SignIn
Kerala Kaumudi Online
Friday, 19 April 2024 4.36 AM IST

മലയോരത്തെ വീണ്ടും ഭീതിയിലാക്കി ഉപഗ്രഹ സർവേ

photo

ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾ, പരിസ്ഥിതി ദുർബല മേഖല പ്രഖ്യാപനം, പട്ടയഭൂമിയിലെ നിർമാണ വിലക്ക് തുടങ്ങിയവ മൂലം ആശങ്കയിലായ കുടിയേറ്റ മേഖലയെ കൂടുതൽ ഭയത്തിലാഴ്ത്തുന്നതാണ് പുറത്തുവന്ന ഉപഗ്രഹ സർവേ റിപ്പോർട്ട്. സുപ്രീം കോടതി നിർദേശാനുസരണം സംരക്ഷിത വനമേഖലയുടെ കരുതൽ മേഖലയിലെ (ബഫർ സോൺ) ജനവാസ കേന്ദ്രങ്ങളും വ്യവസായങ്ങളും കണ്ടെത്താൻ നടത്തിയ ഉപഗ്രഹ സർവേയാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയൺമെന്റ് സെന്റർ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് കൃഷിഭൂമിക്ക് വിനയാകുമെന്നതാണ് ആരോപണം.

കരുതൽ മേഖലയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവയുടെ സ്ഥാനങ്ങൾ മിക്കതും റിപ്പോർട്ടിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. സമീപകാല തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച ഇടുക്കി കത്തോലിക്കാ രൂപത നിയന്ത്രണത്തിലുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയടക്കം ഇക്കാര്യത്തിൽ സർക്കാരിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. കുടിയേറ്റ മണ്ണിന്റെ സന്തതികളായ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് ഘടകക്ഷിയായിട്ടും റിപ്പോർട്ടിനെ എതിർക്കാൻ നിർബന്ധിതരായി. എന്നാലിത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും പൊതുജനങ്ങളുടെ ആക്ഷേപംകൂടി പരിഗണിച്ച ശേഷമേ തുടർനടപടിയുണ്ടാകൂ എന്നുമാണ് സി.പി.എം- സി.പി.ഐ അടക്കമുള്ള കക്ഷികളുടെ വാദം. ഇതുവരെ കരുതൽ മേഖലയിൽ ഉൾപ്പെടാത്ത വില്ലേജുകൾകൂടി ഉപഗ്രഹസർവേ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. സർവേ റിപ്പോർട്ടും ഭൂപടവും പരിശോധനയ്ക്കായി ലഭിക്കും. ജില്ലയിലെ എട്ട് സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള കരുതൽ മേഖലയിൽ നടത്തിയ ഉപഗ്രഹ സർവേയിൽ തങ്ങളുടെ സ്ഥലം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാനാകാതെ പകച്ചുനിൽക്കുകയാണ് കുടിയേറ്റ കർഷകർ. പെരിയാർ ടൈഗർ റിസർവ്, ഇടുക്കി വന്യജീവിസങ്കേതം, മതികെട്ടാൻചോല, ഇരവികുളം, ചിന്നാർ, കുറിഞ്ഞിമല, ആനമുടി, പാമ്പാടുംചോല എന്നീ സംരക്ഷിത വനങ്ങളുടെ കരുതൽമേഖല കരടുവിജ്ഞാപനത്തിലൂടെ നേരത്തെതന്നെ നിശ്ചയിച്ചിട്ടുള്ളതാണ്. കുമളി, പെരിയാർ, മഞ്ചുമല, അറക്കുളം, ഇടുക്കി, കട്ടപ്പന, അയ്യപ്പൻകോവിൽ, തങ്കമണി, ഉപ്പുതറ, വാഗമൺ, ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ, കണ്ണൻദേവൻ ഹിൽസ്, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടാക്കമ്പൂർ, വട്ടവട എന്നീ 19 വില്ലേജുകളിലെ ചില സർവേ നമ്പരുകൾ പൂർണമായും ചിലത് ഭാഗികമായും സർവേയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, വില്ലേജ് അടിസ്ഥാനത്തിൽ സബ് ഡിവിഷനും സർവേ നമ്പരും സ്‌കെച്ചിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിയോ കോ- ഓർഡിനേറ്റുകൾ ചേർക്കാത്തതിനാൽ പ്രദേശം തിരിച്ചറിയുന്നതും വെല്ലുവിളിയാണ്. പ്രാഥമിക സർവേ റിപ്പോർട്ടിലെ വിവരങ്ങളിൽ പരാതികളോ സംശയങ്ങളോ വിട്ടുപോയ കെട്ടിടവിവരങ്ങളോ ഉണ്ടെങ്കിൽ അവ നൽകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. എന്നാൽ, ഈ റിപ്പോർട്ടിനൊപ്പമുള്ള ഭൂപടം നോക്കി പിഴവുകൾ കണ്ടുപിടിക്കാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്. ഖനനം, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ, അവയുടെ വിപുലീകരണം, വൻകിട ജലവൈദ്യുത പദ്ധതി, മലിനജലം ശുദ്ധീകരിക്കാതെ ഭൂമിയിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുന്നത്, തടിമില്ല്, വ്യാവസായിക അടിസ്ഥാനത്തിലുള്ള വിറക് കത്തിക്കൽ എന്നിവയ്ക്ക് കരുതൽ മേഖലയിൽ നിരോധനമുണ്ട്. കരുതൽ മേഖലയ്ക്കുള്ളിൽ പുതിയ ഹോട്ടലുകളും റിസോർട്ടും അനുവദിക്കില്ല. വാണിജ്യ ആവശ്യത്തിനുള്ള നിർമ്മാണങ്ങൾ അനുവദിക്കില്ല. എന്നാൽ, പ്രദേശവാസികൾക്ക് വീട് നിർമ്മിക്കാം. ഈ മേഖലയിലെ ഏത് മരം വെട്ടണമെങ്കിലും പ്രത്യേകം അനുമതി വാങ്ങണം. ഉപഗ്രഹസർവേ വിവാദമാകുമ്പോൾ വീണ്ടും പ്രതിക്കൂട്ടിലാകുന്നത് വനംവകുപ്പ് തന്നെയാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീകോടതിയുടേയും നിർദേശങ്ങൾ പാലിക്കുന്നതിൽ വനംവകുപ്പിന്റെ അനാസ്ഥയാണ് വിഷയം സങ്കീർണമാക്കിയതെന്നാണ് ആക്ഷേപം. കരുതൽ മേഖലയിലെ വീടുകൾ, വ്യാവസായിക കെട്ടിടങ്ങൾ, പൊതുകെട്ടിടങ്ങൾ ഭൂമി ഉപയോഗം എന്നിവയുടെ പട്ടിക തയാറാക്കുന്നതിന് വൈൽഡ് ലൈഫ് വാർഡൻ, പരിസ്ഥിതി വിദഗ്ദ്ധൻ, തദ്ദേശം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. 2001ലെ ഈ നിർദേശം നടപ്പായിരുന്നെങ്കിൽ ഇപ്പോഴത്തെ ഉപഗ്രഹ സർവേ നടത്തേണ്ട സാഹചര്യം ഉണ്ടാവില്ലായിരുന്നു. പ്രാഥമിക റിപ്പോർട്ടിൽ ഈ മേഖലയിലെ ജനസംഖ്യയെക്കുറിച്ച് പരാമർശമില്ല. മൂന്നു മാസം മുമ്പ് ലഭിച്ച സർവേ റിപ്പോർട്ട് ഇത്രയും നാൾ വെളിച്ചം കാണിക്കാതിരുന്നതും ദുരൂഹതയാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.

