SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.14 PM IST

' അഗ്നിവീരന്മാർ '

agni

സൈന്യത്തിൽ നാലു വർഷത്തെ ഹ്രസ്വനിയമനത്തിന് പ്രഖ്യാപിച്ച 'അഗ്നി പഥ് ' പദ്ധതിയെച്ചൊല്ലി രാജ്യമാകെ പ്രതിഷേധം കത്തിപ്പടരുകയാണ്. സൈനിക റിക്രൂട്ട്മെന്റ് രീതി മാറ്റിയതാണ് സൈനികരാവാൻ അവസരം കാത്തിരുന്ന യുവാക്കളെ പ്രകോപിതരാക്കിയത്. ട്രെയിനുകൾ അടിച്ചുതകർത്തും തീയിട്ടും തെരുവുകൾ കത്തിയെരിച്ചും അവർ രോഷം പ്രകടിപ്പിക്കുന്നു. കര, നാവിക, വ്യോമസേനകളിൽ സേവനത്തിന് അഗ്നിവീറുകൾ എന്ന പേരിൽ യുവാക്കളെ താത്കാലിക റിക്രൂട്ടിംഗ് നടത്തുന്നത് പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ ഇനത്തിൽ ഭീമമായ നേട്ടം ഖജനാവിന് ഉണ്ടാക്കുമെങ്കിലും പ്രതിരോധത്തിൽ വിള്ളലുണ്ടാവുമോ എന്നാണ് പരക്കെയുള്ള ആശങ്ക. എന്നാൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും സൈന്യത്തിന്റെ യുവത്വം നിലനിറുത്തുന്നതും യുവാക്കൾക്ക് സൈനിക പരിശീലനം നൽകുന്നതും രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ഭാവിയിൽ ഗുണകരമാവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

രാജ്യസ്‌നേഹമുള്ളവരും പ്രചോദിതരുമായ യുവാക്കൾക്ക് നാല് വർഷത്തേക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കാൻ അഗ്നിപഥിലൂടെ അവസരമൊരുങ്ങുമെന്നാണ് തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് വിശദീകരിക്കുന്നത്. സായുധസേനകൾക്ക് കൂടുതൽ യുവത്വം നല്‌കാനുള്ളതാണ് ഈ പദ്ധതി. സമകാലിക സാങ്കേതിക പ്രവണതകളുമായി കൂടുതൽ ഇണങ്ങിച്ചേരുന്ന, യൂണിഫോം ധരിക്കാൻ താത്‌പര്യമുള്ള യുവപ്രതിഭകൾക്കാണ് അവസരം നൽകുക. നാലുവർഷത്തിനു ശേഷം തിരികെ പൊതുസമൂഹത്തിലേക്കെത്തുന്ന ഇവർക്ക് അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുണ്ടായിരിക്കും.

അഗ്നിപഥ് നടപ്പാക്കുന്നതിലൂടെ സായുധസേനയുടെ ശരാശരി പ്രായം 45 വർഷം കുറയും. അച്ചടക്കവും, വൈദഗ്ദ്ധ്യവും മ​റ്റ് മേഖലകളിൽ സംഭാവന നൽകാൻ കഴിവുള്ളവരുമായ യുവാക്കളെ പൊതുസമൂഹത്തിന് ലഭിക്കുന്നതിലൂടെ ബാഹ്യ- ആഭ്യന്തര ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ നേരിടാൻ ദേശസ്‌നേഹം, ശാരീരികക്ഷമത, രാജ്യത്തോടുള്ള വിശ്വസ്തത എന്നീ ഗുണങ്ങളുള്ള ഒരു യുവതയെ വാർത്തെടുക്കാനാവും.

