SignIn
Kerala Kaumudi Online
Thursday, 25 April 2024 4.15 AM IST

അഭയമില്ലാതെ ഊരുജീവിതങ്ങൾ

photo

നാലുമാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹവും തോളിലേന്തി ഒരച്ഛൻ ഊരിലേക്ക് നടന്നത് രണ്ടരകിലോമീറ്റർ. കേരളത്തിന്റെ മനസിൽ കനൽ കോരിയിട്ട ഈ സംഭവം നടന്നത് ഉത്തരേന്ത്യയിലല്ല,​ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ. ആകാശമൊന്ന് ഇരുണ്ടാൽ അട്ടപ്പാടിക്കാരുടെ ഉള്ള് വിറയ്ക്കും. ഊരുകൾ ഒറ്റപ്പെടുമെന്ന ഭയമാണ് അവർക്ക്.

അട്ടപ്പാടിയിലെ ആദിവാസി സമൂഹം എക്കാലവും ചൂഷണത്തിന്റെ കേന്ദ്രങ്ങളാണ്. ഇവരുടെ ഉന്നമനത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവിട്ട് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ആദിവാസി കുടുംബങ്ങളുടെ ദുരിതത്തിന് ഇപ്പോഴും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. മുരുഗള ഊരിലെ അയ്യപ്പൻ - സരസ്വതി ദമ്പതിമാരുടെ പെൺകുഞ്ഞ് സജേശ്വരിയുടെ മൃതദേഹവുമായി അച്ഛൻ കിലോമീറ്ററുകൾ നടന്ന സംഭവം അതിന്റെ ഉത്തമ ഉദാഹരണമാണ്. ഇതുപോലെ, കാടും മേടും പുഴകളും കടന്ന് ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട നിരവധി ജീവിതങ്ങളുണ്ട് അട്ടപ്പാടിയിൽ. ഗതാഗതയോഗ്യമായ വഴിയോ വൈദ്യുതിയോ ശുദ്ധജലമോ ചികിത്സാസൗകര്യങ്ങളോ ഒന്നും എത്താത്ത 'ഒറ്റപ്പെട്ട തുരുത്തുകളിൽ' കഴിഞ്ഞുകൂടുന്ന ഊരുജീവിതങ്ങൾ. സർക്കാർ കൃത്യമായി ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട് എന്നതൊഴികെ അവർ ഇന്നും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലെവിടെയോ ആണ്.

വഴിയടഞ്ഞ ഊരുകൾ

192 ഊരുകളിലായി 34,000ത്തിലധികം ആളുകളുണ്ട് അട്ടപ്പാടിയിൽ. ഇതിൽ, പ്രാക്തന ഗോത്രവിഭാഗക്കാരായ കുറുമ്പർ താമസിക്കുന്ന പുതൂർ പഞ്ചായത്തിലെ മുരുഗള, കിണറ്റുക്കര, മേലേ തുടുക്കി, താഴെ തുടുക്കി, ഗലസി, കടുകമണ്ണ എന്നീ ആറ് ഊരുകൾ കാടിനകത്താണ്. കാട്ടുപാതയും മഴക്കാലത്ത് കുത്തിയൊലിച്ചെത്തുന്ന പുഴകളും കടന്നുവേണം ഈ ഊരുകളിലേക്കെത്താൻ. 180 ഓളം കുടുംബങ്ങളുടെ യാത്രയും ജീവിതവും നിത്യവും അതിസാഹസികത നിറഞ്ഞതാണ്.

ചിണ്ടക്കി റോഡിലെ റേഷൻകടയിലെത്താൻ എട്ടുകിലോമീറ്ററോളം കാട്ടുവഴിയിലൂടെ നടക്കണം. രോഗികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് പിടിയ്‌ക്കണമെങ്കിൽ കാട്ടാറ് കടക്കണം. മുളകൊണ്ടുള്ള മഞ്ചൽ കെട്ടിയാണ് രോഗികളെ ആശുപത്രിയിലെത്തിക്കാറ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാവാത്തതിനാൽ ജീവൻ അപകടത്തിലായ ഒട്ടേറെ സംഭവങ്ങളുണ്ട്.

