SignIn
Kerala Kaumudi Online
Friday, 29 March 2024 6.22 AM IST

ആറാട്ടുപുഴ വേലായുധപ്പണിക്കർ; അവർണർക്ക് ആത്മാഭിമാനം പകർന്ന പോരാളി

aarattupuzha

ജാതീയമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നടമാടിയിരുന്ന സമൂഹത്തിൽ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് അടിച്ചമർത്തലിന് വിധേയമായി നരകജീവിതം നയിച്ചിരുന്ന ജനതയുടെ രക്ഷകനായി മാറിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഓർമ്മകൾ ഇന്നും നമുക്ക് ആവേശം പകരുന്നു. അവർണ സമുദായങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അക്ഷീണം പോരാടിയ ആ വിപ്ലവകാരിക്ക് ചരിത്രപുസ്തകങ്ങളിൽ അർഹമായ സ്ഥാനംകിട്ടിയില്ലെന്ന് മാത്രമല്ല ഉചിതമായ സ്മാരകങ്ങൾ നിർമ്മിക്കാൻ ഭരണകേന്ദ്രങ്ങൾ ഒരു കാലത്തും താത്പര്യം കാണിച്ചതുമില്ല.19ാം നൂ​റ്റാണ്ടിലും ഇരുപതാം നൂ​റ്റാണ്ടിന്റെ ആദ്യവും നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതികളിൽ അവർണസമുദായങ്ങൾ അനുഭവിച്ച അടിമത്വവും അടിച്ചമർത്തലും എത്രത്തോളം ദുസഹമായിരുന്നുവെന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവചരിത്രം പഠനവിഷയമാക്കേണ്ടിയിരിക്കുന്നു.

