SignIn
Kerala Kaumudi Online
Saturday, 20 April 2024 2.23 AM IST

താക്കീതായി ഒരു സമരപ്രഖ്യാപനം

vellapally

ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ, പരിസ്ഥിതി ദുർബല മേഖലാ പ്രഖ്യാപനം, നിർമ്മാണ നിരോധന നിയമം, രൂക്ഷമായ വന്യമൃഗശല്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങൾ മൂലം ഇടുക്കിയിലെ ജനങ്ങൾക്ക് ജനിച്ച മണ്ണിൽ സ്വസ്ഥമായി ജീവിക്കാനാകാത്ത സ്ഥിതിയാണ്. മൂന്ന് വർഷത്തിലേറെയായി ഇടുക്കിയിലെ സാധാരണക്കാരുടെ അതിജീവനത്തിന് വെല്ലുവിളിയുയർത്തുന്നത് ചില സർക്കാർ ഉത്തരവുകളാണ്. 2019 ആഗസ്റ്റ് മുതൽ ഇറങ്ങിത്തുടങ്ങിയ വിവിധ ഭൂവിനിയോഗ ഉത്തരവുകളാണ് ആദ്യം കർഷകരെ ഭീതിയിലാക്കിയത്. പട്ടയഭൂമിക്ക് നൽകുന്ന കൈവശാവകാശ രേഖയിൽ എന്തിനു വേണ്ടിയാണ് ഭൂമി ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണമെന്നാണ് ആഗസ്റ്റിലെ ഉത്തരവ്. ശക്തമായ ജനരോഷമുണ്ടായപ്പോൾ സർക്കാർ ഈ നിയന്ത്രണങ്ങൾ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്ക് ചുരുക്കി. എന്നാൽ ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ മാത്രമുള്ള ഈ നിയന്ത്രണങ്ങൾ വിവേചനമാണെന്നു വാദിച്ച് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സംസ്ഥാന വ്യാപകമായി കെട്ടിടനിർമാണ ചട്ടത്തിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എല്ലാ വില്ലേജ് ഓഫീസർമാരും കൈവശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ വിശദാംശം രേഖപ്പെടുത്താനും നിർമാണ പെർമിറ്റ് നൽകും മുമ്പ് തദ്ദേശസ്ഥാപനങ്ങൾ ഇതു വിലയിരുത്താനും നിർദേശിച്ച് റവന്യൂ, തദ്ദേശവകുപ്പുകളുടെ സെക്രട്ടറിമാർ ഒരു മാസത്തിനകം ഉത്തരവിറക്കണമെന്ന് കോടതി നിർദേശിച്ചു. ഇനി മുതൽ, ഭൂമി പതിച്ചു നൽകിയത് എന്താവശ്യത്തിനാണെന്നു പരിശോധിച്ചു രേഖപ്പെടുത്തിയ ശേഷം മാത്രം റവന്യൂ ഉദ്യോഗസ്ഥർ കൈവശ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും കോടതി നിർദേശിച്ചു. ഈ ഉത്തരവ് ഇടുക്കി മുഴുവൻ നടപ്പാക്കാനായി ജില്ലാ കളക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെട്ടിടനിർമാണ ചട്ടം ഭേദഗതി ചെയ്യാത്ത സാഹചര്യത്തിൽ കൈവശാവകാശ രേഖയിൽ ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയതെന്ന് രേഖപ്പെടുത്തണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഫലത്തിൽ 2019ൽ പുറത്തുവന്ന നിർമാണ നിയന്ത്രണം ജില്ലയിൽ വീണ്ടും പ്രാബല്യത്തിലായി. 2020 ആഗസ്റ്റ് 20ന് ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമ്മാണങ്ങൾക്കു റവന്യൂ എൻ.ഒ.സി നിർബന്ധമാക്കിയത് മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്ക് ചുരുക്കി സർക്കാർ വീണ്ടും പുതിയ ഉത്തരവിറക്കി. കണ്ണൻദേവൻ ഹിൽസ്, ചിന്നക്കനാൽ, ശാന്തൻപാറ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, വെള്ളത്തൂവൽ, ആനവിലാസം എന്നീ എട്ട് വില്ലേജുകളിലാണ് നിയന്ത്രണം. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന മൂന്നാറിലെ നിർമ്മാണ നിരോധനം മൂന്നാറുമായി പുലബന്ധം പോലുമില്ലാത്ത ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, ബൈസൺവാലി വില്ലേജുകളിലും ഏർപ്പെടുത്തി. കൃഷിക്കും വീട് വയ്ക്കാനുമല്ലാതെ ഇവിടങ്ങളിലെ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവില്ല. ഉപജീവനത്തിന് ആവശ്യമായ ചെറിയ കെട്ടിടങ്ങൾക്കു പോലും റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കില്ല.

