SignIn
Kerala Kaumudi Online
Friday, 29 March 2024 5.08 PM IST

കേരളാ കൈക്കൂലി സർവീസ്...!

photo

കാര്യക്ഷമതയ്ക്ക് പേരുകേട്ട കേരളത്തിലെ ഉദ്യോഗസ്ഥ സംവിധാനം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. സർക്കാരുദ്യോഗസ്ഥരിൽ ബഹുഭൂരിപക്ഷവും അഴിമതിക്കാരല്ലെന്നത് വാസ്തവമാണ്. എന്നാൽ പാലിൽ വീണ വിഷത്തുള്ളികളെപ്പോലെ അഴിമതിക്കാരായ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥ വൃന്ദത്തിനാകെ ചീത്തപ്പേരുണ്ടാക്കുന്നു. അഴിമതി തീരെക്കുറഞ്ഞ സംസ്ഥാനമായെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ടെങ്കിലും അഴിമതിരഹിത കേരളം സ്വപ്നം മാത്രമാണെന്ന് തെളിയിക്കുന്നതാണ് വിജിലൻസ് പിടികൂടുന്ന കൈക്കൂലിക്കേസുകളുടെ കണക്കുകൾ. ഇക്കൊല്ലം ഇതുവരെ വിജിലൻസ് 23കേസുകളിലായി 26 ഉദ്യോഗസ്ഥരെയാണ് കോഴവാങ്ങുന്നതിനിടെ പിടികൂടിയത്. ഏത് സർക്കാർ സേവനത്തിനും കോഴ നൽകേണ്ട ഗതികേടിലാണ് ജനം. കൈക്കൂലിക്കേസ് ഒതുക്കാ‍ൻ കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈ.എസ്.പി പോലും കേരളത്തിലുണ്ട്.

കൈക്കൂലി വാങ്ങാൻ ഡോക്ടറേറ്റ് നേടിയ ചിലർ ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ടെന്ന് മുഖ്യമന്ത്രിക്ക് പരസ്യമായി പറയേണ്ടിവന്നു. പേനയും കുടംപുളിയും ഷർട്ടും മുതൽ ഗൂഗിൾപേയിൽ ലക്ഷങ്ങൾ വരെ കോഴയായി മറിയുന്നു. സേവനങ്ങൾ സമയത്ത് നൽകാതെ ജനത്തെ ഓഫീസിൽ കയറിയിറക്കി നരകിപ്പിച്ച ശേഷം കോഴയ്ക്ക് കളമൊരുക്കുന്നതാണ് രീതി. ഇടനിലക്കാർ വഴിയും നേരിട്ടുമെല്ലാം കോഴയാവശ്യപ്പെടുന്നുണ്ട്. പണം നൽകിയാലുടൻ സേവനം! . ഉന്നതങ്ങളിൽ സ്വാധീനമില്ലാത്ത സാധാരണക്കാരുടെ ഗതികേട് മുതലെടുത്താണ് ഈ കൈക്കൂലി കൊള്ള. കഴിഞ്ഞ നാല് മാസത്തിനിടെമാത്രം വിജിലൻസിന്റെ 410 മിന്നൽ പരിശോധനകളും 20 ട്രാപ്പ് കേസുകളുമുണ്ടായി. കൈക്കൂലിക്കേസിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന പൊതുസേവകരെ പ്രത്യക്ഷ തെളിവില്ലെങ്കിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിൽ നിന്ന് പിടിച്ച ഒരുകോടിയിലേറെ രൂപയും ഷർട്ട്, കുടംപുളി, തേൻ അടക്കമുള്ള കൈക്കൂലി സാധനങ്ങളും ഈ വിപത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ്. ചെറുതും വലുതുമായ ആവശ്യങ്ങൾ സാധിക്കാൻ സർക്കാർ ഓഫീസുകളിൽ കൈക്കൂലി കൊടുക്കാതെ രക്ഷയില്ലെന്ന് ഒരിക്കലെങ്കിലും അവിടെ പോയവർക്കറിയാം. പണം നൽകിയാലുടൻ സേവനം ലഭിക്കുമെന്നായതോടെ, ജനങ്ങളും കൈക്കൂലിയോട് പൊരുത്തപ്പെട്ടു. കോഴ ആവശ്യപ്പെടുന്നത് വിജിലൻസിൽ അറിയിക്കാതെ, ചോദിക്കുന്ന പണം കൈമടക്ക് കൊടുക്കാൻ തുടങ്ങിയതാണ് അഴിമതിയെന്ന മഹാരോഗം പടരാൻ കാരണം. ഇത് ഭരണസംവിധാനത്തിനു മൊത്തത്തിൽ കളങ്കമാണെന്ന് തിരിച്ചറിഞ്ഞ്

സർക്കാർ ശക്തമായ നടപടികളെടുക്കണം.

