SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.26 PM IST

ബ്ലോക്ക് ചെയിനും കേരളവും

block-chain

ഭരണത്തുടർച്ചയിലൂടെ സുസ്ഥിര വികസനത്തിനുള്ള അവസരമാണ് കേരളത്തിൽ സജ്ജമാക്കപ്പെട്ടിരിക്കുന്നത്. കാര്യക്ഷമത, വേഗത, സുതാര്യത എന്നീ മികവുകൾ ഭരണക്രമത്തിലേക്ക് ആവാഹിക്കുന്നതിൽ, സാങ്കേതിക വിദ്യകൾ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. സ്വാംശീകരിക്കപ്പെടേണ്ട നൂതനവിദ്യകളിൽ പ്രധാനപ്പെട്ടതാണ് ബ്ലോക്ക് ചെയിൻ ടെക്‌നോളജി.

ബ്ലോക്ക് ചെയിൻ സങ്കീർണമായ സങ്കേതമാണെങ്കിലും അതിന്റെ അടിസ്ഥാനതത്വങ്ങൾ ലളിതമാണ്. 'ബ്ലോക്ക് ' എന്നാൽ ഡിജിറ്റലായിട്ടുള്ള അറകൾ, കള്ളികൾ എന്നാണർത്ഥം. ഡാറ്റാ നിറയ്‌ക്കാനുള്ള ഇത്തരം സംഭരണികളുടെ ചങ്ങലയാണ് ബ്ലോക്ക് ചെയിൻ. ഓരോ അറയും ഓരോ ഡാറ്റാബേസ് തന്നെയാണ്; അതിനാൽ ഡാറ്റാ ബേസുകളുടെ പ്രത്യേകതരം ശൃംഖലയായി ബ്ലോക്ക് ചെയിനെ കാണാം. ഒരു പുതിയതരം വിവരം, ആദ്യമായി, വരുമ്പോൾ അത് നിക്ഷേപിക്കാനായി ഒരു പുതിയ അറ തുറക്കപ്പെടുന്നു. തുറക്കുമ്പോൾ തന്നെ തൊട്ടുമുൻപുള്ള അറയെ സൂചിപ്പിക്കുന്ന മുദ്ര (ഹാഷ്) അതിൽ കൊത്തിയിടുന്നു. പുത്തൻ കള്ളിയിൽ വിവരം നിറച്ചു കഴിഞ്ഞാൽ ഉടൻതന്നെ അതിൽ 'തീയതി ചാപ്പ' (Date stamp) പതിക്കപ്പെടുകയും, മുൻപുള്ള അറയുമായി കൊളുത്തിയിടുകയും ചെയ്യുന്നു. അറകളെ പരസ്പരം ബന്ധിപ്പിക്കുന്ന മുദ്രണങ്ങൾ ഗൂഢശാസ്ത്രത്തിന്റെ സങ്കേതങ്ങളിലൂടെ സൃഷ്ടിക്കപ്പടുന്നവയാണ്.

സാധാരണ ഡേറ്റാബേസിന്റെ നിയന്ത്രണം ഒരാളിലോ ഒരു ഗ്രൂപ്പിലോ ഒതുങ്ങുന്നു. എന്നാൽ ബ്ലോക്ക് ചെയിനിന്റെ നിയന്ത്രണം ഒരിടത്ത് കേന്ദ്രീകരിക്കുന്നില്ല; തികച്ചും വികേന്ദ്രീകൃതമായ ഡാറ്റാ മാനേജ്‌മെന്റാണിത്. എല്ലാ അറകളിലുമുള്ള വിവരങ്ങളുടെ ഒരു കോപ്പി ഓരോ അറയുടേയും നിർവഹണ ചുമതലയുള്ളവർക്ക് ലഭിക്കും. മേൽപ്പറഞ്ഞ പ്രോട്ടോകോളുകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സംവിധാനമാകയാൽ ഇത് സുതാര്യമാണ് ; ഒരറയിൽ കൃത്രിമം കാട്ടിയതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവില്ല. കാരണം ആ അറയിലെ ഒറിജിനൽ വിവരങ്ങൾ മറ്റ് അറകൾ നിയന്ത്രിക്കുന്നവർക്ക് കരസ്ഥമാണ് . ഇതുകാരണം ഹാക്കിങിനുള്ള സാദ്ധ്യതയുമില്ല. ഒരു അറയോ ഒരു കൂട്ടം അറകളോ നശിപ്പിച്ചാൽ ഒന്നും സംഭവിക്കില്ല . ഗൂഢാക്ഷര ശാസ്ത്ര തത്വങ്ങളാൽ ബന്ധിപ്പിക്കപ്പെട്ട മൊത്തം അറകളെയും തകർക്കുക അസാദ്ധ്യമാണ്. അതായത് ഡാറ്റാ സുരക്ഷിതത്വം ഉറപ്പാണ്.

