SignIn
Kerala Kaumudi Online
Thursday, 25 April 2024 5.08 PM IST

അഫ്ഗാൻ: യു.എസ് താത്പര്യങ്ങളിൽ കുരുങ്ങി ഇന്ത്യ കാഴ്ചക്കാരാവുന്നോ ?​

taliban

ഒടുവിൽ അഫ്ഗാനിലെ പുതിയ താലിബാൻ ഭരണകൂടവുമായി ഇന്ത്യ ചർച്ച തുടങ്ങി. അവരെ അംഗീകരിക്കുക എന്നതാണ് ഇന്ത്യയുടെ വിദേശനയത്തിലെ അഭികാമ്യമായ കാര്യം. കഴിഞ്ഞ കുറെ വർഷങ്ങളായി വിദേശനയത്തിൽ വന്ന കാതലായ മാറ്റങ്ങൾ സമ്മാനിച്ച പിഴവുകൾക്ക് അഫ്ഗാനിസ്ഥാനിൽ വിലകൊടുക്കുകയാണ് നമ്മളെന്ന് വിലയിരുത്തേണ്ടി വരും. യു.എസ് ചേരിയിലേക്ക് കൂടുതൽ ചാഞ്ഞതിലുള്ള അനന്തരഫലം കൂടിയല്ലേ ഇന്ത്യ അഫ്ഗാനിൽ നേരിടുന്നതെന്നും ഒരു തരത്തിൽ ചിന്തിക്കാം.

പാകിസ്ഥാനോട് അടുക്കുന്ന യു.എസ്

ഇന്ത്യയെ കാഴ്ചക്കാരാക്കി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ യു.എസ് മെനയുന്ന മറ്റൊരു ഗൂഢാലോചനയും താലിബാന്റെ വരവിന് പിന്നിലുണ്ട്. യു.എസിന്റെ നിഗൂഢമായ ഏഷ്യൻ തന്ത്രം. ഏഷ്യയിലെ പ്രബല ശക്തികളായ ചൈന-റഷ്യൻ-ഇറാൻ രാജ്യങ്ങളുടെ അച്ചുതണ്ട് തകർക്കാൻ താലിബാനിലൂടെ പാകിസ്ഥാനുമായി കൂടുതൽ അടുക്കുകയാണ് യു.എസ്. അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയ യു.എസ് തങ്ങളുടെ ആയുധങ്ങൾ അടക്കം പരമാവധി മിലിട്ടറി സാമഗ്രികൾ പാകിസ്ഥാനിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. അത് പാകിസ്ഥാനുമായി കൂടുതൽ അടുക്കുന്നതിന്റെ ലക്ഷണമായി കാണാം. അടുത്തകാലത്ത് ഇന്ത്യയുമായി കൂടുതൽ അടുത്ത യു.എസ് അതു തിരുത്തി പാകിസ്ഥാനെ വളർത്താനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.

യു.എസിന് പാകിസ്ഥാന്റെ പിന്തുണയില്ലാതെ മേഖലയിൽ പിടിച്ചു നിൽക്കാനാകില്ല. പുതിയ രാജ്യത്ത് വികസിച്ച് അവരുടെ രാജ്യത്തെ സാഹചര്യങ്ങൾ മനസിലാക്കി സ്വാധീനം വളർത്തിയെടുക്കാൻ സമയമെടുക്കും. പാകിസ്ഥാൻ യു.എസ് തന്ത്രങ്ങൾ ഇറക്കാൻ വളക്കൂറുള്ള മണ്ണാണ്. പാകിസ്ഥാനും താലിബാനും വളരെ അടുപ്പമുണ്ട്. യു.എസ് സഖ്യസേനയെന്ന പോലെ താലിബാനും സഹോദരസ്ഥാപനമെന്ന പോലെ പാകിസ്ഥാനും നിന്നാൽ അവരുടെ താത്പര്യങ്ങൾ നടപ്പാക്കാൻ എളുപ്പമാണ്. ഇന്ത്യയെ മാറ്റിനിറുത്തി പാകിസ്ഥാനോട് അടുക്കാൻ ശ്രമിക്കുന്ന യു.എസിന്റെ ഗെയിം പ്ളാൻ മനസിലാക്കാൻ നമുക്ക് സാധിച്ചില്ല. അഫ്ഗാനിസ്ഥാനിലെന്നല്ല, ഏഷ്യയിൽ തന്നെ ഒരു റോളുമില്ലാത്ത രാജ്യമായി ഇന്ത്യ മാറുന്ന അവസ്ഥയാണിപ്പോൾ.