2012ൽ സേവനാവകാശനിയമം പ്രാബല്യത്തിലായ നാടാണ് നമ്മുടേത്. അപേക്ഷകൾക്കെല്ലാം രസീത് നൽകി, എത്രദിവസത്തിനകം സേവനം കിട്ടുമെന്ന് ഉറപ്പുനൽകുന്ന നിയമമാണിത്. മൂന്ന് മുതൽ 15 ദിവസമാണ് സേവനത്തിനുള്ള സമയപരിധി. വൈകുന്ന ഓരോ ദിവസത്തിനും 500രൂപ ഉദ്യോഗസ്ഥർ പിഴനൽകണം. സേവനാവകാശ നിയമം വകുപ്പുകളിലെല്ലാം അട്ടിമറിക്കപ്പെട്ടു. ഏറ്റവും അഴിമതി റവന്യൂ വകുപ്പിലാണ്. തദ്ദേശവകുപ്പ് പിന്നാലെയുണ്ട്. കോഴനൽകാതെ ഒരു ഫയൽപോലും അനങ്ങാത്ത തരത്തിൽ അഴിമതിയുടെ കൂടാരമായിക്കഴിഞ്ഞു റവന്യൂ വകുപ്പ്. വിജിലൻസ് അടിക്കടി മിന്നൽറെയ്ഡുകൾ നടത്തി കൈക്കൂലിക്കാരെ അറസ്റ്റ് ചെയ്തിട്ടും കോഴ നിർബാധം തുടരുന്നു. കോഴ നൽകിയാലേ ഭൂമി സംബന്ധമായ എന്തു സേവനവും ലഭിക്കൂ എന്ന സ്ഥിതിയാണ്. ഭൂമി തരംമാറ്റൽ, പട്ടയം, കൈവശാവകാശം, ആധാരപകർപ്പ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ഏറ്റവുമധികം കോഴ മറിയുന്ന ഇടപാടുകൾ. അർഹതപ്പെട്ട സേവനം ലഭിക്കാനാണ് ജനം കൈക്കൂലി കെ‍ാടുക്കേണ്ടി വരുന്നത്.

വില്ലേജ് ഓഫീസുകൾ മുതൽ കളക്ടറേറ്റ് വരെ നീളുന്നതാണ് റവന്യൂവിലെ അഴിമതിചങ്ങല. കോഴ നൽകിയില്ലെങ്കിൽ ഓഫീസുകൾ കയറിയിറങ്ങി നരകിക്കേണ്ടിവരും. ഗതികെട്ട് ജനങ്ങൾ കോഴ നൽകുന്നു. അങ്ങനെ റവന്യൂവിലെ അഴിമതിക്കാർ തഴച്ചുവളരുന്നു. വടക്കൻ ജില്ലകളിൽ സേവനങ്ങൾക്ക് ഫീസുപോലെ 2000-3000 രൂപയീടാക്കുന്നു. വിരമിച്ചവരും ഇടനിലക്കാരും പരാതിയെഴുത്തുകാരും കോഴചങ്ങലയിലെ കണ്ണികളാണ്. 1666 വില്ലേജ് ഓഫീസുകളിലെയും എല്ലാ സേവനങ്ങളും ഓൺലൈനാക്കാനുള്ള സർക്കാർ തീരുമാനം നടപ്പായിട്ടില്ല. ഫയലുകൾ തീർപ്പാക്കാതെ അഴിമതിക്ക് അരങ്ങൊരുക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. സേവനങ്ങൾക്കായി ജനങ്ങളെ പലവട്ടം ഓഫീസിലെത്തിക്കുന്നതും മതിയായ കാരണമില്ലാതെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കുന്നതും അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമെടുക്കാത്തതും പതിവാണ്. ഏജന്റുമാരെ ഉപയോഗിച്ചോ നേരിട്ടോ പരാതിക്കാരെ സമീപിക്കും. കൈക്കൂലി കിട്ടിയാൽ പിന്നീടെല്ലാം മിന്നൽവേഗത്തിലാവും. ഭൂമിതരംമാറ്റൽ തുടങ്ങിയ സേവനങ്ങൾക്ക് ഭൂമിയുടെ വിലയുടെ നിശ്ചിത ശതമാനം തുക കോഴയായി ഈടാക്കുന്നതും പതിവാണ്. കൈക്കൂലിയുമായി അറസ്റ്റിലായാൽ ഒരുവർഷം സസ്പെൻഷനുശേഷം സർവീസിലെത്താം. വകുപ്പുതല അന്വേഷണവും കേസിന്റെ വിചാരണയുമൊക്കെ തീരാൻ വർഷങ്ങളെടുക്കും. ഇതിനിടയിൽ സ്ഥാനക്കയറ്റമെല്ലാം നേടി സുഖമായി വിരമിക്കാം.