സർക്കാരിന്റെ കാര്യത്തിലാണെങ്കിൽ ഒരു വകുപ്പിന്റെ തന്നെ വ്യത്യസ്തമായ വിവരങ്ങളോ മൊത്തം വകുപ്പുകളിലെ വിവരങ്ങളുടെ
സംയോജിത രൂപമോ ക്രോഡീകരിച്ച് സൂക്ഷിക്കാനും ഞൊടിയിടയിൽ അവ
ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കാനും ബ്ലോക്ക് ചെയിൻ സാങ്കേതിക
വിദ്യയ്ക്ക് കഴിയും. വിവര ലഭ്യതയുടെ വേഗം വർദ്ധിക്കുന്നതുകൊണ്ട്
തീരുമാനങ്ങൾ വേഗത്തിലെടുക്കാം. ദുരന്ത കാലങ്ങളിൽ ഈ സൗകര്യത്തിന്റെ പ്രയോജനം പതിന്മടങ്ങ് വർദ്ധിക്കും. അതുപോലെ പൊതുജനങ്ങൾക്ക് സേവനങ്ങൾ എത്തുന്നതിന്റെ സഞ്ചാരപഥങ്ങൾ പിന്തുടരാനും ഈ സങ്കേതം സഹായകരമാണ്. അതുകൊണ്ടുതന്നെ നിർദ്ദേശങ്ങൾ യഥാസമയം നൽകാനും അധികാരികൾക്കാവുന്നു.

ബ്ലോക്ക്‌ചെയിനിന്റെ പിറവിയെക്കുറിച്ച് പല വിവരണങ്ങളുണ്ടെങ്കിലും
അതിന്റെ ഉപജ്ഞാതാവായി പൊതുവിൽ കരുതുന്നത് ബിറ്റ്‌കോയിൻ എന്ന ഗൂഢകറൻസിയുടെ നിർമ്മാണത്തിനും, കൈമാറ്റത്തിനുമായി ഈ സങ്കേതം വികസിപ്പിച്ചെടുത്ത സതോഷി നാക്കോമോട്ടോ (Satoshi Nakamoto) യെ ആണ്. ബാങ്കിംഗ്, ഇൻഷുറൻസ്, ഓഹരി വിപണി, ഇ -വാണിഭം , ആരോഗ്യരക്ഷ എന്നിവയ്ക്കു പുറമേ സർക്കാരുകളുടെ ഭരണ നിർവഹണത്തിനുള്ള സങ്കേതമായും ഇത് മുന്നേറുന്നു. പല രാജ്യങ്ങളും ബ്ലോക്ക് ചെയിൻ രംഗത്തെ
ഗവേഷണത്തിലും പ്രായോഗിക വിന്യാസത്തിലും പുരോഗതി നേടിയെങ്കിലും ഇന്ത്യയിൽ ഈ രംഗം പ്രാരംഭഘട്ടം പിന്നിട്ടിട്ടില്ല. നാസ്‌കോം (NASSCOM) ന്റെ 2019 ലെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഈ മേഖലയിൽ ആകെയുള്ള സംരംഭ നിക്ഷേപമായ 560കോടി ഡോളറിന്റെ 0.2ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. കൂടാതെ ഈ രംഗത്തെ മൊത്തം സ്റ്റാർട്ടപ്പുകളുടെ രണ്ട് ശതമാനവും. ബ്ലോക്ക് ചെയിനിനെക്കുറിച്ചുള്ള ശരിയായ വിജ്ഞാനമില്ലായ്‌മയാണ് വിനിയോഗത്തിനും വളർച്ചയ്ക്കും വിഘാതമെന്ന് റിപ്പോർട്ട് പറയുന്നു. നിലവിലുള്ള സാങ്കേതിക സമ്പ്രദായങ്ങളെ ബ്ലോക്ക് ചെയിൻ ഇല്ലാതാക്കുമെന്നതാണ് പ്രധാന തെറ്റിദ്ധാരണ. യഥാർത്ഥത്തിൽ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും കാര്യക്ഷമതയുടെ അടുത്ത തലത്തിലെത്തിക്കാനുമുള്ള വിദ്യയാണ് ബ്ലോക്ക് ചെയിൻ.

