SignIn
Kerala Kaumudi Online
Friday, 19 April 2024 8.33 PM IST

ബാബുപോളിനൊരു ഗുരുദക്ഷിണ

book

ജീവിതം ചാന്ദ്രമാസം പോലെയാണെന്ന് ഡി.ബാബുപോൾ സാർ എഴുതിയിട്ടുണ്ട്. അമാവാസിയിൽ നിന്ന് പൗർണമിയിലേക്കും, തിരികെ അമാവാസിയിലേക്കും, വീണ്ടും പൗർണമിയിലേക്കും അത് സഞ്ചരിക്കും. കൂരിരുട്ടും നറുനിലാവും തിങ്കൾക്കീറിന്റെ പ്രത്യാശാദൂതും അതിന്റെ ഭാഗമാണ്. ചന്ദ്രൻ ഉദിക്കാത്ത നിശീഥിനികളെക്കുറിച്ചുള്ള തിരിച്ചറിവും, പൗർണമി നിത്യമോ അഹങ്കരിക്കാനുള്ളതോ അല്ല എന്ന വിവേകവും അതിന്റെ പാഠങ്ങളാണ്. എന്നാൽ സർവശക്തനാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് മനസിലാക്കുന്നവർ ഭാഗ്യവാൻമാരാണെന്നും അദ്ദേഹമെഴുതി. ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസമാണ് എന്നും ബാബുപോളിനെ മുന്നോട്ടു നയിച്ചതും ആ ജീവിതത്തെ അർത്ഥപൂർണമാക്കിയതും. സർവചരാചരങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന ചിന്ത അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു. - ബാബുപോൾ വിടപറഞ്ഞത് ഒരു വിശുദ്ധവാരത്തിന് തൊട്ടുമുമ്പായിരുന്നു. ഓശാന ഞായറിലാണ് അദ്ദേഹം മണ്ണോടുമണ്ണു ചേർന്നത്.

ദാവീദിൻ പുത്രന് ഓശാന നേരാൻ വീണ്ടുമൊരു വിശുദ്ധവാരം എത്തുകയാണ്. മൂന്നുവർഷം പിന്നിടുന്ന ഈ വേളയിൽ ബാബുപോൾ എന്തു ചെയ്യുകയായിരിക്കും.? ഒരു കൗതുകത്തിനു ചിന്തിച്ചുനോക്കി. ഒരു പക്ഷേ മാതാപിതാക്കളോടും, ഭാര്യയോടും അവിടെയുള്ള സുഹൃത്തുക്കളോടും കുശലം പറ‌ഞ്ഞ് ,ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ച് വിശുദ്ധവാരം ആചരിക്കാനുള്ള ശ്രമത്തിലാകാം. ഇ.കെ.നായനാരും ,കെ.കരുണാകരനും ഒക്കെ ബാബുപോളിന്റെ തമാശകൾ കേട്ട് കുലുങ്ങിച്ചിരിക്കുന്നുമുണ്ടാകാം. ഒരു നക്ഷത്രത്തെ പോലെ ബാബുപോൾ ഭൂമിയിലേക്ക് നോക്കുന്നുമുണ്ടാകാം.

കൊവിഡ് കാലം കാണാൻ അദ്ദേഹം കാത്തുനിന്നില്ല. അതിനു മുമ്പെ മടങ്ങിയത് നന്നായെന്ന് കരുതുന്നുണ്ടാകാം. മരിക്കും മുമ്പ് എഴുതിവച്ച യാത്രാമൊഴിയിൽ ബാബുപോൾ ഇങ്ങനെ കുറിച്ചിരുന്നു." ഇൗ യവനികയ്ക്ക് അപ്പുറം എന്താണെന്ന് എനിക്കറിഞ്ഞുകൂടാ . എങ്കിലും ഞാൻ സ്നേഹിക്കുന്ന ആളുകൾ എന്റെ അച്ഛനും അമ്മയും ഉൾപ്പെടെ അനേകർ അപ്പുറത്തുണ്ട് എന്നുള്ളത് എനിക്കൊരു ധൈര്യമാണ് " . കർത്താവ് യെരൂശലേം പുത്രിമാരോട് ' ആരും എന്നെപ്രതി കരയേണ്ട 'എന്നു പറഞ്ഞതുപോലെ നിങ്ങൾ എന്നെക്കുറിച്ച് കരയേണ്ടതില്ല എന്നും അദ്ദഹം എഴുതിയിരുന്നു .

' ഓർമ്മകളിൽ ബാബുപോൾ ' എന്ന പേരിൽ അദ്ദേഹത്തെക്കുറിച്ച് മകൻ ചെറിയാൻ പോളിന്റെ മുൻകൈയിൽ ഒരോർമ്മപ്പുസ്തകം കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. സർവീസിൽ ബാബുപോളിന്റെ ജൂനിയറും ഉറ്റ സ്നേഹിതനുമായിരുന്ന കെ.ജയകുമാറാണ് പുസ്തകം എഡിറ്റ് ചെയ്തത്. സഭയിലെ തിരുമേനിമാരുടെയും മുഖ്യമന്ത്രിയുടെയും മുൻ മുഖ്യമന്ത്രിയുടെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും എല്ലാറ്റിലും ഉപരി അദ്ദേഹത്തിന്റെ പരേതയായ പത്നി മുമ്പെഴുതിയ കുറിപ്പും മക്കളുടെയും സഹോദരൻ റോയി പോളിന്റെയും ലേഖനങ്ങളും ചേർത്ത് സമ്പന്നമാണ് ഉള്ളടക്കം. തന്റെ ഒൗദ്യോഗിക ജീവിതത്തെ പ്രകടമായും ആന്തരിക ജീവിതത്തെ ഗുപ്തമായും സ്വാധീനിച്ച ഗുരുവിനു പാദനമസ്കാരത്തോടെയാണ് ജയകുമാർ ഈ പുസ്തകം സമർപ്പിക്കുന്നത്. ഉചിതമായ ഗുരുദക്ഷിണ.