ഒന്നരനൂറ്റാണ്ട് മുമ്പ് സവർണ പ്രമാണിമാരോട് നേർക്കുനേർനിന്ന് പോരാടി പിഴുതെറിഞ്ഞ അനീതിയും അനാചാരവും അസമത്വവും പുതിയ രൂപത്തിലും ഭാവത്തിലും ഇന്ന് നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിൽ കടന്നുവന്നിട്ടുണ്ടെന്ന യാഥാർത്ഥ്യം മുന്നിലുണ്ട്. ഭരണകേന്ദ്രങ്ങളിൽ നിന്ന് പലകാരണങ്ങൾ പറഞ്ഞ് അനർഹമായ ആനുകൂല്യം പ​റ്റുന്ന മതവിഭാഗത്തിന്റെ നേതാക്കൾ 'ചെത്തുകാരന്റെ മകനാ'കുന്നത് ഒരു കുറവായിക്കണ്ട് പൊതുവേദിയിൽ അധിക്ഷേപ വർഷം ചൊരിഞ്ഞത് നൂ​റ്റാണ്ടുകൾക്കോ പതി​റ്റാണ്ടുകൾക്കോ മുമ്പല്ല , ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഭരണതലത്തിൽ നിന്ന് അവർണരെ കരുതിക്കൂട്ടി മാ​റ്റിനിറുത്തുകയും വിദ്യാഭ്യാസ അവകാശങ്ങൾ അവർക്ക് നിഷേധിക്കുകയും ചെയ്യുന്ന പ്രവണത ഈ ആധുനിക കാലഘട്ടത്തിലും കാണാം. മംഗലത്തെ ശിവപ്രതിഷ്ഠയിലൂടെ ആറാട്ടുപുഴ വേലായുധപ്പണിക്കർ
ആരാധനാലയങ്ങളുടെ വാതിലുകൾ അവർണർക്കായി തുറന്നുകൊടുക്കുകയായിരുന്നു. എന്നാൽ ഈ ആധുനികകാലത്ത് പ്രധാനക്ഷേത്രങ്ങളുടെ ശ്രീകോവിലുകൾ അവർണർക്ക് മുന്നിൽ വീണ്ടും കൊട്ടിഅടയ്ക്കപ്പെട്ടിരിക്കുകയാണ്. അക്കാലത്ത് ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ പോരാട്ടം എത്രത്തോളം ദുർഘടമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ പാതയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ ഉറച്ച ചുവടുവയ്പുകളിൽ പരിഭ്രാന്തരായ സവർണപ്രമാണിമാർ കിങ്കരൻമാരെ അയച്ച് 1874 ജനുവരി മൂന്നിന് അദ്ദേഹത്തെ കുത്തിവീഴ്ത്തുമ്പോൾ 49 വയസ് മാത്രമായിരുന്നു പ്രായം. അയിത്തവും അനാചാരങ്ങളും ദുഷിപ്പിച്ച ഒരു സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾക്ക് അതോടെ അകാലത്തിൽ തിരശീലവീണു. മൃഗങ്ങൾക്ക് പോലും നിർബാധം സഞ്ചരിക്കാവുന്ന പാതകളിൽ നിന്ന് അവർണ സമുദായങ്ങളെ ആട്ടിയോടിച്ചിരുന്ന കാലമായിരുന്നു അത്. ക്ഷേത്രങ്ങളിൽ ആരാധനനടത്താനാവില്ലെന്ന് മാത്രമല്ല സമീപത്ത് പോലും ചെല്ലാൻ കഴിയില്ല. വീട്ടിൽ വളർത്തുന്ന പശുവിൽനിന്ന് പാൽ കറന്നെടുക്കാൻ അവർണന് അവകാശമില്ലെന്ന് വിളംബരങ്ങൾ പുറത്തുവരുന്ന വ്യവസ്ഥിതി. എന്തിന്, നാണം മറയ്ക്കാൻ ഇഷ്ടാനുസരണം വസ്ത്രങ്ങൾ ധരിക്കാൻ പോലും അവർണർക്ക് അവകാശം നിഷേധിക്കപ്പെട്ട കാലം.
1825ൽ കാർത്തികപ്പള്ളി താലൂക്കിലെ സമ്പന്നമായ ഈഴവ കുടുംബത്തിൽ ജനിച്ച വേലായുധപ്പണിക്കർക്ക് ഈ അനാചാരങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കാമായിരുന്നു. എന്നാൽ സംസ്‌കൃതം,മലയാളം, തമിഴ് ഭാഷാപഠനത്തിന് പുറമേ ആയുർവേദവും ജ്യോതിഷവും പഠിച്ച് വിദ്യാസമ്പന്നനായ വേലായുധപ്പണിക്കർ അനാചാരങ്ങൾക്കെതിരെ വാൾമുന കൂർപ്പിക്കാൻ തീരുമാനിച്ചു. കുതിരസവാരിയും വാൾപ്പയ​റ്റും ശരീരത്തിന് മാത്രമല്ല മനസിനും കരുത്ത് കൂട്ടി. എന്നാൽ പൊതുവേ കരുതുന്നത് പോലെ ദുഷിച്ച സാമൂഹ്യവ്യവസ്ഥിതിയ്‌ക്കെതിരെ ആയുധമെടുത്ത് മാത്രം പോരാടിയ വിപ്ലവകാരിയായിരുന്നില്ല ആറാട്ടുപുഴ വേലായുധപ്പണിക്കർ. അടിമത്തത്തിൽ ആണ്ട് കിടന്ന ജനസമൂഹത്തെ മോചിപ്പിക്കാൻ സാംസ്‌കാരിക ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 'സംസ്‌കാരത്തിന്റെ
രാഷ്ട്രീയ'ത്തിലാണ് അടിമത്വത്തിനെതിരെയുള്ള പ്രതിരോധം അദ്ദേഹം തുടങ്ങിവെച്ചത്.
സവർണ ഹിന്ദുക്കളുടെ വിലക്ക് വകവയ്ക്കാതെ അവർണർക്ക് കഥകളി ആസ്വദിക്കാനും അഭ്യസിക്കാനും കളിയോഗങ്ങൾ തുടങ്ങിയത് തന്നെ മികച്ച ഉദാഹരണം. 'പച്ചതേച്ച്' മുടിയോ കിരീടമോ വച്ച് ദേവന്മാരുടേയും രാജാക്കന്മാരുടേയും ഉത്തമന്മാരായ മ​റ്റു കഥാപാത്രങ്ങളുടേയും വേഷംകെട്ടി ആടുന്നതിന് അയിത്തക്കാരായ ഈഴവർക്ക് അധികാരമില്ലെന്നും അത് ആചാരലംഘനമാണെന്നുമുള്ള സവർണഹുങ്കാണ് അദ്ദേഹം തകർത്തെറിഞ്ഞത്. കളിയോഗങ്ങൾക്ക് പുറമേ അവർണർക്കായി കളരിയോഗങ്ങളും പാഠശാലകളും സ്ഥാപിക്കുകയും ദളിതർക്ക് ഉൾപ്പെടെ അവിടെ പ്രവേശനം നല്കുകയും ചെയ്ത മഹാപുരുഷനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. വേണ്ടത്ര മുന്നൊരുക്കങ്ങളോടെയും ആലോചിച്ച് ഉറപ്പിച്ച പദ്ധതികളോടെയുമായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ.