ഈ രംഗത്തേക്ക് പ്രൊഫഷണലുകളെ വാർത്തെടുക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുമായി , കേരള സർക്കാർ 2017 ൽ കേരള ബ്ലോക്ക് ചെയിൻ അക്കാഡമി സ്ഥാപിച്ചു. കേരള ഡിജിറ്റൽ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സർട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം പരിശീലനം, ഗവേഷണം, ഇന്നവേഷൻ എന്നിവയും സംഘടിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കാൻ 'പ്രജ്ഞ' എന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. സർക്കാർ ഭരണനിർവഹണ തലത്തിലേക്ക് ബ്ലോക്ക് ചെയിൻ വിന്യസിപ്പിക്കാൻ നമുക്കായിട്ടില്ല. ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലുങ്കാന എന്നിവിടങ്ങളിൽ സർക്കാരിന്റെ ഇ - ഗവേർണൻസ് ശക്തിപ്പെടുത്താനുള്ള ഉപകരണമായി ബ്ലോക്ക് ചെയിൻ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്. ആന്ധ്രയിൽ ഭൂരേഖകളുടേയും വാഹന ഉടമസ്ഥതയുടേയും രംഗങ്ങളിൽ ബ്ലോക്ക് ചെയിനിന്റെ പൈലറ്റ് പ്രോജക്ടുകൾ നടപ്പിലാക്കി. ഭൂമി സംബന്ധമായ രേഖകൾ ബ്ലോക്ക് ചെയിനിലാകുമ്പോൾ അതിലാർക്കും കൃത്രിമം കാട്ടാനാകില്ല; വിവരങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികൾക്ക് വീക്ഷിക്കാനാകും. വാഹനങ്ങളുടെ ഉടമസ്ഥാവകാശവും അതിൽ വരുന്ന മാറ്റങ്ങളും ബന്ധപ്പെട്ടവർക്കെല്ലാം ലഭ്യമാകുമെന്നതിനാൽ ഇവിടയും തിരിമറിക്ക് സാദ്ധ്യതയില്ല.

വിവിധസർക്കാർ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഇ - ഗവേർണൻസ് തട്ടകം ബ്ലോക്ക് ചെയിനിലൂടെ ശക്തിപ്പെടുത്താൻ ആന്ധ്ര സർക്കാർ ഹിറ്റാച്ചി കമ്പനിയുമായി ഉടമ്പടിയുണ്ടാക്കി. തമിഴ്നാട് സർക്കാർ 2020 ൽ പുറപ്പെടുവിച്ച ബ്ലോക്ക് ചെയിൻ നയത്തിലും ഡിജിറ്റൽ ഭരണക്രമം ബലപ്പെടുത്താനും, ജനങ്ങൾക്കുള്ള വിവിധ സേവനങ്ങളുടെ പ്രദാനത്തിനുമായി ഈ വിദ്യ പ്രയോഗിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വഴികളിലൂടെ മുന്നേറാൻ തെലുങ്കാനയും ശ്രമിക്കുന്നുണ്ട്. ബ്ലോക്ക് ചെയിനിന്റെ അപാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളവും ശ്രമം നടത്തേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLOCK CHAIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.