SignIn
Kerala Kaumudi Online
Thursday, 18 April 2024 5.38 PM IST

ഉപരാഷ്ട്രപതി കസേരയിൽ കണ്ണുനട്ട്...!

arif

പിണറായി സർക്കാരുമായി നിരന്തരം ഇടഞ്ഞ്, ദേശീയശ്രദ്ധ നേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണിപ്പോൾ. സ്ഥിരമായി ഡൽഹിയിൽ തമ്പടിച്ച് അദ്ദേഹം നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളാണ് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തി പകരുന്നത്. രാജ്യത്ത് ആകെയുള്ളൊരു ഇടത് സർക്കാരുമായി ഏറ്റുമുട്ടി, ദേശീയ ശ്രദ്ധയാകർഷിക്കാൻ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാൻ രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയായാലും അത്ഭുതപ്പെടാനില്ല. ആഗസ്റ്റിലാവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളടങ്ങിയ ഇലക്ട്രൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ആനുപാതിക പ്രാതിനിധ്യ നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ട് സമ്പ്രദായത്തിലാണ് തിരഞ്ഞെടുപ്പ്. എത്രയും സ്ഥാനാർത്ഥികളുണ്ടോ അത്രയും വോട്ട് മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തണം. സാധുവായ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്ന സ്ഥാനാർത്ഥി ജയിക്കും. ബി.ജെ.പിക്ക് ലോക്‌സഭയിൽ 301ഉം രാജ്യസഭയിൽ 101ഉം അംഗങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1241 നിയമസഭാംഗങ്ങളുമുണ്ട്. സഖ്യകക്ഷികൾക്കെല്ലാം കൂടി ലോക്‌സഭയിൽ 333 പേരും രാജ്യസഭയിൽ 117പേരുമുണ്ട്. വോട്ട് മൂല്യത്തിൽ ഭരണപക്ഷത്തിനാണ് മുൻതൂക്കം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാവുമെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ മുസ്ലീം വിഭാഗത്തിൽ നിന്നൊരാളെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുന്ന തന്ത്രം ബി.ജെ.പി പയറ്റാനും ഇടയുണ്ട്. ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനമെടുക്കേണ്ടത് ബി.ജെ.പി കേന്ദ്രനേതൃത്വമാണ്.

ന്യൂനപക്ഷ മുഖമായി ആരിഫ് മുഹമ്മദ് ഖാനെ ബി.ജെ.പി അവതരിപ്പിക്കാനാണ് സാദ്ധ്യതയേറെ. ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടുകൾക്ക് ഉൾക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. 2019 സെപ്തംബർ മുതൽ കേരള ഗവർണർ എന്ന നിലയിൽ പ്രവർത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ പൊതുവേ ബി.ജെ.പി, സംഘപരിവാർ സംഘടനകൾക്ക് അഭിമതനുമാണ്. എന്നാൽ ഉപരാഷ്ട്രപതിയാവുമോ എന്ന പ്രചാരണത്തെ തള്ളിക്കളയുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹം പറയുന്നതിങ്ങനെ- '' ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരെങ്കിലും താത്‌പര്യം പ്രകടിപ്പിക്കുകയോ മുന്നൊരുക്കം നടത്തിയതായോ തനിക്കറിയില്ല. താൻ അതെക്കുറിച്ച് ചിന്തിച്ചിട്ടില്ല ''

രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഡി-ലി​റ്റ് നൽകാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം കേരള സർവകലാശാല തള്ളിയത് ദേശീയതലത്തിൽ വാർത്തയായിരുന്നു. ഇതേച്ചൊല്ലി, കേരളത്തിലെ 13 സർവകലാശാലകളുടെ ചാൻസലർ പദവി ഒഴിയാൻ സന്നദ്ധനായി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകിയതും ചർച്ചയായി. രണ്ടുമാസത്തോളം ചാൻസലർ എന്ന നിലയിലുള്ള പദവികൾ അദ്ദേഹം വഹിച്ചിരുന്നില്ല. പിന്നീട് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പുനർനിയമനത്തെച്ചൊല്ലിയും ഗവർണർ സർക്കാരുമായി ഉടക്കിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യമാകെ ചർച്ചയായ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയം ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിക്കൊണ്ടുവന്നത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടു ർഷത്തെ സേവനത്തിനു ശേഷം ആജീവനാന്തം പെൻഷൻ നൽകുന്നത് ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഗവർണറുടെ നിലപാട്. പേഴ്സണൽ സ്​റ്റാഫിൽ ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ നിയമനമാണ് നടക്കുന്നത്. മന്ത്റിമാർക്ക് 20 സ്​റ്റാഫുണ്ട്. രണ്ടുവർഷം കഴിഞ്ഞ് ഇവർ രാജിവയ്ക്കുമ്പോൾ പുതിയ ആളുകളെ നിയമിക്കും. ഇങ്ങനെ പേഴ്സണൽ സ്റ്റാഫിനെ മാ​റ്റുന്നതിൽ പാർട്ടി കേഡർ വളർത്തുകയെന്ന ഒറ്റ ലക്ഷ്യമാണ്. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നത്. വിഹിതം നൽകാതെ പേഴ്സണൽ സ്​റ്റാഫിനു പെൻഷൻ നൽകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഗവർണർ പരസ്യമായി പറഞ്ഞത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയം ഉന്നയിച്ച് രാഷ്ട്രീയ കക്ഷികളുടെ അദ്ധ്യക്ഷന്മാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തെഴുതി. ഇക്കാര്യത്തിലെ അഭിപ്രായമാണ് ഗവർണർ തേടിയത്.

'ഞാനാണ് ഭരണത്തലവൻ'

പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാരുമായി ഇടഞ്ഞപ്പോൾ 2020 ജനുവരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചത് ഇങ്ങനെയായിരുന്നു- 'സംസ്ഥാന ഭരണത്തലവൻ ഞാനാണ് ' ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ തുറന്നടിച്ചു. താൻ റബർ സ്റ്റാമ്പല്ലെന്നും സർക്കാരിനെ ഓർമ്മിപ്പിച്ചു. സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും പ്രോട്ടോക്കോളനുസരിച്ച് ഭരണത്തലവനായ തന്നെ അറിയിച്ചില്ല. അനുമതി വാങ്ങിയതുമില്ല. പത്രങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞത്. സർക്കാരിന്റെ വിവേചനാധികാരം അംഗീകരിക്കുന്നെങ്കിലും തന്നെ അറിയിക്കാതെ കോടതിയിൽ പോയത് ശരിയായില്ല. ചിലർ നിയമത്തിന് അതീതരാണെന്ന് വിചാരിക്കുന്നു. താനുൾപ്പെടെ ആരും നിയമത്തിന് അതീതരല്ല. താൻ നിയമത്തിന് കീഴിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയും നിയമവും ആരും മറികടക്കരുത്. ഭരണഘടനയുടെ സ്പിരിറ്റ് ഉൾക്കൊണ്ടാണ് താൻ പ്രവർത്തിക്കുന്നത്- ഗവർണർ വ്യക്തമാക്കി.

ചില്ലറക്കാരനല്ല ആരിഫ്

ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രി. മുത്തലാക്കിന്റെ നിശിത വിമർശകൻ. മുസ്ളീം സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനായി കേന്ദ്ര മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ നേതാവ്. ചരൺസിംഗിന്റെ ഭാരതീയ ക്രാന്തി ദളിൽ തുടങ്ങി കോൺഗ്രസിലൂടെ വളർന്നു. പിന്നെ കോൺഗ്രസിനെ വെല്ലുവിളിച്ച് ജനതാദളിലൂടെ ബി.ജെ.പിയിൽ. ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്‌ട്രീയ ജീവിതം സംഭവ ബഹുലമാണ്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ജനിച്ച ആരിഫ് ഖാൻ അലിഗഡ് മുസ്ളീം സർവ്വകലാശാലയിൽ സ്വതന്ത്രതാ പാർട്ടിയുടെ ബാനറിൽ യൂണിയൻ പ്രസിഡന്റായി. മുസ്ളീം പണ്ഡിതന്മാരെ തടഞ്ഞുകൊണ്ടായിരുന്നു അവിടത്തെ തുടക്കം. പിൽക്കാലത്ത് ചരൺസിംഗിന്റെ ഭാരതിക്രാന്തി ദളിലൂടെ നിയമസഭയിലേക്കുള്ള കന്നിപോരാട്ടം പാളി. 1977ൽ ജനതാപാർട്ടിയിലൂടെ 26 വയസിൽ നിയമസഭാംഗവും പിന്നീട് മന്ത്രിയുമായി. ആരിഫ് ഖാനിലെ തീപ്പൊരി കണ്ട ഇന്ദിരാഗാന്ധി കോൺഗ്രസിലെത്തിച്ച് എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയാക്കി. 1980ൽ കാൺപൂരിൽ നിന്ന് ലോക്‌സഭയിലേക്ക്. 1982ൽ കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി. യുപിയിലെ ബഹ്‌റൈച്ചിൽ നിന്ന് രണ്ടാം വട്ടം ലോക‌്‌സഭാംഗം. ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധിയുടെ വിശ്വസ്‌തനായി.