അവർണരുടെ ആദ്യക്ഷേത്രം

താഴ്ന്ന ജാതിക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രപ്രതിഷ്ഠയും ആചാരങ്ങളും സാഹസികമായി സ്വായത്തമാക്കിയശേഷമാണ് അദ്ദേഹം1852ൽ കാർത്തികപ്പള്ളിയിലെ മംഗലത്ത് അവർണരുടെ ആദ്യത്തെ ശിവപ്രതിഷ്ഠ നടത്തിയത്. ഇതിനായി അവർണർക്ക് പ്രവേശനമില്ലാത്ത വൈക്കം ക്ഷേത്രസന്നിധിയിൽ ഏറെക്കാലം ബ്രാഹ്മണവേഷത്തിൽ താമസിച്ച് ആചാരങ്ങൾ പഠിച്ചു. അയിത്തക്കാരൻ ക്ഷേത്രത്തിൽ താമസിച്ച് പൂജാവിധികളും മ​റ്റും പഠിച്ചാൽ എന്തു പരിഹാരമാണ് ചെയ്യേണ്ടതെന്ന ക്ഷേത്രതന്ത്രിയോടുള്ള വേലായുധപ്പണിക്കരുടെ ചോദ്യവും ശുദ്ധികർമ്മത്തിന് 101 രൂപയും സ്വർണനാണയവും കൊടുത്ത് സ്ഥലംവിട്ടതും എന്നും ചർച്ചചെയ്യപ്പെടുന്ന ചരിത്ര കൗതുകങ്ങളാണ്. ശാസ്ത്രവിധി പ്രകാരമുള്ള എല്ലാ പൂജാവിധികളും നടപ്പാക്കിയാണ് മംഗലത്ത് ശിവപ്രതിഷ്ഠ നടത്തിയത്. അവർണൻ ക്ഷേത്രപ്രതിഷ്ഠ നടത്തിയതിനെ ചോദ്യം ചെയ്ത ചെമ്പകശ്ശേരി രാജാവിനോട് നിവർന്നുനിന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്. സവർണരുടേയും ഭരണകൂടത്തിന്റെയും ഭീഷണി നേരിട്ടുകൊണ്ടാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ മംഗലത്ത് ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. കടുത്ത എതിർപ്പ് അവഗണിച്ച് തണ്ണീർമുക്കം ചെറുവാരണത്തും അദ്ദേഹം ക്ഷേത്രം സ്ഥാപിച്ചു.


