SignIn
Kerala Kaumudi Online
Saturday, 20 April 2024 4.21 AM IST

വെന്നിക്കൊടി പാറിച്ച് ഹിമന്ദയും സുവേന്ദുവും

kk

കിഴക്കൻ ഭാരതത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ കാവിക്കൊടി ഉയർന്ന് പാറുമ്പോൾ ഏറെ സന്തോഷവും അഭിമാനവും തരുന്ന രണ്ട് സ്ഥാനലബ്ധികളുണ്ട്. അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശർമയുടേയും ബംഗാൾ പ്രതിപക്ഷ നേതാവായി സുവേന്ദു അധികാരിയുടെയും. കഴിവും പ്രാപ്തിയുമുള്ള നേതാക്കൾക്ക് മുൻനിരയിലെത്താൻ ഭാരതീയ ജനതാപാർട്ടി നല്‌കുന്ന അവസരങ്ങളുടെ നേർച്ചിത്രമാണ് ഇരുവരും. പ്രവർത്തനമാരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് കലഹിച്ച് ബി.ജെ.പിയിലെത്തിയ ഇവർ അഴിമതിയോട് സന്ധിചെയ്യാത്തവരാണ്. അസം കോൺഗ്രസിലെ കുടുംബാധിപത്യവും അഴിമതിയുമാണ് ഹിമന്ദ ബിശ്വ ശർമയെ ബി.ജെ.പിയിലെത്തിച്ചതെങ്കിൽ മമത ബാനർജിക്ക് സ്വന്തം മരുമകനോടുള്ള അതിരുവിട്ട വാത്സല്യവും അഴിമതിയുമാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേരാൻ സുവേന്ദുവിനെ പ്രേരിപ്പിച്ചത്.
കോൺഗ്രസ് തട്ടകമായിരുന്ന വടക്കുകിഴക്കൻ ഭാരതത്തിൽ ബി.ജെ.പിയുടെ വളർച്ചയ്‌ക്ക് കരുത്തേകിയ നേതാവാണ് ഹിമന്ദ ബിശ്വ ശർമ. മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നതു പോലെ വടക്കുകിഴക്കിന്റെ രാഷ്ട്രീയ ചാണക്യൻ. കഴിവും ജനകീയതയും കൈമുതലായിട്ടും അസമിൽ തരുൺ ഗോഗോയുടെ മക്കൾ രാഷ്ട്രീയത്തിൽ നീതി നിഷേധിക്കപ്പെട്ട് കോൺഗ്രസ് വിടേണ്ടി വന്നു. 2016ൽ അസമിലെ ആദ്യ ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് ഹിമന്ദയാണ്. പക്ഷേ അസംകാരുടെ പ്രിയ 'അമ്മാവൻ ' സ്ഥാനമാനങ്ങൾക്കായി വിലപേശിയില്ല. വടക്കുകിഴക്കിനെയാകെ ഒപ്പം നിറുത്തുകയെന്ന ദൗത്യമാണ് പാർട്ടി അദ്ദേഹത്തെ ഏല്‌പിച്ചത്. വടക്കുകിഴക്കൻ ജനാധിപത്യസഖ്യത്തിന്റെ കൺവീനർ എന്ന നിലയിൽ സങ്കീർണമായ രാഷ്ട്രീയ പരിസ്ഥിതിയാണ് അദ്ദേഹത്തിന് കൈകാര്യം ചെയ്യേണ്ടി വന്നത്. നാഗാ സമാധാന കരാർ മുതൽ പൗരത്വഭേദഗതി നിയമം വരെ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്ത് വിജയം കൈവരിച്ചു അദ്ദേഹം. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ മേഖലയിലെ 25 ൽ പത്തൊൻപത് സീറ്റും ദേശീയ ജനാധിപത്യസഖ്യം നേടിയതിന്റെ കാരണക്കാരിൽ പ്രധാനിയും ഹിമന്ദ ബിശ്വ ശർമ തന്നെ. ക്രൈസ്തവ സഹോദരങ്ങൾ ഏറെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഗോവയുടെ മാതൃക പിന്തുടർന്ന് ബി.ജെ.പിക്കൊപ്പം നിന്നു.