എത്രയോ പേർക്ക് വെളിച്ചവും വഴികാട്ടിയുമായിരുന്നു ബാബുപോൾ. ചീഫ് സെക്രട്ടറി റാങ്കിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം അനവധി പദവികൾ വേറെയും വഹിച്ചു. പദവി ഏതെന്നതിനേക്കാൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണ് പ്രധാനമെന്ന് ഓരോ പദവിയിലിരിക്കുമ്പോഴും അദ്ദേഹം തെളിയിച്ചു. കേരളത്തിന്റെ ഭാഗധേയം നിർണയിക്കുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ബാബുപോൾ ഓരോരുത്തരോടും സമഭാവനയോടെ പെരുമാറി. ക്രിസ്തീയ മൂല്യങ്ങളിലും ദർശനങ്ങളിലും അടിയുറച്ചു നിന്നുകൊണ്ടുതന്നെ ഇതരമതങ്ങളോടും അത്യന്തം ഉദാരമായ സഹിഷ്ണുത പ്രകടിപ്പിച്ചു. ഇതിനൊക്കെ ആ മഹാവ്യക്തിത്വത്തെ പ്രാപ്തമാക്കിയത് അഹങ്കാരം തെല്ലുപോലും സ്പർശിക്കാത്ത ലളിതമായ ജീവിതരീതിയായിരുന്നു. അതുകൊണ്ടാണ് ബാബുപോൾ എന്ന ഉദ്യോഗസ്ഥ പ്രമുഖൻ അധികാരങ്ങളുടെ ചമയങ്ങളെല്ലാം അഴിച്ചുവച്ച് കേരളീയ സമൂഹത്തിന്റെ ആത്മമിത്രമായി മാറിയത്. എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും അദ്ദേഹം സാമൂഹികമായ ഇടപെടലുകൾ നടത്തി. കേരളത്തിന്റെ ചിന്താധാരയെ സ്വാധീനിച്ചതിനൊപ്പം നർമ്മം തുളുമ്പുന്ന പ്രഭാഷണങ്ങളിലൂടെ സാധാരണക്കാരന്റെ ഹൃദയത്തിലും ഇടംനേടി. പുസ്തകം സ്വീകരിച്ച ഡി.ജി.പി ബി.സന്ധ്യ പറഞ്ഞ ഒരു തമാശ ഇങ്ങനെയായിരുന്നു. " സന്ധ്യയ്ക്ക് കഴിക്കാനുള്ള മരുന്നുപെട്ടിയിൽ അദ്ദേഹം എ.ഡി.ജി.പി ( അന്ന് സന്ധ്യ ആ പദവിയിലായിരുന്നു ) എന്നാണ് എഴുതിവച്ചിരുന്നത് ". ഇതുപോലെ എത്രയെത്ര തമാശകളും കുസൃതികളും ഓരോരുത്തർക്കും ഓർമ്മിക്കാനുണ്ടാകും .

പത്രാധിപരുടെ കാലം മുതൽ കേരളകൗമുദിയുമായി ഉറ്റബന്ധം പുലർത്തിയ ബാബുപോൾ കേരളകൗമുദിയിൽ പതിവായി എഴുതിയിരുന്നു. എപ്പോൾ ലേഖനം ആവശ്യപ്പെട്ടാലും കൃത്യമായി എഴുതിത്തന്നിരുന്നു. അവസാനമായി എഴുതിയ ലേഖനവും കേരളകൗമുദിക്കു വേണ്ടിയായിരുന്നു. വാർത്തയും വീക്ഷണവും കൂട്ടിക്കുഴയ്ക്കാത്ത പത്രമെന്ന് എന്നും കേരളകൗമുദിയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ബാബുപോൾ സാറിനെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല. ഏതു വിഷയത്തെക്കുറിച്ചും ലേഖനം ആവശ്യപ്പെടുന്നതുപോലെ , ജീവിതത്തിലെ ഏത് കാര്യത്തെക്കുറിച്ചും അദ്ദേഹത്തോട് ഉപദേശം തേടാമായിരുന്നു. വാത്സല്യം തുളുമ്പുന്ന ആ വാക്കുകൾ നമ്മുടെ മനസിനെ ശാന്തമാക്കുമായിരുന്നു.

സോഫോക്ളീസ് പണ്ട് പറഞ്ഞതാണ്. പകൽ എത്ര സുന്ദരമായിരുന്നു എന്നറിയാൻ നേരം സന്ധ്യയാവണമെന്ന് . അതുപോലെ ബാബുപോൾ സാറിന്റെ ജീവിതമെന്ന പകൽ നിശ്ചയമായും മിന്നുന്നതായിരുന്നു. ഉജ്ജലമായിരുന്നു. - സുന്ദരമായിരുന്നു ആ ജീവിതം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABU PAUL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.