SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.32 PM IST

ആറ്റംബോംബിനെ അതിജീവിച്ച ബോൺസായ്

bonsai

വലിയ മരങ്ങളെയും ചെടികളെയും കുഞ്ഞന്മാരാക്കി ഭംഗിയിൽ വളർത്തുന്ന രീതിയാണ് ബോൺസായ്. ചരിത്രരേഖകളിൽ ബോൺസായ് എന്ന സങ്കല്‌‌പം ചൈനയിൽ ഉദയം ചെയ്തെന്നും അത് ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചെന്നും പറയപ്പെടുന്നു. ബുദ്ധസന്യാസിമാർക്ക് ചെടികളോടും മരങ്ങളോടും ഉണ്ടായിരുന്ന പ്രിയം മൂലം അവർ ഇത്തരത്തിൽ വീടുകളിൽ ബോൺസായ് ചെടികൾ പരിപാലിച്ചിരുന്നതായി രേഖകളുണ്ട്. ബോൺസായ് കൂടുതൽ ജനകീയമാക്കിയത് ജപ്പാനാണ്. അവർ അതിനെ സൗന്ദര്യത്തിന്റെയും സ്വാഭാവികതയുടെയും മറ്റൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. നന്നായി പരിപാലിച്ചാൽ അവ നൂറ്റാണ്ടുകൾ നശിക്കാതെ നിലനില്‌ക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അമേരിക്കയിലെ നാഷണൽ ബോൺസായ് ആൻഡ് പെൻജിങ് മ്യൂസിയത്തിൽ ധാരാളം ബോൺസായ് മരങ്ങൾ കാഴ്ചക്കാർക്ക് ഒരേസമയം കൗതുകവും അത്ഭുതവും സമ്മാനിച്ചുകൊണ്ട് നില്‌ക്കുന്നുണ്ട്. അതിലൊന്നായ വൈറ്റ് പൈൻ ബോൺസായ് മരത്തിന് 400 വർഷം പ്രായമുണ്ട്. മനുഷ്യചരിത്രത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ഏടിന്റെ കഥ അവയ്ക്ക് പറയാനുണ്ട്. വൈറ്റ് പൈൻ ബോൺസായ് അവിടെയെത്തിയത് 1976 ൽ അമേരിക്കയുടെ ഇരുന്നൂറാം വാർഷികത്തിൽ ജപ്പാനിലെ നിപ്പോൺ ബോൺസായ് അസോസിയേഷൻ 53 ബോൺസായ് ചെടികൾ അവർക്ക് സമ്മാനിച്ചതിന്റെ ഭാഗമായായിരുന്നു. ആ 53 ബോൺസായ് ചെടികളിൽ മസാരു യമാകി സമ്മാനിച്ച ആ വൈറ്റ് പൈൻ ബോൺസായ് വലിയ ഒരു ചരിത്രത്തിന്റെ ഭാരവും പേറി അഭിമാനത്തോടെ അങ്ങനെ നിന്നു.
കഥ ഇങ്ങനെയാണ്, രണ്ടാം ലോകമഹായുദ്ധകാലത്തു 1945 ആഗസ്ത് ആറിന് അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബ് വർഷിക്കുന്നു. ഏതാണ്ട് 4.5 മൈലുകൾ വരെ അതിന്റെ പ്രകമ്പനം നാശം വിതച്ചു. അന്ന് ആ ബോംബാക്രമണത്തിൽ ഹിരോഷിമ നഗരം 90 ശതമാനം നശിപ്പിക്കപ്പെട്ടു.
ഒരുലക്ഷത്തിനാല്പതിനായിരത്തിലധികം ആൾക്കാർ മരണത്തിനു കീഴടങ്ങി. അവിടെനിന്നും രണ്ടുമൈൽ അകലെ മസാരു യമാകി എന്നയാളുടെ വസതിയിലെ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറി അദ്ദേഹത്തിനും കുടുംബത്തിനും പരിക്കേറ്റു. എന്നാൽ അദ്ദേഹത്തിന്റെ ഉയരമേറിയ മതിലിന്റെ ഒരു വശത്തുനിന്ന, അദ്ദേഹം തലമുറകളായി പരിപാലിച്ചുവന്ന ബോൺസായ് മരത്തിന് ഒരു പോറൽ പോലുമേറ്റില്ല. എല്ലാ നാശനഷ്ടങ്ങൾക്കും മൂകസാക്ഷിയായി അത് അങ്ങനെ നിന്നു.

ഹിരോഷിമ സംഭവം സമ്മാനിച്ച മുറിവുകൾ ജപ്പാൻ ജനത അവരുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം മറികടന്നു. അങ്ങനെയൊരു സന്ദർഭത്തിലാണ് അമേരിക്കയുടെ വാർഷികനാളിൽ ജപ്പാന്റെ പരമ്പരാഗത ചെടിരൂപങ്ങളായ കുറെ ബോൺസായ് മരങ്ങൾക്കൊപ്പം യമാക്കിയുടെ ബോൺസായ് കൂടി അമേരിക്കയിലെ ബോൺസായ് മ്യൂസിയത്തിൽ ഇടംപിടിച്ചത്. ആറ്റംബോംബിനെ അതിജീവിച്ച വിശിഷ്ട അതിഥിയെന്ന കാര്യം അപ്പോളും ആരുമറിഞ്ഞില്ല. പിന്നീട് 2001 ൽ മസാരുവിന്റെ രണ്ട് കൊച്ചുമക്കൾ അവിടെ കാണാനെത്തിയപ്പോളാണ് അതിനെപ്പറ്റിയുള്ള വിശിഷ്ടവിശേഷം ലോകത്തോട് വിളിച്ചുപറഞ്ഞത്. അപ്പോളാണ് മ്യൂസിയത്തിന്റെ നടത്തിപ്പുകാരൻ പോലും അറിയുന്നത്, തന്റെ മ്യൂസിയത്തിലുള്ള ഈ ബോൺസായ് പേറുന്നത് 400 വർഷത്തെ ചരിത്രം ആണെന്നും ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുടെ ദൃക്സാക്ഷിയാണെന്നതും. ആറ് തലമുറകളിലൂടെ കടന്നുവന്ന ആ വൃക്ഷം ഇന്ന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെയും, ജപ്പാന്റെയും ഇടയിലെ സമാധാനത്തിന്റെ ചിഹ്നമായാണ് കണക്കാക്കപ്പെടുന്നത്.

ലേഖകൻ കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BONSAI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.