വസ്ത്രം ധരിക്കാനുള്ള

അവകാശത്തിന് പണിമുടക്ക്

ഈഴവസ്ത്രീകൾക്ക് ഇഷ്ടാനുസരണം വസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് കൃഷിയിടങ്ങളിലെ നിസഹകരണ സമരത്തിലൂടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ ആ അവകാശം നേടിയെടുത്തത്. 'ഉയർന്ന ജാതിക്കാരുടെ വസ്ത്രധാരണ രീതിയെ ആക്ഷേപകരമാംവണ്ണം താഴ്ന്ന ജാതിക്കാർ അനുകരിക്കരു'തെന്ന സർക്കാർ ഉത്തരവിന്റെ ബലത്തിൽ മുട്ടിന് താഴെ വസ്ത്രം ധരിക്കാൻ സവർണ പ്രമാണിമാർ ഈഴവ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. സവർണ സ്ത്രീകൾക്ക് മാത്രം ധരിക്കാൻ
അനുമതിയുണ്ടായിരുന്ന അച്ചിപ്പുടവ ഉടുത്ത ഈഴവ യുവതിക്ക് നേരെ പത്തിയൂരിൽ ആക്രമണമുണ്ടായപ്പോൾ വേലായുധപ്പണിക്കർ അവിടെയെത്തി യുവതിയെ അപമാനിച്ചവരെ നേരിട്ട് കൈകാര്യം ചെയ്ത് പ്രശ്നം പരിഹരിച്ചു. എന്നാൽ സർക്കാർ വിളംബരം നിലനില്ക്കുന്നിടത്തോളം കാലം ഈ അതിക്രമം തുടരുമെന്ന് മനസിലാക്കി അദ്ദേഹം കാർത്തികപ്പള്ളി താലൂക്കിലും സമീപപ്രദേശങ്ങളിലും കൃഷിയിടങ്ങളിൽ സവർണർക്ക് വേണ്ടി പണിചെയ്യുന്നത് വിലക്കി സമരം പ്രഖ്യാപിക്കുകയായിരുന്നു. കേരളചരിത്രത്തിലെ ആദ്യത്തെ പണിമുടക്കായിരുന്നു അത്. ഈ അച്ചിപ്പുടവ സമരത്തിലൂടെ കൃഷിപ്പണിയും തേങ്ങവെട്ടും മുടങ്ങിയതോടെ സവർണ പ്രമാണിമാർ സന്ധി സംഭാഷണത്തതിന് തയ്യാറായി. പത്തിയൂരിലെ യുവതിയോട് മാപ്പു പറയുക മാത്രമല്ല, മുട്ടിന് താഴെ വസ്ത്രം ധരിക്കുന്നതിനെ തടയില്ലെന്നും ഉറപ്പും വാങ്ങി. അവർണ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ മേൽമുണ്ട് ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് മേൽമുണ്ട് ധരിച്ച് കായംകുളം കമ്പോളത്തിലെത്തിയ ഈഴവ യുവതിയെ അപമാനിച്ച ജാതിക്കോമരങ്ങളെ നേരിട്ടെത്തി അദ്ദേഹം കൈകാര്യം ചെയ്യുക മാത്രമല്ല അവിടെയുണ്ടായിരുന്ന മുഴുവൻ സ്ത്രീകൾക്കും മേൽമുണ്ട് സൗജന്യമായി നല്‌കുകയും ചെയ്തു. 1859ൽ നടന്ന ഈ സംഭവത്തിന് ശേഷമാണ് മേൽമുണ്ട് ധരിക്കാൻ അവർണ സ്ത്രീകൾക്ക് അവകാശം കിട്ടിയതെന്ന് ഇന്നത്തെ തലമുറയിൽ എത്രപേർക്ക് അറിയാം?

മൂക്കുത്തി അണിയിച്ച് വെല്ലുവിളി
മൂക്കുത്തി ധരിക്കാൻ സവർണ സ്ത്രീകൾക്ക് മാത്രം അവകാശമുണ്ടായിരുന്ന കാലത്ത് പന്തളത്ത് സ്വർണമൂക്കുത്തി ധരിച്ച ഈഴവ സ്ത്രീയുടെ മൂക്കുത്തി മാംസത്തോടെ പറിച്ചെടുത്ത സവർണ കിങ്കരന്മാരെ നിലയ്ക്ക് നിർത്തിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. ഒരു കിഴി നിറയെ മൂക്കുത്തി കൊണ്ടുവന്ന് ആ ഭാഗത്തെ മുഴുവൻ സ്ത്രീകളെയും മൂക്കുത്തി അണിയിച്ച് വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. അതോടെ ആ ചിട്ടയ്‌ക്ക് അവസാനമായി. ഇടതുവശത്തേക്ക് ചീകിവെച്ച് മുടിവെട്ടുവാൻ സവർണ വിഭാഗത്തിലെ പുരുഷന്മാർക്ക് മാത്രം അവകാശമുണ്ടായിരുന്ന കാലത്ത് ആ വിധത്തിൽ സ്വയം മുടികെട്ടി ആ ആചാരം തിരുത്തുകയും ചെയ്തു ആ വിപ്ലവകാരി.

