SignIn
Kerala Kaumudi Online
Friday, 29 March 2024 7.26 PM IST

കുളന്തൈ ഡാമിന് കഷായമിടാൻ

photo

ബേബി ഡാം. അതിന് ബാലാരിഷ്ടത തീർന്നില്ല. ബലക്ഷയം ഇപ്പോഴുമുണ്ടത്രെ. അളവ് അറിയില്ല. തമിഴ്നാട് അരശാങ്കത്തിന് തെരിയും. അവിടെനിന്ന് നാല് അമൈച്ചർമാർ വന്നു. ഡാം കണ്ടു. ബേബി (കുളന്തൈ) ഡാമിന് ശൂലയുണ്ടന്നറിയിച്ചു. അറിയാതങ്ങു ഒലിച്ചുപോകും. അതു നിറുത്തണം. എന്നാലെ ബലംവയ്ക്കൂ. അതുക്ക് എന്ന വേണം. പഴയ പല്ലവി തന്നെ. 'തൊട്ടടുത്ത് 23 മരങ്ങളില്ലേ. അതിൽ 15 എണ്ണമെങ്കിലും മുറിക്കണം.' എതുക്കാകെ എന്ന് മുതിർന്ന ഉദ്യോഗസ്ഥർ തിരക്കിയില്ല. അവർ കരുതി വാവാ ഡാമിന് കഷായമിടാനായിരിക്കും. ഇങ്കു കാച്ചാനായിരിക്കും. സംശയങ്ങൾ നീളുന്നു. പോരാത്തതിന് ബേബി ഡാമിനു ചാരെ ഒരു റോഡും വേണം. അമൈച്ചർകൾ പോയി. അധികം നീണ്ടില്ല. കേരളത്തിൽ മരംമുറി ഉത്തരവായി. നവംബർ അഞ്ചിന് . അടുത്ത ദിവസം ഉത്തരവ് പുറത്തുവന്നു. തമിഴ്നാട് 'മുതൽ അമൈച്ചർ' സന്തോഷക്കുറിപ്പയച്ചു കേരള സർക്കാരിന്.

