SignIn
Kerala Kaumudi Online
Friday, 29 March 2024 11.29 AM IST

ആന്റി ഡ്രോൺ സംവിധാനവുമായി പൊലീസ് ആകാശ കവചം..!

drone

വ്യോമപാതയിലും സൈനികമേഖലയിലും നിരോധിത മേഖലകളിലും ഡ്രോൺ പറത്തുന്നവരെയും ശത്രുഡ്രോണുകളെയും നേരിടാൻ ആകാശ കവചം (ആന്റി ഡ്രോൺ സംവിധാനം) ഒരുക്കുകയാണ് പൊലീസ്.

ഡ്രോണുകളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കണ്ടെത്തി, അവയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ഡ്രോണുകളെ നിലത്തിറക്കാനുള്ള പ്രതിരോധ സംവിധാനമാണിത്. വാഹനത്തിൽ ഘടിപ്പിക്കാനാവുന്ന പ്രതിരോധ സംവിധാനത്തിലുള്ള റഡാറിന് അഞ്ച് കിലോമീറ്റർ പരിധിയിൽ താഴ്‌ന്നു പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനാവും. അഡി.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാവും ഡ്രോൺ പ്രതിരോധ സംവിധാനം സജ്ജമാക്കുക.

ടാറ്റാ കൺസൾട്ടൻസി സർവീസ് (ടി.സി.എസ് ) അടക്കം മൂന്ന് സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഡ്രോൺ പ്രതിരോധം ഒരുക്കുക. ജി.പി.എസ്, കാമറാദൃശ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി പറക്കുന്ന ഡ്രോണുകളെ റേഡിയോ ഫ്രീക്വൻസി, ലേസർ എന്നിവ ഉപയോഗിച്ച് പ്രവർത്തനരഹിതമാക്കും. വി.ഐ.പികളുടെ സന്ദർശനസ്ഥലങ്ങളിലും വിമാനത്താവളം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം അടക്കമുള്ള സുരക്ഷാമേഖലകളിലും ഡ്രോൺ പ്രതിരോധ സംവിധാനം വിന്യസിക്കും. സേനകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഒരു സംസ്ഥാന പൊലീസ് ആദ്യമായാണ് ഡ്രോൺ പ്രതിരോധമുണ്ടാക്കുന്നത്.
സംശയകരമായ ഡ്രോണുകൾ നിലത്തിറക്കിയശേഷം വിദഗ്ദ്ധപരിശോധന നടത്താൻ ഡ്രോൺ ഫോറൻസിക് ലാബ് തിരുവനന്തപുരത്ത് സജ്ജമാക്കും. മൊബൈലിന്റെ ഐ.എം.ഇ.ഐ നമ്പർ പോലെ ഡ്രോണിനും തിരിച്ചറിയൽ നമ്പറുണ്ട്. എവിടെയാണ് നിർമ്മിച്ചതെന്നതടക്കം വിവരങ്ങൾ കിട്ടും. എവിടെ നിന്ന് ആരാണ് പറത്തിയതെന്ന് കണ്ടെത്താനുള്ള ഉപകരണങ്ങളും ലാബിനായി വാങ്ങും. നേരത്തേ, തിരുവനന്തപുരം വിമാനത്താവളത്തിന് തൊട്ടടുത്തായി രണ്ടുവട്ടം ഡ്രോണുകൾ പറത്തിയിരുന്നു. രാത്രികാഴ്‌ചയുള്ള കാമറകൾ ഘടിപ്പിക്കാവുന്ന ഡ്രോണിന് രണ്ടുകിലോഗ്രാമിലേറെ ഭാരമുണ്ടാവും. ഡ്രോണുമായി കൂട്ടിയിടിച്ചാൽ വിമാനത്തിന് തീപിടിച്ചേക്കാം. വിമാനത്തിന്റെ നിയന്ത്രണം തെറ്റും. താഴ്ന്നുപറക്കുന്ന ഇവ വിമാനത്താവളത്തിലെ റഡാറിന്റെ കണ്ണിൽപെടില്ല.

