SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.25 PM IST

അടിക്കല്ലിളക്കി അഴിമതി, ചമ്രവട്ടം ഇനിയും ചോരും

chamravattom

ഇനിയും കൈയിട്ട് വാരിയാൽ ചമ്രവട്ടം വഴി പാതാളത്തിലെത്താം. കേരളത്തിലെ ജലസേചന പദ്ധതികളിലെ പ്രധാന വെള്ളാനയായ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിലെ അഴിമതിയുടെ ആഴം കണ്ടാൽ ആരും പറയുമിത്. ഉദ്യോഗസ്ഥ, കരാർ കൂട്ടായ്മയിൽ അഴിമതി നിർബാധം തുടരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന പൈലിംഗ് ഷീറ്റുകൾ. ചോർച്ചയടക്കാനായി കൊണ്ടുവന്ന തീർത്തും ഗുണനിലവാരമില്ലാത്ത ഈ പൈലിംഗ് ഷീറ്റുകൾ ഉപയോഗിച്ചാൽ ഇതിന് മുടക്കിയ കോടികളും ഭാരതപ്പുഴയിലൂടെ ഒലിച്ചുപോവുമെന്ന് ഉറപ്പ്.

മലപ്പുറം, തൃശൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 160 കോടി രൂപ ചെലവിൽ 2012 മേയ് 17നാണ് ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. 13 കിലോമീറ്ററോളം ദൂരത്തിൽ നാല് മീറ്റർ ഉയരത്തിൽ ജലസംഭരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി റെഗുലേറ്ററിൽ 12.7 മീറ്റർ വീതിയും നാല് മീറ്റർ ഉയരവുമുള്ള 70 ഷട്ടറുകളും സ്ഥാപിച്ചു. ഉദ്ഘാടനം കഴിഞ്ഞ് ഒരു പതിറ്റാണ്ട് ആവാറായിട്ടും ഇതുവരെ ഒരുതുള്ളി വെള്ളം പോലും സംഭരിച്ച് നിറുത്താനായിട്ടില്ല.


എന്ത് ഷീറ്റാണത് !

ചമ്രവട്ടം റെഗുലേറ്ററിന്റെ ചോർച്ച അടയ്ക്കാനായി പൈലിംഗ് ഷീറ്റ് സ്ഥാപിക്കാൻ 32.6 കോടി രൂപയ്ക്കാണ് സ്വകാര്യ കമ്പനിക്ക് സർക്കാർ കരാർ നൽകിയത്. ചോർച്ചയടക്കാൻ പുഴയുടെ അടിത്തട്ടിൽ 11 അടി വരെ താഴ്ത്തി സ്റ്റീലിന്റെ ഷീറ്റ് സ്ഥാപിക്കണമെന്നാണ് ഡൽഹി ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്. പൈലിംഗ് ഷീറ്റുകൾക്ക് കുറഞ്ഞത് എട്ടര മില്ലിമീറ്റർ കനം വേണം. തൃശൂർ പീച്ചിയിലെ എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ പദ്ധതിക്കായി കൊണ്ടുവന്ന പൈലിംഗ് ഷീറ്റിന്റെ കനം ഷെഡ്യൂൾ പ്രകാരമുള്ളതിനേക്കാൾ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഷീറ്റുകൾക്ക് ഗുണ നിലവാരവുമില്ല. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ കരാറുകാരന്റെ ആവശ്യപ്രകാരം പുനഃപരിശോധന നടത്താനാണ് അധികൃതരുടെ ശ്രമം. ചൈനയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതെന്നു പറഞ്ഞ ഷീറ്റുകളിൽ എറണാകുളം ജില്ലയിലെ ഒരു കമ്പനിയുടെ ലേബലാണ് പതിച്ചിരിക്കുന്നത്. എറണാകുളത്തെ ഉദയംപേരൂർ പഞ്ചായത്തിലെ പുത്തൻകാവ് കോന്നോത്ത് പുഴ റഗുലേറ്റർ പദ്ധതിക്കായി എത്തിച്ച ഷീറ്റുകളാണ് കമ്പനി പൊന്നാനിയിലേക്ക് കൊണ്ടുവന്നത്. ചെറിയൊരു തടയണ നിർമ്മാണത്തിന് വേണ്ടിയുള്ള ഈ ഷീറ്റുകളാണ് വമ്പൻ പദ്ധതിയായ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടക്കാൻ എത്തിച്ചത്. അതേസമയം,​ മുറിച്ചെടുത്ത സാമ്പിളുകൾ പരിശോധനക്കായി വൃത്തിയാക്കുന്നതിന് ഗ്രൈന്റ് ചെയ്യുമ്പോൾ സംഭവിച്ച കനക്കുറവ് ആണെന്നാണ് കരാറുകാരുടെ നിലപാട്. ഇതേ തുടർന്ന് ഷീറ്റുകളിലെ കനക്കുറവ് വീണ്ടും പരിശോധിക്കാൻ എക്സിക്യുട്ടീവ് എൻജിനീയർ ചമ്രവട്ടം പ്രൊജക്ട് അസി.എക്സിക്യുട്ടീവ് എൻജിനീയർക്ക് കത്തയച്ചിട്ടുണ്ട്. ആദ്യ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് വ്യക്തമായിട്ടും വീണ്ടും പരിശോധിക്കാനുള്ള നീക്കം എന്തിനാണെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.


