SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 PM IST

ആഭിചാരത്തിന്റെ അടിവേരുകൾ

croud

ആശങ്കകളും അനിശ്ചിതത്വങ്ങളും നിറഞ്ഞതാണ് ജീവിതം. രോഗം, മരണം, സമ്പത്ത്, ജോലി, കുടുംബബന്ധങ്ങൾ.... ഇങ്ങനെ നമ്മെ നിരന്തരം അലട്ടുന്ന പ്രശ്നങ്ങൾ പലതാണ്. അവ നേരിടാൻ സാധാരണ മനുഷ്യർ അവലംബിക്കുന്ന രീതികളുണ്ട്. നമുക്ക് പ്രിയപ്പെട്ട ഒരാൾക്ക് ഗുരുതരമായൊരു രോഗം ബാധിച്ചതായി കരുതുക. ആദ്യത്തെ ഞെട്ടലിനു ശേഷം, സാദ്ധ്യമായ ചികിത്സ എത്രയും വേഗം തേടും. ഒപ്പം പലരും അവരുടെ വിശ്വാസമനുസരിച്ച് ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കുകയും മറ്റും ചെയ്യും. രണ്ടാംവഴി അല്പം മന:ശാന്തിയും രോഗാവസ്ഥയെ നേരിടാനുള്ള കരുത്തും നൽകുമെങ്കിലും അത് ചികിത്സയ്ക്കു പകരമാവില്ലെന്ന് ഭൂരിപക്ഷം പേർക്കും അറിയാം.

ചികിത്സകൊണ്ട് ഭേദമാകാത്ത രോഗങ്ങളുണ്ടല്ലോ. നമ്മുടെ അറിവിലുള്ള മാർഗങ്ങളിലൂടെ പരിഹാരം ഉറപ്പില്ലാത്ത പ്രശ്നങ്ങളുമുണ്ട്. ദിവ്യത്വം സ്വയം അവകാശപ്പെടുന്നവർക്കുള്ള പ്രവേശന കവാടമാണ് അത്. മതവിശ്വാസത്തിനപ്പുറം,​ പ്രതീക്ഷയില്ലാത്ത മനുഷ്യന്റെ പ്രതീക്ഷയായി വ്യാജമാർഗങ്ങൾ വളരുന്ന അവസ്ഥയുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ കേരളം മുന്നേറിയ ശേഷവും ഈ പ്രതിഭാസം പരിമിതമായ തോതിലെങ്കിലും പലേടത്തും നിലനിന്നിട്ടുണ്ട്.

വീണ്ടുമെത്തുന്ന

വിപത്തുകൾ

സാമൂഹികപരിഷ്കരണ ശ്രമങ്ങളിലൂടെ ഒരുകാലത്ത് ഇല്ലാതായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും വളർന്നുവരാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ 1829ൽ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ സതി എന്ന ദുരാചാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത് രാജാറാം മോഹൻറോയിയെപ്പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ നടത്തിയ മഹത്തായ പ്രവർത്തനത്തിലൂടെയാണ്. ഇത്രയ്ക്ക് ക്രൂരമായ അനാചാരം 1980കളിൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവർത്തിക്കപ്പെട്ടു എന്നതും വസ്തുതയാണ്. അതേത്തുടർന്ന് സതിക്ക് എതിരെ ശക്തമായ നിയമനിർമ്മാണം ദേശീയതലത്തിൽ ഉണ്ടായി. ആ അനാചാരത്തെ മഹത്വവത്കരിക്കുന്നതും അതിനായി പ്രചാരണം നടത്തുന്നതും സതി നടത്താൻ ശ്രമിക്കുന്നതുമെല്ലാം കുറ്റകരമാക്കുന്ന നിയമം 1987-ലാണ് നിലവിൽ വന്നത്.


ആഗ്രഹങ്ങളുള്ള സമൂഹമാണല്ലോ നമ്മുടേത്. സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് മറ്റെന്തിനെക്കാൾ പ്രാധാന്യം കല്പിക്കപ്പെടുമ്പോൾ ആഗ്രഹം എപ്പോഴാണ് അത്യാഗ്രഹമായി മാറുന്നതെന്ന് നമ്മളറിയില്ല. അതും മനസിനെ ബാധിക്കുന്ന അപകടകരമായ രോഗാണുവാണ്. സമ്പത്തിന്റെ സ്വാഭാവിക വളർച്ചയ്ക്ക് ചില പരിധികളും പരിമിതികളുമുണ്ട്. സ്വപ്നസാക്ഷാത്കാരത്തിന് നമുക്കറിയാവുന്ന ഭൗതികമാർഗങ്ങൾ അപര്യാപ്തമാകുമ്പോൾ ദിവ്യതയുടെയും മാന്ത്രികതയുടെയും പരിവേഷമണിഞ്ഞ, അജ്ഞാത ശക്തികളുടെ ഉപാസകരെന്ന് അവകാശപ്പെടുന്ന കൊടുംകുറ്റവാളികൾ സഹായത്തിനെത്താറുണ്ട്! ഈ കുറ്റവാളികൾക്ക് ഇരകളെ തേടിപ്പിടിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയും സാമൂഹിക മാദ്ധ്യമങ്ങളും പ്രയോജനപ്പെടുത്താൻ കഴിയും. ഇത്തരം ഏർപ്പാടുകൾക്ക് ആവശ്യമായ രഹസ്യാത്മകത അതുറപ്പാക്കുന്നു!

