SignIn
Kerala Kaumudi Online
Thursday, 25 April 2024 10.06 PM IST

ആരിഫ് മുഹമ്മദ് ഖാൻ എന്ന ശരി

arif-muhammed-khan

സംസ്ഥാന ഭരണത്തലവനായ ഗവർണർ ഭരണഘടനയുടെ കാവലാളാണ്. രാഷ്ട്രപതിയുടെ പ്രതിനിധി. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാറായെന്ന് തോന്നുന്നവരെയാണ് മുൻ കേന്ദ്രസർക്കാരുകൾ ഗവർണർമാരാക്കിയിരുന്നത്. അവരിൽ പലരും അധികാരത്തിന്റെ തണലിൽ ജീവിതം ആസ്വദിച്ച് ഗവർണർ കാലാവധി അവസാനിപ്പിച്ചു. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ കഥ മാറി. ഭരണഘടന സംരക്ഷണവും സദ്ഭരണവും ജനക്ഷേമവും ഉറപ്പാക്കുന്ന പരിണിത പ്രജ്ഞരായ ആളുകളെ സംസ്ഥാന ഗവർണർമാരായി നിയമിച്ചു തുടങ്ങി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങുകളായിരുന്ന പല സംസ്ഥാന സർക്കാരുകൾക്കും ഇത് അസ്വസ്ഥതയുണ്ടാക്കി.

പശ്ചിമബംഗാളിൽ മമത ബാനർജിയുടെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുകയും അഴിമതിക്കാരോട് സന്ധിയില്ലാ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് ശ്രീ.ജഗ്‌ദീപ് ധൻകറിന് എതിരെ കടന്നാക്രമണമുണ്ടായത്. തെലങ്കാനയിൽ ശ്രീമതി തമിഴിസെ സൗന്ദർരാജനെതിരെ കെ.സി.ആർ തിരിഞ്ഞതും അവർ ജനപക്ഷത്തുനിന്ന് ചോദ്യങ്ങൾ ഉന്നയിച്ചതിനാലാണ്. ഇനി കേരളത്തിലേക്ക് വരാം. ശ്രീ.ആരിഫ് മുഹമ്മദ് ഖാനോട് കമ്മ്യൂണിസ്റ്റ് സർക്കാരിന് എന്താണ് ഇത്ര വിരോധം ?ജനാധിപത്യത്തിൽ പൗരാവകാശങ്ങൾ ഉറപ്പാക്കുക എന്നത് ഭരണഘടനാ സംരക്ഷകനായ ഗവർണറുടെ ഉത്തരവാദിത്തമാണ്. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഭരണപ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായി പറഞ്ഞപ്പോൾ അതിനോട് യോജിക്കാനാവില്ലെന്ന് ഗവർണർ നിലപാടെടുത്തു. അതോടെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണിലെ കരടായത്.
മുസ്ലീം സമുദായത്തിലെ പരിഷ്‌‌കരണവാദികളുടെ വക്താവാണ് എക്കാലത്തും ആരിഫ് മുഹമ്മദ് ഖാൻ. പ്രത്യേകിച്ചും മുസ്ലീം സഹോദരിമാരുടെ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്റത്. രാജ്യത്തെ വനിതാ അവകാശ പ്രഖ്യാപന ചരിത്രത്തിൽ നാഴികക്കല്ലായ മുത്തലാഖ് നിരോധനത്തെ അദ്ദേഹം സ്വാഗതം ചെയ്തതും അതിനാൽത്തന്നെ. ഈ പുരോഗമന നിലപാടുകൾ കേരളത്തിലെയടക്കം തീവ്രനിലപാടുകാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അവരെ തൃപ്തിപ്പെടുത്താൻ കൂടിയാവണം ഗവർണർക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി വാളെടുക്കുന്നത്. രാഷ്ട്രപതിയെയോ ഗവർണറെയോ ആക്രമിക്കാനോ തടസപ്പെടുത്താനോ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നിരിക്കെ, 'ചരിത്ര കോൺഗ്രസ് ' സംഭവത്തോട് പിണറായി സർക്കാർ മൗനം പാലിച്ചതും മതതീവ്രവാദികളെ ഭയന്നാണ്. തനിക്കെതിരെ ആക്രമണം ഉണ്ടായെന്നും നടപടി വേണമെന്നും സംസ്ഥാനത്തിന്റെ ഭരണത്തലവൻ ആവശ്യപ്പെട്ടിട്ടും ആഭ്യന്തരവകുപ്പ് മൗനം പാലിക്കുന്നത് ആശ്ചര്യകരമാണ്. അഭിനവ ബുദ്ധിജീവികളുടെ ഗുണ്ടായിസത്തിന് കയ്യടിക്കുകയായിരുന്നു ഭരണകക്ഷിക്കാർ. രാജ്യത്ത് എല്ലായിടത്തും ഗവർണർമാരുടെ പരിപാടി നിശ്ചയിക്കപ്പെട്ട രീതിയിലാണ് നടക്കേണ്ടത്. അതിന് വിരുദ്ധമായി സാംസ്‌കാരിക ഗുണ്ടായിസമാണ് ചരിത്ര കോൺഗ്രസ് വേദിയിൽ നടന്നത്. ഇന്ത്യൻ ശിക്ഷാനിയമം 124 പ്രകാരം പരാതി ഇല്ലാതെതന്നെ കേസെടുക്കേണ്ട കുറ്റകൃത്യം. അത്തരം നടപടിയിലേക്ക് കടക്കുന്നതിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞതാരാണ് ?സർക്കാരിന് റോളില്ലെങ്കിൽ ആ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാഞ്ഞതെന്ത് ? പിണറായി വിജയന് നേരെയാണ് ആരെങ്കിലും ഇത്തരമൊരു സമീപനം സ്വീകരിച്ചതെങ്കിൽ ഇതാകുമായിരുന്നോ സ്ഥിതി? ഭരണത്തലവന് നീതി ഉറപ്പാക്കാനാവാത്ത കേരളപൊലീസിൽ നിന്ന് സാധാരണജനം എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത് ?