കൊവിഡ് മഹാമാരിയുടെ കാലത്ത് അസമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഹിമന്ദ ബിശ്വ ശർമ. ബംഗാളിൽ സുവേന്ദു അധികാരിയെ പ്രതിപക്ഷനേതാവാക്കാനുള്ള തീരുമാനത്തിലൂടെ മമത ബാനർജിക്ക് കല്ലുംമുള്ളും നിറഞ്ഞ ദിനങ്ങളാണ് ബി.ജെ.പി കാത്തുവച്ചിട്ടുള്ളത്. തീയിൽ കുരുത്ത സുവേന്ദുവിന് മുന്നിൽ നന്ദിഗ്രാമിൽ അടിയറവ് പറഞ്ഞുകൊണ്ടാണ് മമതയുടെ മടങ്ങിവരവ്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സി.പി.എം ഭരണത്തിന്റെ അടിവേരറുത്ത നേതാവാണ് സുവേന്ദു അധികാരി. നന്ദിഗ്രാം കർഷകപ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുത്ത് മമത ബാനർജിക്ക് ബംഗാൾ രാഷ്ട്രീയത്തിൽ തിരിച്ചുവരവിനുള്ള കളമൊരുക്കിയ തന്ത്രജ്ഞൻ. കർഷകരെയും കർഷകത്തൊഴിലാളികളെയും മറന്ന് ബുദ്ധദേബ് ഭട്ടാചാര്യയും കമ്മ്യൂണിസ്റ്റ് പാർട്ടിയും വൻകിട കുത്തകകളുടെ അച്ചാരം വാങ്ങിയപ്പോൾ നന്ദിഗ്രാമിന്റ മണ്ണിൽ നിന്ന് കമ്മ്യൂണിസ്റ്റുകളെ തുരത്തിയോടിച്ചത് സുവേന്ദുവിന്റെ നേതൃത്വത്തിലാണ്. ഒരിക്കൽ തങ്ങളുടെ കോട്ടയായിരുന്ന നന്ദിഗ്രാമിൽ പിന്നീടൊരു ഓഫീസ് തുറക്കാൻ 12 വർഷം കാത്തിരിക്കേണ്ടി വന്നു സി.പി.എമ്മിന്. സുവേന്ദുവിന്റെ നേതൃത്വത്തിൽ രൂപമെടുത്ത ഭൂമി ഉച്ചാട് പ്രതിരോധസമിതിക്ക് കമ്മ്യൂണിസ്റ്റ് അഴിമതിയും ജനദ്രോഹനയങ്ങളും രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഇന്ന് നന്ദിഗ്രാം അടങ്ങുന്ന പൂർവമേദിനിപ്പൂരിലെ ഏറ്റവും ജനകീയനായ നേതാവാണ് സുവേന്ദു. എന്നിട്ടും മരുമകൻ അഭിഷേക് ബാനർജിയെ നേതൃനിരയിലേക്കുയർത്തി സുവേന്ദുവിനെ വഞ്ചിക്കുകയായിരുന്നു മമത ബാനർജി. ഇതോടെയാണ് അദ്ദേഹത്തെ ബി.ജെ.പി വരവേറ്റത്. നന്ദിഗ്രാമിൽ മമതയെ വെല്ലുവിളിച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. വോട്ടിങ് മെഷീനുകൾ ഒളിപ്പിക്കുന്നതടക്കം ഏതുവിധത്തിലും നന്ദിഗ്രാം ഫലം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ തിരഞ്ഞെടുപ്പ് വിജയിച്ചെന്ന സർട്ടിഫിക്കറ്റ് വാങ്ങാൻ പോലും സുവേന്ദുവിനെ അനുവദിക്കാതിരിക്കാൻ തൃണമൂൽ ഗുണ്ടകൾ ശ്രമിച്ചു. പക്ഷേ പതറാതെ തലഉയർത്തിപ്പിടിച്ച് നിന്നു സുവേന്ദു. മുൻസിപ്പൽ കൗൺസിലർ മുതൽ എം.എൽ.എയും എം.പിയും മന്ത്രിയുമായിട്ടുള്ള സുവേന്ദു രണ്ടരപ്പതിറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് പ്രതിപക്ഷ നേതാവാകുന്നത്. മമതയുടെ താൻ പോരിമയ്ക്ക് മുന്നിൽ മുട്ടിടിച്ചു നിൽക്കുന്ന സി.പി.എമ്മിനെയും കോൺഗ്രസിനെയും പോലെയാവില്ല സുവേന്ദു നയിക്കുന്ന പ്രതിപക്ഷം.
പുതുതായി വന്നവർക്ക് ഉൾപ്പെടെ കഴിവു തെളിയിക്കാൻ അവസരം നൽകുന്നതാണ് ബി.ജെ.പിയുടെ രീതി. ബി.ജെ.പി ദുർബലമായ പല സംസ്ഥാനങ്ങളിലും കരുത്തരായ ഇത്തരം നേതാക്കളാണ് പാർട്ടിയെ മുൻനിരയിലെത്തിച്ചത്. ഏതെങ്കിലുമൊരു കുടുംബത്തിലോ വ്യക്തിയിലോ കേന്ദ്രീകരിച്ചല്ല ഈ പാർട്ടിയിൽ തീരുമാനങ്ങളെടുക്കുന്നത്. കൂട്ടായ ആലോചനകൾ ബി.ജെ.പിയുടെ മുഖമുദ്ര‌യാണ്. സംസ്ഥാന ഘടകങ്ങളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ജാഗരൂകരായിരിക്കുന്ന കേന്ദ്രനേതൃത്വമാണ് ബി.ജെ.പിയുടെ കരുത്ത്. പാർട്ടി അത്ര ശക്തമല്ലാത്ത കേരളത്തിനും ആ ശ്രദ്ധയും പരിഗണനയും കേന്ദ്രനേതൃത്വത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. കേരളത്തിലും,​ ഉൾപ്പാർട്ടി ജനാധിപത്യത്തിനും ഗ്രൂപ്പിനും വ്യക്തി താത്‌പര്യങ്ങൾക്കും അതീതമായി അംഗീകാരം ആഗ്രഹിക്കുന്ന നേതാക്കൾക്ക് കടന്നുവരാൻ കഴിയുന്ന ഏക പാർട്ടി ബി.ജെ.പിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വേച്ഛാധിപത്യവും അഴിമതിയും കേരളരാഷ്ട്രീയത്തിന്റെയും മുഖംമാറ്റുന്ന കാലമാണ് വരാനിരിക്കുന്നത്. കേരളത്തിലും കാവിപ്പതാക ഉയർന്നു പാറുന്ന കാലം വിദൂരമല്ല.

(കേന്ദ്ര വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രിയാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIMANTA BISWA SARMA, SUVENDU ADHIKARI, ASSAM, BENGAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.