അഫ്ഗാൻ പിൻമാറ്റം

നൽകുന്ന പാഠങ്ങൾ

നാളിതുവരെയും അന്തർദേശീയ തലത്തിൽ യു.എസ് ഇടപെട്ട രാജ്യങ്ങളിലൊന്നും സമാധാനം പൂർണമായി പുന:സ്ഥാപിച്ചിട്ടില്ലെന്നു കാണാം.

ആയുധവിതരണക്കാരും ഉത്‌പാദകരുമായവർ സമാധാനപാലകരാകുമ്പോൾ സ്വാഭാവികമായി സംഭവിക്കാവുന്ന ലാഭേച്ഛയുള്ള വിദേശനയമാണ് യു.എസ് നാളിതുവരെയും തുടർന്നിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ സമാധാനം വന്നാൽ യു.എസിന് മെച്ചമില്ല. അവരുടെ താത്പര്യം ആയുധക്കച്ചവടം മാത്രമാണ്. യു.എസിന്റെ നയങ്ങൾ ശരിക്കും വ്യക്തമാക്കുന്ന നടപടികളാണ് അഫ്ഗാനിലേത്.

സോവിയറ്റ് റഷ്യയ്ക്കെതിരെ രൂപംകൊണ്ട അഫ്ഗാനിലെ യുവജന പ്രസ്ഥാനമായ താലിബാനെ ഊട്ടിവളർത്തി ദേശസ്നേഹികളാക്കിയത് യു.എസ് തന്നെയാണ്. പിന്നീട് താലിബാൻ യു.എസിനെതിരെ തിരിഞ്ഞത് ചരിത്രം.

അഫ്ഗാൻ വിഷയത്തിൽ സഹായവും പിന്തുണയും നൽകിയ ഇന്ത്യയ്ക്ക് യു.എസിനെ പഠിക്കുന്നതിൽ പരാജയം സംഭവിച്ചു എന്നു പറയണം. മാസങ്ങൾക്ക് മുമ്പേ യു.എസ് താലിബാനുമായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു. ആസമയം തന്നെ ഇന്ത്യ ദീർഘവീക്ഷണത്തോടെ യു.എസിന്റെ ദുഷ്ടലാക്ക് കാണേണ്ടതായിരുന്നു. അഫ്ഗാൻ ജനതയോടൊപ്പം ഇന്ത്യയെയും ശരിക്കും അവതാളത്തിലാക്കി യു.എസ്.

വിദേശനയത്തിലെ

അനിവാര്യതകൾ

എന്താണ് ശരിക്കും ഇന്ത്യയുടെ വിദേശനയം?​ ചേരിചേരാ നയമാണോ?​ മറ്റുള്ള രാജ്യങ്ങളിൽ കടന്നുകയറാത്ത അവസ്ഥയുണ്ടോ?​ ഒരു വിദേശരാജ്യത്തുനിന്ന് ഇന്ത്യയെ വീക്ഷിക്കുകയാണെങ്കിൽ ഇന്ത്യ യു.എസിന്റെ അധീനതയിലുള്ള രാജ്യമാണെന്ന് പറയാം. അത് സ്ഥാപിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ വിദേശബന്ധത്തിന് ഭൂഷണമല്ല. ഒരിക്കലും വിശ്വാസത്തിലെടുക്കാൻ കഴിയാത്ത അമേരിക്കയുമായുള്ള ബന്ധം ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

ചൈന, റഷ്യ, ഇറാൻ തുടങ്ങി ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ പ്രബലശക്തികൾ ഒന്നാകുമ്പോൾ മറ്റൊരു ശക്തിയായ ഇന്ത്യയും അതിനോട് ചേർന്നു നിൽക്കുന്നതാണ് നല്ലതെന്നിരിക്കെ ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള അമേരിക്കയുടെ നയത്തിന് ഭാഗമാകുകയാണ് നമ്മൾ.