മണ്ണാർക്കാട് ആനക്കട്ടി റോഡിൽ മുക്കാലി സെന്ററിൽ നിന്ന് 11 കിലോമീറ്ററിലധികം സഞ്ചരിക്കണം മുരുഗളയും ഗലസിയും ഉൾപ്പെടെയുള്ള ഊരിലേക്കെത്താൻ. മുക്കാലിയിൽ നിന്ന് 13 കിലോമീറ്റർ അകലെ ആനവായ് വരെ ഇന്റർലോക്ക് ചെയ്ത റോഡുണ്ട്. ഇതുവഴി ജീപ്പും സർവീസ് നടത്തുന്നുണ്ട്. പിന്നീട് വനത്തിലൂടെ നടക്കണം. മഴക്കാലത്തും രാത്രിയിലും വനത്തിലൂടെയുള്ള നടത്തം ഭയത്തോടെയാണ്.

കാലവർഷത്തിൽ

തുരുത്താവുന്ന ഊരുകൾ

കാലവർഷത്തിൽ ആകാശം കറുത്താൽ അട്ടപ്പാടിയിലെ ജനങ്ങളുടെ ഉള്ളുപിടയും. കനത്ത മഴയിൽ തോടും പുഴയും കരകവിഞ്ഞാൽ ഊരിൽനിന്ന് പുറത്തുകടക്കാൻ കഴിയില്ല,​ ഒറ്റപ്പെടും. ചെറുനാലിത്തോട് കടന്നാലേ മുരുഗള, കിണറ്റുക്കര ഊരിലുള്ളവർക്ക് വീടുകളിലെത്താനാവൂ. തോടിന് 30 അടിയോളം വീതിയുണ്ട്. മരത്തടികൾകെട്ടി, പാറക്കെട്ടുകൾക്ക് മുകളിൽവെച്ച് അതിന് മുകളിലൂടെയാണ് യാത്ര. കാലുവയ്‌ക്കാൻ മാത്രമേ വീതിയുള്ളൂ. നടക്കുന്നതിനിടെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുത്തിയൊഴുകുന്ന തോട്ടിലേക്ക് വീഴും. തൂക്കുപാലംവന്നതോടെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള യാത്രാദുരിതം തീർന്നു. ചെറുനാലിത്തോടിന് കുറുകെയും പാലം വേണമെന്നാണ് ആവശ്യം.

മുരുഗള ഉൾപ്പെടെ ആറ് ഊരുകളിൽ ഇപ്പോഴും വൈദ്യുതിയെത്തിയിട്ടില്ല. വനംവകുപ്പിന്റെ സാങ്കേതിക പ്രശ്നങ്ങളാണ് ഇവർക്ക് റോഡും വൈദ്യുതിയും അന്യമാകാൻ കാരണം. ഭൂഗർഭ കേബിൾ സംവിധാനം ആലോചിച്ചെങ്കിലും നടപടിയുണ്ടായില്ല. നിലവിൽ സൗരോർജ്ജ പാനലാണ് പലരുടെയും ആശ്രയം. വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനമൊന്നും കാര്യമായി നടന്നിരുന്നില്ല. പല കുട്ടികളും ചുരമിറങ്ങി ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠിക്കുന്നത്.

ഊരുകളിലേക്ക് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇനിയും കടമ്പകളേറെയുണ്ട്. മുരുഗള ഉൾപ്പെടെ മുഴുവൻ ഊരുകളും സംരക്ഷിത വനത്തിലാണ്. റോഡും പാലവും നിർമ്മിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അടക്കം അനുമതിവേണം. വനാവകാശ നിയമപ്രകാരമുള്ള ഡെവലപ്‌മെന്റ് റൈറ്റ്സ് കൊടുത്താൽ മാത്രമേ റോഡും മറ്റ് സൗകര്യങ്ങളും ഊരുകളിൽ നടപ്പാക്കാനാവൂ. മുരുഗള ഭാഗത്തേക്ക് താത്കാലിക പാലം പണിയാൻ മന്ത്രി കെ.രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്നുണ്ടെന്ന് പുതൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ വ്യക്തമാക്കുന്നു.