മരം മുറിപ്പ് കാര്യമല്ലെ ഉന്നതരുടെ ഇടപെടൽ 2020ൽ തന്നെ തുടങ്ങിയിരുന്നു. മീറ്റിംഗുകൾ. ഫയലെഴുത്ത്. നോട്ട് ഇടീൽ. ബേബി ഡാമിന്റെ കാര്യം തന്നെ. കൂടെ മുല്ലപ്പെരിയാർ ഡാമും. കേസുണ്ടായി. സുപ്രീംകോടതിയിൽ. കോടതിയിൽ നോട്ട് കൊടുത്തു ഒക്ടോബറിൽ. മേയ് അഞ്ചിന് ഇത് സംബന്ധിച്ച ഫയൽ പിറന്നിരുന്നു. തുടർന്നങ്ങോട്ട് കസറൻ മീറ്റിംഗുകൾ. ഉന്നതരുടെ നിർദ്ദേശങ്ങൾ. ഒരു സെക്രട്ടറിതല ചർച്ച. 14 ഉദ്യോഗസ്ഥർ കേരളം വക. ബാക്കി തമിഴ് അരശാങ്കം വക. മൊത്തം 25 പേർ ഉന്നതതല മീറ്റിംഗ് സെപ്തംബർ 17 ന്. അന്നു ധാരണയായി. അവിടെവച്ച് മരങ്ങൾ മുറിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഏക്കനവെ ശൊന്നമാതിരി ഉത്തരവായി. നവംബർ അഞ്ചിന്. ആറാം തീയതി ഉത്തരവിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതായി. എന്റെ പൊന്നേ ഇതൊന്നും വകുപ്പുമന്ത്രിമാർ അറിഞ്ഞില്ലെന്ന്. നിഷേധമായി. 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്നൊരു മന്ത്രി. പിന്നെ തിരുത്തലായി. സഭാനാഥന് കുറിപ്പായി. അപ്പോ മറ്റേ മന്ത്രി രംഗത്തുവന്നു. ആ വകുപ്പും ഉണ്ടല്ലോ രംഗത്ത്. അദ്ദേഹം പറയുന്നു. ' എന്റെ കർത്താവെ, ഇവർ ചെയ്യുന്നതെന്തെന്ന് ഞാൻ അറിയുന്നില്ല.' നല്ല പെടയ്ക്കണ രേഖകളുണ്ടെ ഇതിനൊക്കെ. ഒക്ടോബർ 24ന് കൊടുത്ത സത്യവാങ്മൂലം. മിനിട്സുകൾ. സുപ്രീംകോടതിയിൽ നിലനില്‌ക്കുന്ന വിഷയമാണ്. കളി കാര്യമാവും. മുല്ലപ്പെരിയാർ വിഷയം. കുറേ കേട്ടിട്ടുണ്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങളായി കോടികൾ കുറേ ഒഴുകി. ഡാമിന്റെ ആയുസ് തകർന്നു കൊണ്ടിരിക്കുന്നു. പുതിയ ഡാം വേണം. എന്തു പറഞ്ഞതു ഒഴിവാക്കും. അത് അനാവശ്യമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ബേബി ഡാമിന്റെ മുറ്റത്തെ മരം 15 എണ്ണം മുറിച്ചാലോ. ചാരത്തുകൂടെ ഒരു റോഡുണ്ടാക്കിയാലോ ബേബി ഡാം ബലപ്പെടും. മുല്ലപ്പെരിയാർ ഡാമിൽ വെള്ളം നിറയ്ക്കാം. 152 അടി വരെ. തമിഴ് അരശാങ്കത്തിന്റെ കനവുകൾ. ഭവിഷ്യത്തുകൾ നോക്കൂ. കുമളി പഞ്ചായത്തില്ലെ. ഉണ്ടവിടെ. ഒരു ആദിവാസി കോളനി. പോരാത്തതിന് ആറ് ജനവാസകേന്ദ്രങ്ങൾ. കുടുംബങ്ങൾ ആയിരത്തോളം. ഒക്കെ വഴിയാധാരമാകും. പെരിയാർ കടുവാസങ്കേതം വേറെ. 11.7 ചതുരശ്ര കി.മീ മുങ്ങിപ്പോകും. വെള്ളത്തിൽ. റിപ്പോർട്ടുണ്ട്. വിദഗ്ദ്ധരുടെ ഒരു ജലസമാധിക്കു കേരളത്തെ വിടണോ. ചോദ്യമതാണ്. കാര്യങ്ങൾ കുഴയുന്നു. മറിയുന്നു. അതുകൊണ്ട് പറയുകയാ. ഒരു ആക്സിഡന്റ് കേസ്. രോഗിയുടെ ഒരു കാൽ ഒടിഞ്ഞു. മറ്റേ കാൽ നന്നായി ചതഞ്ഞുപോയി. രോഗി ആശുപത്രികിടക്കയിൽ. പരവശനായി. ഒരു നേരമാകുമ്പോൾ ഒരു സീനിയർ ഡോക്ടർ കുട്ടികളുമായി കിടക്കയ്ക്കരികിൽ എത്തും. എന്നിട്ട് ഒടിവുകളെയും ചതവുകളെയും കുറിച്ച് ക്ലാസെടുക്കും. കുറേ കഴിയുമ്പോൾ മറ്റൊരു ഡോക്ടറും കുട്ടികളോടൊപ്പം വരും. മുറിയുന്ന ഞരമ്പുകളെയും രക്തവാഹിനിക്കുഴലുകളെയും കുറിച്ച് ക്ലാസെടുക്കും. പോകും. അപകടം പറ്റിയ ആൾ ഇതൊക്കെ കേട്ടും കണ്ടും മിണ്ടാതെ കിടക്കുന്നു. അപ്പോൾ ചികിത്സിക്കുന്ന പ്രധാന ഡോക്ടർ വന്നു. രോഗി ചോദിച്ചു.

''എന്റെ രണ്ടുകാലും മുറിക്കേണ്ടിവരുമോ ഡോക്ടർ...?""

ഡോക്ടർ: ''എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ?"

രോഗി: ''നേരത്തെ ക്ലാസെടുത്ത ഒരു ഡോക്ടർ പറയുന്നതുകേട്ടു. ഒരു കാൽ മുറിച്ചാൽ മതിയെന്ന്. പിന്നെ വന്ന ഡോക്ടർ കുട്ടികളോട് പറഞ്ഞത് രണ്ടുകാലും മുറിക്കണമെന്ന്.""

ഡോക്ടർ:'' കുറച്ചൊക്കെ ശരിയാകാം. പണ്ട് ഇതുപോലൊരു കേസുണ്ടായിരുന്നു. പല അഭിപ്രായങ്ങൾ വന്നു. ഒടുവിൽ ഞാൻ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു.''

രോഗി: ''എപ്പോൾ, എങ്ങനെ...?""

‌ഡോക്ടർ: ''പോസ്റ്റുമോർട്ടം പരിശോധന നടത്തിയപ്പോൾ."

സത്യം വദ; ധർമ്മം ചര;

ലേഖകന്റെ ഫോൺ - 94 47 55 50 55

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABY DAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.