SignIn
Kerala Kaumudi Online
Friday, 19 April 2024 5.52 PM IST

മദ്യം പച്ചവെള്ളമാകുന്ന കടുംവിദ്യ !

black-magic

ഇലന്തൂരിലെ ഇരട്ടനരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെപ്പോലെയാണ് ദുർമന്ത്രവാദവുമായി പ്രത്യക്ഷപ്പെടുന്ന തട്ടിപ്പ് സിദ്ധന്മാരും മന്ത്രവാദിനികളും. പണത്തിന് വേണ്ടി അവർ എന്തും ചെയ്യും. പൂജയും മന്ത്രവുമായിരുന്നു ആദ്യകാലങ്ങളിൽ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇതിൽ ശാസ്ത്രീയ അടവുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. കെമിക്കലുകൾ കൂടിച്ചേരുമ്പോഴുള്ള പ്രതിഫലനം പോലും ആളെ വീഴ്ത്താനുള്ള തന്ത്രമാക്കുന്നു. വാചക കസറത്ത് കൂടിയാകുമ്പോൾ ആളുകൾ നിഷ്പ്രയാസം ചതിക്കുഴിയിൽ വീഴും.

തട്ടിപ്പിൽ തട്ടി വീഴുന്നവരിൽ സമ്പന്നർ മുതൽ പാവപ്പെട്ടവർ വരെയുണ്ട് ! കേരളത്തിന് പുറത്താണ് ഏറ്റവുമധികം ദുർമന്ത്രവാദങ്ങളും ആഭിചാര ക്രിയകളും നടക്കുന്നതെന്ന പൊതുബോധം പാടേ തെറ്റെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പേരും സ്ഥലവും രീതിയും മാറുന്നതേയുള്ളൂ കേരളത്തിൽ ആഭിചാരകർക്കും മന്ത്രവാദിനികൾക്കും പഞ്ഞമില്ല. ലക്ഷ്യം പണമൂറ്റുക തന്നെ. സാമൂഹിക മാദ്ധ്യമങ്ങളുടെ സാദ്ധ്യതയും ഇവർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

നിറം മാറുന്ന മദ്യം

മുന്നിലെ ഗ്ലാസിലുള്ളത് മദ്യമാണ്. പിന്നെ മന്ത്രം ചൊല്ലി കുറച്ച് ഭസ്മം അതിലേക്കിടുന്നു. ഗ്ലാസിലെ മദ്യം പച്ചവെള്ളം ! ഭർത്താവിന്റെയോ മകന്റെയോ അമിത മദ്യപാനം ഏത് വിധേനെയും മാറ്റിയെടുക്കാൻ നിൽക്കുന്നവർക്ക് മുന്നിലേക്ക് ഈ വീഡിയോ എത്തിയാൽ എന്തുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദൂരവും പണവും നോക്കില്ല. സിദ്ധനെ നേരിൽക്കണ്ട് പ്രശ്നം എന്നന്നേക്കുമായി ഇല്ലാതാക്കാനെ ശ്രമിക്കൂ. എന്നാലിത് കെമിക്കൽ റിയാക്ഷനല്ലേയെന്ന് ആരും ചോദിക്കില്ല. യഥാർത്ഥത്തിൽ ഇത് രണ്ട് കെമിക്കൽ പദാർത്ഥങ്ങൾ കൂടിച്ചേരുമ്പോഴുള്ള പ്രതിഫലമാനമാണ്. സംഭവം ഇത്രേയുള്ളൂ. സിദ്ധന്റെ മുന്നിലിരുന്ന ഗ്ലാസിലുണ്ടായിരുന്നത് മുറിവിന് നാമെല്ലാം പുരട്ടുന്ന ബെറ്റാഡിൻ കലക്കിയ വെള്ളമാണ്. കണ്ടാൽ മദ്യമെന്നേ തോന്നു. ഇതിലേക്ക് ഭസ്മമെന്ന പേരിലിടുന്നത് സോഡിയം തയോ സൾഫേറ്റും. സോഡിയം തയോ സൾഫേറ്റുമായി കൂടിച്ചേരുമ്പോൾ ബെറ്റാഡിന്റെ നിറം ഇല്ലാതാവുന്നു. ഈ വെള്ളം കുടിച്ചാൽ ജീവനോടെ ഉണ്ടാകുമോ എന്നുപോലും ഉറപ്പില്ല !

