SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 PM IST

ബി.ടി.എസ്... നിങ്ങളില്ലായിരുന്നെങ്കിലോ?

bts

നിരാശയുടെ പടുകുഴിയിൽ വീണ് കിടക്കുമ്പോൾ,​ ഒരു പാട്ടുകേട്ടാൽ ജീവിക്കാൻ തോന്നുമോ?​ നാളെയെക്കുറിച്ച് പ്രതീക്ഷയൊന്നുമില്ലാത്ത ഒരാൾക്ക് സ്വപ്നം കാണാൻ പ്രേരണയാകുമോ?​ ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്ന ഒരാളുടെ വിരലുകളെ ചലിപ്പിക്കുമോ?​വലിഞ്ഞുമുറുകിയിരിക്കുന്ന ഒരാളുടെ മുഖത്ത് ചിരിയുണ്ടാകുമോ?... എന്തോ അറിയില്ല. പക്ഷേ,​ ലോകം മുഴുവനുള്ള 'ബി.ടി.എസ്" ആരാധകർ പറയുന്നത് ഇങ്ങനെയൊക്കെയാണ്....

ചുറുചുറുക്കുള്ള ഏഴ് പയ്യന്മാർ...തിളങ്ങുന്ന കോട്ടും ചായംതേച്ച മുടിയും ചുണ്ടുകളും...കരിയെഴുതിയ കണ്ണുകൾ.. വേദികളെ ഭ്രമിപ്പിക്കുന്ന നൃത്തവും ശബ്ദവും സംഗീതവും.. അവർ തിരുത്തിയെഴുതിയത് ലോകസംഗീതത്തെ മാത്രമല്ല, കണ്ടുശീലിച്ച പരമ്പരാഗത 'തോന്നലുകളെ" കൂടിയാണ്. ഐ ലവ് മൈ സെൽഫ്...എന്നുറക്കെ പാടി,​ കേൾക്കുന്നവരെ മുഴുവൻ പ്രചോദിപ്പിച്ചും തുള്ളിക്കളിപ്പിച്ചും ലോകാതിർത്തികളെ അലിയിച്ചില്ലാതാക്കിയ ബി.ടി.എസ് എന്ന കൊറിയൻ പോപ്പ് ബാൻഡ്. പക്ഷേ അവർ വന്നവഴികളിൽ ലോകം ഇന്ന് കാണുന്ന പളപളപ്പോ നിറങ്ങളോ ഉണ്ടായിരുന്നില്ല. പെട്ടെന്നൊരു ദിവസം വേദികൾ കൈയടക്കിയതുമല്ല. ദാരിദ്ര്യവും കഷ്ടപ്പാടുകളും വെല്ലുവിളിച്ചപ്പോൾ, ആത്മാർത്ഥതയും അർപ്പണബോധവും സൗഹൃദവും കൈമുതലാക്കി വിജയിച്ച കഥയാണ് ബി.ടി.എസിന്റേത്.

സംഗീതം, കാതുകൾക്കുവേണ്ടിയല്ല, മനസുകൾക്കു വേണ്ടിയുള്ളതാണെന്നാണ് ബി.ടി.എസിന്റെ അടിസ്ഥാന തത്വം. അതുകൊണ്ട് തന്നെ ആ ഏഴംഗസംഘം തയാറാക്കിയ പാട്ടുകൾ മനുഷ്യമനസുകളെയാണ് കീഴടക്കിയത്. അവിടെ ലോകമോ അതിർത്തികളോ വംശമോ ലിംഗവ്യത്യാസമോ ഇല്ലാതായി.

ആർ.എമ്മിൽ തുടങ്ങി...

ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് എന്ന കമ്പനി ബി.ടി.എസ് എന്ന കെ പോപ് ബാൻഡ് രൂപീകരിക്കുന്നത് 2013ലാണ്. കിം നാജൂൻ എന്ന ആർ.എമ്മാണ് ബി.ടി.എസിന്റെ ആദ്യ അംഗവും സ്റ്റേജ് നായകനും. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാപ് ചെയ്തു തുടങ്ങിയ ആർ.എം പിന്നീട് ഒരു ഹിപ് ഹോപ് ഏജൻസിയുടെ ഓഡിഷൻ വേദിയിലാണ് ബിഗ് ഹിറ്റ് സി.ഇ.ഒ ബാങ് ഷി ഹ്യൂകുമായി പരിചയപ്പെട്ടത്. അതു ജീവിതത്തിലെ വഴിത്തിരിവായി. 2010ൽ ‘റാപ് മോൺസ്റ്റർ’ കിംനാജുൻ (ആർ.എം) ആദ്യത്തെ അംഗമായി ബി.ടി.എസിന്റെ ഭാഗമായി. പിന്നീടെത്തിയത് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ– ജിയോൻ ജംകുക്ക്. 15–ാം വയസിലാണ് ആരാധകർ ‘കുക്കി’യെന്നു ചെല്ലപ്പേരു വിളിക്കുന്ന ജംകുക്ക് ബുസാനിലെ ഓഡിഷൻ വേദിയിൽ നിന്ന് ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിലേക്കെത്തിയത്. വിവിധ കമ്പനികളിൽ നിന്നു ക്ഷണം ലഭിച്ചെങ്കിലും ബി.ടി.എസിന്റെ ഭാഗമാകാനുള്ള നിയോഗം കുക്കിയിലെത്തിയത് ആർ.എമ്മിന്റെ രൂപത്തിലായിരുന്നു. ആർ.എമ്മിന്റെ റാപ്പിംഗ് സ്വാധീനിച്ചതോടെ ഒരുമിച്ചു സംഗീതം ചെയ്യണമെന്ന മോഹത്താലാണ് കുക്കി ആ തീരുമാനമെടുത്തത്. പിന്നീട് കിംടെയുങ് എന്ന ‘വി’, മിൻ യൂഗി എന്ന ‘ഷുഗ’, കിം സിയോജിൻ എന്ന ജിൻ, പാർക്ക് ജിമിൻ എന്ന ജീമിൻ, ജംക് ഹോസിയോക് എന്ന ജെഹോപ് എന്നിവർ ഏഴംഗ ബോയ്സ് ബാൻഡ് സംഘത്തിന്റെ ഭാഗമായി.

നോ മോർ ഡ്രീംസ്..

ബാംഗ്താൻ സൊന്യോന്ദാൻ അഥവാ BULLET PROOF BOY SCOUTS എന്നാണ് ബി.ടി.എസിന്റെ പൂർണരൂപം. 2010-ൽ BIG HITS ENTERTAINMENTS എന്ന കമ്പനിയാണ് ബി.ടി.എസ് ബാൻഡ് രൂപീകരിക്കുന്നത്. ഓഡിഷൻ വഴിയാണ് അംഗങ്ങളെ കണ്ടെത്തിയത്. തെരുവിൽ നൃത്തം ചെയ്തവർ, അണ്ടർഗ്രൗണ്ട് റാപ്പർമാർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്നുമൊക്കെയാണ് ഇവരെ കണ്ടെത്തിയത്. സമൂഹത്തിന്റെ സ്വപ്നങ്ങൾ അടിച്ചേല്‌പ്പിക്കപ്പെടുന്ന യുവത്വത്തിന്റെ സംഘർഷങ്ങളെക്കുറിച്ച് പാടുന്ന 'നോ മോർ ഡ്രീംസ്.." എന്ന ഗാനവുമായി 2013-ലാണ് ഏഴംഗ ‍ടീം ആദ്യമായി കാണികൾക്ക് മുന്നിലെത്തുന്നത്. കമ്പനി സാമ്പത്തികമായി വളരെ പിന്നിലായിരുന്നു. ഈ ഏഴ് ആൺകുട്ടികൾ തങ്ങളുടെ കൈയ്യിലുള്ള ചെറിയ തുകകൾ പങ്കിട്ടാണ് സെറ്റും അഭിനേതാക്കളെയും ഒക്കെ സംഘടിപ്പിച്ചിരുന്നത്. മേക്ക് അപ്പ് ഇടുന്നില്ലെന്ന് പറഞ്ഞ് തരംതാഴ്ത്തലുകളുണ്ടായി. അവതരിപ്പിച്ച പല പരിപാടികളും വെട്ടിച്ചുരുക്കി സംപ്രേഷണം ചെയ്തു. പലതും സംപ്രേഷണം ചെയ്യാതെ തള്ളി. അനുകരണമെന്ന് പറഞ്ഞും കളിയാക്കി. എന്നാൽ, അതിനെയൊക്കെ മറികടന്ന് ബി.ടി.എസ് പറന്നു. കൊറിയൻ, ജാപ്പനീസ് ഭാഷകളിലാണ് ആൽബങ്ങൾ ഒരുക്കിയത്.