നാണമില്ലാതെ കൈയിട്ടു വാരുന്നവർ

ഉദ്യോഗസ്ഥരും കരാറുകാരും കൈയിട്ട് വാരി അടിക്കല്ല് ഇളക്കിയ പദ്ധതിയാണ് ചമ്രവട്ടം റെഗുലേറ്റർ പദ്ധതി. ഏതാനും ഉദ്യോഗസ്ഥർ മാത്രമാണ് ഈ ആക്ഷേപത്തിന് പുറത്തുള്ളത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെക്കിടയിലുള്ളവർ വരെ ഒരുപോലെ അഴിമതിയുടെ പങ്ക് രുചിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടോളമായി ചോരുന്ന പദ്ധതിയാണ് ചമ്രവട്ടം. പദ്ധതി ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ കാർഷിക, ടൂറിസം, ജലസേചന മേഖലകളിൽ മലപ്പുറത്തിന്റെ മുഖം തന്നെ മാറ്റാൻ

കഴിയുന്ന പദ്ധതിയാവുമായിരുന്നു ഇത്. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളികൾക്ക് ശേഷമാണ് ചോർച്ചയടക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടത്. വിവിധ ഏജൻസികളുടെ വർഷങ്ങളെടുത്തുള്ള പഠനത്തിന് ശേഷമാണ് പൈലിംഗ് ഷീറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഒടുവിൽ ഷീറ്റുകൾ എത്തിയപ്പോൾ അതിലും അഴിമതി. ചോർച്ചയടയ്ക്കാനെത്തിച്ച ഷീറ്റുകൾക്ക് നിഷ്‌കർഷിച്ച കനം ഉൾപ്പെടെയുള്ള ഗുണനിലവാരമില്ലെന്ന് ചമ്രവട്ടം പദ്ധതിയുടെ അസിസ്റ്റന്റ് എഞ്ചിനീയറുടെ പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ശാസ്ത്രീയമായി ഉറപ്പിക്കാനാണ് പീച്ചിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഈ റിപ്പോർട്ടിലും ഗുണനിലവാരമില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ വീണ്ടും പരിശോധന നടത്താനുള്ള ഉദ്യോഗസ്ഥരുടെ നീക്കം സംശയം ജനിപ്പിക്കുന്നതാണ്. മുഴുവൻ ഷീറ്റുകളും എത്തിച്ചിട്ടില്ല. എന്നാൽ കൊണ്ടുവന്നവയുടെ സാംപിൾ പരിശോധിച്ചപ്പോൾ തന്നെ വലിയ അഴിമതിയുടെ ചിത്രമാണ് പുറത്തുവരുന്നത്.