ശിക്ഷിച്ചാലും

പാഠം പഠിക്കില്ല

കൈക്കൂലി, അഴിമതിക്കേസുകളിൽ ആറര വർഷത്തിനിടെ വിജിലൻസ് കോടതികൾ ശിക്ഷിച്ചത് സർക്കാർ ജീവനക്കാരുൾപ്പെടെ 234 പേരെയാണ്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും കരാർ നൽകുന്നതിലടക്കം കൂട്ടുനിന്ന സ്വകാര്യ വ്യക്തികളും ഉൾപ്പെടും. 2016 എപ്രിൽ മുതൽ 2022 ഒക്ടോബർ വരെയുള്ള കണക്കാണിത്.
പഞ്ചായത്ത് സെക്രട്ടറിമാർ, കെ.എസ്.ഇ.ബി എൻജിനിയർമാർ, വില്ലേജ് ഓഫീസർമാർ, എം.വി.ഐമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, സബ് രജിസ്ട്രാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരടക്കം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകരുൾപ്പെടെ അര‌ഡസനോളം വനിതകളും കൂട്ടത്തിലുണ്ട്. ക്ളറിക്കൽ ജീവനക്കാർ മാത്രം 12 പേരുണ്ട്. അറ്റൻഡർമാരുമുണ്ട്. 119 പേർ ശിക്ഷിക്കപ്പെട്ട തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. തലശേരിയിൽ 45 പേരും കോഴിക്കോട് 40 പേരും ശിക്ഷിക്കപ്പെട്ടു. മിക്കവരും മേൽക്കോടതിയിൽ അപ്പീൽ നൽകി വകുപ്പുതല നടപടികളിൽ നിന്നൊഴിവായി. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പിൽ ശിക്ഷിക്കപ്പെട്ട വകുപ്പ് മുൻ ഡയറക്ടർ കെ.എസ് രാജനാണ് കൂട്ടത്തിലെ ഐ.എ.എസുകാരൻ. അഴിമതി നിരോധന നിയമപ്രകാരം മൂന്നുവർഷം മുതൽ ഏഴുവർഷം വരെയാണ് തടവ് ശിക്ഷ. അഴിമതിമൂലമുണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി പിഴയും ചുമത്തും. കുറ്റപത്രം നൽകുന്നതും വിചാരണയും പലപ്പോഴും അനന്തമായി നീളുന്നത് കേസുകൾ ദുർബലമാവാനും പ്രതികൾ രക്ഷപെടാനും ഇടയാക്കും.