തീ കത്തിക്കുന്ന വെള്ളം

പ്രശ്നപരിഹാരം തേടിയെത്തുന്നവരെ ഹോമകുണ്ഡത്തിന് മുന്നിലിരുത്തിയുള്ള മന്ത്രവാദം സർവസാധാരണമാണ്. ഇരുണ്ടമുറിയിലെ വിളക്കിന്റെ വെട്ടം കാഴ്ചക്കാരിൽ ഭയം ജനിപ്പിക്കും. ഇതിനിടെ ഒരു കിണ്ടിയിൽനിന്ന് വെള്ളമൊഴിച്ച് ഹോമകുണ്ഡം കത്തിച്ചാൽ പിന്നെ പറയാനുണ്ടോ. പാതിമനസോടെ എത്തിയവർ മന്ത്രവാദിയുടെ കഴിവിൽ വീണതുതന്നെ. എന്നാൽ ഹോമകുണ്ഡത്തിൽ ഒളിപ്പിച്ച ഖരാവസ്ഥയിലുള്ള സോഡിയം ഗ്ലിസറിനുമായി കൂടിച്ചേർന്നാണ് തീപിടിച്ചതെന്ന് വിദ്യാസമ്പന്നർ പോലും വിശ്വസിച്ചെന്ന് വരില്ല. ഖരാവസ്ഥയിലുള്ള സോഡിയവും ഗ്ലിസറിനുമായി ചേർന്നാൽ തീയുണ്ടാകും. ഹോമകുണ്ഡത്തിലെ മണ്ണിലാണ് ഖരാവസ്ഥയിലുള്ള സോഡിയം സിദ്ധന്മാർ ഒളിപ്പിക്കുന്നത്. മന്ത്രം ചൊല്ലി കിണ്ടിയിലെ ഗ്ലിസറിൻ പതിയെ ഹോമകുണ്ഡത്തിലേക്ക് ഒഴിക്കും. തീപിടിക്കുന്നതോടെ മന്ത്രത്തിന്റെ ശക്തികൂട്ടും. പ്രശ്നങ്ങൾ ചോദിച്ച് 10 രൂപയുടെ ചരട് 15000 രൂപയ്ക്ക് നൽകും ! ലാഭം സോഡിയത്തിന്റെയും ഗ്ലിസറിന്റെയും ചരടിന്റെയും കിഴിച്ച് 14500 രൂപ !

ചോരതുപ്പുന്ന തേങ്ങ

നാനാ ജാതിയിലെ ആളുകളും രോഗശാന്തിക്കായാണ് തട്ടിപ്പ് മന്ത്രവാദികളെയും സിദ്ധന്മാരെയും കാണാൻ പോകുന്നത്. ആവശ്യം മന്ത്രവാദികൾ മുതലെടുക്കും. ഇതിലൊന്നാണ് ചോര തുപ്പുന്ന തേങ്ങ. ക്ഷുദ്രക്രിയയ്ക്കായി എത്തുന്നവരുടെ പ്രശ്നങ്ങളെല്ലാം തേങ്ങയിലേക്ക് ആവാഹിച്ചെന്ന് അവകാശപ്പെട്ട്, കൺമുന്നിൽ വച്ച് വെട്ടി മുറിക്കും. അതാ തേങ്ങാ വെള്ളത്തിന് പകരം ഒഴുകുന്നത് ചോര. രോഗം പ്രേതബാധയാണെന്നും ഇതിന് ക്രിയകൾ ഏറെ വേണമെന്നും മന്ത്രവാദി തട്ടിവിടും. ചോരകണ്ട ഞെട്ടലിൽ നിൽക്കുന്ന ആളുകൾ നിർദേശം ശിരസാവഹിക്കും. 'കസ്റ്റമർ' എത്തും മുൻപേ മന്ത്രവാദി തേങ്ങയിൽ ചോരയുടെ നിറമുള്ള ദ്രാവകം നിറയ്ക്കുകയാണ് ചെയ്യുന്നത്. തേങ്ങയുടെ മൂന്ന് കണ്ണുകളിൽ ഒന്നിലൂടെ സിറിഞ്ച് ഉപയോഗിച്ചാണ് ദ്രാവകം കുത്തിനിറയ്‌ക്കുന്നത് !

