SignIn
Kerala Kaumudi Online
Thursday, 25 April 2024 10.45 AM IST

ബോറിസ് ജോൺസന്റെ പടിയിറക്കം,​ ആരോപണച്ചുഴിയിൽ അനിവാര്യ പതനം

boris-johnson

ആരോപണങ്ങളിൽ മൂക്കോളം മുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ നിന്ന് വേദനയോടെ പടിയിറങ്ങിയ ബോറിസ് ജോൺസൺ,​ 1987- ൽ ഉരുക്കുവനിത മാർഗറ്റ് താച്ചർ നേടിയ ഭൂരിപക്ഷത്തിനു ശേഷം ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെയാണ് 2019- ൽ അധികാരമേറ്റത്. കൺസർവേറ്റീവ് പാർട്ടിക്ക് ബോറിസിനോളം താരമൂല്യമുള്ള മറ്റൊരു നേതാവില്ലായിരുന്നു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഉജ്ജ്വല വിജയത്തിനു ശേഷം മറ്റൊരു പ്രധാനമന്ത്രിയെക്കുറിച്ചോ,​ തിരഞ്ഞെടുപ്പിനെക്കുറിച്ചു പോലുമോ രാഷ്ട്രീയ എതിരാളികൾ പോലും ചിന്തിച്ചിരുന്നുമില്ല.

രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും അത്യുന്നതങ്ങളിൽ നിന്നാണ് ബോറിസ് ജോൺസന്റെ അവിശ്വസനീയ പതനം. ധനമന്ത്രി റിഷി സുനകും ആരോഗ്യമന്ത്രി സാജിദ് ജാവിദും തുടങ്ങിവച്ച രാജിയാണ് സുനാമി പോലെ ബോറിസ് മന്ത്രിസഭയെ വിഴുങ്ങാൻ തുടങ്ങിയത്. ഒടുവിലത് പ്രധാനമന്ത്രിയുടെ തന്നെ പതനത്തിൽ കലാശിക്കുകയും ചെയ്തു.

വിവാദങ്ങളുടെ തോഴൻ

എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു ബോറിസ് ജോൺസൺ. പാലർലമെന്റിൽ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പായി ക്രിസ് പിൻചർ നിയമിക്കപ്പെട്ടതോടെയാണ് വിവാദങ്ങളുടെയും ഇപ്പോഴത്തെ രാജി ഘോഷയാത്രകളുടെയും തുടക്കം. ലൈംഗിക അപവാദങ്ങളിൽ ആരോപണവിധേയനായിട്ടുള്ള ഇദ്ദേഹത്തെ സ്വന്തം പാർട്ടിയിലെ അംഗങ്ങൾക്കിടയിൽ അച്ചടക്കം ഉറപ്പുവരുത്താൻ നിയമിച്ചത് വിരോധാഭാസവും മടയത്തവുമായി മാത്രമേ കാണാനാവൂ. പിൻചറെ സംരക്ഷിക്കാൻ ശ്രമിച്ചത് ബോറിസിന് കൂടുതൽ വിനയായി.

പാർട്ടി ഗേറ്റ് വിവാദം

ബോറിസിന്റെ കൊവിഡ് പ്രതിരോധ നടപടികൾ തുടക്കത്തിലേ വിമർശിക്കപ്പെട്ടിരുന്നു. കൊവിഡ് കൊടുമ്പിരിക്കൊണ്ടിരുന്ന ആദ്യ ഘട്ടങ്ങളിൽ പ്രധാനമന്ത്രിയും സംഘവും എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് പാർട്ടികൾ നടത്തുന്ന തിരക്കിലായിരുന്നു. മദ്യവും നൃത്തവും യഥേഷ്ടം അരങ്ങേറിയ ഇൗ ആഘോഷങ്ങളിൽ സർക്കാരുമായി ബന്ധപ്പെട്ട 83 ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിക്കും ഒരിക്കൽ പിഴ ഇൗടാക്കി. സാധാരണക്കാരെ വീട്ടിൽ അടച്ചിട്ടപ്പോൾ നിശാപാർട്ടികളിൽ മതിമറന്നാടുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും. പാർട്ടി ഗേറ്റ് എന്നറിയപ്പെടുന്ന ഇൗ വിവാദത്തിൽ നിന്ന് ക്ഷമപറഞ്ഞാണ് ബോറിസ് ജോൺസൺ തലയൂരിയത്.