ഷാബാനു കേസിൽ മുസ്ളീം വനിതകൾക്ക് ജീവനാംശം നൽകണമെന്ന സുപ്രീംകോടതിയെ വിധിയെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പിന്തുണച്ചത് സമുദായത്തിലെ തീവ്രനിലപാടുകളെ എതിർത്തിരുന്ന ഖാൻ സ്വാഗതം ചെയ്‌തു. ആഭ്യന്തര സഹമന്ത്രിയായിരുന്ന ഖാൻ സർക്കാർ നിലപാട് വിശദീകരിച്ച് ലോക്‌സഭയിൽ നടത്തിയ 55 മിനിട്ട് നീണ്ട പ്രസംഗം പ്രസിദ്ധമാണ്. പിന്നീട് മുസ്ളീം വ്യക്തി നിയമബോർഡിന്റെ വാദങ്ങൾ കേട്ട് രാജീവ് മലക്കം മറിഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാൻ സർക്കാർ 1986ൽ മുസ്ളീം വിവാഹമോചന സംരക്ഷണ നിയമം കൊണ്ടുവന്നു. അതിൽ പ്രതിഷേധിച്ച ഖാൻ നിയമം പാസാക്കുന്നതിന് മുൻപ് ലോക്‌സഭയിലെ പിൻസീറ്റിൽ ചെന്നിരുന്ന് മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് എഴുതി. കോൺഗ്രസും വിട്ടു. ദേശീയ പൗരത്വ രജിസ്‌റ്ററിന് വഴി തെളിച്ച 1985ലെ ആസാം ഉടമ്പടിയെയും അദ്ദേഹം എതിർത്തിരുന്നു.

ഷാബാനു കേസിലെ വിധിക്ക് അനുകൂലമായിരുന്ന രാജീവ് ഗാന്ധിയുടെ മനസ് മാറ്റാൻ പ്രവർത്തിച്ചത് ഇപ്പോൾ ബി.ജെ.പിയിലുള്ള മുൻ കോൺഗ്രസ് നേതാവ് നജ്‌മാ ഹെപ്‌തുള്ളയാണെന്ന് ഖാൻ വെളിപ്പെടുത്തിയിരുന്നു.

കോൺഗ്രസ് വിട്ട ശേഷം വി.പി.സിംഗിനൊപ്പം ജൻമോർച്ചയിലൂടെ ജനതാദളിലേക്ക്. വി.പി.സിംഗ് സർക്കാരിൽ വ്യോമയാന മന്ത്രിയായി. പിന്നീട് മായാവതിയുടെ ബി.എസ്.പിയിൽ. ബഹ്‌റൈച്ചിൽ നിന്ന് കോൺഗ്രസ്, ജനതാദൾ, ബി.എസ്.പി പാർട്ടികളുടെ ലേബലിൽ ജയിച്ച നേതാവുമാണ് ഖാൻ. 2004ൽ ബി.ജെ.പിയിൽ ചേർന്നെങ്കിലും ക്ളച്ചു പിടിച്ചില്ല.ഖാന്റെ തീവ്രമുസ്ളീം വിരുദ്ധ നിലപാടുകളുടെ വില ബി.ജെ.പി തിരിച്ചറിഞ്ഞത് 2014ൽ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം. മുത്തലാഖ്, കാശ്ർമീർ വിഷയങ്ങളിൽ മോദിക്ക് പിന്തുണ. ന്യൂനപക്ഷങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശവുമായാണ് ഖാനെ മോദി കേരളത്തിലേക്ക് അയച്ചത്. 'ഖുറാൻ നേരിടുന്ന നവ വെല്ലുവിളികൾ' എന്ന ഖാന്റെ പുസ്‌തകം ശ്രദ്ധിക്കപ്പെട്ടു. ഭാര്യ രേഷ്‌മ. മക്കൾ: മുസ്‌തഫാ ആരിഫ്, കബീർ ആരിഫ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF MUHAMMED KHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.