SignIn
Kerala Kaumudi Online
Friday, 19 April 2024 4.37 AM IST

വലിയ പടത്തലവൻ അയ്യങ്കാളി

ayyankali

അശരണർക്ക് ആശ്രിതനായ മഹാത്മാ അയ്യങ്കാളിയുടെ 159-ാം ജന്മദിനമാണ് നാളെ. 1863 ആഗസ്റ്റ് 28 ചിങ്ങമാസത്തിലെ അവിട്ടം ദിനത്തിൽ തിരുവനന്തപുരത്ത് വെങ്ങാനൂരിൽ അയ്യന്റെയും മാലയുടെയും മകനായി കാളി ജനിച്ചു. 1941 ജൂൺ 18ന് അന്തരിക്കുന്നതുവരെ, അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം കർമ്മനിരതനായിരുന്നു.

അയ്യങ്കാളിയുടെ ക്ഷേത്രം വിദ്യാലയമായിരുന്നു. ശാശ്വതമായ മാറ്റത്തിനുള്ള കരുത്ത് അവിടെ നിന്നേ കിട്ടുകയുള്ളൂ എന്ന് ആ ബുദ്ധിശാലിക്ക് അറിയാമായിരുന്നു.

ഇവിടെ നിലനിന്ന സാമൂഹിക വൈരുദ്ധ്യങ്ങൾ, തിന്മകൾ എന്നിവ അയ്യങ്കാളി കുട്ടിക്കാലത്തുതന്നെ തിരിച്ചറിഞ്ഞു. മേലാളർക്കുവേണ്ടി പണിയെടുക്കുക മാത്രമായിരുന്നു കീഴാളരുടെ ധർമ്മം.

അന്നത്തെ സാമൂഹിക കെട്ടുപാടിൽ വിള്ളലുണ്ടാക്കി മാറ്റം സൃഷ്ടിക്കുക എന്നത് ദുഷ്‌കരമെന്ന് അയ്യങ്കാളിക്ക് അറിയാമായിരുന്നു. തന്റെ ഉദ്ദേശ്യസാദ്ധ്യത്തിന് അവധാനതയോടെ നീങ്ങേണ്ടിയിരിക്കുന്നുവെന്ന് അയ്യങ്കാളി തിരിച്ചറിഞ്ഞു. അങ്ങനെ ചുവടുകൾ വച്ചു.

വിധേയത്വത്തിന് അല്പം പിഴവുവന്നാൽ അധഃസ്ഥിതരെ മേലാളർ അടിച്ചും തൊഴിച്ചും നിരപ്പാക്കുമായിരുന്നു. അദ്ദേഹത്തിന്റെ അനുചരന്മാർ കുടികളിൽ ചെന്നു മനുഷ്യാവകാശ ബോധവത്‌കരണം നടത്തി. കായികമായും മാനസികമായും ഇത് അയ്യങ്കാളിയുടെ പ്രവർത്തനങ്ങൾക്ക് ഉത്തേജകമായി.

ചിരട്ടയിൽ ചായക്കടയുടെ പിന്നിൽ ചായ കൊടുക്കുന്ന സമ്പ്രദായത്തെ താത്വികമായിത്തന്നെ നേരിട്ടു. അയ്യങ്കാളി സ്വജനങ്ങളോട് ചോദിച്ചു ''നാം എന്തിനു അയിത്തം കാട്ടുന്നവർ എടുത്തുവയ്ക്കുന്ന ചിരട്ടച്ചായ മോന്തണം? നമ്മുടെ കുടികളിൽ ചായ അനത്തി നല്ല പാത്രങ്ങളിൽ ആവോളം കുടിക്കാമല്ലോ. കൂടുതൽ സംതൃപ്‌തിയുമുണ്ടാകും. പണവും ലാഭിക്കാം." സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നവരുടെ മനസിൽ സ്ഥിരമായ അടയാളം സൃഷ്ടിക്കാൻ അയ്യങ്കാളി ദൃഢനിശ്ചയത്തോടെ അതീവ ശ്രദ്ധേയവും കുലീനവുമായ സഞ്ചാരമായിരുന്നു നടത്തിയത്. വെള്ളക്കാളകളെ പൂട്ടി പ്രത്യേകം തയ്യാറാക്കിയ വില്ലുവണ്ടിയിൽ വെള്ളവസ്‌ത്രവും തൂവെള്ള തലപ്പാവും അണിഞ്ഞ് ഉപവിഷ്ടനായി പൊതുനിരത്തിലൂടെ സഞ്ചരിച്ചു. കീഴ് ജാതിക്കാർക്ക് ഉയർച്ച വേണമെങ്കിൽ അവർക്ക് ആത്മാഭിമാനമുണ്ടാകണം. ആത്മാഭിമാനമുണ്ടാകണമെങ്കിൽ വിദ്യാഭ്യാസവും അറിവും നേടണം. സമുദായത്തിലെ കുട്ടികൾക്ക് വേണ്ടി 1904ൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് ഒരു പ്രത്യേക പ്രാഥമിക സ്കൂൾ തുടങ്ങി. അത് സവർണർ തീവച്ചുനശിപ്പിച്ചു. അയ്യങ്കാളി പിന്മാറിയില്ല. കൈതമുക്ക് പരമേശ്വരൻപിള്ളയെ അദ്ധ്യാപകനാക്കിക്കൊണ്ട് വേറൊരു വിദ്യാലയം വെങ്ങാനൂരിൽ സ്ഥാപിച്ചു. ഓരോ ജനവിഭാഗത്തിനും പ്രത്യേകം ജോലി. അതുമാറാൻ പാടില്ല. മാറിയാൽ ദൈവകോപം എന്ന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് അധഃസ്ഥിതരുടെ തൊഴിൽ പരിചയം മെച്ചപ്പെടുത്താൻ പന്ത്രണ്ടു തറികളുള്ള ഒരു നെയ്‌ത്തു സ്കൂൾ അദ്ദേഹം വെങ്ങാനൂരിൽ സ്ഥാപിച്ചു.

