SignIn
Kerala Kaumudi Online
Thursday, 25 April 2024 10.25 AM IST

പൊതുവായ ചില ' രോഗങ്ങൾ'

ayurveda

സമഗ്രമായ കേരള പൊതുജനാരോഗ്യബില്ല് അടുത്ത നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ആരോഗ്യരംഗത്ത് കർമപദ്ധതികൾ നടപ്പാക്കാനുളള തടസങ്ങളൊഴിവാക്കാനുള്ള ചുവടുവയ്‌പ്പെന്ന് പറയുമ്പോൾ തന്നെ ചില വിമർശങ്ങളും ഉയരുന്നു. ബില്ലിൽ അനാരോഗ്യകരമായ നീക്കങ്ങളുണ്ടായെന്നും ബിൽ അപൂർണമാണെന്നും ഉള്ള

വിമർശനം ഉയർന്നപ്പോഴാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, ആരോഗ്യപ്രവർത്തകർ, ആരോഗ്യവിദഗ്ധർ തുടങ്ങിയവരിൽനിന്ന് വിദഗ്ധാഭിപ്രായം തേടാൻ നിയമസഭാ സെലക്ട് കമ്മിറ്റി തീരുമാനിച്ചത്. 2021ൽ അവതരിപ്പിച്ച ബില്ലിൽ ആയുർവേദത്തിനും ഹോമിയോപ്പതിക്കും ഇടം നൽകിയില്ലെന്ന ആരോപണം തള്ളിക്കളയാനാവില്ല. പൊതുജനാരോഗ്യം ഉറപ്പുവരുത്താൻ അലോപ്പതി മതിയെന്നുള്ള ശാഠ്യം എങ്ങനെ വന്നു എന്നതാണ് ചോദ്യം. മനഃപൂർവമാണ് അങ്ങനെയൊരു ശ്രമമെങ്കിൽ അതിനെ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മന:പൂർവമല്ലെങ്കിൽ അതിനുപിന്നിലെ നിസാരവത്കരണവും പ്രതിഷേധാർഹമാണ്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയും കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷനും കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും അടക്കം നിരവധി സംഘടനകൾ ബില്ലിനെതിരേ രംഗത്തു വന്നുകഴിഞ്ഞു.

പൊതുജനാരോഗ്യം ആധുനികവൈദ്യത്തിന്റെ മാത്രം വിഷയമെന്ന നിലയിലാണ് ബില്ലിലെ പൊതുസമീപനമെന്ന് ഈ സംഘടനകൾ പറയുന്നു. ആധുനികവൈദ്യം ഒഴികെ, മറ്റ് ചികിത്സാസമ്പ്രദായങ്ങളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുളള ശ്രമങ്ങളില്ലെന്ന ആക്ഷേപവും ഉയരുന്നു. എതിർപ്പുകൾ ചർച്ചകളിലൂടെ ഒഴിവാക്കാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രമം. ഇങ്ങനെയൊരു വിവാദം പൊട്ടിമുളയ്‌ക്കുന്നത് കൊവിഡ് വീണ്ടും തലപൊക്കുന്ന കാലത്താണെന്ന് കൂടി ഓർക്കണം. ആയുർവേദമരുന്ന് കഴിച്ചവരിൽ നടത്തിയ പഠന,നിരീക്ഷണ, ഗവേഷണങ്ങളിൽ ഫലസിദ്ധി തെളിയുകയും അന്താരാഷ്ട്ര ജേർണലുകളിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തത് എങ്ങനെയാണ് പെട്ടെന്ന് മറന്നുപോകുന്നത്. അല്ലെങ്കിൽ എന്തിനാണ് മനഃപൂർവം മറയ്ക്കുന്നത്?

കൊവിഡിലെ ആയുർവേദപാഠം

കൊവിഡ് എന്നൊരു മഹാമാരി ലോകത്തെ ഞെരിച്ചുകൊണ്ടിരുന്നപ്പോൾ, ആയുർവേദ, ഹോമിയോ, സിദ്ധ ഡോക്ടർമാരെ കൊവിഡ് ചികിത്സയ്ക്കായി നിയോഗിക്കാനുളള ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ചാണ് ആധുനികവൈദ്യശാസ്ത്രത്തിന്റെ വക്താക്കൾ എതിർത്തതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ശാസ്ത്രീയപഠന ഗവേഷണങ്ങൾ നടത്തി ആയുർവേദ മരുന്ന് ഫലിച്ചതിന് തെളിവുണ്ടോ? ആധുനികശാസ്ത്രം ഇത്രയേറെ വളർന്നിട്ടും എന്തിനാണ് ആയുർവേദം? വൈറസിനെ നേരിടാൻ ഈ കഷായവും അരിഷ്ടവും ചൂർണവുമെല്ലാം മതിയോ? അങ്ങനെ കുറേ ആക്ഷേപങ്ങളും പരിഹാസങ്ങളും താഴ്ത്തിക്കെട്ടലുകളും ഉണ്ടായി.

ആധുനിക വൈദ്യശാസ്ത്രം മനുഷ്യരാശിയ്ക്ക് ഇന്നേവരെ നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതുമായ വലിയ സംഭാവനകളെ ഒട്ടും കുറച്ചുകാണുന്നില്ല. പക്ഷേ, ശാസ്ത്രം ആധുനികമായാലും പുരാതനമായാലും ഓരോന്നിനും അതിന്റേതായ മികവുകളും പരിമിതികളുമുണ്ട്.