എട്ട് സംരക്ഷിത മേഖലകൾ

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ദേശീയ പാർക്കുകളുടെയും സംരക്ഷിത വനമേഖലയുടെയും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖല കണ്ടെത്തുന്നതിന് ഉപഗ്രഹ സഹായത്തോടെ സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയൺമെന്റ് സെന്ററാണ് പ്രാഥമിക സർവേ നടത്തിയത്. ഈ സർവേ പ്രകാരം ഇടുക്കി ജില്ലയിൽ എട്ട് സംരക്ഷിത മേഖലകൾ ബഫർസോൺ സർവേയിൽ ഉൾപ്പെട്ടിട്ടുണ്ട്. 14 ഗ്രാമപഞ്ചായത്തിലെ 21 വില്ലേജുകളാണ് സർവേ പ്രകാരം കരുതൽ മേഖലയിൽ വന്നിട്ടുള്ളത്. ഇരവികുളം നാഷണൽ പാർക്ക്, ചിന്നാർ വൈൽഡ് ലൈഫ് സാങ്‌ച്വറി, ആനമുടി ഷോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്, കുറിഞ്ഞിമല വൈൽഡ് ലൈഫ് സാങ്‌ച്വറി, മതികെട്ടാൻചോല നാഷണൽ പാർക്ക് എന്നീ സംരക്ഷിത മേഖലകളിലെ പ്രദേശങ്ങളാണ് കരുതൽ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്.

പ്രശ്നപരിഹാരത്തിന്

ഫീൽഡ് സർവേ

പരിസ്ഥിതിലോല മേഖല നിർണയിക്കുന്നതിന് ഉപഗ്രഹ സർവേ നടത്തി നിർണയിച്ചിട്ടുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അവ്യക്തതകൾ പരിഹരിക്കുന്നതിന് ഫീൽഡ് സർവേ നടത്തുമെന്നാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സർവകക്ഷി യോഗത്തിൽ അഭിപ്രായപ്പെട്ടത്. വനാതിർത്തിക്കുള്ളിൽത്തന്നെ ബഫർസോൺ നിശ്ചയിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി പറയുന്നു. ദേശീയ ശരാശരിയേക്കാളേറെ 29 ശതമാനം വൃക്ഷാവരണമുള്ള സംസ്ഥാനമാണ് കേരളം. സംരക്ഷിത മേഖലയിലെ ഖനനം, വന്യജീവികളുടെ നാശനഷ്ടം, ജൈവവൈവിദ്ധ്യങ്ങളുടെ തകർച്ച എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ബഫർസോൺ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ പ്രസ്തുത മാനദണ്ഡങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടല്ല. ഒരു സംസ്ഥാനത്തിനു മാത്രമായി സുപ്രീം കോടതിയ്ക്ക് വിധി പുറപ്പെടുവിക്കാൻ കഴിയില്ല. മാത്രമല്ല സംരക്ഷിത വനമല്ലാത്ത വനാവരണം ഉപഗ്രഹ സർവേയിൽ ഉൾപ്പെട്ടതും അവ്യക്തത സൃഷ്‌ടിച്ചു. സർവേയിൽ ഉൾപ്പെട്ടിട്ടുള്ള മേഖലയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെയോ വൈൽഡ് ലൈഫ് വാർഡൻമാരുടെയോ അദ്ധ്യക്ഷതയിൽ റവന്യൂ, പഞ്ചായത്ത് അധികൃതർ സംയുക്തമായി ഉപഗ്രഹസർവേ വിശകലനം ചെയ്ത് അവ്യക്തത പരിഹരിക്കും. വീടുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവ രേഖപ്പെടുത്തി നിലവിൽ സർവേയിൽ ഉൾപ്പെടാത്ത വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വിദഗ്ദ്ധസമിതിയ്ക്ക് സമർപ്പിക്കും. സംഘം ഫീൽഡ് സർവേ നടത്തി ബഫർസോണിൽ വരുന്ന പ്രദേശങ്ങളെക്കുറിച്ച് വ്യക്തത വരുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFERZONE, HIGH RANGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.