SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.13 PM IST

ബംഗാളിൽ അണികളെ ആകർഷിക്കാൻ ആട്ടവും പാട്ടുമായി സി.പി.എം

cpm

തൃണമൂൽ, ബി.ജെ.പി കക്ഷികളുടെ ശക്തമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചുവരവിന് തലപുകയുകയാണ് ബംഗാളിലെ സി.പി. എം നേതൃത്വം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പടെയുള്ള നേതാക്കൾ ഈ ആശങ്ക പങ്കുവയ്‌ക്കുന്നു. കേരളത്തിലെ സ്വതന്ത്രവും നിർഭയവുമായ സംഘടനാ പ്രവർത്തനമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. എന്തൊക്കെ ഭീഷണിയുണ്ടായാലും പിടിച്ചുനിൽക്കാനാണ് തീരുമാനം .

തെരുവുകളിൽ ആട്ടവും പാട്ടുമായി പുതിയ പ്രവർത്തകരെ ആകർഷിക്കാനുള്ള ലളിതമായ മാർഗങ്ങൾ തേടുകയാണ് സി.പി. എം നേതൃത്വം. ഇതിനായി നിരവധി കലാസംഘങ്ങൾ ബംഗാളിൽ പ്രവർത്തിക്കുന്നുണ്ട്. അവയിൽ രണ്ട് സംഘങ്ങൾ കണ്ണൂരിലുമെത്തി.

ബംഗാളിലെ ബിരാത്തി ബിഷാർപാര വെസ്റ്റ്​ ഏരിയാ കമ്മിറ്റിയിലെ18 അംഗങ്ങൾ സമ്മേളനനഗരിയിൽ ആവേശം വിതച്ചു. മുദ്രാവാക്യം വിളിപോലും നിഷേധിച്ച് രാഷ്ട്രീയ പ്രവർത്തനം അസാദ്ധ്യമാക്കിയ അന്തരീക്ഷത്തിലാണ് ഇവർ കണ്ണൂരിലെത്തിയത്. വിപ്ലവഗാനങ്ങളാലപിച്ചും മുദ്രാവാക്യം വിളിച്ചും ഇവർ കണ്ണൂരിനെ കൈയ്യിലെടുത്തു.

ബംഗാളിൽ തെരുവുകൾ തോറും തൃണമൂലിനെയും മോദി, മമത സർക്കാരിനെയും വിവിധ കലാരൂപങ്ങളിലൂടെ വിമർശിക്കാറുമുണ്ട് ഇവർ.

തെരുവു നാടകങ്ങൾക്കും കലാരൂപങ്ങൾക്കും ബംഗാളിലെ ജനങ്ങളിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നാണ് ഇവരുടെ നിലപാട്.

എം.വി. ജയരാജനെ കണ്ടപ്പോൾ ബംഗാൾ സഖാക്കളുടെ ആവേശം ഇരട്ടിച്ചു. സെൽഫിയെടുത്തും മുദ്രാവാക്യം വിളിച്ചും അദ്ദേഹത്തിന് ചുറ്റും കൂടി.

ബി.ജെ.പിയുടെയും തൃണമൂലിന്റെയും അക്രമം നേരിടേണ്ട അവസ്ഥയാണ് നിലവിലെന്നും ഇവർ പറയുന്നു. ബംഗാളിലിപ്പോൾ കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളും വിപ്ലവചിഹ്നങ്ങളും നിറഞ്ഞ തെരുവുകൾ അന്യമാണ്​. കേരളത്തിൽ സി.പി.എമ്മിന്റെ സംഘടനാ പ്രവർത്തനവും കൈവരിച്ച പുരോഗതിയും അദ്ഭുതപ്പെടുത്തിയെന്നും സംഘം പറഞ്ഞു.

ആവേശം പകർന്ന് ദീപ് സിതയും

നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ... ഒരുകാലത്ത് സി.പി.എം വിളിച്ച മുദ്രാവാക്യമായിരുന്നു ഇത്. ഈ വരികൾ പാടി മലയാളികളെ കൈയിലെടുത്ത് എസ്‌.എഫ്‌.ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയും പശ്ചിമബംഗാൾ സ്വദേശിനിയുമായ ദീപ്‌സിത ദർ .

ന്യൂജൻ സംഘത്തെ സംഘടനയിലേക്ക് ആകർഷിക്കാനുള്ള മാർഗമായാണ് കലാപരിപാടികളെ ദീപ് സിത കാണുന്നത്. പ്രതിനിധിയായി എത്തിയതാണ് ജെ.എൻ.യുവിലെ ഗവേഷകവിദ്യാർത്ഥിയായ ദീപ്‌സിത. അച്ഛനും ബംഗാളിലെ കുട്ടികളുടെ സംഘടനയായ കിഷോരെ ഭാഹിനിയിലെ പതിനെട്ടംഗ സംഘവും ഒപ്പമുണ്ട്.

എസ്‌.എഫ്‌.ഐ പരിപാടികൾക്കായി ദീപ്‌സിത പാടിയ ‘ആസാദി’ ,​ ‘നമ്മളു കൊയ്യും വയലെല്ലാം’ എന്നിവ സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റാണ്‌. ജെ.എൻ.യുവിലെ ‘ദസ്‌ത’ സാംസ്‌കാരിക ഗ്രൂപ്പിലുള്ള മലയാളിവിദ്യാർത്ഥികൾ വഴിയാണ്‌ ദീപ് സിത പാട്ടുപഠിച്ചത്‌.

ഇതിനു മുമ്പ് കണ്ണൂരിൽ മൂന്നുതവണ വന്നിരുന്നു. കെ.എസ്‌.യു പ്രവർത്തകരുടെ വെട്ടേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയ്‌ക്കൊപ്പമാണ്‌ ഒടുവിൽ കേരളത്തിലെത്തിയത്. കിഷോരെ ഭാഹിനി മുഖ്യരക്ഷാധികാരി പിജുഷ്‌ ദറും പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ഹൗറ ജില്ലയിലെ ബാലി നിയോജകമണ്ഡലത്തിൽ ദീപ്‌സിത മത്സരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BENGAL CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.