അറിവ് ആരുടേയും കുത്തകയല്ല. ഒരു ശാസ്ത്രവും പൂർണവുമല്ല. ശാസ്ത്രസത്യങ്ങളും അറിവുകളും ലോകത്തിന്റേയും ചരാചരങ്ങളുടെയെല്ലാം സ്വത്താണ്. ആയുർവേദവും ഹോമിയോപ്പതിയും പ്രകൃതിചികിത്സയും സിദ്ധയുമെല്ലാം ശാസ്ത്രത്തിന്റെ സംഭാവനകളാണ്. ഇതെല്ലാം ഉൾക്കൊള്ളാനുളള വിശാലമനസല്ലേ ആദ്യം വേണ്ടത്?

കൊവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത്. ആധുനികവൈദ്യശാസ്ത്രം മാത്രം മതിയെന്ന് ശാഠ്യംപിടിച്ച അലോപ്പതി ഡോക്ടർമാരുടെ സംഘടനകൾ പരസ്യമായി വാദപ്രതിവാദങ്ങളും വെല്ലുവിളികളും നടത്തിയത് പലരും മറന്നുകാണില്ല. ക്വാറന്റീനിലിരിക്കുന്നവർക്ക് ആയുർവേദം നൽകാമെന്ന തീരുമാനമെടുത്തതോടെ കലഹം മൂത്തു. പക്ഷേ, ക്വാറന്റീനിലിരുന്നവർക്ക് ആയുർവേദം അനുഗ്രഹമായെന്ന് മരുന്നു കഴിച്ചവരിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. ആയുർവേദചികിത്സ ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും കൊവിഡിന് ചികിത്സാനുമതി ലഭിക്കാതിരുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ കൊവിഡിന് ആയുർവേദചികിത്സ നടത്താൻ അനുമതിയായി. ആയുർവേദത്തോടുള്ള അവഗണന അവിടേയും തീർന്നില്ല എന്നതാണ് കേരള പൊതുജനാരോഗ്യബില്ലിൽ നിരവധി ന്യൂനതകളുണ്ടെന്ന പരാതികൾ ഉയരുമ്പോൾ വ്യക്തമാകുന്നത്.

മുറിഞ്ഞ ആയുധം കൊണ്ട്

പൊതുജനാരോഗ്യ പരിപാലനത്തിൽ ആയുർവേദം അനിവാര്യമാണെന്ന് വലിയൊരു വിഭാഗം ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ആരോഗ്യവിദഗ്ധർക്കും മനസിലാക്കിത്തന്നത് കൊവിഡ് പ്രതിരോധമാണ്. കുറേ അവഗണനയുടേയും അടിച്ചമർത്തലിന്റേയും പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് കൊവിഡിനെ ആയുർവേദം നേരിട്ടത്. പരിമിതികളും ബലഹീനതകളും ഏതൊരു ശാസ്ത്രത്തെപ്പോലെ ആയുർവേദത്തിനുമുണ്ട്. പക്ഷേ, സർക്കാർ അലോപ്പതി ആശുപത്രി ജീവനക്കാരുടെ എണ്ണത്തിലും വണ്ണത്തിലും ഒപ്പമെത്താൻ ഭാരതീയ ചികിത്സാവകുപ്പ് എത്ര കാലമെടുക്കും. ആയുർവേദത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയും പരിഗണനയും പതിറ്റാണ്ടുകൾക്കു മുൻപേ ലഭിക്കുകയും അതേക്കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കിൽ, ഇന്നത്തെ ആയുർവേദം ഇതുപോലെയാകുമായിരുന്നില്ലെന്ന് ആയുർവേദരംഗത്തുള്ളവർ പറയുന്നു. നിരവധി വിദ്യാർത്ഥികൾ ആയുർവേദം പഠിച്ച് പുറത്തിറങ്ങി ജോലിയില്ലാതെ ഇരിക്കുന്നുണ്ടെന്ന് നമുക്കറിയാം. പഞ്ചായത്തുകളിലും നഗരസഭകളിലുമൊന്നും നമുക്ക് വേണ്ടത്ര സർക്കാർ ആയുർവേദ ആശുപത്രികളില്ല. പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ മാത്രമാണുള്ളത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരില്ല. ഡോക്ടർമാരുടേത് അടക്കം നിയമനങ്ങൾ നടക്കുന്നില്ല. താത്‌കാലിക ഡോക്ടർമാരെ നിയോഗിച്ച് തട്ടിമുട്ടി ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ കൊണ്ടുനടക്കുമ്പോൾ, ആയുർവേദ സമൂഹം ഉയർത്തുന്ന ആശങ്കകൾ തീർക്കാനും അവരുടെ മനസുകളിലെ മുറിവുകളിൽ മരുന്നുപുരട്ടാനും ഒരിക്കലും സർക്കാരുകൾ വൈകരുത്. വൈകിയാൽ, അത് മനുഷ്യരാശിയോടും പൊതുജനാരോഗ്യ സംരക്ഷണപ്രവർത്തനങ്ങളോടുമുള്ള കൊഞ്ഞനം കുത്തലാകും. ലോകരാജ്യങ്ങളും ലോകാരോഗ്യസംഘടനയും അടക്കം ആയുർവേദത്തെ ആഴത്തിലും പരപ്പിലും അംഗീകരിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അത് മറക്കാതിരിക്കണം എന്ന് വീണ്ടുംവീണ്ടും ഓർമ്മിപ്പിക്കേണ്ടി വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYURVEDA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.