റെക്കാഡ് ഭേദിച്ച് ഡൈനാമിറ്റ്

ഈ ദശാബ്ദത്തിലെ ഏറ്റവും ഹിറ്റ് ബാന്റുകളിൽ ഒന്നാണ് ബി.ടി.എസ്. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബി.ടി.എസ് 2019ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. ലോകം കൊവിഡ് മഹാമാരിയിൽ വലയാൻ തുടങ്ങിയപ്പോൾ പുറത്തിറങ്ങിയ ഡൈനാമിറ്റ് എന്ന ആൽബം റെക്കാഡുകൾ ഭേദിച്ചു. 24 മണിക്കൂർകൊണ്ട് 100 മില്യൺ കാഴ്ചക്കാർ. ഏഷ്യൻ രാജ്യങ്ങൾക്ക് പുറമേ അമേരിക്കയും യുറോപ്പും ബി.ടി.എസിനെ സ്വീകരിച്ചു. എന്തിനേറെ, ‘‘വൈഷ്യസ്’’ എന്ന സംബോധനയോടെ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിംജോങ്ങ് ഉൻ പോലും ബി.ടി.എസിനെ അംഗീകരിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയുടെ വളർച്ചയാണ് സമ്പൂർണ വിജയം നേടിക്കൊടുത്തതെന്ന് ബി.ടി.എസ് ടീം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കൊവിഡ് വൈറസിനു മുന്നിൽ വിറച്ച്, എല്ലാം അടച്ചുപൂട്ടി, മരണഭീതിയുമായി ലോകജനത വീട്ടിലിരുന്ന നാളുകളിൽ, ഉത്കണ്ഠയിലേക്കും നൈരാശ്യത്തിലേക്കും മുങ്ങിത്താഴാതെ പ്രായഭേദമന്യേ വലിയൊരു വിഭാഗത്തിനു താങ്ങായത് ഈ ചെക്കന്മാരുടെ കൊറിയൻ സംഗീതമായിരുന്നു. ആർമി എന്ന പേരുള്ള ഇവരുടെ ലോകമെമ്പാടുമുള്ള ആരാധകരാണ് ഹിറ്റ് ലിസ്റ്റിലേക്ക്, ബി.ടി.എസിനെ എത്തിക്കുന്നത്. ഓരോ പുരസ്കാരങ്ങൾ നേടുമ്പോഴും ആർമിയെ നന്ദിയോടെ അവർ സ്മരിക്കാറുമുണ്ട്, ബി.ടി.എസ്. ആർമിയുടെ വേരുകൾ ഇങ്ങ് കേരളത്തിലുമുണ്ടെന്നതാണ് മറ്റൊരു സത്യം. അതിൽത്തന്നെ കൂടുതലും പെൺകുട്ടികളാണെന്നാണ് കണക്കുകൾ പറയുന്നത്.

തിരുത്തലുകൾ, പൊളിച്ചെഴുത്തലുകൾ

കണ്ണുകൾ കറുപ്പിച്ചെഴുതി, ബ്ലാക്ക് ലെതർ വസ്ത്രങ്ങൾ അണിഞ്ഞ് ആദ്യകാലത്ത് സ്റ്റേജിലെത്തിയ ബി.ടി.എസ് അംഗങ്ങൾ പതിയെ വൈറ്റ് തീമുകളിലേക്ക് മാറി. മുടിയിൽ വ്യത്യസ്തമായ ചായങ്ങൾ തേച്ച്, സ്ത്രീകളോട് സാമ്യമുള്ള ശബ്ദത്തിൽ അവർ പാടി. ബി.ടി.എസ് സംഘാംഗങ്ങൾ സ്ത്രീകളാണെന്ന് ധരിച്ചവരുമേറെയാണ്. പരമ്പരാഗത സംഗീത, വേഷഭൂഷാദികളെ മാത്രമല്ല, ലിംഗവ്യത്യാസങ്ങളെയും അവർ തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് ചോദ്യംചെയ്തു. 2015ൽ ഐ ലവ് മൈ സെൽഫ്, 2016 ൽ 'യംഗ് ഫോർ എവർ", 2017ൽ 'ഡി.എൻ.എ"...2021ൽ ബട്ടർ..., ദ ബെസ്റ്റ്.....ലോകംകീഴടക്കി ബി.ടി.എസ് മുഴങ്ങുകയാണ്.



ഒന്ന് പുഞ്ചിരിക്കാൻ വേണ്ടിപോലും ബി.ടി.എസ് തിരഞ്ഞ് കേൾക്കുന്നവരുണ്ട്... ദാ ഇതെഴുതി നിറുത്തുമ്പോഴും അങ്ങനെതന്നെ...ഐ ലവ് മൈ സെൽഫ്....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BTS BAND
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.