ലോബിയിങ് വിവാദം

2021 ൽ സ്വന്തം പാർട്ടിയിലെ പാർലമെന്റ് അംഗമായ ഒാവൻ പാർറ്റേഴ്സിന്റെ ലോബിയിങ് നിയമലംഘനങ്ങളെ ചട്ടങ്ങൾ മറികടന്ന് അന്വേഷണത്തിൽ നിന്നു സംരക്ഷിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. പാർറ്റേഴ്സണു വേണ്ടി ഇടപെട്ട ബോറിസിന് നാണംകെട്ട് പിന്മാറേണ്ടിവന്നു. ഗത്യന്തരമില്ലാതെ പാർറ്റേഴ്സണ് രാജിവയ്ക്കേണ്ടി വന്നെന്നു മാത്രമല്ല,​ പ്രധാനമന്ത്രിയുടെ ധാർമ്മികതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും ഇത് വലിയ ചോദ്യങ്ങളുയർത്തുകയും ചെയ്തു. പൊതുജീവിതത്തിലെ മൂല്യങ്ങൾക്ക് യാതൊരു വിലയുമില്ലെന്ന് ബോറിസ് ഗവൺമെന്റ് ഒരിക്കൽക്കൂടി തെളിയിച്ചെന്ന് പ്രതിക്ഷനേതാവ് കെയർ സ്റ്റാർമർ വിമർശനം ഉന്നയിച്ചു.

അപാർട്ട്മെന്റ് വിവാദം

പ്രധാനമന്ത്രിയുടെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് അപാർട്ട്മെന്റ് മോടിപിടിപ്പിക്കൽ മറ്റൊരു വിവാദമായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ ഫണ്ടുകൾ ഇതിനുവേണ്ടി വിനിയോഗിച്ചു എന്നാണ് ഇലക്ടറൽ കമ്മിഷൻ കണ്ടെത്തിയത്. പ്രധാനമന്ത്രി ബോറിസിന്റെ ജീവിതപങ്കാളിയായ കാരിസ് സൈമൺസിന്റെ ആർഭാടജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഇൗ വിവാദം ശ്രദ്ധേയമായത്. ഒടുവിൽ,​ കൺസർവേറ്റീവ് പാർട്ടി പിഴ കൊടുത്താണ് വിവാദത്തിന് താത്കാലിക വിരാമമിട്ടത്.

പിടിച്ചുനിൽക്കാൻ പോരാട്ടം

`തെന്നിമാറുന്ന പന്നിക്കുട്ടി' എന്നും Excape artist എന്നുമാണ് ഒരേസമയം സഹപ്രവർത്തകരും പ്രതിയോഗികളും ബോറിസിനെ വിശേഷിപ്പിക്കുന്നത്. ജൂൺ ആറിന് കൺസർവേറ്രീവ് എം.പിമാർ പാർട്ടി നേതാവിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 148 നെതിരെ 211 വോട്ടുകൾ കൊണ്ട് പ്രതിരോധിക്കാൻ ബോറിസിനു കഴിഞ്ഞെങ്കിലും ഇതു വരുത്തിയ രാഷ്ട്രീയക്ഷീണത്തിന്റെ തുടർച്ചയാണ് പിന്നീട് കണ്ടത്. ഇതേ അവിശ്വാസം കാരണമാണ് പിൻചർ വിവാദത്തിൽ സഹമന്ത്രിമാർ രാജിവച്ചത്. പാർട്ടിയുടെ പിന്തുണയുണ്ടെങ്കിലും സഹമന്ത്രിമാർ രാജിവച്ചാൽ അധികാരത്തിൽ തുടരുക എളുപ്പമല്ല. മാർഗറ്റ് താച്ച‌ർക്കും 2018- ൽ തെരേസയ്ക്കും രാജിവയ്ക്കേണ്ടി വന്നത് സഹമന്ത്രിമാർ കളം വിട്ടപ്പോഴായിരുന്നു. 2018- ൽ തെരേസ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന ബോറിസ് ജോൺസൺ രാജിവച്ചതിനു പിന്നാലെ പ്രധാനമന്ത്രിക്ക് പടിയിറങ്ങേണ്ടിവന്നു.

ബോറിസ് ജോൺസന്റെ പതനം വീണ്ടുവിചാരമില്ലാത്ത രാഷ്ട്രീയ സാഹസികതയുടെയും,​ അടിസ്ഥാന രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ചുള്ള അവജ്ഞയുടെയും ഫലമാണ്. ഏതു പ്രതിസന്ധിഘട്ടവും തരണം ചെയ്യാൻ തനിക്കു കഴിയുമെന്ന അമിത ആത്മവിശ്വാസം വിനയായി. ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യം മുന്നോട്ടുവയ്ക്കുന്ന മിനിമം മര്യാദ ബോറിസ് ജോൺസൺ ഒരിക്കലും,​ ഒരിടത്തും പാലിച്ചിട്ടില്ല എന്നിടത്താണ് അദ്ദേഹത്തിന് പടിയിറങ്ങേണ്ടിവന്നത്.

(ഡോ. സി.എ. ജോസുകുട്ടി കേരള സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസറും,​ മോഹിത മോഹൻ ഇതേ വിഭാഗത്തിൽ ഗവേഷകയുമാണ് )​

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BORRIS JOHNSON
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.