നിയമത്തിന്റെ

അനിവാര്യത

അന്ധവിശ്വാസങ്ങൾ ചൂഷണംചെയ്ത് നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നിയമം വേണമെന്ന ആവശ്യത്തിന് വർദ്ധിച്ച പൊതുസമ്മതി ഇന്നുണ്ട്. ഈ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന നരേന്ദ്ര ധാബോൽക്കർ മഹാരാഷ്ട്രയിൽ കൊലചെയ്യപ്പെട്ടതോടെയാണ് നിയമ നിർമ്മാണത്തിന്റെ പ്രാധാന്യം ദേശീയ ശ്രദ്ധയാകർഷിച്ചത്.

ധാബോൽക്കറുടെ 'ആത്മാവിനെ പ്രത്യക്ഷപ്പെടുത്തി' കൊലയാളികളെ കണ്ടെത്താൻ പൂനയിലെ പൊലീസ് ശ്രമിച്ചെന്ന ആക്ഷേപം സൂചിപ്പിക്കുന്നത് അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും വേരുകൾ എവിടെയെല്ലാം വ്യാപിച്ചുകിടക്കുന്നു എന്നതാണ്.

അന്ധവിശ്വാസത്തിലൂന്നിയ ചൂഷണം കേരളത്തിലും കൊലപാതകത്തിലേക്കും ലൈംഗിക ആക്രമണങ്ങളിലേക്കും നയിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് 2014ൽ ഞാൻ ഇന്റലിജൻസ് മേധാവി ആയിരിക്കെ,​ ഒരു ബിൽ തയ്യാറാക്കാൻ ശ്രമിച്ചത്. അന്ന് മഹാരാഷ്ട്രയിൽ നിലവിലിരുന്ന നിയമവും,​ മറ്റിടങ്ങളിൽ നിയമപണ്ഡിതരും വിവിധ സംഘടനകളും തയ്യാറാക്കിയ നിയമങ്ങളും പരിശോധിച്ചു. അവയുടെയെല്ലാം ഒരു പ്രധാന ന്യൂനത ഈ കുറ്റകൃത്യത്തിന് ഒരു നിർവചനം നൽകിയിരുന്നില്ല എന്നതാണ്. പുതിയ നിയമം തയ്യാറാക്കിയപ്പോൾ 'അന്ധവിശ്വാസത്തിലൂടെയുള്ള ചൂഷണം' എന്നൊരു പുതി​യ കുറ്റകൃത്യം നി​ർവചി​ച്ചു. അജ്ഞാതശക്തി​കളി​ലൂടെ വലി​യ നേട്ടമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യനെ ചതി​യി​ൽപ്പെടുത്തുക എന്നതായി​രുന്നു കുറ്റകൃത്യത്തി​ന്റെ ഒരു ഘടകം. തുടർന്ന് ലൈംഗി​കചൂഷണം മുതൽ കൊലപാതകം വരെയുള്ള സംഭവങ്ങളി​ലേക്കെല്ലാം നയി​ക്കുന്ന പ്രവൃത്തികളെ നി​ർവചനത്തി​ന്റെ പരി​ധി​യി​ൽപ്പെടുത്തുകയും,​ ഇരകളെ ലക്ഷ്യമാക്കി​യുള്ള എല്ലാ വി​ധ പ്രചാരണങ്ങളും ശി​ക്ഷാർഹമാക്കുകയും ചെയ്തു.

ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പുതി​യൊരു നിയമം വരുന്നതോടെ അതി​നുള്ള പ്രേരണയും പരി​ശ്രമവുമെല്ലാം കർശനനടപടി​കൾക്ക് വി​ധേയമാക്കാനാകും. നി​യമപരമായ അത്തരം ഇടപെടലുകൾ ഉണ്ടായെങ്കി​ലേ ഇത് മുളയി​ലേ നുള്ളാനാകൂ. നി​യമനി​ർമ്മാണത്തി​ലെ ഏറ്റവും വലി​യ വെല്ലുവി​ളി​, മതവി​ശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വലി​യ പ്രാധാന്യമുള്ള സമൂഹത്തി​ൽ,​ നി​യമം അതുമായി​ ഏറ്റുമുട്ടുമോ എന്നതാണ്. അത്തരം വി​ശ്വാസങ്ങളെയും ആചാരങ്ങളെയും ഈ നി​യമത്തി​ന്റെ പരി​ധി​യി​ൽനി​ന്ന് പൂർണമായും ഒഴി​വാക്കുന്ന സമീപനമാണ് ഞാൻ സ്വീകരി​ച്ചി​ട്ടുള്ളത്. ഇക്കാര്യത്തി​ൽ യുക്തി​വാദി​കളുടെ സമീപനം വ്യത്യസ്തമാണ്. ഇന്നത്തെ സാമൂഹികാവസ്ഥയി​ൽ അത് പ്രായോഗി​കമാണെന്ന് ഞാൻ കരുതുന്നി​ല്ല.

നി​യമംകൊണ്ടു മാത്രം പരി​ഹരി​ക്കാവുന്ന ഒന്നല്ല അന്ധവി​ശ്വാസത്തി​ലൂടെയുള്ള ചൂഷണം. കൊലപാതകം, ബലാത്സംഗം തുടങ്ങി​യ ഹീനകൃത്യങ്ങളി​ൽ കലാശി​ക്കുമ്പോഴാണ് ഇന്ന് ഇത്തരം കുറ്റകൃത്യങ്ങൾ പുറംലോകം അറിയുന്നത്. നി​യമം ഉണ്ടായാൽ ദുരന്തങ്ങളി​ലേക്കുള്ള യാത്രയ്ക്കി​ടയി​ൽത്തന്നെ പൊലീസി​നും ജാഗ്രതയുള്ള പൗരസമൂഹത്തി​നും ഇടപെടാനാകും. ഗുരുതരമായ ഇന്നത്തെ അവസ്ഥയ്ക്കെതി​രെ സാമൂഹിക ജാഗ്രത വളർത്തുന്നതി​നുള്ള ഉപകരണമായി​ക്കൂടി നി​യമം പ്രയോജനപ്പെടുത്താനാകും. ആത്യന്തി​കമായി​, സാമൂഹിക പ്രതി​രോധമാണ് രോഗത്തി​നുള്ള ഒന്നാന്തരം ചി​കി​ത്സ.

.........................

ബോക്സ് മാറ്റർ

.........................

മനസിലെ

രോഗാണു

ശാസ്ത്ര പുരോഗതിയിലൂടെ നമുക്ക് വസൂരി രോഗത്തെ ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യാം. അതിനു കാരണമാകുന്ന വൈറസിനെ ഇല്ലായ്മ ചെയ്താൽമതി. ശാരീരികരോഗങ്ങളിൽ നിന്നു മാത്രമേ ഇങ്ങനെ ശാസ്ത്രത്തിന് ശാശ്വതമായി മനുഷ്യനെ രക്ഷിക്കാനാകൂ. അന്ധവിശ്വാസത്തിന്റെ രോഗാണു വ്യാപനം നടക്കുന്നത് മനുഷ്യ മനസുകളിലാണ്. അത് തടയണമെങ്കിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ ജാഗ്രത മനുഷ്യ മനസുകളിൽ ശക്തമായി നിലനിറുത്താൻ കഴിയണം.

ശാസ്ത്രവിജ്ഞാനം അനുദിനം വളരുന്നുണ്ടെങ്കിലും ശാസ്ത്രബോധം പലപ്പോഴും പിന്നോട്ടാണ് പോകുന്നത്. വിദ്യാർത്ഥികളിലും യുവതലമുറയിലും പൊതുസമൂഹത്തിലും നല്ല സ്വാധീനം ചെലുത്തിയിരുന്ന ശാസ്ത്ര, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളാൽ കേരളം ഒരുകാലത്ത് സമ്പന്നമായിരുന്നു. ജനകീയ കലാരൂപങ്ങളായിരുന്ന നാടകം, സിനിമ, കഥാപ്രസംഗം തുടങ്ങിയ മാദ്ധ്യമങ്ങളും സമൂഹത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സർവവ്യാപിയായ സാമൂഹിക മാദ്ധ്യമങ്ങളുടെ ലോകമാണല്ലോ ഇന്നത്തേത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അനുനിമിഷം നമ്മെ തേടിയെത്തുന്ന വിഭവങ്ങൾ പലതും യുക്തിക്കും ശാസ്ത്രബോധത്തിനും നിരക്കുന്നതല്ല എന്നു പറയാൻ വലിയ ഗവേഷണം വേണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK MAGIC
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.