സുലൈമാനി കല്ല് !

ഒറ്റവെട്ടിന് തലയറ്റുപോകുന്ന അത്ര മൂർച്ചയുള്ള വാളാണെങ്കിലും സുലൈമാനി കല്ല് കൈയിലുണ്ടെങ്കിൽ പേടിക്കേണ്ട. വെട്ടേറ്റ ദേഹത്ത് ഒരുപാടുപോലും വീഴില്ല. എന്തിന് മുടിമുറിച്ചാൽ പോലും മുറിയില്ല. കല്ലിന് അത്രയ്ക്ക് ശക്തിയുണ്ടത്രേ! കത്രിക അല്പം അയവ് വരുത്തി വെട്ടിയാൽ മുടിമുറിയില്ലെന്ന സൂത്രവിദ്യയാണ് കല്ല് കച്ചവടക്കാർ തട്ടിവിട്ടത്. കല്ല് വാങ്ങിയ ക്വട്ടേഷൻ നേതാവ് പിന്നീട് വെട്ടേറ്റ് ചികിത്സതേടിയെന്ന കഥയും പ്രചരിക്കുന്നുണ്ട്.

മോട്ടോർ ശംഖ്

ഒന്നും രണ്ടും ലക്ഷമല്ല. ഒരു കോടി രൂപയാണ് കരിഞ്ചന്തയിൽ വലംപിരിശംഖിന്റെ വില. കിട്ടിയാൽ വില്ക്കരുത്. അത് വീട്ടിലേക്ക് സമ്പത്ത് കൊണ്ടുവരുമെന്ന് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ വലംപിരി ശംഖ് ഇടപാട് വ്യാപകമാണ്. അരിയിൽ പൂഴ്ത്തിവയ്ക്കുന്ന ശംഖ് തനിയെ മുകളിലേക്ക് ഉയർന്നുവരുന്ന വീഡിയോ പ്രചരിപ്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. ശംഖിനുള്ളിൽ വച്ചിരിക്കുന്ന മോട്ടോർ പ്രവ‌ർത്തിപ്പിച്ചാണ് തട്ടിപ്പുകാർ ആഭിചാരക്രിയകളിൽ മയങ്ങിയവരെ വീഴ്ത്തുന്നത്. മോട്ടോർ പ്രവർത്തിക്കുന്നതോടെ ശംഖ് കറങ്ങിക്കറങ്ങി അരിക്ക് മുകളിലേക്ക് വരുമെന്നാണ് കണ്ടെത്തൽ.

മന്ത്രവാദികൾക്കെതിരെ

പറഞ്ഞാൽ വധഭീഷണി

ദുർമന്ത്രവാദത്തിനെതിരെ പ്രതികരിച്ചതിനും മന്ത്രവാദികളുടെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നതിനും നിരവധി ഭീഷണികൾ നേരിട്ടിട്ടുണ്ട്. നാഷണൽ ജിയോഗ്രാഫി ചാനലിന്റെ അഭിമുഖത്തിനെന്ന് പറഞ്ഞുപോലും മുംബയിലെത്തിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. തന്നെ വധിക്കാനായിരുന്നു ശ്രമം. മലപ്പുറത്തുവച്ച് ഒരു സംഘം കാർ ആക്രമിച്ചിരുന്നു. 20 വർഷമായി ഇത്തരം തട്ടിപ്പുകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. ഇത് അനാചാരങ്ങൾക്കെതിരെയുള്ള പ്രതികരണം ശക്തമായി തുടരുക തന്നെ ചെയ്യും

ഫാസിൽ ബഷീർ

മെന്റലിസ്റ്ര്

നാളെ - ഉന്മൂലനം ചെയ്യണം ആഭിചാരത്തെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK MAGIC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.