SignIn
Kerala Kaumudi Online
Thursday, 25 April 2024 6.25 AM IST

ബുദ്ധന്റെ ജാതിവിരുദ്ധ കലാപം

budha-

ഏഷ്യയിൽ ഉദിച്ചുയർന്ന വിശ്വദീപം ഭഗവാൻ ബുദ്ധന്റെ ജന്മദിനമാണ് ബുദ്ധപൂർണിമ. വൈശാഖ മാസത്തിലെ പൗർണമി നാളിൽ കൊണ്ടാടുന്ന ബുദ്ധപൂർണിമ ഈ വർഷം മേയ് 26 നാണ്. ഗയയിലെ ബോധിവൃക്ഷച്ചുവട്ടിൽ വെച്ചുണ്ടായ ബോധോദയവും നിർവാണപ്രാപ്തിയും ഇതേദിവസം തന്നെയെന്ന് ബുദ്ധമതക്കാർ വിശ്വസിക്കുന്നു.

ആയിരത്തിഅഞ്ഞൂറു വർഷം ഭാരതഖണ്ഡമാകെ അനുസ്യൂതമായി നിറഞ്ഞൊഴുകിയ ആശയപദ്ധതിയും ജീവിതരീതിയും ആയിരുന്നു ബുദ്ധധർമ്മം. സാധാരണക്കാർ മുതൽ ചക്രവർത്തിമാർ വരെ തഥാഗതന്റെ പാതയിലൂടെ ശരണത്രയങ്ങളുമായി സഞ്ചരിച്ചു. ഏഷ്യയിലാകെ നിരവധി ചൈത്യങ്ങളും വിഹാരങ്ങളും ജനക്ഷേമപദ്ധതികളും കാഴ്ചവച്ച ആ കാലം തത്വചിന്ത, ആയുർവേദം, ശില്പകല തുടങ്ങിയ നാനാ ജ്ഞാനമേഖലകളെയും സമ്പന്നമാക്കി. മനുഷ്യജീവിതത്തെ ദു:ഖങ്ങളിൽ നിന്നു കരകയറ്റാൻ ആര്യസത്യങ്ങളും അഷ്ടാംഗമാർഗവും ഉപദേശിച്ച് അവരെ പ്രകാശത്തിലേക്കു നയിച്ചു. മാനവികത ദർശിച്ച പ്രഥമ നവോത്ഥാന പ്രസ്ഥാനത്തിന്റെ അനുയായികളായി ലോകമൊട്ടുക്ക് 400 ദശലക്ഷത്തോളം ജനങ്ങൾ ജീവിക്കുന്നു. 'മൗര്യ സാമ്രാജ്യത്തിന്റെ അധീശന്മാർ, അതിൽ തന്നെ അശോക ചക്രവർത്തി ദേവാനാം പ്രിയനായി ബുദ്ധധർമ്മ പ്രചാരം ഏറ്റെടുത്തതോടെയാണ് ഏഷ്യയിലാകെ അതിന്റെ യശോധാവള്യം പരന്നത്. കേരള സമൂഹത്തിലും വിവിധ മേഖലകളിൽ ബുദ്ധദർശനത്തിന്റെ കേന്ദ്ര ആശയങ്ങൾ ലയിച്ചു കിടക്കുന്നു.

വേദ പ്രാമാണ്യത്തെ നിരസിക്കുകയും യജ്ഞസംസ്‌‌കാരത്തിനും ചാതുർവർണ്യത്തിനും മൃഗബലികൾക്കുമെതിരെ ഉറച്ച നിലപാടെടുക്കുകയും ചെയ്ത ബുദ്ധന്റെയും അനുയായികളുടെയും വചനങ്ങളും പ്രവൃത്തികളും ഭാരതത്തിലെ ആദ്യ ജാതിവിരുദ്ധ കലാപത്തിനു നിമിത്തമായി. ബോധോദയത്തിനു ശേഷം നാല്പത്തിയഞ്ചു വർഷം ജനങ്ങൾക്കിടയിൽ പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തി സഞ്ചരിച്ചു കൊണ്ടിരുന്നു. ബുദ്ധന്റെ മഹാപരിനിർവാണത്തിനു ശേഷം ശിഷ്യന്മാർ, ഭഗവാന്റെ ഉപദേശങ്ങളും പ്രഭാഷണങ്ങളും ശേഖരിച്ചു. അവയാണ് ത്രിപിടകങ്ങൾ എന്നറിയപ്പെടുന്നത്. പാലിയിലെ പിടകങ്ങൾക്ക് പേടകങ്ങൾ എന്നർത്ഥം. പിടകങ്ങളെ വർഗീകരിച്ച് നികായങ്ങളും നിപാത (സമാഹാരം)ങ്ങളുമാക്കി.