പാലിന്റെ പേരിലും വിവേചനം

അവർണർക്ക് പശുക്കളെ തീ​റ്റകൊടുത്ത് വളർത്താൻ അല്ലാതെ കറന്ന പാൽ ഉപയോഗിക്കാൻ അധികാരമില്ലെന്ന ആചാരം ഒ​റ്റ ചോദ്യത്തിലൂടെയാണ് വേലായുധപ്പണിക്കർ തിരുത്തിക്കുറിച്ചത്. പശുപെ​റ്റാൽ പാൽ കറന്ന് ഉപയോഗിക്കാനുള്ള അവകാശം നമ്പൂതിരി ഇല്ലങ്ങൾക്കോ നായർ പ്രമാണിമാർക്കോ ആണെന്നാണ് അന്നത്തെ ചട്ടം. ഈഴവരുടെ പശുക്കളെ കിങ്കരന്മാരെ അയച്ച് ബലമായി പിടിച്ചുകൊണ്ടു വന്നിരുന്ന സവർണ പ്രമാണിയോട് വേലായുധപ്പണിക്കർ നെഞ്ച് നിവർത്തിനിന്ന് ചോദിച്ചു, പാവപ്പെട്ടവരുടെ കറവപ്പശുക്കളെ വരുത്തുന്ന നടപടി ഇനിയും വേണോ? വിരണ്ട് പോയ പ്രമാണി നിശബ്ദനായി. അതോടെ ആ അനീതിക്കും പരിഹാരമായി. 'ഹോയ്' വിളിച്ച് ജയിലിലേക്ക് സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കാൻ നടത്തിയ ധീരമായ നീക്കങ്ങൾ ജയിൽവാസത്തിലാണ് കലാശിച്ചത്. അയിത്തജാതിക്കാർ വഴിമാറി പോകണമെന്നുള്ള സവർണരുടെ 'ഹോയ്' വിളികൾ ആറാട്ടുപുഴ വേലായുധപ്പണിക്കരെ
ചാെടിപ്പിച്ചിരുന്നു. ഒരിക്കൽ ഇടപ്പള്ളി രാജാവിന്റെ പരിവാരങ്ങളുടെ 'ഹോയ്' വിളികളോട് തിരിച്ച് 'ഹോയ്' വിളിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് സംഘർഷത്തിൽ കലാശിക്കുകയും പരിവാരങ്ങളെ പണിക്കർ തല്ലിഓടിക്കുകയും ചെയ്തതോടെ ആ പ്രദേശത്ത് സഞ്ചാര സ്വാതന്ത്ര്യം നിലവിൽ വന്നു. കേസ് രജിസ്​റ്റർ ചെയ്തതിനെതുടർന്ന് കോടതി ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് ഒരുകൊല്ലത്തെ തടവുശിക്ഷ വിധിച്ച് കൊല്ലം ജയിലിലേക്ക് അയയ്‌ക്കുകയായിരുന്നു.

വീരശൃംഖല
ജയിൽശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കരെ പിന്നീട് തിരുവിതാകൂർ മഹാരാജാവിന് വീരശൃംഖല അണിയിച്ച് ആദരിക്കേണ്ടി വന്നതാണ് ശ്രദ്ധേയമായ മ​റ്റൊരു കാര്യം. മുറജപത്തിന്റെ മുന്നോടിയായി പത്മനാഭപുരം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന പരിപാവനമായ സാളഗ്രാമം അക്രമികൾ തട്ടിയെടുത്തപ്പോൾ അത് വീണ്ടെടുക്കാനുള്ള ദൗത്യം മഹാരാജാവ് ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ഏല്‌പ്പിച്ചത്. സാളഗ്രാമം അക്രമികളിൽ നിന്ന് തിരിച്ചുപിടിച്ച് ദൗത്യം വിജയിപ്പിച്ചതിനെ തുടർന്നായിരുന്നു മഹാരാജാവ് വീരശൃംഖല അണിയിച്ചത്.