പൊലീസിന് നൈറ്റ് പട്രോളിംഗിന് ഡ്രോൺ ഉപകാരമാണ്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും പൊലീസ് ഡ്രോണിനെയാണ് ആശ്രയിച്ചത്. ടൂറിസം കേന്ദ്രങ്ങളിൽ ജീവൻരക്ഷാ പ്രവർത്തനത്തിനും ഉപയോഗിക്കാം. ജലാശയങ്ങളിൽ മുങ്ങിപ്പോവുന്നവർക്ക് ലൈഫ്ജാക്കറ്റ് നൽകാനും ഡ്രോണിനാവും. 80,000 രൂപയ്‌ക്ക് ഒരുകിലോ ഭാരം വഹിക്കാവുന്ന കാമറയുള്ള ഡ്രോൺ കിട്ടും. ഇതിന് ഒരു കിലോയുള്ള ബോംബ് വഹിക്കാനാവും. ഭീകരസംഘടനകൾ ഇത്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഡ്രോണുകൾ ആക്രമണത്തിന് ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവള സുരക്ഷയ്ക്കും പ്രതിരോധ സംവിധാനം ഉപയോഗിക്കാനാവും.

ഡ്രോൺ കവചം

 നിശ്ചിത സ്ഥലത്തോ സഞ്ചരിക്കുന്ന വാഹനങ്ങളിലോ ഘടിപ്പിക്കാവുന്നതാണ് അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനമായ ഡ്രോൺ ഷീൽഡ്.

 ഡ്രോൺ താഴ്‌ന്നു പറക്കുന്നത് കണ്ടെത്താനാവുന്ന റഡാറാണ് പ്രധാനി. ഡ്രോൺ തിരിച്ചറിഞ്ഞാലുടൻ മുന്നറിയിപ്പ് നൽകും.

 റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഡ്രോണുകളുടെ ഫ്രീക്വൻസിയും തരംഗങ്ങളും ജാമാക്കി പ്രവർത്തനം തടയുന്ന ഓട്ടോമാറ്റിക് സംവിധാനം.

 ഏത് കാലാവസ്ഥയിലും പ്രവർത്തിക്കും. ഒരു സ്ഥലത്ത് സ്ഥാപിക്കാവുന്ന വലിയ പ്രതിരോധ സംവിധാനത്തേക്കാൾ ചെലവ് കുറവ്

ഓൺലൈനിൽ ചൈനാഡ്രോൺ

ഓൺലൈനിൽ വാങ്ങാനാവുന്ന ചൈനാ നിർമ്മിത ഹൈക്വാളി​റ്റി ഡ്രോണുകളാണ് പറത്തുന്നതിലേറെയും. ഭീതിവിതച്ച് ഡ്രോൺ പറത്തുന്നവരെ കണ്ടെത്താൻ വ്യോമസേന, ഐ.എസ്.ആർ.ഒ സഹായത്തോടെയുള്ള പൊലീസിന്റെ 'ഓപ്പറേഷൻ ഉഡാൻ' നിലച്ചു. കോസ്റ്റ്ഗാർഡ് കേന്ദ്രം, ദക്ഷിണവ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ എന്നിവയ്ക്കടുത്തു കൂടി ഡ്രോൺ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. ജനവാസ മേഖലകളിൽ ഡ്രോൺ വെടിവച്ചിടാൻ പ്രയാസമാണ്. പക്ഷേ, സൈനിക മേഖലകളിൽ ഡ്രോൺ വെടിവച്ചിടാൻ സൈനികർക്ക് അനുമതി ആവശ്യമില്ല. രണ്ടുവർഷം മുൻപ് അനുമതിയില്ലാതെ ഡ്രോൺ പറത്തിയ തീരദേശ റെയിൽപ്പാതയുടെ സർവേ നടത്തുന്ന മുംബയിലെ ഇൻട്രോൺ സൊല്യൂഷൻ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അനുമതിയില്ലാതെ പറത്തല്ലേ

250 ഗ്രാമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് അഞ്ച് വിഭാഗങ്ങളിലായി തിരിച്ച് നിയന്ത്റണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല. ബാക്കിയുള്ള എല്ലാ ഡ്രോണുകൾക്കും വ്യോമയാന ഡയറക്ടറേ​റ്റ് നൽകുന്ന പെർമി​റ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പരും വേണം. ഇവ 400 അടിക്ക് മുകളിൽ പറത്തരുത്.

സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല. വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, രാജ്ഭവൻ, സെക്രട്ടേറിയ​റ്റ്, മ​റ്റു സുരക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾ പാടില്ല. വിമാനത്താവളത്തിനടുത്ത് ഡ്രോൺ പറത്തുന്നത് എയർക്രാഫ്ട് ആക്ട്പ്രകാരം രണ്ടുവർഷം തടവും 10 ലക്ഷം പിഴയും കിട്ടാവുന്ന കുറ്റമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTI DRONE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.