ഒലിച്ചുപോവുന്ന കോടികൾ

ആദ്യം 148 കോടി രൂപ ചെലവ് കണക്കാക്കി തുടങ്ങിയ പദ്ധതി പൂർത്തിയായപ്പോൾ 160 കോടി രൂപ പിന്നിട്ടിരുന്നു. 138 തൂണുകളിലായി 974 മീറ്റർ നീളമുള്ള പാലവും റെഗുലേറ്ററും അടങ്ങിയതാണ് ചമ്രവട്ടം പദ്ധതി. ഉദ്ഘാടനത്തിന് പിന്നാലെ ചോർച്ച തുടങ്ങിയതോടെ ഇത് അടക്കാനും അറ്റകുറ്റ പണികൾക്കും മറ്റുമായി 91.02 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിൽ 41.49 കോടിയും അറ്റകുറ്റപ്പണികൾക്കാണ്. ചമ്രവട്ടം പദ്ധതിയുടെ പേരിൽ ഇതിനല്ലാതെ ചെലവഴിക്കുന്ന കോടികൾ വേറെയുമുണ്ട്. അടുത്തിടെ എം.എൽ.എ ഫണ്ടിലെ 11 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പ്രോജക്ട് ഓഫീസ് റോഡ് വീണ്ടും നവീകരിക്കാനായി 28 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പ്രൊജക്ട് ഓഫീസ്, ക്വാർട്ടേഴ്സ്, ചുറ്റുമതിൽ നവീകരണം എന്നിവയ്ക്കായി 90 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനായി 17 കോടിയോളം രൂപ ഇതിനകം സർക്കാർ ചെലവഴിച്ചിട്ടുണ്ട്. വർഷങ്ങളായി നാട്ടുകാർക്ക് ഒരു ഉപകാരവുമില്ലാത്ത പദ്ധതിയുടെ പേരിലാണ് പ്രത്യേക ഓഫീസും സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ചമ്രവട്ടം പദ്ധതി ലക്ഷ്യം കൈവരിച്ചാൽ മാത്രം ഉപകാരപ്പെടുന്ന സംവിധാനങ്ങളാണിത്. ചോർച്ചയടയ്‌ക്കാനുള്ള പൈലിംഗ് ഷീറ്റിലും അഴിമതിയുടെ കറ പുരണ്ടിരിക്കെ പദ്ധതി ജനങ്ങൾക്ക് ഉപകാരമുള്ള വിധത്തിലേക്ക് ഉയർത്താൻ ബന്ധപ്പെട്ടവർക്ക് തന്നെ താത്പര്യമില്ലെന്നതിന്റെ തെളിവ് കൂടിയാണിത് .


വെള്ളമില്ലാതെ എന്ത് ഡാം ടൂറിസം ?

ചമ്രവട്ടം പദ്ധതി നടപ്പാക്കുമ്പോൾ 13 കിലോമീറ്ററോളം ദൂരത്തിൽ നാല് മീറ്റർ ഉയരത്തിൽ ജലസംഭരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിളയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് ഡാം ടൂറിസവും വിഭാവനം ചെയ്തിരുന്നു. എന്നാൽ ഒരുതുള്ളി വെള്ളം പോലും സംഭരിക്കാൻ കഴിയാതിരുന്ന പദ്ധതിയിൽ ഡാം ടൂറിസമൊന്നും ചിന്തിക്കുകയേ വേണ്ട. എന്നാൽ ഡാം ടൂറിസത്തിന്റെ പേരിൽ 88.71 ലക്ഷം രൂപ അധികൃതർ ചെലവഴിച്ചിട്ടുണ്ട്. ഈ തുക എന്തിനു വേണ്ടി ചെലവഴിച്ചെന്ന ചോദ്യമാണ് ഉയരുന്നത്. ഇത്തരത്തിൽ ടൂറിസത്തിന്റെ പേരിൽ പല പദ്ധതികളിലായി കോടികൾ ചമ്രവട്ടം പ്രദേശത്ത് ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ടൂറിസത്തിന്റെ ഒരു കാഴ്ചകളും ഇവിടെയില്ല.


അഴിമതിക്ക് തുടക്കമിട്ടത് രാംകി

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാംകി ഇൻഫ്രാസ്‌ട്രെക്‌ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ചമ്രവട്ടം പദ്ധതിയുടെ കരാർ എടുത്തിരുന്നത്. എന്നാൽ ഇവർ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. ചോർച്ചയടയ്‌ക്കാൻ വഴി അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു കമ്പനി തന്നെയില്ലെന്ന് ബോദ്ധ്യപ്പെട്ടത്. 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ആരോപണ മുനകൾ ഇടത്, വലത് വ്യത്യാസമില്ലാതെ പലരിലേക്കും നീണ്ടു. അഴിമതിയിലും ക്രമക്കേടിലും വിജിലൻസ് അന്വേഷണം മുറപോലെ നടന്നെങ്കിലും പ്രധാന കുറ്റവാളികളൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല.

വേനൽ അടുക്കും മുൻപേ കുടിനീരിനായി നെട്ടോട്ടമോടുന്നവരാണ് നിളയോരവാസികൾ. മാർച്ചിന് മുൻപേ നിള നീർച്ചാലായി മാറും. ഇതോടെ നിളയെ ആശ്രയിച്ചുള്ള നിരവധി കുടിവെള്ള പദ്ധതികളും മുടങ്ങും. ഇതിനെല്ലാം പരിഹാരമാവേണ്ടിയിരുന്ന പദ്ധതിയാണ് അഴിമതിയുടെ കുത്തൊഴുക്കിൽ തകർന്നടിയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHAMRAVATTOM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.