കീറാമുട്ടിയായി

ബഫർസോൺ

നൂറുകൂട്ടം ഭൂപ്രശ്‌നങ്ങൾക്കിടയിൽ കുടിയിറക്കപ്പെടുമോയെന്ന് ഭയന്ന് ജീവിക്കുമ്പോഴാണ് ബഫർ സോൺ നിർണയവുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവരുന്നത്. സുപ്രീം കോടതി നിർദേശാനുസരണം സംരക്ഷിത വനമേഖലയുടെ കരുതൽ മേഖലയിലെ (ബഫർ സോൺ) ജനവാസ കേന്ദ്രങ്ങളും വ്യവസായങ്ങളും കണ്ടെത്താൻ നടത്തിയ ഉപഗ്രഹ സർവേയാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. റിപ്പോർട്ടിൽ ജില്ലയിലെ 15 പഞ്ചായത്തുകളിൽ ചില പ്രദേശങ്ങൾ പൂർണമായും ചിലത് ഭാഗികമായും ബഫർ സോണിലാണ്. കരുതൽ മേഖലയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവയുടെ സ്ഥാനങ്ങൾ മിക്കതും റിപ്പോർട്ടിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഇതുവരെ ബഫർസോണിൽ ഉൾപ്പെടാത്ത വില്ലേജുകൾകൂടി ഉപഗ്രഹസർവേ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ജില്ലയിലെ എട്ട് സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള കരുതൽ മേഖലയിൽ നടത്തിയ ഉപഗ്രഹ സർവേയിൽ തങ്ങളുടെ സ്ഥലം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാനാകാതെ പകച്ചുനിൽക്കുകയാണ് കുടിയേറ്റ കർഷകർ. പ്രശ്‌നപരിഹാരത്തിനായി ബഫർസോണുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേന്ദ്രത്തിന് 2021ൽ നൽകിയ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചെങ്കിലും ആശങ്കയൊഴിയുന്നില്ല. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാമെന്നാണ് സർക്കാർ പറയുന്നത്.

മലയോരം സമരജ്വാലയിൽ തിളച്ചു

ഈ സാഹചര്യത്തിൽ ജനിച്ച മണ്ണിൽ ജീവിക്കാൻ പോരാടുന്ന ജില്ലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവും അതിജീവന പോരാട്ടത്തിന്റെ പുത്തൻ പോർമുഖം തുറക്കുന്നതായി. ഇടുക്കിയിൽ ആദ്യമായി എസ്.എൻ.ഡി.പി യോഗം എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന നീറുന്ന ഭൂപ്രശ്‌നങ്ങളുയർത്തി സമരരംഗത്തേക്കിറങ്ങിയത് ജില്ലയുടെ സമരചരിത്രത്തിലെ പുതിയ അദ്ധ്യായമായി മാറി.

ഇടുക്കി ജില്ലയിലെ ഏഴു യൂണിയനുകളുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന 'യോഗജ്വാല' എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം ചെയ്തത്. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് അധികാര വർഗത്തിന്റെ കരുണതേടി യൂത്ത്മൂവ്‌മെന്റ് നടത്തുന്ന ഈ സമര പ്രഖ്യാപന സമ്മേളനത്തെ അവഗണിച്ചാൽ എസ്.എൻ.ഡി.പി യോഗം സമരമേറ്റെടുത്ത് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ജനജീവിതത്തെ താറുമാറാക്കുന്ന ബഫർസോൺ, നിർമ്മാണ നിരോധനം, പട്ടയപ്രശ്‌നങ്ങൾ, കാർഷിക വിളകളുടെ വിലയിടിവ് തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ വേദിയിലെല്ലാവരും ഒരുമിച്ച് കൈകൾ കോർത്ത് സമരപ്രഖ്യാപനവും നടത്തി.

കത്തുന്ന വെയിലിലും സമരവീര്യം ചോരാതെ സ്ത്രീകളടക്കമുള്ള പതിനായിരങ്ങൾ നടത്തിയ മഹാറാലി അക്ഷരാർത്ഥത്തിൽ വാണിജ്യ തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്നതായിരുന്നു. അടുത്തകാലത്ത് ജില്ല കണ്ട ഏറ്റവും വലിയ ജനസഞ്ചയമാണ് ഏഴ് യൂണിയനുകളിൽ നിന്നായി കട്ടപ്പനയിലേക്ക് ഒഴുകിയെത്തിയത്. 'വനവും വന്യജീവി സംരക്ഷണവും മനുഷ്യനെയും സംരക്ഷിച്ചുകൊണ്ടാവട്ടെ'' എന്ന മുദ്രാവാക്യം വാനിൽ മുഴങ്ങി. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക, ബഫർ സോൺ ഉത്തരവ് റദ്ദ് ചെയ്യുക, പട്ടയ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മഹാറാലി. തൊടുപുഴ, അടിമാലി, രാജാക്കാട്, ഇടുക്കി, നെടുങ്കണ്ടം, പീരുമേട്, മലനാട് എന്നീ ഏഴ് യൂണിയനുകളിൽ നിന്നുള്ളവർ റാലിയിൽ അണിനിരന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFER ZONE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.