മൂന്ന് സേനകൾക്കും ബാധകമായ റിസ്‌ക്, ഹാർഡ്ഷിപ്പ് അലവൻസുകൾക്കൊപ്പം ആകർഷകമായ പ്രതിമാസ ശമ്പളപാക്കേജും അഗ്നിവീരർക്ക് ലഭിക്കും. നാലുവർഷത്തെ സേവന കാലാവധി പൂർത്തിയാകുമ്പോൾ, അഗ്നിവീരന്മാർക്ക് ഒ​റ്റത്തവണ 'സേവാ നിധി' പാക്കേജ് നൽകും. സേവാനിധി പാക്കേജിൽ അഗ്നി വീരരിൽ നിന്നുള്ള വിഹിതവും സമമായ സർക്കാർ വിഹിതവും അതിന്മേലുള്ള പലിശയും ഉൾപ്പെടും. ഒരു വർഷം 4.76 ലക്ഷം വാർഷിക വരുമാനം ലഭിക്കും. നാലാമത്തെ വർഷം 6.92 ലക്ഷമായി വർദ്ധിക്കും. നാല് വർഷം സേവനം പൂർത്തിയാക്കിയാൽ അവരുടെ പങ്കും പലിശയുമടക്കം 11.71 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും. ഈ പാക്കേജിനായി 30 ശതമാനം അഗ്നി വീറുകളും സമാനമായതുക കേന്ദ്ര സർക്കാരും നൽകും. സേവാനിധി പാക്കേജിനെ ആദായനികുതിയിൽ നിന്ന്‌ ഒഴിവാക്കും. അഗ്നിവീറുകൾക്ക് ഗ്രാ​റ്റ്വിവി​റ്റിക്കും പെൻഷൻ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാവില്ല. 48ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയുണ്ടാവും.

രാഷ്ട്രസേവന കാലയളവിൽ അഗ്നിവീരർ സൈനിക വൈദഗ്ദ്ധ്യം, അനുഭവപരിചയം, അച്ചടക്കം, ശാരീരികക്ഷമത, നേതൃഗുണം, ധൈര്യം, രാജ്യസനേഹം എന്നീ ഗുണങ്ങൾ ആർജിക്കും. സേവന കാലാവധിയിൽ നേടിയ കഴിവുകൾക്ക് അനുസൃതമായി സർട്ടിഫിക്ക​റ്റ് നൽകും. യുവാക്കൾക്ക് രാജ്യത്തെ സേവിക്കാനും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാനുമുള്ള അവസരമാണ് ലഭിക്കുക. നാലുവർഷത്തെ സേവനം പൂർത്തിയാകുമ്പോൾ സായുധസേനയിൽ സ്ഥിരമായ എന്റോൾമെന്റിന് അപേക്ഷിക്കാനുള്ള അവസരം അഗ്നിവീരർക്ക് ലഭിക്കും. നാല് വർഷത്തെ സേവന കാലയളവിലെ പ്രകടനം ഉൾപ്പെടെയുള്ള വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കേന്ദ്രീകൃത രീതിയിൽ ഈ അപേക്ഷകൾ പരിഗണിച്ച് ഓരോ ബാച്ചിലെ അഗ്നിവീറുകളുടെയും 25 ശതമാനം വരെ സായുധ സേനയുടെ സാധാരണ കേഡറിൽ എൻറോൾ ചെയ്യപ്പെടും.

അഗ്നിപഥിലെ ആശങ്കകൾ

ഈ വർഷം അഗ്നിപഥ് പദ്ധതി പ്രകാരം 46,000 യുവാക്കളെ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. മൂന്ന് സൈനിക വിഭാഗങ്ങളിലും അംഗങ്ങളെ ചേർക്കുന്നതിന് അഖിലേന്ത്യാ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്മെന്റ് പദ്ധതിയാണ് അഗ്നിപഥ്. ഇതിനായുള്ള റിക്രൂട്ട്മെന്റ് 90 ദിവസത്തിനുള്ളിൽ ആരംഭിക്കും. അഗ്നിപഥ് പദ്ധതിയിലൂടെ മൂന്ന് സേനകളുടെയും ശമ്പളം, പെൻഷൻ ചെലവുകൾ ഗണ്യമായി കുറയും. രാജ്യത്തെ സായുധസേനകളിൽ യുവാക്കൾക്ക് നാലുവർഷത്തെ സൈനിക സേവനം ലക്ഷ്യമിട്ടുള്ള നിർദ്ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. കര, നാവിക, വ്യോമസേനകളിൽ ഓഫീസർ ഇതര നിയമനങ്ങൾ ഇനി 'അഗ്നിപഥ്' വഴി മാത്രമായിരിക്കുമെന്നതാണ് യുവാക്കളുടെ പ്രധാന ആശങ്ക. ഇതുവരെ 15 വർഷത്തേക്കായിരുന്നു നിയമനം. തുടർന്നു പെൻഷനും ലഭിക്കുമായിരുന്നു. അഗ്നിവീരന്മാർക്ക് നാലുവർഷത്തെ സർവീസിനു ശേഷം 25ശതമാനം പേർക്കേ തുടരാനാവൂ. പെൻഷന് പകരമാണ് 11.71ലക്ഷം രൂപ നൽകുക. ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കുമെന്നും യുദ്ധസമാന സാഹചര്യങ്ങളിൽ ജീവൻ നൽകാൻ വരെ തയാറാകുന്ന സ്ഥിരനിയമനക്കാരുടെ പോരാട്ടവീര്യം, നാല് വർഷത്തേക്കു മാത്രം സേവനത്തിനെത്തുന്നവരിൽനിന്നു ലഭിച്ചേക്കില്ലെന്നും വിരമിച്ച സൈനികർ ആശങ്കപ്പെടുന്നു. ശരിയായ പരിശീലനം ലഭിക്കാത്തവരെ അതിർത്തിയിൽ നിയോഗിക്കുന്നത് സുരക്ഷയെ ബാധിക്കാം. ആയുധപരിശീലനം നേടിയ യുവാക്കൾ നാലുവർഷത്തെ സേവനത്തിനു ശേഷം തൊഴിൽരഹിതരായി പുറത്തിറങ്ങുന്നത് സമൂഹത്തിനുതന്നെ ഭീഷണിയാവുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നിയമനങ്ങൾ 'അഗ്നിപഥ്' വഴിയാക്കിയത് കേരളത്തിൽനിന്ന് കരസേനയിൽ ജവാൻ (ജനറൽ ഡ്യൂട്ടി), ക്ലാർക്ക് തസ്തികകളിലേക്ക് എഴുത്തുപരീക്ഷയെഴുതാൻ കാത്തിരിക്കുന്ന 2500പേർക്ക് തിരിച്ചടിയാണ്. 3000 അഗ്നിവീർ കേഡ​റ്റുകളെയാണു നാവികസേന ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറ് മാസത്തെ പരിശീലനത്തിനു ശേഷം രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത സൈനികമേഖലകളിൽ ജോലിചെയ്യാൻ അവസരം ലഭിക്കും.