ഏഴകളുടെ കേസ് കേൾക്കാൻ ജഡ്‌ജി കോടതിവളപ്പിൽ മരച്ചുവട്ടിൽ വന്നിരിക്കുമായിരുന്നു. ഇത് നിയമത്തിനു മുമ്പിൽ എല്ലാവരും സമന്മാർ എന്ന സങ്കല്പത്തിനു എതിരാണെന്ന് അയ്യങ്കാളി മനസിലാക്കി. ജനങ്ങൾക്ക് നിയമപരിരക്ഷ നൽകാൻ ബാദ്ധ്യസ്ഥമായ കോടതിതന്നെ പൗരാവകാശ നിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ നടപടി. അധഃസ്ഥിത ജനങ്ങൾ അങ്ങോട്ടുചെന്ന് യാഥാസ്ഥിതിക കോടതിയുടെ വിവേചനത്തിനു വിധേയരാകേണ്ട എന്ന് അയ്യൻകാളി ആഹ്വാനം ചെയ്തു. അധഃസ്ഥിതരുടെ പ്രശ്നങ്ങൾ കേട്ടു പരിഹാരം കാണാൻ ആഴ്ചയിൽ ഒരു ദിവസം അയ്യങ്കാളി മാറ്റിവച്ചു. അങ്ങനെ 'നിങ്ങൾക്ക് നിങ്ങളുടെ കോടതി, ഞങ്ങൾക്ക് ഞങ്ങളുടെ കോടതി" എന്ന അവസ്ഥ നീതിത്തുലാസിന്റെ തട്ടുകൾ ഒരിക്കലും സമനിലയിലാവുകയില്ല എന്ന അവസ്ഥ സമൂർത്തമായി ആവിഷ്കരിക്കപ്പെട്ടു. ഇത് അയ്യൻകാളിയുടെ ദാർശനിക സംഭാവനകളിൽ പ്രധാനപ്പെട്ടതാണ്. നീതിനിർവഹണ വ്യവഹാരത്തിന്റെ ലോകചരിത്രത്തിൽ ഇത് ആദ്യത്തേതാണ്.

ജനിച്ച മണ്ണിൽ മനുഷ്യരായി ജീവിക്കാൻ നിരന്തരമായ പോരാട്ടങ്ങളാണ് അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്നത്. അനന്യസാധാരണമായ ക്രാന്തദർശിത്വമുള്ള അയ്യങ്കാളി അടിസ്ഥാന സജ്ജീകരണങ്ങളൊരുക്കി അവയുടെ ഫലശേഷി സ്വയം ബോദ്ധ്യപ്പെട്ടതിന്റെ ഉറപ്പോടെയാണ് ഓരോ പടനീക്കവും നടത്തിയിട്ടുള്ളത്. യഥാർത്ഥ തന്ത്രജ്ഞൻ നിർണായക നീക്കത്തിനു മുൻപേ തന്നെ ലക്ഷ്യത്തിന്റെയും മാർഗത്തിന്റെയും സൂക്ഷ്മാംശങ്ങൾ വരെ ആസൂത്രണം ചെയ്ത് കൃത്യസമയത്തു മാത്രമേ പ്രത്യാക്രമണം നടത്തുകയുള്ളൂ. അയ്യങ്കാളി സാമൂഹിക വിപ്ളവത്തിൽ ലോകത്തിനു മാതൃകയായ വലിയ പടത്തലവൻ തന്നെയാണ്.

വാസ്തവത്തിൽ മഹാത്മാ അയ്യങ്കാളിയുടെ വ്യവഹാരിക - ദാർശനിക, വിധി - നിഷേധ, പ്രവൃത്തി - നിവൃത്തികളെ അധികരിച്ച് ഗവേഷണ പ്രബന്ധങ്ങളും ബൃഹദ് ജീവചരിത്രവും രചിക്കപ്പെടേണ്ടതുണ്ട്.

ലേഖകന്റെ ഫോൺ : 9446556516

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYYANKALI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.