നിപാതങ്ങളിലാണ് വർണവ്യവസ്ഥ ഖണ്ഡനം, ജീവിതത്തിൽ പാലിക്കേണ്ട വിശുദ്ധി, മതവാദങ്ങൾ, താപസജീവിതത്തിന്റെ മഹത്വം, ബ്രാഹ്മണന്മാരുടെ കർത്തവ്യം. ഹോമം, യാഗം തുടങ്ങിയവയുടെ നിസാരത, മിഥ്യാവിശ്വാസങ്ങൾ, അനാചാരങ്ങൾ, ആത്മാവ് , പരമാത്മാവ് തുടങ്ങിയ ഊഹങ്ങളുടെ നിരർത്ഥകത തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ബുദ്ധന്റെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുള്ളത്. സുത്തനിപാതത്തിൽ ബുദ്ധൻ ചാതുർവർണ്യ വ്യവസ്ഥയെ ഖണ്ഡിക്കുന്നു

''പ്രാണികൾക്കിടയിൽ ജന്മംകൊണ്ട് ഭേദമുണ്ട്. ചെടികൾക്കിടയിലും മരങ്ങൾക്കിടയിലും ഒന്നിനൊന്നു ഭേദമുണ്ട്. കീടങ്ങളിലും പക്ഷികളിലും നാല്ക്കാലികളിലും പാമ്പുകളിലും ജലജീവികളിലും എല്ലാറ്റിലും പിറപ്പുകൊണ്ടുതന്നെ ജാതിയുടെ അടയാളം വേറെ കാണാനാകും. മനുഷ്യർക്കിടയിൽ ഇത്തരം ജാതിഭേദ ലക്ഷണങ്ങളില്ല. മുടി, തല, കാത്, കണ്ണ്, വായ്, മൂക്ക്, ചുണ്ട്, പുരികം, കഴുത്ത്, തോൾ, പുറം, വയർ, ഗോപ്യസ്ഥാനം, മൈഥുനം, കൈ, കാൽ, നഖം, കണംകാൽ, തുട, ആകാരം, ശബ്ദം, ഇവയിലൊന്നും മറ്റിനങ്ങൾ തമ്മിലുള്ളതുപോലെ വ്യത്യാസം മനുഷ്യർക്കിടയിലില്ല. മനുഷ്യർക്കിടയിൽ അത്തരം ശാരീരിക ഭേദങ്ങളില്ല. വ്യത്യാസം പേരിൽ,അംഗീകാരത്തിൽ മാത്രം.'' എന്നു പ്രസ്താവിച്ചതിലൂടെ ജന്മംകൊണ്ട് ഒരേ ജാതിയേ ഉള്ളൂവെന്നു തെളിയിക്കുന്നു. എന്നാൽ കർമ്മമനുസരിച്ച് മനുഷ്യനു ജാതി നിശ്ചയിക്കാമെന്നു പറഞ്ഞുകൊണ്ട് കർഷകൻ, ശില്പി, വാണിയൻ, ചോരൻ, യോദ്ധാവ്, രാജാവ്, ദൂതൻ, യാജകൻ (യാഗം കൊണ്ടു ജീവിക്കുന്നവൻ) എന്നിവരെയെല്ലാം കർമ്മം കൊണ്ടാണ് തിരിച്ചറിയുന്നതെന്നും വിശദീകരിക്കുന്നു. ആരെയും ജനനം കൊണ്ടു മാത്രം ബ്രാഹ്മണൻ എന്നു പറയാൻ പറ്റില്ല. കുതിരകളെ ആശ്രയിച്ചു രഥം സഞ്ചരിക്കുന്നതുപോലെ ഏതു ജീവിയും കർമ്മത്തെ അവലംബിച്ചു ജീവിക്കുന്നുവെന്നും ബുദ്ധൻ ഉപദേശിച്ചു.

ബ്രാഹ്മണശ്രേഷ്ഠതക്കും വർണവ്യവസ്ഥയ്ക്കുമെതിരെയുള്ള ഏറ്റവും ലളിതവും യുക്തിഭദ്രവുമായ വാദഗതികളാണ് മഞ്ജിമ നികായത്തിലും ഏസുകാരി സുത്തത്തിലും ഭഗവാൻ ബുദ്ധൻ അവതരിപ്പിച്ചത്.
ഏതു വർണത്തിൽപെട്ട മനുഷ്യനും ഉത്തമമോ അധമമോ ആയ ഏതു തടികൊണ്ടുണ്ടാക്കിയ ഉത്തരാരണി,ഏതു സ്ഥലത്തുവെച്ച് ഉരച്ച് അഗ്നിയുണ്ടാക്കിയാലും അഗ്നിക്ക് ഉത്തമഅധമ ഭേദങ്ങളുണ്ടായിരിക്കയില്ല. എല്ലാം ഒരുപോലെ ഉജ്വലവും ഭാസുരവുമായിരിക്കുമെന്നു ബുദ്ധൻ പ്രസ്താവിച്ചു.