ദുരിതങ്ങളുടെ ആരംഭം

സ്വന്തമായി ഭൂമിയും സംസ്‌കാരവും കൃഷിയും ഭാഷയുമാക്കെയുണ്ടായിരുന്ന, ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കാൻ ഈ ശിശുമരണങ്ങൾ മാത്രം മതി. ആയിരത്തിയെണ്ണൂറുകളുടെ പകുതിയോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റെയിൽവേ സ്ലീപ്പറുകൾക്കായി ഇവിടത്തെ വൻമരങ്ങൾ പറിച്ചെടുക്കാനാരംഭിച്ചതോടെ ഇവരുടെ ദുരിതങ്ങൾ തുടങ്ങി. അതിപ്പോഴും തുടരുന്നു. പിന്നെ ഇവിടേക്ക് കുടിയേറ്റമാരംഭിച്ചു. അതോടെ ഭവാനി പുഴയുടെ താഴ്വരകളിൽ തങ്ങളുടേതായ രീതിയിൽ കൃഷിചെയ്തു ജീവിച്ചിരുന്നവർക്ക് മലകയറേണ്ട അവസ്ഥ വന്നു. 1951ൽ 90.26% ആദിവാസികളായിരുന്ന അട്ടപ്പാടിയിൽ 2001 ആകുമ്പോഴേക്കും അത് 42 ശതമാനമായി കുറഞ്ഞു. ഇപ്പോൾ വിവിധ ഊരുകളിലായി 34,000ത്തിലധികം ആളുകളേ ഉണ്ടാകൂ.

അട്ടപ്പാടിയിൽ സാമൂഹ്യ,​ സാമ്പത്തിക,​ കാർഷിക പ്രശ്നങ്ങൾ അതിരൂക്ഷമായതിനെ തുടർന്ന് 1970 ൽ സംസ്ഥാന ആസൂത്രണ കമ്മിഷൻ അട്ടപ്പാടിയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അട്ടപ്പാടി കോ - ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമ ജലസേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹിൽസ് ഏരിയാ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (അഹാഡ്സ്) തുടങ്ങി നിരവധി പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി ആരംഭിച്ചു. പക്ഷേ,​ ഇതിന്റെയൊന്നും കാര്യമായ ഗുണം അട്ടപ്പാടിയിലെ ജനങ്ങൾക്ക് ലഭിച്ചിട്ടില്ല.

ആദിവാസി ശിശുമരണ നിരക്കിലെ വർദ്ധന കണ്ട് ഐക്യരാഷ്ട്രസംഘടനയും സന്നദ്ധസംഘടനകളും അട്ടപ്പാടിയിലേക്ക് പഠനസംഘങ്ങളെ അയച്ചു. ഷോളയൂർ പഞ്ചായത്തിലെ ഊത്തുക്കുടി, അഗളി പഞ്ചായത്തിലെ നെല്ലിപ്പതി, കതിരമ്പതി, കൊല്ലങ്കടവ്, പുതൂർ പഞ്ചായത്തി ലെ പാടവയൽ, മുള്ളി, പാലൂർ എന്നീ ഊരുകളിലെ ജീവിതം അതീവ ഗുരുതര നിലയിലാണെന്ന് പല പഠന റിപ്പോർട്ടുകളും പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷനടക്കം പലപ്പോഴും വിഷയത്തിലിടപെട്ടു. കേന്ദ്രമന്ത്രിമാരും പലതവണ സ്ഥലത്തെത്തി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കൽ ക്യാമ്പിൽ 50 ശതമാനത്തിലധികം പേർക്ക് രക്തക്കുറവ് (അനീമിയ) രേഖപ്പെടുത്തി.
ആദ്യകാലത്തെ ശിശുമരണകണക്കുകൾ ലഭ്യമല്ലെങ്കിലും 2001ൽ 50ൽ പരം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. 2004 മുതൽ 2008 വരെ മേഖലയിൽ 84ഉം 2008 മുതൽ 2011 വരെ 56ഉം ശിശുമരണങ്ങൾ നടന്നതായി രേഖകളുണ്ട്. അട്ടപ്പാടിയിൽ ഈ മാസം ഇതുവരെ നാല് ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗർഭിണികളുടെ പോഷകാഹാരക്കുറവ്, ഗർഭശൂശ്രൂഷകളുടെ അഭാവം, തുടർച്ചയായുള്ള പ്രസവം, ജനനവൈകല്യങ്ങൾ, അണുബാധ, പ്രതിരോധശേഷിയില്ലായ്മ എന്നിവയാണ് ഇതിനു പ്രധാന കാരണങ്ങൾ. മതിയായ ചികിത്സ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. പോഷകാഹാരം ലഭ്യമാക്കണം. സമസ്ത മേഖലകളിലും പ്രതിബദ്ധയോടെയുള്ള ഇടപെടലുകളാണ് അട്ടപ്പാടിക്ക് ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTAPPADI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.