അഗ്നിവീരന്മാർക്ക് സംരക്ഷണം

അഗ്നിവീറുകളുടെ നാലുവർഷത്തെ സേവനത്തിനുശേഷം സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തികപാക്കേജും ബാങ്ക് വായ്പയും ലഭ്യമാക്കും. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് 12ാം ക്ലാസ് തത്തുല്യ സർട്ടിഫിക്കറ്റും തുടർപഠന സൗകര്യവുമൊരുക്കും. ജോലി വേണ്ടവർക്ക് സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും സംസ്ഥാന പൊലീസിലും മുൻഗണന നൽകും. മറ്റ് മേഖലകളിലും നിരവധി സാദ്ധ്യതകളൊരുക്കിയിട്ടുണ്ട്. യുവാക്കൾക്ക് സായുധസേനയിൽ സേവനമനുഷ്ഠിക്കാനുള്ള അവസരങ്ങൾ വർദ്ധിക്കും. വരുംവർഷങ്ങളിൽ നിലവിലെ റിക്രൂട്ട്‌മെന്റിന്റെ മൂന്നിരട്ടിയായിരിക്കും അഗ്നിവീർ റിക്രൂട്ട്‌മെന്റ്. സൈന്യത്തിന്റെ പ്രൊഫഷണൽ സംവിധാനത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ല. നാലുവർഷത്തിന് ശേഷം ഏറ്റവും മികച്ച അഗ്നിവീറുകളെ തിരഞ്ഞെടുത്ത് സൈന്യത്തിന്റെ ഭാഗമാക്കുന്നത് യൂണിറ്റിന്റെ കെട്ടുറപ്പ് വർദ്ധിപ്പിക്കും. പതിനേഴര വയസുള്ളവരെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നൽകി സൈന്യത്തിലെടുക്കുന്നത് സായുധസേനയുടെ ഗുണമേന്മയെ ബാധിക്കില്ല. ആദ്യ വർഷം റിക്രൂട്ട് ചെയ്യുന്ന അഗ്നിവീറുകളുടെ എണ്ണം സായുധസേനയുടെ മൂന്ന് ശതമാനം മാത്രമായിരിക്കും. കൂടാതെ, നാലുവർഷത്തിന് ശേഷം സൈന്യത്തിലെടുക്കും മുമ്പ് അഗ്നിവീറുകളുടെ പ്രകടനം പരിശോധിക്കും. സൂപ്പർവൈസറി റാങ്കുകൾ നൽകുന്നതിന് മുമ്പും പരീക്ഷകളുണ്ടാകും. ചെറുപ്രായത്തിൽ യുവാക്കളെ സൈനിക സേവനത്തിന് നിയോഗിക്കുന്ന സംവിധാനം മിക്ക വിദേശരാജ്യങ്ങളിലുമുണ്ട്.

സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണിത്. അഗ്നിപഥ് സൈന്യത്തിന് കൂടുതൽ യുവത്വം നൽകും. മാത്രമല്ല, സേനയിൽ യുവാക്കളും അനുഭവസമ്പത്തുള്ളവരും തമ്മിലുള്ള അനുപാതം 50: 50 ആയിരിക്കും. 21 വയസുള്ള പ്രൊഫഷണൽ ആയുധ പരിശീലനമുള്ള ജോലിയില്ലാത്ത യുവാക്കൾ ഭീകര ഗ്രൂപ്പുകളിലോ 'ദേശവിരുദ്ധ' ശക്തികളിലോ ചേരാനിടയുണ്ടെന്ന

ആശങ്കകൾ സേനയുടെ ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കും നിരക്കാത്തതാണ്. നാലുവർഷം സൈനിക യൂണിഫോം ധരിച്ച് രാജ്യത്തെ സേവിക്കുന്ന യുവാക്കൾ ജീവിതകാലം മുഴുവൻ ഭാരതാംബയോട് പ്രതിജ്ഞാബദ്ധരായിരിക്കും. നിലവിൽ ആയിരക്കണക്കിന് ആളുകൾ സായുധസേനയിൽ നിന്ന് വിരമിക്കുന്നു. അവരൊന്നും ഭീകര ഗ്രൂപ്പുകളിൽ ചേരുന്നില്ല. ആഭ്യന്തരമന്ത്രാ ലയത്തിനു കീഴിലുള്ള അർദ്ധ സൈനികവിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനങ്ങളിൽ അഗ്നിവീറുകൾക്ക് മുൻഗണന നൽകും. അഗ്നിപഥ് പദ്ധതിയിൽ നാലുവർഷം സർവീസ് പൂർത്തിയാക്കുന്നവർക്കായിരിക്കുമിത്. ഇവർക്കായി ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല (ഇഗ്‌നോ) പ്രത്യേക ബിരുദകോഴ്സുകളും തുടങ്ങും. ഉത്തർപ്രദേശ്, മധ്യപ്രദേശ് പൊലീസുകളിൽ ഇവർക്ക് നിയമനത്തിന് മുൻഗണന നൽകും. സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., എസ്.എസ്.ബി, ഐ.ടി.ബി.പി., എൻ.എസ്.ജി. എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലും മുൻഗണനയുണ്ടാവും.

നാലുവർഷം കുറവോ ?

നാലുവർഷത്തെ സൈനിക സേവനം തീരെ കുറഞ്ഞ കാലയളവാണെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാ​റ്റിയെടുക്കാൻ ചുരുങ്ങിയത് അഞ്ചുമുതൽ ആറ് വർഷം വരെയാണ് വേണ്ടതെന്ന് മേജർ രവി പറഞ്ഞു. ചെലവ് ചുരുക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കരുത്. പുതിയ ആയുധങ്ങൾ കൈകാര്യം ചെയ്യാൻ നാലുവർഷത്തെ പരിശീലനം കൊണ്ട് കഴിയില്ല. സാങ്കേതികമായി ഒരു സൈനികൻ പ്രാപ്തനാകണമെങ്കിൽ ചുരുങ്ങിയത് 6– 7 വർഷത്തെ പരിശീലനം വേണം. ഒരു യുദ്ധം വന്നാൽ ഇവരെക്കൊണ്ട് എന്തു ചെയ്യാൻ കഴിയും. നമുക്കൊരു യുദ്ധത്തെ അഭിമുഖീകരിക്കാൻ കഴിയുമോ? നാലു വർഷത്തിനിടയ്ക്ക് ആരു വരുന്നു പോകുന്നു എന്നുള്ളത് അറിയില്ല. എത്ര സൂക്ഷ്മപരിശോധന നടത്തിയാലും ആരുടെയും മനസ് ചൂഴ്ന്നു പരിശോധിക്കാനാവില്ല. നാലുവർഷം കഴിഞ്ഞ് പരിശീലത്തിനു ശേഷം പുറത്തിറങ്ങുന്നവർ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാം. ചിലപ്പോൾ ഏതെങ്കിലും ഭീകരസംഘത്തിൽ പോയി ചേരാനായാണ് ഒരാൾ വരുന്നതെങ്കിലോ? ഇത് രാജ്യത്തിന് വളരെയേറെ ഭീഷണിയാണ്.'– മേജർ രവി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGNIPADH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.