വേണ്ടത് കടുത്ത ശിക്ഷ

പ്യൂൺ മുതൽ വകുപ്പ് തലവന്മാർ ഉൾപ്പെടെയുള്ളവർ വരെ വിജിലൻസ് കേസുകളിൽ ശിക്ഷിക്കപ്പെടുന്നുണ്ട്. സസ്പെൻഷൻ മുതൽ സർവീസിൽ നിന്നു പിരിച്ചുവിടൽ വരെ ശിക്ഷാനടപടികളുടെ ഭാഗമായി ഉണ്ടെങ്കിലും കൈക്കൂലിയിടപാട് കാന്തം പോലെ തുടരുന്നു. അഴിമതി നിരോധന നിയമം (1988) അനുസരിച്ചാണു വിജിലൻസ് വകുപ്പ് നടപടികൾ സ്വീകരിക്കുന്നത്. അഴിമതി സംബന്ധിച്ചു ലഭിക്കുന്ന പരാതികളിൽ പരാതിയുടെ സ്വഭാവമനുസരിച്ച് രഹസ്യാന്വേഷണം, ത്വരിതാന്വേഷണം, പ്രാഥമികാന്വേഷണം, വിജിലൻസ് അന്വേഷണം, മിന്നൽ പരിശോധന, ട്രാപ്പുകൾ എന്നിവയാണു നടത്തുന്നത്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ പരാതിക്കാരനെ കൊണ്ടു വിജിലൻസ് പണം നൽകിച്ചു കുടുക്കുന്നതാണ് ട്രാപ്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണു ട്രാപ്പ് കേസുകൾരജിസ്റ്റർ ചെയ്യുന്നത്. സർക്കാർ സ്ഥാപനങ്ങളിലെ അപാകതകൾ സംബന്ധിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധനകൾ. കുറ്റമറ്റ വിജിലൻസ് സംവിധാനത്തോടെ‍ാപ്പം മാതൃകാപരമായ ശിക്ഷാനടപടികളും സർക്കാരിന്റെയും പെ‍ാതുസമൂഹത്തിന്റെയും നിരന്തര ജാഗ്രതയും ഉണ്ടെങ്കിലേ അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കാനാവൂ. സർക്കാർ ഓഫീസുകൾ ജനങ്ങൾക്കുള്ള സേവന കേന്ദ്രമാണെന്നും ഉദ്യോഗസ്ഥർ ജനസേവകരാണെന്നും ബോധവത്കരണവും നടത്തണം. പിടിക്കപ്പെടുന്ന കൈക്കൂലിക്കാരെ ഉടനടി പിരിച്ചുവിടാനുള്ള വിജിലൻസ് ശുപാർശയും നടപ്പാക്കണം.

''ഉദ്യോഗസ്ഥർ പണവും പാരിതോഷികവും കൈപ്പറ്റുന്നതു മാത്രമല്ല, ഫയൽ വൈകിപ്പിക്കുന്നതും സർക്കാർ സേവനങ്ങളെക്കുറിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അഴിമതിയായി കണക്കാക്കും. ചില ഉദ്യോഗസ്ഥർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സേവനങ്ങൾ മനഃപൂർവം വൈകിപ്പിക്കുകയും ചെയ്യും. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സേവനത്തെക്കുറിച്ചും അഴിമതി നിരോധന നിയമത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം.''

-പിണറായി വിജയൻ

മുഖ്യമന്ത്രി

''അഴിമതി തടയാൻ എല്ലാ വകുപ്പുകളിലും സേവനാവകാശ നിയമം നിർബന്ധമായി നടപ്പാക്കണം. സേവനങ്ങൾ സമയത്ത് നൽകാത്തതാണ് അഴിമതി വർദ്ധിക്കാനുള്ള പ്രധാന കാരണം. സേവനാവകാശ നിയമപ്രകാരം കൃത്യസമയത്ത് സേവനം നൽകാത്തവർക്കെതിരെ അച്ചടക്ക നടപടി, പിഴചുമത്തൽ തുടങ്ങിയ നടപടികളെടുക്കണം. സർക്കാർ ജീവനക്കാർ നേരിട്ട് ജനങ്ങളോട് ഇടപെടുന്നത് കുറയ്ക്കണം. സർക്കാരിന്റെ ക്ഷേമ പദ്ധതികളിലെ സഹായം നൽകുന്നത് ബാങ്ക് അക്കൗണ്ട് വഴിയാക്കണം. വകുപ്പുകളുടെ പണമിടപാടുകളും ഡിജിറ്റൽ രൂപത്തിലാക്കണം. ഇത് അഴിമതി കുറയ്ക്കാൻ സഹായിക്കും. ഓൺലൈൻ പേയ്മെന്റ്, ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ എന്നിവ വഴിയെല്ലാം പണമിടപാടുകൾ അനുവദിക്കണം. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം''

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRIBERY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.