിൽ നിന്ന് ഒരു രൂപ പോലും പിഴ ഇടാക്കുകയോ കട അടപ്പിക്കുകയോ ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. വഴിയോര കച്ചവടക്കാർക്കെതിരെ ഇതിൽ കൂടുതൽ നടപടിയെടുക്കാനാകില്ലെന്നതാണ് ന്യായം. ഒരുതവണ പിടികൂടിയ കച്ചവടക്കാരൻ അതേസ്ഥലത്ത് പിറ്റേദിവസവും ചീഞ്ഞ മീൻ വിൽപ്പന ആരംഭിച്ചാലും ഒന്നും ചെയ്യാനാകില്ല. കടയ്ക്ക് പേരോ നഗരസഭയുടെ ലൈസൻസോ ഒന്നുമില്ല. ചെറുകടകളിലേക്ക് ചീഞ്ഞ മീനുകളെത്തിക്കുന്ന മൊത്തക്കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്താനും അധികൃതർ തയ്യാറാകില്ല. മീനുകളിൽ രാസവസ്തു ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച പേപ്പർ സ്ട്രിപ്പുകൾ ഉപയോഗിച്ചാണ്. മീൻ കേടുകൂടാതെയിരിക്കാൻ അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കളാണ് സാധാരണ ചേർക്കുന്നത്. ഇതു കണ്ടെത്താനാണ് സ്ട്രിപ്പ് ഉപയോഗിക്കുന്നത്. എന്നാൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്ന് മിനിട്ടുകൾക്കകം അറിയുന്ന സ്ട്രിപ്പ് ആവശ്യത്തിന് ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കൈയിൽ ഉണ്ടാകാറില്ല. അതുകാരണം പലപ്പോഴും പിടികൂടിയ ചീഞ്ഞ മീനിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താനാകാറില്ല. കമ്മിഷണറേറ്റിൽ നിന്ന് സ്ട്രിപ്പ് ആവശ്യത്തിന് നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരിട്ട് ഓപ്പൺ മാർക്കറ്റുകളിൽ നിന്ന് വാങ്ങാനാണ് നിർദേശം. അതിന് ഫണ്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുറഞ്ഞ ചെലവിൽ മീനിലെ രാസവസ്തുക്കൾ കണ്ടെത്താൻ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) തയ്യാറാക്കിയ 'സിഫ്റ്റ് സ്ട്രിപ്പ്' ഒരെണ്ണത്തിന് അഞ്ചുരൂപയിൽ താഴെ മാത്രമാണ് വില.


സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

വിപണിയിൽ ലഭിക്കുന്ന മത്സ്യത്തിൽ പലതും പഴകിയതും രാസവസ്തുക്കൾ ഉപയോഗിച്ചതുമായതിനാൽ വിഷരഹിതമാണെന്നും കേടായത് അല്ലെന്നും ഉറപ്പാക്കി വാങ്ങാൻ ഏറെ ശ്രദ്ധിക്കണം. എളുപ്പം കേടാകുന്നതാണ് മത്സ്യം. കടൽ മത്സ്യങ്ങൾ പലപ്പോഴും പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാർക്കറ്റുകളിൽ എത്തുന്നതിനു മുമ്പേ അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് കടൽ മത്സ്യങ്ങളിൽ കൃത്രിമത്തിന് സാദ്ധ്യത കൂടുതലാണ്. എന്നാൽ മത്തി, നത്തോലി പോലുള്ള ചെറിയ മീനുകൾ താരതമ്യേന രാസവസ്തുക്കൾ ചേർക്കാത്തവയും എന്നാൽ പോഷക സമ്പുഷ്ടവുമാണ്. നല്ല മത്സ്യത്തിന്റേത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും. ഐസിട്ട മീനിന്റെ മാംസവും ഉറച്ചിരിക്കും. എന്നാൽ ഇവ വിളറിയിരിക്കും. മീനിൽ ചെറുതായി അമർത്തുമ്പോഴേ കുഴിഞ്ഞു പോകുകയാണെങ്കിൽ അത് ചീത്ത മീനാണ്. മീൻ ഫ്രഷ് ആണോയെന്നറിയാൻ സഹായിക്കുന്ന മറ്റൊരു മാർഗം മീനിന്റെ മണമാണ്. ഫ്രഷ് മീനിനു ദുർഗന്ധമല്ല കടൽ മണമാണ് ഉണ്ടാവുക. ബീച്ചിലും മറ്റും കടലിനോട് ചേർന്നു നിൽക്കുമ്പോൾ കാറ്റടിക്കുമ്പോൾ കിട്ടുന്ന മണമാണ് കടൽ മണം. മത്സ്യത്തിന്റെ കണ്ണുകൾക്ക് മങ്ങലുണ്ടാകില്ല. പുതിയ മത്സ്യത്തിന്റെ കണ്ണുകൾ തിളക്കമുള്ളതായിരിക്കും. അൽപം തുടിപ്പും ഉണ്ടാകും. രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ കണ്ണുകൾക്ക് നീലനിറമായിരിക്കും. വെള്ള കലർന്ന ഇളം നിറമായിരിക്കും നല്ല മീനുകൾക്ക്. മത്തിയൊക്കെ വാങ്ങുമ്പോൾ ഈ രീതി പ്രയോജനപ്പെടുത്താം. കണ്ണിന്റെ പരിസരത്ത് ചുവന്ന നിറമുള്ള മീനാണെങ്കിൽ അത് ചീത്തയായ മീനാണ്. നല്ല മീനിന്റെ ചെകിളപൂക്കൾ ചുവപ്പു നിറവും നനഞ്ഞ പ്രകൃതവും ഉള്ളവയായിരിക്കും. തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും പതുപതുപ്പും മത്സ്യം പഴകിയതാണെന്നതിന്റെ സൂചനകളാണ്. വലിയ മീനുകൾ മുറിക്കുമ്പോൾ ഉള്ളിൽ നീലനിറത്തിലുള്ള തിളക്കം കണ്ടാൽ അതിൽ രാസപദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.
ഫ്രഷ് ആയ കക്കയുടെയും കല്ലുമ്മക്കായയുടെയും തോട് അൽപം തുറന്ന നിലയിലായിക്കും. പതിയെ കൈകൊണ്ട് തട്ടിയാൽ താനെ അടഞ്ഞുപോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADULTERATED FISH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.