മാനവ ധർമ്മശാസ്ത്രങ്ങളെന്നും പരിപാവനങ്ങളെന്നും വിശേഷിപ്പിക്കുന്ന സ്മൃതികളെല്ലാം ബ്രാഹ്മണർ തന്നെയുണ്ടാക്കി ,രാജാക്കന്മാരെ നിർബന്ധിച്ചു നടപ്പിലാക്കിയതാണെന്നും ബുദ്ധദർശനത്തിന്റെ പ്രഭാവ കാലത്ത് ബ്രാഹ്മണരുടെ അധീശതയ്‌ക്കു മങ്ങലേറ്റിരുന്നുവെന്നും
മനസിലാക്കാം. ബുദ്ധന്റെ പരിനിർവാണത്തിനു ശേഷവും മുഖ്യ ശിഷ്യന്മാർ ചാതുർവർണ്യത്തോട് ഇതേ നിലപാടു തന്നെ സ്വീകരിച്ചു.
ശ്രമണന്മാരായി ജീവിക്കുന്നവർക്കിടയിലും ബുദ്ധമത അനുയായികൾക്കിടയിലും ബുദ്ധമതം സ്വീകരിച്ച രാജാക്കന്മാരുടെ ഭരണനിർവഹണത്തിലും ജാതിഭേദം ഇല്ലായിരുന്നു. ശ്വപാകൻ എന്ന ചണ്ഡാലനും സുനീതൻ എന്ന തോട്ടി ജാതിക്കാരനും അതുപോലെ തീണ്ടലുണ്ടെന്നു പരിഗണിക്കപ്പെട്ടിരുന്ന ജാതിക്കാരും ഭിക്ഷുസംഘത്തിൽ ചേർന്നിരുന്നു. ബുദ്ധൻ തന്നെ ഒരിക്കൽ പറഞ്ഞു: ''ഭിക്ഷുക്കളെ ഗംഗ, യമുന, അചിരവതി, സരഭൂ (സരയൂ) എന്നീ മഹാനദികൾ മഹാസമുദ്രത്തിൽ ചേരുമ്പോൾ അവയുടെ പ്രത്യേക നാമങ്ങൾ നശിച്ച്, മഹാസമുദ്രമെന്നു പേരു കിട്ടുന്നതുപോലെ നാലുവർണങ്ങളിലും പെട്ടവർ സംഘത്തിൽ ചേരുമ്പോൾ അവരുടെ പൂർവനാമങ്ങൾ പോയി, 'ശാക്യപുത്രീയശ്രമണർ' എന്ന ഒരൊറ്റ നാമത്തിൽ അറിയപ്പെടുന്നു.''

വർണങ്ങൾ, ജാതികൾ ഇവ പ്രാചീന ഇന്ത്യൻ സമൂഹത്തിലെ യാഥാർത്ഥ്യമായിരുന്നെന്നും ആ ഉച്ചനീചത്വങ്ങളെ ബുദ്ധനും സംഘവും അനുയായികളായ രാജാക്കന്മാരും ശക്തിയുക്തം എതിർത്തിരുന്നെന്നും ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നെന്നും മനസിലാക്കാം.
മഗധ കേന്ദ്രമാക്കി വളർന്നുവന്ന മൗര്യ സാമ്രാജ്യഭരണ കാലത്ത് കേരളമടക്കം ദക്ഷിണേന്ത്യയിലേക്കും ബുദ്ധമത വ്യാപനമുണ്ടായി. തുടർന്ന് ബ്രാഹ്മണ വിഭാഗത്തിന്റെ കുടിയേറ്റവും ഭരണത്തിലെ സ്വാധീനവും വർദ്ധിച്ചത് ബുദ്ധമതത്തിന്റെ നാശത്തിനു വഴിയൊരുക്കി. എന്നിട്ടും കേരള സമൂഹത്തിന്റെ സമസ്ത മേഖലകളിലും തഥാഗത ദർശനത്തിന്റെ സ്വാധീനം പ്രകടമാണ്.ശരണം വിളികളുമായി ശബരമലയിലേക്കു പോകുന്നവരും ആര്യവൈദ്യവും പള്ളിയും പള്ളിക്കൂടങ്ങളും കുതിരകെട്ടും വേലകളും അങ്ങനെ സമത്വത്തിന്റെ സന്ദേശം എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ബുദ്ധന്റ പാദസ്പർശമുണ്ട്. ബുദ്ധപ്രഭാവത്തിനു ശേഷം ഉയർച്ച പ്രാപിച്ച ചാതുർവർണ്യ യജ്ഞ സംസ്‌‌കാരത്തിൽ അധിഷ്ഠിതമായ ബ്രാഹ്മണാധീശതക്ക് നൂറ്റാണ്ടുകൾക്കു ശേഷം ആഘാതമേല്പിച്ചത് ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളാണ്. കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സംസ്‌‌കാരത്തിന്റെ അടിത്തറയിട്ടത് പ്രാചീന കാലത്ത് ബുദ്ധനും ആധുനിക ലോകത്ത് ശ്രീനാരായണ ഗുരുവുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.