കഥകളി യോഗം സ്ഥാപിച്ചു

കഥകളിയിൽ സവർണരുടെ കുത്തക തകർക്കാൻ കഥകളിയോഗം സ്ഥാപിച്ച് അവർണർക്ക് പരിശീലനം നല്‌കാനും ആ ധീരപോരാളി തയ്യാറായി. 'പച്ചതേച്ച്' മുടിയോ കിരീടമോ വച്ച് ദേവന്മാരുടെയും രാജാക്കന്മാരുടെയും ഉത്തമന്മാരായ മ​റ്റു കഥാപാത്രങ്ങളുടെയും വേഷംകെട്ടി ആടുന്നതിന് അയിത്തക്കാരായ ഈഴവർക്ക് അധികാരമില്ലെന്നും അത് ആചാരലംഘനമാണെന്നുമുള്ള സവർണഹുങ്കാണ് അദ്ദേഹം തകർത്തെറിഞ്ഞത്.

ചതിപ്രയോഗത്തിലൂടെ കൊല ചെയ്തു

കൊല്ലത്തേക്ക് പോകാൻ ബോട്ടിൽ സഞ്ചരിക്കുമ്പോൾ കായംകുളം കായലിൽ വെച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ചതിപ്രയോഗത്തിലൂടെ ബോട്ടിൽ ചാടിക്കയറിയ ഒരു നരാധമൻ ആ ധീരപോരാളിയെ കത്തിമുനയ്ക്ക് ഇരയാക്കുകയായിരുന്നു.

സ്മാരകം നിർമ്മിക്കാൻ സർക്കാർ മുൻകൈയെടുക്കണം

ആറാട്ടുപുഴ വേലായുധപ്പണിക്കരെ നവോത്ഥാന നായകനായി അംഗീകരിച്ച് സ്മരണ നിലനിറുത്തുന്നതിന് കഴിഞ്ഞ ബഡ്ജ​റ്റിൽ തുക അനുവദിച്ചെങ്കിലും കാര്യങ്ങൾ പിന്നീട് നീങ്ങിയില്ല. അദ്ദേഹത്തിന്റെ കല്ലിശ്ശേരി തറവാടും ചു​റ്റുമുള്ള സ്ഥലങ്ങളും സ്മാരകമാക്കുന്നതിന് സർക്കാർ ഉചിതമായ നടപടിയെടുക്കണം. നാട്ടുകാരുടെ സമിതി മംഗലത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചത് അഭിനന്ദനീയമായകാര്യമാണ്. പിന്നാക്കക്കാർ ഇന്നനുഭവിക്കുന്ന സാമൂഹികമായ സ്വാതന്ത്റ്യങ്ങൾ നേടിയെടുത്തതിന്റെ പിന്നിൽ സാഹസികവും കഷ്ടപ്പാട് നിറഞ്ഞതുമായ എത്രയെത്ര സമരങ്ങളാണ് നടന്നതെന്നും എത്ര ജീവനുകളാണ് ഹോമിക്കപ്പെട്ടതെന്നും പുതിയ തലമുറക്ക് മനസിലാക്കിക്കൊടുക്കാൻ സ്മാരകം പര്യാപ്തമാകണം. അനീതിക്കും അസമത്വങ്ങൾക്കുമെതിരെയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുമുള്ള ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടം സംഘടിതമായിരുന്നില്ല. ചില പ്രദേശങ്ങളിൽ അത് ഒതുങ്ങി നിന്നുവെന്നതും വസ്തുതയാണ്. ധീരമായ ആ ഒ​റ്റയാൾ പോരാട്ടം ഇന്നും അവശത അനുഭവിക്കുന്ന അവർണ വിഭാഗങ്ങൾക്ക് പ്രചോദനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARATTUPUZHA VELAYUDHAPANICKER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.