ഏഷ്യയിലെ മൂന്ന് രാജ്യങ്ങൾ ചേർന്ന അച്ചുതണ്ടിന്റെ ചെറിയൊരു ഭാഗമാണെന്ന് വരുത്തിത്തീർക്കാൻ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ ചെറുക്കേണ്ടതും ഇന്ത്യയ്ക്ക് അനിവാര്യമാണ്. പാക് ഭീകരഗ്രൂപ്പുകൾ താലിബാൻ സർക്കാരുമായി ചർച്ച നടത്തുകയും കാശ്മീർ വീണ്ടും സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് നമുക്ക് ശുഭമല്ല. പാകിസ്ഥാൻ പ്രവിശ്യയിലെ പ്രധാന ഭീകരക്യാമ്പുകൾ കൂടുതലും അഫ്ഗാൻ അതിർത്തിയിലാണ്. പാകിസ്ഥാന്റെയും അഫ്ഗാന്റെയും സഹായത്താൽ അവ ശക്തിപ്രാപിക്കുന്ന സാഹചര്യവും നാം കാണേണ്ടതാണ്.

ഐസിസ് തീവ്രവാദ ഗ്രൂപ്പും താലിബാനും രണ്ടാണെങ്കിലും അവരുടെ ലക്ഷ്യം ഒന്നാണ്. പ്രവർത്തനശൈലിയും അധികാരക്കൊതിയും തമ്മിലും സാമ്യമുണ്ട്. ഐസിസിനെതിരെ അടുത്തിടെ നടന്ന യു.എസ് ആക്രമണത്തോട് പ്രതികരിക്കാനും താലിബാൻ തയ്യാറായിട്ടില്ല.

എന്താണ് നമ്മുടെ മുന്നിലുള്ള വഴി?​സന്തുലിത വിദേശനയം സ്വീകരിക്കുകയാകും നല്ലത്. റഷ്യയുമായി അടുത്ത് പഴയകാല സൗഹൃദം ഊട്ടിയുറപ്പിക്കുക. ബന്ധത്തിലെ വിള്ളൽ പരിഹരിക്കുക. വാണിജ്യ ബന്ധത്തിന്റെ പേരിൽ യു.എസ് ബ്ളോക്കിലേക്ക് കുടിയേറുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധം വിദേശനയത്തിലെ അടിസ്ഥാന തത്വമാണ്. അയൽരാജ്യങ്ങൾ ആദ്യം എന്ന വിദേശനയം എക്കാലവും പിന്തുടർന്ന ഇന്ത്യ കഴിഞ്ഞ കുറെ നാളുകളായി നമുക്ക് ചുറ്റുമുള്ള രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമല്ല പുലർത്തുന്നത്. സമീപഭാവിയിൽ അതിന്റെ തിക്താനുഭവങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വന്നേക്കാം

അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിലെ വിള്ളൽ വിദേശനയത്തെ പിറകോട്ട് നയിച്ചുവെന്ന് പറയണം. അക്കാര്യത്തിൽ ഒരു പുന:വിചിന്തനം അത്യാവശ്യമാണ്. യു.എസിന്റെ ഏഷ്യൻ വൻകരയിലെ സ്ഥാപിത താത്പര്യങ്ങൾക്കെതിരായി നമ്മുടെ അയൽരാജ്യങ്ങൾ, പ്രത്യേകിച്ചും ന്യൂക്ളിയർ ശക്തികളായ ഏഷ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നത് സ്വാഭാവികമാണ്. ആ സാഹചര്യത്തിൽ ഏഷ്യൻ വൻകരയിലെ രാജ്യങ്ങളുമായുള്ള നല്ല ബന്ധം ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്.

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രബല ശക്തിയായി വളർന്നു വരുന്ന ചൈനയുടെ വളർച്ച തടയിടാൻ യു.എസ് ഇന്ത്യയെ ഉപയോഗിക്കുകയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AFGAN, INDIAS FOREIGN POLICY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.