കേരളത്തിലെ സർവകലാശാലകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ചുകളാക്കി മാറ്റാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തതാണ് ശ്രീ.ആരിഫ് മുഹമ്മദ് ഖാനെതിരായ പകയുടെ മറ്റൊരു കാരണം. ചട്ടങ്ങൾ മറികടന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതായിരുന്നു തുടക്കം. ചരിത്രത്തിൽ ആദ്യമായി യു.ജി.സി മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഗോപിനാഥ് രവീന്ദ്രന് കണ്ണൂരിൽ പുനർനിയമനം നൽകി. അക്കാഡമിക് രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച നിരവധിപേർ ഉണ്ടായിരിക്കെ ഗോപിനാഥ് രവീന്ദ്രനെത്തന്നെ നിയമിക്കണമെന്ന് സർക്കാർ ശഠിച്ചതെന്തിന് ? അതിനുള്ള ഉത്തരമാണ് പ്രിയ വർഗീസിന്റെ നിയമനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്‌ക്ക് ജോലി ഉറപ്പാക്കാൻ ഒരു സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനം പോലും അട്ടിമറിക്കുക. അതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടുക. എന്ത് രാഷ്ട്രീയ ധാർമികതയെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പറയുന്നത് !

സി.പി.എമ്മിന്റെ കൊള്ളരുതായ്മ ചോദ്യം ചെയ്താൽ ഗവർണർ ആർ.എസ്.എസിന്റെ ഏജന്റാണെന്നാണ് അടുത്ത ആരോപണം. രാഷ്ട്രീയ സ്വയം സേവക് സംഘിന് എവിടെയും ഏജന്റുമാരെ വയ്‌ക്കേണ്ടതില്ല. ഈ രാജ്യത്തെ ജനം മഹാഭൂരിപക്ഷം നൽകി രണ്ടു തവണ അധികാരത്തിലേറ്റിയ പ്രധാനമന്ത്രിയടക്കം ആർ.എസ്.എസ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്നവരാണ്.. 'ഏജന്റു 'മാരെ നിയമിച്ച് രഹസ്യങ്ങൾ ചോർത്തുന്ന കമ്മ്യൂണിസ്റ്റ് ശൈലി ആർ.എസ്.എസിനില്ല. ശ്രീ.ആരിഫ് മുഹമ്മദ് ഖാനെപ്പോലൊരു അക്കാഡമീഷ്യൻ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നുണ്ടെങ്കിൽ അരനൂറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിൽ ഈ രാജ്യത്തിന് യോജിക്കുന്നത് അതാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാവും. മൂന്നു ദശാബ്ധത്തിലേറെയായുള്ള ആ ബന്ധം പിണറായി വിജയന്റെ കണ്ണുരുട്ടലിൽ അറ്റുപോവുന്നതല്ല. പൂർണമായും വൈദേശികമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമല്ല ഇന്ത്യൻ ജനതയുടെ സിരകളിലോടുന്നതെന്ന് ഇന്നാട്ടിലെ ജനത ആവർത്തിച്ച് തെളിയിച്ചു കഴിഞ്ഞതാണ്. ഭാരതീയ ദേശീയതയുടെ യഥാർത്ഥ മുഖമായ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തോട് പൊരുതി ജയിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ അവർ രംഗത്തിറക്കുന്ന 'സാംസ്‌‌കാരിക ഗുണ്ടാ 'പ്പടയ്‌ക്കോ ഒരുകാലത്തും കഴിയില്ലെന്നറിയുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF MUHAMMED KHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.